ലോർഡ് ലിവിങ് ‘സ്റ്റെഫി’

സ്റ്റെഫി സേവ്യർ

ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന പേരു കൊണ്ടു തന്നെ അതിശയം ജനിപ്പിച്ച ചിത്രം. പിന്നെ അനിൽ രാധാകൃഷ്ണന്റെ സിനിമ ആയതിനാ‍ൽത്തന്നെ ഇതല്ല ഇതിനപ്പുറവും പരീക്ഷണങ്ങൾ പ്രതീക്ഷിക്കണമല്ലോ! അങ്ങനെയൊരു പരീക്ഷണമാവാം സ്റ്റെഫി സേവ്യർ എന്ന കൊച്ചു മിടുക്കിയെ ഇത്ര വലിയ ചിത്രത്തിന്റെ വസ്ത്രാലങ്കാരച്ചുമതല ഏൽപിച്ചതും. 23 വയസ്സേ ഉള്ളൂവെങ്കിലും തന്റെ മേഖലയെക്കുറിച്ച് ഏറെ അറിവാണ് സ്റ്റെഫിക്കുള്ളത്. അതെക്കുറിച്ച് സ്റ്റെഫി തന്നെ പറയട്ടെ...

സ്റ്റെഫിയുടെ ആദ്യ ചിത്രമാണോ ലോർഡ് ലിവിങ്സ്റ്റൺ?

അല്ല. ഇത് എന്റെ രണ്ടാമത്തെ ചിത്രമാണ്. ആദ്യ സിനിമ ലുക്കാ ചുപ്പി ആയിരുന്നു. യഥാർഥത്തിൽ ലുക്കാ ചുപ്പി ചെയ്യുന്നതിനു മുൻപു തന്നെ ലോർഡ് ലിവിങ്സ്റ്റൺ കമ്മിറ്റ് ചെയ്തിരുന്നു. പക്ഷേ ആദ്യം ഷൂട്ട് തുടങ്ങിയത് ലുക്കാ ചുപ്പി ആയിരുന്നു.

വയനാട്ടിൽ നിന്നുള്ള പെൺകുട്ടി എങ്ങനെയാണ് ഈ വസ്ത്രാലങ്കാരത്തിന്റെ മേഖലയിലേക്ക് എത്തപ്പെട്ടത്?

കുട്ടിക്കാലം മുതലേ മനസിലുള്ള ഒരു ആഗ്രഹമായിരുന്നു ഇത്. ടിവിയിൽ സിനിമ കാണുമ്പോഴും മറ്റും അതിൽ ആരെങ്കിലുമൊക്കെ ഇടുന്ന ഡ്രസ്സ് കണ്ടിട്ട് അതുപോലത്തെ വേഷം ധരിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. സിനിമയിൽ‍‌ വരണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയതും അതു കഴിഞ്ഞ് എറണാകുളത്തേക്കു താമസം മാറിയതുമെല്ലാം. ആദ്യം പരസ്യമേഖലയിലായിരുന്നു തുടക്കം. പിന്നീടാണ് അനിലേട്ടനെ(അനിൽ രാധാകൃഷ്ണ മേനോൻ) പരിചയപ്പെട്ടത്. കഥ പറഞ്ഞിട്ട് മനസിലുള്ളത് സ്കെച്ച് ചെയ്തു കാണിക്കാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ ലോർഡ് ലിവിങ്സ്റ്റണിന്റെ ഭാഗമായത്.

ചിത്രത്തിൽ പ്രധാനമായും എട്ട് കഥാപാത്രങ്ങൾ. എന്താണ് ഇവരുടെ വസ്ത്രാലങ്കാരത്തിൽ ഉപയോഗിച്ചിരിക്കുന്ന ആശയം?

ഈ എട്ടു പേർ കാട് അന്വേഷിച്ചു വരുന്നവരാണ്. എട്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്നവർ, വ്യത്യസ്ത സ്വഭാവക്കാർ. സംവിധായകന് ഈ എട്ടു പേരെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വസ്ത്രരീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഓരോരുത്തർക്കും ഓരോ രീതിയിലുള്ള പാറ്റേൺ ആണ് ഉപയോഗിച്ചിരിക്കുന്നത്. എട്ട് പേരുടെയും കാരക്ടറും വസ്ത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.

സ്റ്റെഫിയുടേതായ എന്തൊക്കെ പുതുമകളാകും ഈ ചിത്രം സമ്മാനിക്കുന്നത്? ട്രെയിലറിൽ ആദിവാസികൾ മുതൽ നമ്പൂതിരി വരെയുള്ളവരെ കാണാൻ സാധിക്കുന്നുണ്ട്?

ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി ഒരു പീരിയോഡിക്കൽ ഫാന്റസി ഫിലിമാണ്. ഇന്ന കാലഘട്ടം എന്നു പറയുന്നില്ല. എല്ലാത്തിലും ഒരു ഫാന്റസി കൊണ്ടു വന്നിട്ടുണ്ട്. ഇങ്ങനെ ആളുകളുണ്ടായിരുന്നു അല്ലെങ്കിൽ ഉണ്ടാകാം എന്നു പറയുന്ന ചിത്രം. അതേ ജിവിതരീതിയുമായി ബന്ധപ്പെട്ടുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആർട്ട് ഡയറക്ടേഴ്സിന്റെ ഭാഗത്തു നിന്നും നല്ല സപ്പോർട്ട് കിട്ടിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ജനങ്ങൾ ക്രിയേറ്റീവായി ഓരോന്നു ചെയ്യുന്നവരായതു കൊണ്ടുതന്നെ അവർ ഉപയോഗിക്കുന്ന ഓരോന്നിലും ക്രാഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്.

ചിത്രത്തിൽ ട്രൈബൽ സൈഡിലുള്ള ആളുകൾ ഉപയോഗിച്ചിരിക്കുന്നത് സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങളല്ല, മറിച്ച് ദേഹത്ത് സ്ട്രെച്ച് ചെയ്തു കിടക്കുന്ന രീതിയിലുള്ളവയാണ്. ഉപയോഗിച്ചിരിക്കുന്നത് പ്രകൃതിദത്ത കളറുകളാണ്. മൈലാഞ്ചി ഇല. അടയ്ക്കാമരത്തിന്റെ കറ, മുന്തിരിച്ചാറ്, വാഴയുടെ കറ തുടങ്ങിയവയുടെയൊക്കെ പരീക്ഷണങ്ങൾ ഇതിൽ കാണാൻ സാധിക്കും. സാധാരണ തുണിയിൽ ഉറുമ്പരിക്കുമ്പോൾ ഉണ്ടാകുന്ന ആ മാറ്റം അതുപോലെ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതുവരെ കാണാത്ത രീതിയിലുള്ള ആഭരണങ്ങൾ ഇതിൽ കാണാൻ സാധിക്കും. ഹാൻഡ് വർക്ക് ചെയ്തെടുത്തവയാണ് അവയെല്ലാം.

ഇതിനൊക്ക വേണ്ടി എത്ര നാളത്തെ പരിശ്രമം വേണ്ടി വന്നു?

ഒരു നാല‍ഞ്ചു മാസത്തെ പരിശ്രമം ഇതിനു പിന്നിലുണ്ട്. ആദ്യം കഥ കേട്ടു. പിന്നെ അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ സ്കെച്ച് ചെയ്തു. സംവിധായകനെ കാണിച്ചിട്ട് അദ്ദേഹം പറഞ്ഞ മാറ്റങ്ങൾ വച്ച് വീണ്ടും കറക്ട് ചെയ്തു. പിന്നെ ഇതിനുള്ള മെറ്റീരിയലുകൾക്കു വേണ്ടി ചെന്നൈ, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലൊക്കെ അന്വേഷിച്ചു. വസ്ത്രങ്ങൾ തയ്ക്കേണ്ടവ തയ്ച്ചെടുത്തു.

പീരിയോഡിക്കൽ മൂവി ആയതിനാൽത്തന്നെ ഒരുപാട് റിസേർച്ചും ആവശ്യമായി വന്നോ?

പീരിയോഡിക്കൽ മൂവി ആയതുകൊണ്ടു തന്നെ ഹിസ്റ്റോറിക്കൽ കോസ്റ്റ്യൂമിനെക്കുറിച്ച് മനസിലാക്കാനായി ബുക്കുകൾ നോക്കിയിരുന്നു. മറ്റ് ഫിലിമുകളുടെ സ്വാധീനം ഇതിൽ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചതു കൊണ്ട് ഫിലിമുകളൊന്നും കണ്ടില്ല. ചിത്രത്തിന്റെ സംവിധായകൻ, ആർട്ട് ഡയറക്ടേഴ്സ്. മേക്ക് അപ്പ് ആർട്ടിസ്റ്റ് എന്നിവരുമായൊക്കെ ചർച്ച ചെയ്ത് കൊസ്റ്റ്യും ഡിസൈൻ ചെയ്യുകയായിരുന്നു.

സ്റ്റെഫി സേവ്യർ

എന്തുകൊണ്ട് ലോർഡ് ലിവിങ്സ്റ്റൺ കാണണം എന്നു ചോദിച്ചാൽ സ്റ്റെഫിക്കു പറയാനുള്ളത്?

സമൂഹത്തിൽ നല്ല അവെയർനസ് ഉണ്ടാക്കുന്ന ഒരു ചിത്രമാണിത്. വനനശീകരണവുമായി ബന്ധപ്പെട്ട് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയമാണ് ചിത്രം സമ്മാനിക്കുക. വിഷ്വലി നല്ല ഫീൽ നൽകും. കാട് പ്രമേയമക്കി ഇതുപോലുള്ള ഒരു സിനിമ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഇതിലുള്ള ഓരോന്നും ഓരോ ഇന്നവേഷനുകളാണ്. ഇതിലെ പച്ചപ്പ്, കല, മേക്കപ്പ്,ക്യാമറ തുടങ്ങി ഓരോ വിഷ്വലുകളും കുളിർമ നൽകും. ഓരോരുത്തരുടെയും ഇന്നവേറ്റീവ് ഐഡിയകൾ ചിത്രത്തിലുണ്ട്.

കോസ്റ്റ്യം സൈഡ് പറയുകയാണെങ്കിൽ നേരത്തേ പറഞ്ഞതുപോലെ തന്നെ ഒരുപാട് വ്യത്യസത്മായ സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വസ്ത്രത്തിലായാവും ആഭരണങ്ങളിലായാലും ഇതിനു വേണ്ടി മാത്രം ചെയ്തെടുത്തവയാണ്. ടോപ് ടു ബോട്ടം പ്രേക്ഷകർക്ക് ഏറെ രസകരവും പുതുമയുള്ളതുമായി തോന്നുന്ന ഒന്നായിരിക്കും ചിത്രമെന്ന് ഉറപ്പ്.