നസ്രിയയുടെ അഭിനയം ഏറെ ഇഷ്ടം: വിക്രം

ഐ,അന്യൻ, ദൈവതിരുമകൾ, സാമി,ധൂൾ,പിതാമഹൻ. ജമിനി,സേതു,സമുറായ്,രാവൺ എന്നീ എണ്ണം പറഞ്ഞ ചിത്രങ്ങളും ഒരു ദേശീയ പുരസ്കാരവും മികച്ച നടനുള്ള രണ്ട് സംസ്ഥാന അവാർഡുകളും ആറും ഫിലിം ഫെയർ അവാർഡുകളും. സിനിമാ താരമാകാൻ കൊതിച്ച ഒരു പയ്യന്റെ നേട്ടങ്ങളാണിതെല്ലാം . വിക്രം ഇതെല്ലാം കൈവരിച്ചത് ഏറെ കടമ്പകൾ താണ്ടിയാണ്.

ഒരോ ചിത്രത്തിനായും ഏതറ്റം വരെയും മെനക്കെടാൻ മടിയില്ലാത്ത സ്വഭാവമാണ് വിക്രത്തിന്. അത്തരം ഒരു സമർപ്പണമാണു സേതുവിലെ കഥാപാത്രത്തിന്റെ വിളിപ്പേര് ചിയാൻ എന്നതു വിക്രത്തിനൊപ്പം ജനങ്ങൾ ചേർത്തു വിളിക്കാൻ കാരണം. പുതിയ ചിത്രമായ 10 എൻട്രതുക്കുള്ളൈയിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വിക്രം സംസാരിക്കുന്നു.

10 എൻട്രതുക്കുള്ളൈ

ഫ്രഷ് ഫിലിമാണ്. സ്റ്റീരിയോടൈപ്പുകൾ തകർക്കുന്നയാളാണു സംവിധായകൻ വിജയ് മിൽട്ടൻ. കമേഴ്സ്യൽ ചിത്രത്തിനുള്ള പതിവു ഫോർമാറ്റിൽ നിന്നു മാറിപോകുന്ന ചിത്രമാണ്. വേറൊരു തരത്തിൽ ഈ ചിത്രം ട്രെൻഡ് സെറ്ററായിരിക്കും. ആദ്യമായിട്ടാകും ഇങ്ങനെ ഒരു സിനിമ. വ്യത്യസതമായ തരത്തിലുള്ള ഒരു കൊമേഴ്സ്യൽ സിനിമയായാണിത്. .

ആദ്യമായി സാമന്തയ്ക്കൊപ്പം ?

തൃഷയുടെ മുത്തശ്ശി പറയും . ഞാനും തൃഷയും നല്ല കെമിസ്ട്രിയാണെന്ന്. ആളുകൾ തൃഷയും ജ്യോതികയുമൊത്തുള്ള എന്റെ സിനിമകളാണു ഏറെ ഇഷ്ടപ്പെടുന്നത്. 10 എൻട്രതുക്കുള്ളൈ ഒരു ലവ് സ്റ്റോറിയാണ്. പ്രണയമില്ലെങ്കിൽ ഈ സിനിമയില്ല. സാമന്തയുമായി നല്ല ഒരു കെമസ്ട്രി ഇല്ലാതെ ഈ സിനിമ വിജയിക്കില്ല. അത് നല്ല പോലെ ഉണ്ടെന്നാണു എന്റെ വിശ്വാസം. ഇനി തീരുമാനിക്കണ്ടത് പ്രക്ഷേകരാണ്.

അപ്പോൾ എമി ജാക്സണോ ?

ഐയിൽ എന്റെ കഥാപാത്രം എമിയെ ദേവതയായാണു കാണുന്നത്. മാഡം മാഡം എന്നാണ് അയാൾ എമിയെ വിളിക്കുന്നത്.എന്നാൽ പുതിയ സിനിമ റിയൽ ലൈഫാണ്. പ്രണയമുണ്ടെങ്കിലും അത് ഒരിക്കലും പറയുന്നില്ല. ഐ ലവ് യു പറയില്ല. ഡ്യുയറ്റുമില്ല.

ഡ്യൂപ്പില്ലാതെ അഭിനയിച്ചുവെന്നു കേട്ടു ?

90 ശതമാനവും ഞാൻ തന്നെയാണു ചെയ്തത്. വളരെ റേസിയായ ഒരു സബ്ജക്ടാണ് .

പശുപതി വീണ്ടും ?

വർഷങ്ങൾക്കു ശേഷം പശുപതി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. ധൂൾ, മജാ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് പശുപതി കാഴ്ച വച്ചത്. ഇതിൽ പല തരത്തിലുള്ള പശുപതിയെ കാണാം. നല്ലത്, കെട്ടത്, തമാശക്കാരൻ എന്താണെന്നു പ്രേക്ഷകർക്കു പിടികിട്ടാത്ത ഒരു കഥാപാത്രമാണു പശുപതിയുടേത്.

കേരളത്തെക്കുറിച്ച്

കേരളമെന്നു കേട്ടാൽ കരിമീൻ പൊള്ളിച്ചതാണ് എന്റെ മനസ്സിൽ ആദ്യമെത്തുക; അത്രയ്ക്കിഷ്ടമാണ്. കഴിഞ്ഞയിടെ കോഴിക്കോടും കൊച്ചിയിലും ഞാൻ വന്നിരുന്നു ’ മുൻ റിലീസായ ‘ഐ’ ഏറ്റവും കൂടുതൽ പണം വാരിയതു കേരളത്തിൽ നിന്നാണെന്ന സന്തോഷവും വിക്രത്തിനുണ്ട്. അവസാനം കണ്ട മലയാള ചിത്രങ്ങളിൽ ഏറെ ആസ്വദിച്ചത് ഓം ശാന്തി ഓശാനയാണെന്നു പറയുന്നു വിക്രം. നസ്രിയയുടെ അഭിനയം ഏറെ ആകർഷിച്ചു. 

ദുബായിൽ ഷോപ്പിങ്ങിനിടെ നസ്രിയയെ കണ്ടു. ഏറെ ലൈഫുണ്ട് അവരുടെ അഭിനയത്തിൽ. കേരളത്തിൽ നല്ല സിനിമയെ സ്നേഹിക്കുന്നവരാണ് ഏറെയും.