രാജകുമാരനും സിനിമകളും...

ദുൽഖർ സൽമാൻ

മലയാളസിനിമയിൽ സാമാന്തരമായി ഒഴുകുന്ന പുഴപോലെയാണ് ദുൽഖർ സൽമാൻ. സൂപ്പർതാരത്തിന്റെ മകൻ എന്ന താരപരിവേഷമില്ലാതെ തന്റേതായ ഒരു കസേര സിനിമാലോകത്ത് വലിച്ചിടാൻ ദുൽഖറിനായിട്ടുണ്ട്. ആദ്യ സിനിമ സെക്കൻഡ് ഷോ മുതൽ അവസാനമിറങ്ങിയ ചാർലി വരെ തന്റേതായ അഭിനയശൈലിയിലൂടെ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി ദുൽഖർ കയറുകയാണ്. സിനിമകളെക്കുറിച്ച്, സിനിമാസ്വപ്നങ്ങളെക്കുറിച്ച്, ഭാവി പദ്ധതികളെക്കുറിച്ച് ദുൽഖർ സൽമാൻ മനോരമ ഓൺലൈനുമായി മനസ്സുതുറക്കുന്നു:

സെക്കൻഡ് ഷോ മുതൽ ചാർലി വരെ തനതായ അഭിനയശൈലിയുള്ള നടനാണ് ദുൽഖർ. എങ്കിലും മമ്മൂട്ടിയുമായി ജനങ്ങൾ പലപ്പോഴും അനാവശ്യ താരതമ്യം നടത്തിയിട്ടുണ്ട്. ഈ താരതമ്യങ്ങളെ അതിജീവിച്ച് ചാർലിയിലൂടെ ദുൽഖർ സൽമാന്റെ സിനിമ എന്ന ഐഡന്റിററ്റിയിലെത്തി നിൽക്കുകയാണ്. മലയാളസിനിമയിൽ ഇത്തരമൊരു സ്ഥാനം നേടിയെടുക്കാൻ നടത്തിയ പരിശ്രമങ്ങൾ എന്തെല്ലാമാണ്?

ഇതിനുവേണ്ടി എന്തെങ്കിലും കൂടുതലായി ഞാൻ പരിശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ചെറുപ്പം മുതൽ എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റെ ശബ്ദത്തിനും ചില മാനറിസത്തിനും മാത്രമേ വാപ്പയുമായി സാമ്യമൊള്ളൂ. ഒരുപക്ഷ ഇതുതന്നെയാവും വാപ്പയിൽ നിന്നും വ്യത്യസ്തനായ അഭിനേതാവാൻ എന്നെ സഹായിച്ചത്. എന്നാൽ വാപ്പയുമായി എന്നെ താരതമ്യം ചെയ്യുന്നത് എനിക്ക് കിട്ടുന്ന വലിയ അംഗീകാരമായിട്ടാണ് കാണുന്നത്.

ചാർലിയായി മാറാൻ മെത്തേഡ് ആക്ടിങ്ങിന്റെ വഴി ദുൽഖർ സ്വീകരിച്ചിട്ടുണ്ടോ? അതുപോലെയുള്ള മനുഷ്യരുെട ജീവിതം അടുത്ത് നിന്ന് പഠിച്ചിട്ടാണോ ചാർലിയായത്?

ചാർലിയെപ്പോലെയുള്ള വ്യക്തികളെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ചാർലിയെക്കുറിച്ച് വ്യക്തമായി ഉണ്ണി ആർ എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം ചാർലി എങ്ങനെയാകണമെന്ന് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനും കൃത്യമായ ധാരണയുണ്ടായിരുന്നു. ഇവരുമായി നടത്തി നിരവധി ചർച്ചകളിൽ നിന്നുമാണ് ചാർലിയെ ഇങ്ങനെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളോട് ചിത്രീകരിക്കാമെന്ന് കരുതിയത്. അഭിനയജീവിതത്തിൽ അപൂർവ്വമായി കിട്ടുന്ന വേഷമാണ് ചാർലിയെപ്പോലെയുള്ളത്. ഞാൻ എന്നും ആഗ്രഹിക്കുന്നതും അത്തരം കഥാപാത്രങ്ങളാണ്.

കുള്ളന്റെ ഭാര്യയാണല്ലോ ചാർലിയിലേക്കുള്ള വഴി തുറന്നത്. കുള്ളന്റെ ഭാര്യ ദുൽഖറിന്റെ അഭിനയജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ്?

ഈ രണ്ടു സിനിമകളുടെയും കഥ എഴുതിയത് ഉണ്ണിചേട്ടനാണെങ്കിലും ഇവയെ ഒരിക്കലും ഞാൻ താരതമ്യം ചെയ്തിട്ടില്ല. ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് ആത്മസംതൃപ്തി തന്ന ചിത്രങ്ങളാണ് ഇവ രണ്ടും. ബോക്സ്ഓഫീസ് വിജയവും പ്രേക്ഷകരുടെ സ്നേഹവും എല്ലാ അഭിനേതാക്കളെയും പോലെ ഞാനും ആഗ്രഹിക്കുന്നതാണ്. എന്നാൽ ചില സിനിമകൾ നമ്മുടെ ഉള്ളിലെ നടനെ തൃപ്തിപ്പെടുത്താൻ വേണ്ടി ചെയ്യുന്നതായിരിക്കും. ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഒരു ബാലൻസ് നിലനർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ സിനിമകളെല്ലാം തന്നെ സമാന്തരസിനിമയുടെയും കൊമേഴ്സ്യൽ സിനിമയുടെ ചേരുവകൾ ഒരുപോലെയുള്ളവയാണ്. മുഴുനീള കൊമേഴ്സ്യൽ സിനിമ തിരഞ്ഞെടുക്കുന്നത് പലപ്പോഴും പ്രയാസമേറിയ കാര്യമായി തോന്നിയിട്ടുണ്ട്.

ചാർലിയും ബാംഗ്ലൂർഡെയ്സിലെ അജുവും, ഈ രണ്ടുകഥാപാത്രങ്ങളെയും സ്വയം വിലയിരുത്താമോ?

ചാർലി ജനങ്ങൾക്കുവേണ്ടി ജീവിക്കുന്നയാളാണ്. അയാളുടെ ജീവിതം മുഴുവൻ മറ്റുള്ളവർക്കു വേണ്ടിയുള്ളത്. സ്വാർഥ താൽപ്പര്യങ്ങളില്ലാത്ത വ്യക്തി. ചാർലിയുടെ ഏക ലക്ഷ്യം തന്നാലാകുന്ന വിധം മറ്റുള്ളവരുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരുക എന്നുള്ളതാണ്. അജു ഒരു അവധൂതനല്ല, ഏകാകിയാണ്. കസിൻസ് അല്ലാതെ അയാൾക്ക് പറയാത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നുമില്ല. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തുവിചാരിക്കും എന്നുള്ളത് അജുവിനെ ഏശാറില്ല. അയാളുടെ സമരം അയാളോടു തന്നെയാണ്. അയാളുടെ ആത്മസംഘർഷങ്ങളോടാണ് അജു പൊരുതുന്നത്. കെട്ടുപാടുകളുടെ ബന്ധനങ്ങളില്ലാതെ പാറി നടക്കുന്നവരാണ് രണ്ടുകഥാപാത്രങ്ങളും.

ദുൽഖറിന്റെ സിനിമകൾക്ക് നേരെ ഉയരുന്ന ഒരു വിമർശനമാണ് എല്ലാകഥാപാത്രങ്ങളും നാട്ടുവിട്ട് പോവുകയോ വിദേശത്ത് നിന്ന് വരുന്നവരോ ആണെന്ന്. ഇതിനോടുള്ള പ്രതികരണം?

സത്യം പറഞ്ഞാൽ തിരക്കഥ വായിക്കുമ്പോൾ ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടേയില്ല. സിനിമ ഇറങ്ങി കഴിയുമ്പോൾ ജനങ്ങൾ കണ്ടെത്തുന്ന നിരീക്ഷണങ്ങളാണ് ഇതെല്ലാം. നല്ല ഒരു തിരക്കഥയാണെങ്കിൽ എന്റെ കഥാപാത്രം നാടുവിട്ട് പോകുന്നവനോ അതുമല്ലെങ്കിൽ വിദേശത്തു നിന്നും വരുന്നവനോ ആയതിന്റെ പേരിൽ എന്തിനത് ഉപേക്ഷിക്കണം. വിശ്വസിനീയമായൊരു കഥാപാത്രത്തെയാണല്ലോ ഞാൻ അഭിനയിക്കുന്നത്. ലോകമെമ്പാടും ഇന്ത്യക്കാരുണ്ട്, അവരുടേതായ രീതിയിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചിലനേരം അവർക്ക് സ്വന്തം വീട് വിട്ടുപോകേണ്ടതായി വരും. ആത്യന്തികമായി ഒരു മികച്ച ചിത്രം എനിക്ക് ചെയ്യാനായാൽ അതുതന്നെയാവും വിമർശനങ്ങളെ അതിജീവിക്കാനുള്ള എന്റെ ഊർജവും

പരിചിതമായ അഭിനേതാക്കളോടൊപ്പം പിന്നെയും അഭിനയിക്കുന്നത് കംഫർട്ട്സോണിൽ നിന്നും പുറത്തുകടക്കാനുള്ള മടിയോ? അതോ ഒപ്പം അഭിനയക്കുമ്പോൾ അവർ ദുൽഖറിന്റെ അഭിനയത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നതു കൊണ്ടാണോ? പാർവതി, നിത്യ, നസ്രിയ ഇവരോടൊപ്പം ഒന്നിലേറെ തവണ അഭിനയച്ചത് ഈ കംഫർട്ട്സോണിൽ ഒതുങ്ങുന്നതുകൊണ്ടാണോ?

എന്റെയൊപ്പം ആര് അഭിനയിക്കണമെന്നുള്ളത് സംവിധായകന്റെ തീരുമാനമാണ്. ഒന്നിച്ച് അഭിനയിക്കുന്നതിനു മുമ്പ് എനിക്ക് ഇവർ അപരിചിതരായിരുന്നു. ഞങ്ങൾ കളിക്കൂട്ടുകാരൊന്നുമായിരുന്നില്ല. അതിനാൽ ഈ പറയുന്ന കംഫർട്ട് സോൺ എന്ന ഘടകത്തിന് അത്ര പ്രാധാന്യമില്ല. മറ്റ് അഭിനേതാക്കൾക്കൊപ്പവും നന്നായി അഭിനയിക്കാനാകുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ട്. ഒരേ നായികമാർ തന്നെ വീണ്ടും വീണ്ടും വരുന്നതിന്റെ മറ്റൊരു കാര്യം ഞാൻ അഭിനയിച്ച സിനിമകളിലെല്ലാം തന്നെ നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ കൂടിയാണ്. അത് അവതരിപ്പിക്കാൻ കഴിവുള്ള അഭിനയത്രികൾ തന്നെ വേണം. പുതുമുഖങ്ങൾക്കു വേണ്ടി ഞങ്ങൾ ഓഡിഷൻസൊക്കെ ചില സനിമകളിൽ നടത്തിയതാണ്. പക്ഷെ ആ ശ്രമങ്ങളൊന്നും അത്ര കണ്ട് വിജയിച്ചില്ല.

മലയാളത്തിൽ സ്വാധനിച്ച സ്വഭാവനടന്മാർ ആരെല്ലാമാണ്?

മലയാളത്തിൽ നിന്നും സ്വാധീനിച്ചവരെ തിരഞ്ഞെടുക്കുക പ്രയാസമേറിയ കാര്യമാണ്. കാരണം ലോകത്തിലെ തന്നെ മികച്ച നടന്മാരുള്ളത് മലയാളത്തിലാണ്. ശങ്കരാടി സർ, കുതിരവട്ടം പപ്പു സർ, തിലകൻ അങ്കിൾ, ഭരത് ഗോപി, സത്യൻ മാസ്റ്റർ, എന്റെ വാപ്പ, മോഹൻലാൽ സർ അങ്ങനെ കലാകാരന്മാരുടെ ഒരു നീണ്ടനിര തന്നെ മലയാളത്തിലുണ്ട്. ഇതിൽ നിന്നും പ്രിയപ്പെട്ടതാരാണെന്ന് തിരഞ്ഞെടുക്കുക അസാധ്യമാണ്.

കൂതറയിലൂടെ ശബ്ദവിവരണത്തിലേക്കും കടന്നിരുന്നു. സെക്കൻഡ്ഷോയിൽ നിന്നും ഒരുപാട് മെച്ചപ്പെട്ട ശബ്ദമാണ് അന്ന് കേട്ടത്. ഒരു അഭിനേതാവിന് വോയ്സ് മോഡുലേഷൻ എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ്?

കൂതറയുടെ ട്രെയിലറിന് മാത്രമാണ് ഞാൻ ശബ്ദവിവരണം നൽകിയത്. സെക്കൻഡ് ഷോ എന്റെ ആദ്യ സിനിമയാണ്. ഡബ്ബിങ്ങ് യാതൊരു അനുഭവസമ്പത്തുമില്ലാതെയാണ് ഡബ്ബ് ചെയ്തത്. എങ്കിലും എന്നാലാവുന്ന രീതിയിൽ മികച്ച ഔട്ട്പുട്ട് നൽകാൻ ശ്രദ്ധിച്ചിരുന്നു. ശബ്ദക്രമീകരണം അഭിനേതാവിനെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ സംഗതിയാണ്, അനുഭവസമ്പത്തിലൂടെ ഏറെ പഠിക്കാൻ സാധിക്കുന്ന ഒന്നാണ് ഡബ്ബിങ്ങ് മേഖല. നമ്മുടെ ശബ്ദത്തെക്കുറിച്ചുള്ള ധാരണ ഓരോ ഡബ്ബിങ്ങ് കഴിയുമ്പോഴും വർദ്ധിക്കും. അങ്ങനെ നമുക്ക് നമ്മുടെ ശബ്ദത്തിന്റെ ഘനം, മുഴക്കം, ഉച്ചാരണ രീതി എല്ലാം മെച്ചപ്പെടുത്താൻ സാധിക്കും.

എഴുത്തുകാരായ തിരക്കഥാകൃത്തുകളോടൊപ്പം ജോലി ചെയ്തല്ലോ? ആ സ്ഥിതിക്ക് മലയാളം വായന എത്രമാത്രം ഇംപ്രൂവ് ചെയ്യും?

എന്നെ വീട്ടിൽ വാപ്പയും ഉമ്മയും പഠിപ്പിച്ച മലയാളം മാത്രമേ എനിക്ക് അറിയൂ. അതല്ലാതെ ഞാൻ മലയാളം പഠിച്ചിട്ടില്ല. ഭാഷ പഠിക്കുന്നതിനു മുമ്പ് തന്നെ എന്നെ ചെന്നൈയിലുള്ള സ്ക്കൂളിൽ പഠിക്കാൻ ചേർത്തു. എനിക്ക് തമിഴ് എഴുതാനും വായിക്കാനും അറിയാം. ഇപ്പോഴാണ് മലയാളം പതുക്കെ പഠിച്ചു വരുന്നത്. കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ ഇതിനോടകം മലയാളം പുസ്തകങ്ങൾ വായിക്കാൻ എനിക്ക് സാധിക്കുമായിരുന്നു.

ഇപ്പോൾ പത്രത്തിൽ വരുന്ന വാർത്തകളും ടിവിയിലെ സ്ക്ക്രോളുകളുമൊക്കെ വായിച്ചെടുക്കാനും മാത്രം മലയാളം ഞാൻ പഠിച്ചു. മലയാളം പുസ്തകങ്ങൾ, മലയാള സാഹത്യം ഇവയെല്ലാം അടുത്തറിയണമെന്നുള്ളതാണ് എന്റെ ആഗ്രഹം. അതിനായുള്ള പരിശ്രമങ്ങൾ ഞാനിപ്പോൾ നടത്തി വരുന്നുണ്ട്.

കെ.ടി.എൻ കോട്ടൂരാകാൻ നടത്തിയ പരിശ്രമങ്ങൾ എന്തെല്ലാമാണ്?

കോട്ടൂരിന്റെ കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ടായിരുന്നു സമാന കാലഘട്ടങ്ങളിൽ സാമാന കഥാപാത്രം ചെയ്ത മറ്റുള്ള അഭിനേതാക്കളുടെ അഭിനയം എന്നെ സ്വാധീനിക്കരുതെന്ന്. അതിനാൽ സംവിധായകൻ പറയുന്നത് മാത്രം കേട്ടാണ് അഭിനയിച്ചത്. നിരവധി തവണ ഞങ്ങൾ തലപുകഞ്ഞ് ചർച്ച ചെയ്തതിനു ശേഷമാണ് കോട്ടൂർ എങ്ങനെയാകണം എന്ന് തീരുമാനിച്ചത്. എല്ലാ അർഥത്തിലും എന്റെ കംഫർട്ട് സോണിന് പുറത്തുള്ള ഒന്നായിരുന്നു കെ.ടി.എൻ കോട്ടൂർ. എന്നെ സംബന്ധിച്ചൊരു പഠനക്കളിരി തന്നെയായിരുന്നു. തിരക്കഥയിലെ വരിക്കൾക്കിടയിലൂടെ ഞാൻ വിശകലനം നടത്തി. എനിക്ക് മനസ്സിലാകാത്ത ഭാഷയിലുള്ള പേജുകണക്കിന് ഡയലോഗുകളുണ്ടായിരുന്നു. സോഫ്ട്‌വയർ കോഡുകൾ അഴിക്കുന്നതുപോലെയാണ് ഓരോന്നും ഞാൻ വായിച്ചെടുത്തത്.

ഓരോ വരിയും, വാക്കും വാചകവും, സീനുകളുമെല്ലാം സാവകാശം മനസ്സിലാക്കിയാണ് ചെയ്തത്. ഹൈസ്ക്കൂൾ കാലത്ത് ഷേക്ക്സ്പിയറിന്റെ ഇംഗ്ലീഷ് പഠിക്കുന്നതുപോലെയായിരുന്നു കോട്ടൂരാകാൻ വേണ്ടിയുള്ള പഠനം

ആക്ടിങ്ങ് സ്ക്കൂളിൽ പഠിക്കുമ്പോൾ തിരക്കഥകൾ എഴുതിയിരുന്നല്ലോ? ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ സ്വയം എങ്ങനെ വിലയിരുത്തുന്നു? കഥകൾ കേൾക്കുമ്പോൾ സ്വയം വിഷ്വലൈസ് ചെയ്യാറുണ്ടോ? അശ്വിൻ കാക്കുമാനുവുമായുള്ള (മങ്കാത്ത ഫെയിം) സൗഹൃദം ദുൽഖറിലെ തിരകഥാകൃത്തിന്റെ വളർച്ചയ്ക്ക് സഹായിച്ചിട്ടുണ്ടോ?

പന്ത്രണ്ട്, പതിമൂന്ന് വയസ്സുള്ളപ്പോൾ മുതൽ ഞാൻ ഹാൻഡി ക്യാമിൽ ഷോർട്ട് ഫിലിമുകൾ എടുക്കുമായിരുന്നു. വാപ്പായുടെ കൈയ്യിൽ എല്ലാതരത്തിലുമുള്ള ഷൂട്ടിങ്ങ് ഗാഡ്ജറ്റുകളുമുണ്ടായിരുന്നു. അതൊക്കെ ഉപയോഗിക്കാൻ എനിക്ക് അനുവാദം തന്നിരുന്നു. വീട്ടിൽ നിന്നുകിട്ടിയ പ്രോത്സാഹനം ഇവയുമായി അടുത്തിടപഴകാൻ സഹായിച്ചു. ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഞാൻ തന്നെ അഭിനയിച്ചു. എന്നിട്ട് ക്യാമറയിൽ തന്നെ എഡിറ്റിങ്ങ് നടത്തും. വീണ്ടും കാണും, പിന്നെയും ഷൂട്ട് ചെയ്യും. എന്നിട്ട് അവയെല്ലാം ഒന്നിച്ചുവെച്ച് ഒരു ഷോർട്ട് ഫിലിമാക്കും.

ഇത്തരം അഭ്യാസങ്ങളൊക്കെ കഴിഞ്ഞ് കൊളേജിലെത്തിയപ്പോഴാണ് അശ്വിൻ കാക്കുമാനുവിനെ പരിചയപ്പെടുന്നത്. സിനിമയായിരുന്നു എന്നും ഞങ്ങളുടെ പ്രിയ വിഷയം. സാമാന ചിന്താഗതിയുള്ളവരായിരുന്നു ഞങ്ങൾ. ആ സമയമായപ്പോഴേക്കും സാങ്കേതിക വിദ്യകളും, ക്യാമറകളും, എഡിറ്റിങ്ങ് സോഫ്ട്‌വെയറുമൊക്കെ ഒരുപാട് പുരോഗമിച്ചു. ഞങ്ങൾ ഒരുമിച്ച് നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്, ചിലതെല്ലാം ഷോർട്ട് ഫിലിം മത്സരങ്ങളിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ശരിക്കും ഈ കാലഘട്ടം എന്റെ കണ്ണുതുറപ്പിച്ചു. സിനിമയാണ് എന്റെ കരിയറെന്ന് ഞാൻ തീരുമാനിക്കുന്നത് ഈ സമയത്താണ്.

ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ കഥകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചുമൊക്കെ ചിന്തിക്കാൻ എനിക്ക് ഇഷ്ടമാണ്. പക്ഷെ എല്ലാ എഴുതുകാർക്കുമുള്ളതു പോലെയുള്ള ക്രിയേറ്റീവ് ബ്ലോക്ക് എഴുതാൻ നേരം എനിക്ക് അനുഭവപ്പെടാറുണ്ട്. എഴുതാനും മാത്രമുള്ള പ്രായമാകാത്തതുകൊണ്ടാവാം ചിലപ്പോൾ. ഇപ്പോൾ എഴുതിയാൽ എങ്ങനെയാകുമെന്ന് എനിക്ക് എറിയില്ല. ഏതായാലും ഞാൻ ഒരുപാട് ആസ്വദിക്കുന്ന കാര്യമാണ് എഴുത്ത്. ഞാൻ ചെയ്ത എന്തിനേക്കാളും എനിക്ക് ഇഷ്ടം ഫിലിം മേക്കിങ്ങ് തന്നെയാണ്.

ബിസിനസിലും സമർഥനായ സ്ഥിതിക്ക് പ്ലേഹൗസ് പ്രൊഡക്ഷൻസ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ടോ? അതോ സിനിമ സംബന്ധമായി സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ആലോചനകളുണ്ടോ?

ഇപ്പോഴേതായാലും ഇല്ല. മറ്റു വ്യവസായങ്ങൾ പോലെയല്ല സിനിമാവ്യവസായം. അത് വ്യവസായത്തോടൊപ്പം കലയും ചേർന്നതാണ്. രണ്ടും ഒരുപോലെ നിൽക്കണം എന്നാൽ മാത്രമേ സിനിമാവ്യവസായം നല്ലരീതിയിൽ കൊണ്ടുപോകാൻ പറ്റൂ. നിർമതാവിന്റേത് മുഴുവൻ സമയജോലിയാണ്. എനിക്ക് സിനിമയിൽ വലിയ വലിയ സ്വപ്നങ്ങളുണ്ട്. സംവിധാനം ചെയ്യണം, നിർമാതാവാകണം, ഒരു അഭിനേതാവ് എന്ന് നിലയിൽ ഞാൻ തുടങ്ങിയിട്ടേയുള്ളൂ. കാലാന്തരത്തിൽ എങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് നോക്കിയിട്ട് തീരുമാനിക്കാം.

കുട്ടിയായിരുന്നപ്പോൾ തുടങ്ങിയതാണല്ലോ ഡ്രൈവിങ്ങിനോടും വണ്ടികളോടുമുള്ള ഭ്രമം. അതുമായി ബന്ധപ്പെട്ട് രസകരമായ ഓർമകൾ പങ്കുവെക്കാമോ?

എന്നെ മടിയിലിരുത്തി വാപ്പ വണ്ടി ഓടിക്കുന്നതാണ് എന്റെ മനസ്സിലെ വണ്ടികളെക്കുറിച്ചുള്ള ആദ്യ ഓർമ്മ. മടിയിലിരുത്തുന്ന സമയം സ്റ്റിയറിങ്ങ് പിടിക്കാൻ എന്നെ അനുവദിക്കുമായിരുന്നു. മടിയിൽ ഇരുക്കുന്ന പ്രായം കഴിഞ്ഞതോടെ മുൻസീറ്റിൽ വാപ്പായുടെയും ഉമ്മയും ഇരിക്കുന്നതിന്റെ നടുക്ക് നിന്ന് പുറത്തേക്ക് എത്തിനോക്കി കാഴ്ച്ചകൾ കാണുന്നതായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യം. വാപ്പ പെട്ടന്ന് ബ്രേക്ക് പിടിക്കുമ്പോൾ പലതവണ ഞാൻ താഴെ വീണിട്ടുമുണ്ട്. അടങ്ങി സീറ്റിലിരിക്കാൻ വാപ്പ എത്ര തവണ പറഞ്ഞാലും ഞാൻ അനുസരിക്കില്ലായിരുന്നു.

എന്റെ ഉമ്മയുടെ സഹേദരങ്ങൾ എനിക്ക് കാറിൽ പുറത്തുകൊണ്ടുപോകാൻ പറ്റാത്ത അവസരങ്ങളിൽ കാറിന്റെ പടം വരച്ചു തന്ന് എന്നെ സമാധാനിപ്പിച്ചിട്ടുണ്ട്. പെൻസിൽ കൈയ്യിൽ പിടിക്കാൻ തുടങ്ങിയ കാലത്ത് ഞാൻ ആദ്യം വരയ്ക്കാൻ തുടങ്ങിയത് കാറുകളുടെ പടമാണ്. ഇപ്പോഴും കാറുകളും ഡ്രൈവിങ്ങും റോഡ്ട്രിപ്പുകളും എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ഷൂട്ടിങ്ങിന് എത്ര സ്ട്രെസ് ഉണ്ടായാലും ഒരു ഡ്രൈവിന് പോയാലോ കാറുകളെക്കുറിച്ച് വായിച്ചാലോ എല്ലാ സ്ട്രെസും മാറും.

ശ്രീദേവിയുടെ മകൾ ജാഹ്നവിക്കൊപ്പം ബോളീവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവന്ന് കേട്ടിരുന്നു. ഈ വാർത്ത സത്യമാണോ? ബോളീവുഡിലേക്ക് ഉടൻ ഉണ്ടാകുമോ?

അത് വെറും ഗോസിപ്പാണ്. തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നുമൊക്കെയുള്ള സ്ക്രിപ്പ്റ്റുകൾ കേൾക്കുന്നുണ്ട്. പക്ഷെ ഇതുവരെ എന്നെ എക്സൈറ്റ് ചെയ്യുകുന്ന കഥകളൊന്നും വന്നിട്ടില്ല.

പുതിയ പ്രോജക്ടുകൾ ഏതെല്ലാമാണ്?

സമീർ താഹിറുമൊത്ത് കലി, രാജീവ് രവിയുടെ കമ്മാട്ടിപ്പാടം, അമൽനീരദിന്റെ പേരിടാത്ത ചിത്രം, പ്രതാപ് പോത്തന്റെ പേരിടാത്ത ചിത്രം, സത്യൻ അന്തിക്കാടിന്റെ പേരിടാത്ത ചിത്രം.