വികെപി ഹാപ്പിയാണ്

വ്യത്യസ്തതയുള്ള പ്രമേയങ്ങൾ സിനിമയാക്കുന്ന സംവിധായകനാണ് വി.കെ പ്രകാശ്. നത്തോലി ഒരു ചെറിയ മീനല്ല, ട്രിവാൻഡ്രം ലോഡ്ജ്, നിർണായകം, റോക്സ്റ്റാർ തുടങ്ങി അടുത്തിടെ ഹിറ്റ് ആയ മരുഭൂമിയിലെ ആന വരെയുള്ള വികെപി ചിത്രങ്ങൾ ഓരോന്നു പരിശോധിച്ചാലും അതിലെല്ലാം പൊതുവായ ഘടകം വൈവിധ്യമാർന്ന പ്രമേയങ്ങളോ അവതരണശൈലിയോ ആണ്. ഏറ്റവും പുതിയ സിനിമയായ മരുഭൂമിയിലെ ആന കോടികൾ നേടി തിയറ്ററിൽ മുന്നേറുമ്പോൾ വികെപി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.....

ആളുകൾക്കിഷ്ടം എന്റർടെയ്ൻമെന്റ്

പ്രേക്ഷകർ പൊതുവെ തമാശയുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവരാണ്. മരുഭൂമിയിലെ ആന ഒരു മികച്ച എന്റർടെയ്നർ ആണ്. അതുകൊണ്ട് തന്നെ അതു തിയറ്ററുകളിൽ കൂടുതൽ വിജയിച്ചു. സാമ്പത്തികമായും പ്രേക്ഷകരുടെ പ്രതികരണത്തിലും ഞാൻ ഈ സിനിമയിൽ സന്തുഷ്ടനാണ്.

ഞങ്ങളുടെ ഒരു തലമുറയിൽ മികച്ച കുറേ കലാകാരന്മാരും നല്ല കുറേ സിനിമകളും ഉണ്ടായിരുന്നു. ‘കുറ്റവും ശിക്ഷയുമൊക്കെ’ കണ്ടു കോരിത്തരിച്ചു പോയിട്ടുണ്ട്. അതെ സമയം ‘കൊടിയേറ്റവും’ കാണാൻ പോവും. ഇത്തരം സിനിമകൾ കണ്ടുവളർന്നപ്പോൾ പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യണം എന്ന ആഗ്രഹം മനസിൽ വളർന്നു വന്നു.

‘നിർണായകമായ’ ദേശീയ അവാർഡ്

ബോബിയുടേയും സഞ്ജയ്‌യുടേയും തിരക്കഥയിൽ കഴിഞ്ഞ വർഷം ഞാൻ സംവിധാനം ചെയ്ത ‘നിർണായകവും’ സാമ്പത്തികമായി ഒരു നഷ്ടവും വരുത്താത്ത ഒരു സിനിമയായിരുന്നു. ഒരു ഗൗരവമായ വിഷയമായിരുന്നു ആ സിനിമ കൈകാര്യം ചെയ്തത്. ഒരു ദേശീയ അവാർഡും ആ സിനിമയ്ക്കു ലഭിച്ചു. അതിൽ അഭിമാനവും സന്തോഷവുമുണ്ട്.

ഓരോ സിനിമയും ഒരു പ്രത്യേക ഉദ്ദേശത്തോടെയാവും നമ്മൾ എടുക്കുക. ‘നിർണായകത്തിൽ’ അതു സീരിയസ് ആയ ഒരു വിഷയമായിരുന്നു. ‘റോക്ക് സ്റ്റാറി’ൽ ഒരു സ്ത്രീയുടെ കണ്ണിലൂടെ സിനിമയുടെ പ്രമേയത്തെ അവതരിപ്പിച്ചു. ‘മരുഭൂമിയിലെ ആന’ പ്രേക്ഷകരെ രസിപ്പിക്കുവാൻ വേണ്ടി ചെയ്തു. ഈ സിനിമകളെല്ലാം അവയുടെ ഉദ്ദേശ ശുദ്ധിക്കനുസരിച്ചു തിരശീലയിൽ വിജയമാവുമ്പോൾ ഇവയുടെ എല്ലാം സംവിധായകൻ എന്ന നിലയിൽ ഞാൻ തികച്ചും സന്തുഷ്ടനുമാണ്.

സിനിമയും പരസ്യവും പരസ്പര പൂരകങ്ങൾ

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞു ഞാൻ മുംബൈയ്ക്കു പറന്നു. അവിടെ ഒരു പരസ്യ ഏജൻസിയിൽ 3 ½ വർഷക്കാലം ജോലി ചെയ്തു. അന്നു ചെയ്തതെല്ലാം സിനിമയുടെ വർക്കുകൾ ആയിരുന്നു. അന്നു ചെയ്തതെല്ലാം സിനിമയുടെ വർക്കുകളായിരുന്നു. അവയൊക്കെ സെല്ലുലോയ്ഡ് വേർഷൻ (ഫിലിം ഫോർമാറ്റ്) ആയിരുന്നു. അതുകൊണ്ട് ആ ടെക്നോളജി പഠിക്കുവാൻ സാധിച്ചു. പിന്നീട് ബാംഗ്ലൂരിൽ എത്തി ഒരു മൾട്ടി നാഷണൽ പരസ്യ ക‌മ്പനിയിൽ ഫിലിംസിൽ ക്രിയേറ്റീവ് ഹെഡ് ആയി. 1996 ൽ സ്വന്തമായി ഒരു ആഡ്ഫിലിം ഹൗസ് തുടങ്ങി.

പരസ്യമേഖലയിൽ നിൽക്കുമ്പോൾ നമുക്ക് ധാരാളം കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാം. അത് സിനിമയിൽ ഞാൻ പ്രയോഗിക്കാറുമുണ്ട്്. തിരിച്ചു സിനിമയുടെ ഉള്ളടക്കവും കഥ പറയുന്ന രീതിയും ഞാൻ പരസ്യ ചിത്രങ്ങളിലും ഉപയോഗിക്കാറുണ്ട്. സിനിമയും പരസ്യവും അങ്ങനെ പരസ്പരം പൂരകങ്ങളാണ്.

ആദ്യമായി ഡിജിറ്റൽ സിനിമ എന്ന ആശയം ഉപയോഗിച്ചപ്പോൾ ‍

അനവധി അന്താരാഷ്ട്ര ബ്രാൻഡുകൾക്കു ഞാൻ പരസ്യം ചെയ്തിട്ടുണ്ട്. ഒരു സൂപ്പർ മാർക്കറ്റിൽ പോയാൽ ഞാൻ പരസ്യം സംവിധാനം ചെയ്യാത്ത ബ്രാൻഡ് ഏത്? എന്നാവും ശ്രദ്ധിക്കുക. പരസ്യ ചിത്രങ്ങൾ ചെയ്യുന്നതുകൊണ്ട് ഒരുപാട് ഗുണം ഉണ്ടായിട്ടുണ്ട്. പരസ്യം ചെയ്യുമ്പോഴും നമ്മൾ സിനിമ പ്രാക്ടീസ് ചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇന്ത്യയിൽ ആദ്യമായി ഒരു ഡിജിറ്റൽ സിനിമ നിർമിക്കുകയും പ്രൊജക്ട് ചെയ്യുകയും ചെയ്ത ആളാണു ഞാൻ. പേര് മൂന്നാമതൊരാൾ. ഇതിനുള്ള അംഗീകാരമായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ഡെൽ എന്ന കമ്പനി ഫിലിം മേക്കിങ്ങിൽ എന്നെ അവരുടെ ബ്രാൻഡ് അംബാസിഡർ ആയി നിയോഗിച്ചു. ഡിജിറ്റൽ സിനിമയുടെ നേട്ടവും കോട്ടവുമൊക്കെ മനസിലാക്കാൻ സാധിച്ചത് പരസ്യ രംഗത്ത് സജീവമായി നിന്നതുകൊണ്ടാണ്

അഭിനേതാവാകുന്നത് വ്യക്തി ബന്ധങ്ങൾക്കുവേണ്ടി

‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ, ചിത്രം റിലീസ് ആയില്ല. പിന്നീട് പ്രശസ്ത എഴുത്തുകാരൻ സഞ്ജയനെക്കുറിച്ചുള്ള ‘വിദൂഷകൻ’ എന്ന സിനിമയിൽ സഞ്ജയന്റെ മൂന്ന് പ്രായത്തിലുള്ള വേഷം അവതരിപ്പിച്ചത് ചലച്ചിത്ര മേളകളിലൊക്കെ ഒരുപാട് അഭിനന്ദനം നേടിത്തന്നു. അതിനു ശേഷം 100 ഡെയ്സ് ഓഫ് ലൗവ്, അനാർക്കലി, കലി തുടങ്ങിയ സിനിമകളിലും ചില പരസ്യങ്ങളിലും അഭിനയിച്ചു.

സിനിമ രംഗത്ത് എനിക്ക് പാഷൻ സംവിധാനം തന്നെയാണ്. അറിയാവുന്ന ആളുകൾ ചില വേഷങ്ങളിലേക്ക് വിളിച്ചത് കൊണ്ട് മാത്രമാണ് അഭിനയിച്ചത്. മറ്റൊരാളുടെ പ്രൊജക്ടിൽ പോയി അഭിനയിക്കുക എന്നത് ഒരു രസകരമായ അനുഭവം തന്നെ.