എനിക്കും ഉണ്ടായിട്ടുണ്ട് അതേ അനുഭവം:സജിത മഠത്തിൽ

സജിത മഠത്തിൽ

സ്ത്രീ എവിടെ ചെന്നാലും തേടുന്ന ഒരു ഇടമുണ്ട്. കണ്ടു കിട്ടാൻ പ്രയാസമുള്ള ഒരിടം. അതുകൊണ്ട് തന്നെ പു‌റത്തു പോകുമ്പോൾ വെള്ളം കുടിക്കാൻ അവൾ മടിക്കും. ദാഹമില്ലാഞ്ഞിട്ടോ വെള്ളത്തോടുള്ള വെറുപ്പുകൊണ്ടോ ഒന്നും അല്ല, സ്ത്രീക്ക് ഇടമില്ലാത്ത ഒരു പൊതു ഇടത്തെ പേടിച്ചാണിത്. വൃത്തിയുള്ള ഒരു ശുചിമുറി. സ്ത്രീയുടെ ഇൗ ഭയത്തെ അധികരിച്ച് വിനീത് ചാക്യാർ സംവിധാനം ചെയ്ത നിലം എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ച സജിത മഠത്തിൽ തനിക്കും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പറയുന്നു.

ഇത്തരമൊരു പ്രശ്നം താങ്കൾക്കും നേരിടേണ്ടി വന്നിട്ടുണ്ടോ?

തീർച്ചയായിട്ടും. ഇത് സ്ത്രീകൾ പൊതുവേ നേരിടുന്ന പ്രശന്മാണ്. അതിൽ സിനിമാ നടിയെന്നോ, പൊതുപ്രവർത്തകയെന്നോ, സാധാരണക്കാരിയെന്നോ ഇങ്ങനെ യാതൊരു വ്യത്യാസവുമില്ല. ശരിക്കും ഷോട്ട് ഫിലിമിൽ കാ‌ണിച്ചതിലുമെത്രയോ മടങ്ങാണ് ഇതിന്റെ വ്യാപ്തി. ഉദാഹരണം പറഞ്ഞാൽ ആദി മധ്യാന്തം എന്ന എന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഒരു ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. ഒരു പാടത്തിന്റെ നടുക്ക്. അതിൽ ഗർഭിണിയായിട്ടാണ് ഞാൻ അഭിനയിച്ചത്. കഥാപാത്രത്തിനു വേണ്ടി കുറെ കരിയൊക്കെ എന്റെ ശരീരത്തിൽ പുരട്ടിയിരുന്നു. കൂടാതെ വലിയ വയറും. പാടത്ത് ഷൂട്ടിങ്ങായതിനാൽ കാലിലും ശരീരത്തിലുമൊക്കെ ചെളിയും പറ്റും. ഉച്ചവരെ പിടിച്ചു നിൽക്കും. ഉച്ച കഴിയുമ്പോൾ പോകാതെ പറ്റില്ല. ആദ്യമൊക്കെ അടുത്തുള്ള വീടുകളിൽ അഭയം പ്രാപിച്ചു. പിന്നീട് അവരും ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കാതായി. പിന്നെ ഒരു മണിക്കൂറൊക്കെ സ‍ഞ്ചരിച്ച് പരിചയക്കാരുടെ വീട്ടിൽ ചെന്ന ശേഷമാണ് ഒന്ന് കാര്യം സാധിക്കുക.

നിലം എന്ന ഹ്രസ്വചിത്രത്തിൽ സജിതാ മഠത്തിൽ

ഇതിനെന്താണ് ഒരു പരിഹാരം?

പരിഹാരം കാണേണ്ടത് സർക്കാരാണ്. ഫണ്ടു കണ്ടെത്തേണ്ടതും സർക്കാരാണ്. പക്ഷേ, ജനങ്ങൾക്കിടയിൽ ഇതിനെക്കുറിച്ച് ഒരവബോധം ഉണ്ടാക്കിയെടുക്കണം. എല്ലാരീതിയിലും കേരളീയർ പ്രബുദ്ധരാണ്. വിദ്യാഭ്യാസത്തിലും ജീവിതരീതിയിലുെമല്ലാം. പിന്നെ എന്തുകൊണ്ടാണ് ഇതിനുമാത്രമൊരിടമില്ലാത്തത്. സ്ത്രീ സുരക്ഷയെക്കുറിച്ച് എല്ലാവരും കുറെ പ്രസംഗിക്കും. ഒരുപാട് ഫണ്ട് ചെലവാക്കും. പക്ഷേ ഇൗ കാര്യത്തിന് മാത്രം ഒരു പരിഹാരവുമില്ല. അവസാനവുമില്ല. സമൂഹത്തിന് സ്ത്രീയോടുള്ള മനോഭാവം ഇതിലൂടെ മനസിലാക്കാം. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. അവിടെ വീടുകളിൽ പോലും ശുചിമുറി ഇല്ല. കേരളത്തിൽ വീടുകളിലെല്ലാം അതിന് കോർപ്പറേഷനും പഞ്ചായത്തുമെല്ലാം ഫണ്ടു നൽകുന്നുണ്ട്.

ഉള്ളസ്ഥലത്തിന് വൃത്തിയുണ്ടോ?

വൃത്തിയില്ല. മൂക്കുപൊത്താതെ കയറാൻ കഴിയില്ല. കേരളത്തിലെ എയർപോട്ടുകളിൽ പോലും വൃത്തിയില്ല. പണം കൊടുക്കാൻ എല്ലാവരും തയ്യറാണ്. എങ്കിലും വൃത്തിയായി സൂക്ഷിക്കാൻ ആരുമില്ലെങ്കിൽ കഥമാറും. ടോയ് ലറ്റ് കുറെ പണിതതു കൊണ്ടു കാര്യമില്ല. അതിന് മേൽനോട്ടക്കാരെ കൂടി ഏർപ്പെടുത്തണം. കൃത്യമായ ഒരു പരിശീലനം ശുചിമുറി വൃത്തിയാക്കുന്നതിനും നൽകണം. നമ്മുടെ വീട്ടിലെ വേസ്റ്റ് മറ്റുള്ളവന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന മനോഭാവം തന്നെയാണ് പൊതു ശുചിമുറിയോടും മലയാളി കാണിക്കുന്നത്.

സ്ത്രീകളോട് പറയാനുള്ളത്?

സ്ത്രീകളോട് അല്ല പറയാനുള്ളത്. സ്ത്രീകൾക്ക് വേണ്ടി ഭരണകൂടമാണ് ചെയ്യേണ്ടേത്. ആരോടും പുറത്ത് പറയാൻ പോലും പറ്റാത്ത അവസ്ഥായാണിത്. സത്രീ സുരക്ഷിതയാവണമെനങ്കിൽ അവൾക്ക് അതിനുള്ള ചുറ്റുപാടുകൾ ഒരുക്കിക്കൊടുക്കുക. ഇത് വലിയ ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്.

ഫേസ് ബുക്കിലും ഒരു പാട് പേർ ഇൗ ഷോട്ട് ഫിലിം ഷെയർ ചെയ്തു. വിദ്യാബാലൻ പരസ്യത്തിൽ പറയുന്നത് വീട്ടിലെ ശോച്യാലയത്തെക്കുറിച്ചാണ്. പശ്ചിമ ബംഗാളിലും മറ്റും വീടുകളിൽ പോലും അത്തരമൊരെണ്ണമില്ല. കേരളത്തിൽ വീട്ടിൽ രണ്ടോ മൂന്നോ ശുചിമുറി ഉണ്ടാവും. പുറത്തിറങ്ങിയാലാണ് ദുരവസ്ഥ.

‌നിലത്തോടുള്ള പ്രതികരണം?

ഇൗ ഒരവസ്ഥയിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്ത സ്ത്രീകൾ ഇല്ല. ഇൗ വിഷയത്തിന്റെ പ്രാധാന്യമാണ് എന്നെ ഇൗ ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചത്. ഇത് കണ്ടിട്ട് ഇതിന്റെ പ്രതികരണം ഒാരോ സ്ത്രീയും അവരുടെ അനുഭവം വിവരിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് കമന്റ് പോസ്റ്റ് ചെയ്യുന്നതിലൂടെ മനസിലാക്കാം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂർ യൂണി വേഴ്സിറ്റി കാംപസിൽ പെൺകുട്ടികൾ വൃത്തിയുള്ള ഒരു ശുചിമുറി ലഭിക്കാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു വിദ്യാർഥിനി ഇട്ട ഫേസ് ബുക്ക് പോസ്റ്റ്. ഇതെല്ലാം പൊതുജനത്തിനു അറിയാനുള്ളതാണ്. പുരുഷന്മാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.