ദൃശ്യം വഴിത്തിരിവായി; റോഷൻ ഇനി ഇളയദളപതിക്കൊപ്പം

കോഴിക്കോട്ടെ കുറ്റ്യാടിയിൽ നിന്നു മലയാള സിനിമയിലേക്കു റോഷൻ ബഷീർ വരുമ്പോൾ പ്ലസ്ടുവിനു പഠിക്കുകയായിരുന്നു. അമലാപോളിനൊപ്പം ഒരു കംപ്യൂട്ടർ സ്ഥാപനത്തിനായി മോഡലായത് സിനിമയിലേക്കു വഴിതുറന്നു. ആദ്യചിത്രം ‘പ്ലസ് ടു’.

പടം അത്രമേൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പൂച്ചക്കണ്ണുകളുള്ള റോഷൻ ശ്രദ്ധിക്കപ്പെട്ടു. വിവിധ ഭാഷകളിൽ പതിനൊന്നോളം ചിത്രങ്ങൾ. കമൽ ഹാസൻ, മോഹൻലാൽ തുടങ്ങിയ താരപ്രമുഖർക്കൊപ്പമുള്ള അഭിനയം. ഏറെ ആരാധനയോടെ ‌മാത്രം കണ്ടിട്ടുള്ള വിജയിനൊപ്പമാണ് റോഷൻ ഇപ്പോൾ അഭിനയിക്കുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത മോഹൻലാലിന്റെ ദൃശ്യം എന്ന ഒറ്റച്ചിത്രം മതി റോഷൻ എന്ന നടന്റെ പ്രതിഭ തിരിച്ചറിയാൻ. റോഷന്റെ വാക്കുകൾ...

∙ ജീത്തുസാർ ആ കഥാപാത്രം തരുമ്പോൾ എന്റെ വേഷത്തിന്റെ സാധ്യതകളൊന്നും പറഞ്ഞിരുന്നില്ല. കഥയിൽ വലിയ സ്വാധീനമുള്ളതാണു വേഷമെന്നു തിരിച്ചറിഞ്ഞതു സിനിമ പുറത്തിറങ്ങിയ ശേഷമാണ്. സെറ്റിൽ എത്തിയ ആദ്യദിനം തന്നെ ലാലേട്ടൻ പറഞ്ഞിരുന്നു നല്ലകഥാപാത്രമായിരിക്കുമെന്ന്. അദ്ദേഹമായിരുന്നു പ്ലസ് ടു എന്ന ചിത്രത്തിന്റെ പൂജയിലെ മുഖ്യാതിഥി. അക്കാര്യവും അദ്ദേഹം ഓർത്തു പറഞ്ഞപ്പോൾ എനിക്കദ്ഭുതമായിരുന്നു.

∙ ദൃശ്യത്തിന്റെ കന്നഡ, ഹിന്ദി ചിത്രങ്ങൾ ഒഴികെ മറ്റെല്ലായിടത്തും എന്റെ വേഷം എനിക്കു തന്നെയായിരുന്നു. പൊലീസ് സൂപ്രണ്ടിന്റെ മകന്റെ വേഷം. കമൽ സാറുമായി കോംബിനേഷൻ സീനുകളില്ലെങ്കിലും അദ്ദേഹം എന്റെ കണ്ണുകൾ ശ്രദ്ധിച്ചിരുന്നു. ഈ കണ്ണുകൾ സിനിമയിൽ ഫലപ്രദമായി ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

∙ വിജയ് സാറിനൊപ്പം അദ്ദേഹത്തിന്റെ അറുപതാം ചിത്രത്തിൽ നല്ലൊരു വേഷമെനിക്കു കിട്ടി. പാപനാശം കണ്ടിട്ടു ചെന്നൈയിലെ ഒരു ഫാഷൻ ഡയറക്ടർ വിളിക്കുകയായിരുന്നു. സ്ക്രീൻ ടെസ്റ്റ് ഉണ്ടായിരുന്നു. ഭരതൻ ആണു സംവിധായകൻ. നല്ല വേഷമാണ്. ചിത്രീകരണം തുടങ്ങി. മൂൺട്ര് രസികർകൾ എന്ന ചിത്രമാണ് ആദ്യതമിഴ് ചിത്രം. അതിൽ വിജയിന്റെ ഫാനായിട്ടാണെന്റെ വേഷം. ആ ചിത്രത്തിനു ശേഷം വിജയിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് ആകസ്മികമായി തോന്നുന്നു.

∙ ഒരു പാട്ടുസീൻ ചിത്രീകരണമായിരുന്നു ആദ്യദിവസം. വിജയ് സാർ ഓരോ ഷോട്ടും കഴിഞ്ഞു മോണിറ്ററിനടുത്തു വന്നിരിക്കുകയായിരുന്നു. പരിചയപ്പെട്ടു ചേർത്തു പിടിച്ച് ‘ മൂൺട്ര് രസികർകൾ’ എന്ന ചിത്രത്തിൽ വിജയിനെ ഉപയോഗിക്കുന്നതെങ്ങനെ എന്നും ആ ചിത്രത്തിന്റെ പാട്ടുസീൻ കണ്ടുവെന്നും നന്നായിട്ടുണ്ടെന്നും നന്ദിയുണ്ടെന്നുമെല്ലാം പറഞ്ഞു. പാപനാശം കണ്ടതിനെ കുറിച്ചു പറഞ്ഞു. സിനിമയിലെത്തിയതെങ്ങനെ എന്നു ചോദിച്ചു. വിജയിന്റെ ഓരോ ചിത്രവും ആദ്യഷോ തന്നെ കാണുന്ന എനിക്ക് അദ്ദേഹത്തിന്റെ സാധാരണത്വം വല്ലാത്ത വിസ്മയമായിരുന്നു.

∙ തെലുങ്കിലെ ദൃശ്യം കണ്ടാണ് അവിടെയും ഒരു ചിത്രം കിട്ടിയത്. കൊളംബസ് എന്ന ചിത്രം അവിടെ തരക്കേടില്ലാതെ ഓടി. പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നു. തീരുമാനായാൽ അടുത്ത ചിത്രം തെലുങ്കായിരിക്കും. മലയാള സിനിമയിൽ നിന്ന് ഇപ്പോൾ വിളിയൊന്നും വന്നിട്ടില്ല. അതിനിടെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കി. ഇനി എംഎസ്‌സിക്ക് ചേരണം. അതിനിടയിൽ മികച്ച വേഷങ്ങൾ തേടിയെത്തട്ടെ എന്നാണു പ്രാർഥന.