ആടുജീവിതത്തിനായി പൃഥ്വിയുടെ ത്യാഗജീവിതം

ബ്ലെസി എന്ന സംവിധായകന്റെ ഓരോ സിനിമയ്ക്കായും മലയാളികൾ കാത്തിരിക്കാറുണ്ട്. വേനൽമഴ പോലെ പെയ്ത് മലയാളി മനസിനെ അത് കുളിർപ്പിക്കും. ഇതാ അതുപോലൊരു വേനൽമഴയ്ക്കായി കാറ്റു വീശി തുടങ്ങി. മലയാളി മനസും ഒപ്പം കാത്തിരിക്കുകയാണ്, ബ്ലെസി എന്ന സംവിധായകൻ ആടുജീവിതം എന്ന ബന്യാമിന്റെ നോവൽ സിനിമായാക്കുകയാണ്. മലയാളത്തിന്റെ ക്ഷുഭിത യൗവനം പൃഥ്വിരാജ് ചിത്രത്തിൽ നായകനാവുന്നു. സിനിമയുടെ വിശേഷങ്ങൾ സംവിധായകൻ പറയുന്നു.

എന്തുകൊണ്ട് പൃഥ്വിയെ തിരഞ്ഞെടുത്തു?

പൃഥ്വി വളരെ അഭിനയ സാധ്യതയുള്ള നടനാണ്. അർപ്പണ ബോധവും കഠിനാധ്വാനവും കഴിവും എല്ലാം ഉള്ളതുകൊണ്ടാണ് പൃഥ്വിയെ നജീമിന്റെ റോളിലേക്ക് തിരഞ്ഞെടുത്തത്. മലയാളത്തിൽ ഇന്നത്തെ ചെറുപ്പക്കാരെല്ലാം ഇത്തരക്കാരാണ്. പക്ഷേ പൃഥ്വിയുടെ ശാരീരികാവസ്ഥയും ഇൗ കഥാപാത്രത്തിന് യോജിച്ചതാണ്.സുഖകരരമായ ജീവിതം നയിച്ച ഒരാൾ പെട്ടെന്ന് മൃഗതുല്യമായ അവസ്ഥിലേക്ക് കടന്നു പോകുന്നതാണ് ചിത്രത്തിൽ കാണിക്കുന്നത്.അദ്ദേഹത്തിന്റെ ശരീരത്തിലും അതിനനുസരിച്ച് മാറ്റങ്ങൾ വേണം. ഈ മാറ്റം കാണിക്കണമെങ്കിൽ തീരെ മെലിഞ്ഞ ഒരാൾ പറ്റില്ല. കുറച്ച് തടിയൊക്കെയുള്ള ഒരാൾ വേണം. എങ്കിലേ മെലിയുമ്പോൾ ആ വ്യത്യാസം മനസിലാകൂ.

പൃഥ്വി ഈ സിനിമയ്ക്ക് വേണ്ടി മറ്റു ചിത്രങ്ങൾ ഉപേക്ഷിക്കുന്നു എന്നു വാർത്തകൾ ഉണ്ടല്ലോ?

ഉപേക്ഷിക്കുന്നു എന്നല്ല, ഈ ചിത്രം ചെയ്യുന്ന കാലയളവിൽ അദ്ദേഹത്തിന് മറ്റ് ചിത്രങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും. ഇത് നാളെ തുടങ്ങി മറ്റന്നാൾ അവസാനിക്കുന്ന ചിത്രമല്ല. 2016 ജനുവരിയിലെ ഈ ചിത്രം ആരംഭിക്കുകയുള്ളൂ. 2018ലേ ചിത്രീകരണം അവസാനിക്കൂ. ചിത്രത്തിനായി ശാരീരികമായ ചില മാറ്റങ്ങളും പൃഥ്വിക്കുണ്ടാവണം.അതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. മനുഷ്യൻ മൃഗതുല്യമായ അവസ്ഥയിലേക്ക് മാറുകയാണ്. മെലിഞ്ഞ് ജരാനര ബാധിച്ച അവസ്ഥ. ഇത് ത്രിഡി ചിത്രമായാണ് ഇറങ്ങുക. ഒന്നിലേറെ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

കളിമണ്ണിനു ശേഷം എന്തുകൊണ്ട് ഇത്ര ഇടവേള വന്നു?

തുടരെത്തുടരെ സിനിമ ചെയ്യുന്ന ആളല്ല ഞാൻ. കഥയും തിരക്കഥയും എല്ലാം എനിക്ക് ഒത്തുവന്നാൽ മാത്രമേ ചെയ്യുകയുള്ളൂ. കളിമണ്ണിനു ശേഷം രണ്ടു സിനിമകളുടെ സ്ക്രിപിറ്റിങ്ങ് വരെ എത്തിയതാണ്, ആടു ജീവിതത്തിനു മുമ്പ് അതുണ്ടാവും. ഇപ്പോൾ അത് വെളിപ്പെടുത്താനുള്ള സമയമായിട്ടില്ല.

എന്തുകൊണ്ട് ആടുജീവിതത്തിന് മൂന്നു വർഷം സമയം?

ഇത് പെട്ടെന്നു ചെയ്യാൻ പറ്റിയ ചിത്രമല്ല. ത്രിഡി ചിത്രമാണ്, മുന്നോ നാലോ ഭാഷകളിലെത്തും, വിദേശ നിലവാരത്തിലുള്ള ചിത്രമായിരിക്കും. വിദേ‌ശത്തുള്ള ടെക്നീഷ്യൻമാരുണ്ടാവും. ഫോറിൻ കലാകാരന്മമാരുണ്ടാവും. നോവലിൽ നിന്ന് സിനിമയ്ക്കു വേണ്ടിയുള്ള ഒരു മാറ്റം ഉണ്ടാവും. ലൊക്കേഷനായുള്ള അന്വേഷണത്തിലാണ്. ,മസ്ക്കറ്റ്, കുവൈറ്റ്, ജോർദ്ദാൻ അങ്ങനെ പലസ്ഥലങ്ങളും മനസിലുണ്ട്. വെറും മരുഭൂമി പോര, എന്തെങ്കിലും പ്ര്യത്യേകതകൂടി ലൊക്കേഷന് വേണം.

ആടുജീവിതം സിനിയാകുന്നു എന്നു പറഞ്ഞിട്ട് 5 വർഷത്തോളമായി , ഗദ്ദാമ എന്ന സിനിമ കൊണ്ടാണോ താമസിച്ചു പോയത്?

ഒരിക്കലുമല്ല. ഗദ്ദാമയും ആടുജീവിതവും രണ്ടാണ്. ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം. ഏകാന്തത ഒരാളിലുണ്ടാക്കുന്ന മാറ്റം. അവന്റെ ശ്വാസം പോലും അവനോട് തിരിച്ചുസംസാരിക്കുന്നതായ തോന്നൽ. മൃഗങ്ങള‌ോടൊപ്പമുള്ള സഹവാസം. ഇതെല്ലാം ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

ചിത്രം നീണ്ടുപോകാൻ കാരണം നല്ലൊരു നിർമാതാവിനെ കിട്ടാതിരുന്നതു കൊണ്ടാണ്. ഇപ്പോൾ അത് ലഭിച്ചു. പ്രമുഖ വ്യവസായി കെജി എബ്രഹാമാണ് ചിത്രം നിർമ ിക്കുന്നത്. കെജിഎ ഫിലിം കമ്പനിയുടെ ആദ്യ ചിത്രമായിരിക്കും ഇത്. ക്രൗൺ പ്ലാസയുടെ ഉടമസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പൂർണ പിന്തുണയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.