മഹേഷിന്റെ സ്വന്തം 'ജിംസി'

അപർണ ബാലമുരളി

ഹാ...ഈ കൊച്ച് കൊള്ളാമല്ലോയെന്ന് പറഞ്ഞുകാണും മഹേഷിന്റെ പ്രതികാരം കണ്ടിറങ്ങിയപ്പോൾ. പാട്ടും പാടി ചെയ്തുവെന്നൊരു ചൊല്ലുണ്ട്. അപർണ ബാലമുരളിയെ സംബന്ധിച്ച് അത് വളരെ ശരിയാണ്. ഗായികയായി വന്ന് പിന്നെ അനായാസം ഒരു പാട്ടുപാടുന്ന പോലെയാണ് അപർണ ചിത്രത്തിൽ ജിംസിയെന്ന കഥാപാത്രമായി മാറിയത്. അപ്രതീക്ഷിതമായ കൈവന്ന ഭാഗ്യത്തെ കുറിച്ച് അപർണയ്ക്ക് പറയാനുണ്ട്. ഇടുക്കിയിലെ ഭംഗിപോലെ രസകരമായ കുറേ കാര്യങ്ങൾ.

എങ്ങനെയായിരുന്നു മഹേഷിന്റെ പ്രതികാരത്തിന്റെ ഭാഗമായത്?

ശ്യം പുഷ്കറിന്റെ ഭാര്യ ഉണ്ണിമായ എന്റെ ടീച്ചറാണ്. ടീച്ചർ പറഞ്ഞിട്ടാണ് ഞാൻ ഇതിന്റെ ഓഡിഷന് എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപാണ് എന്റെ കാരക്ടറിനെ കുറിച്ച് ഞാൻ അറിഞ്ഞത്. അതെനിക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു. ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ എനിക്കു കിട്ടിയ വേഷം.

ഫഹദിന്റെ നായികയാണെന്ന് അറിഞ്ഞപ്പോൾ ടെൻഷൻ തോന്നിയോ?

ടെൻഷൻ അല്ലായിരുന്നു, വലിയ സന്തോഷമാണ് തോന്നിയത്. ഫഹദ് ഫാസിലിന്റെ നായികയാകുകയെന്നത് എന്നെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ ഫഹദിന്റെ വലിയ ആരാധികയുമാണ്. അഭിനയിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ചെറിയൊരു ടെൻഷൻ തോന്നിയെങ്കിലും ടീമിന്റെ സപ്പോർട്ട് കൊണ്ട് പിന്നെ അതിനെക്കുറിച്ച് ചിന്തിക്കേണ്ടിയേ വന്നില്ല.

മഹേഷിന്റെ പ്രതികാരം റിവ്യു വായിക്കാം

അപർണയെ ജിംസിയാക്കിയതിന്റെ സീക്രട്ട് എന്തായിരുന്നു?

ഇതിൽ ഒരു സീക്രട്ടും ഇല്ല. അത് സംവിധായകന്റെ മാത്രം കഴിവാണ്. യാതൊരുവിധ ടെൻഷനും ഉണ്ടാക്കാതെ എന്താന്നു വച്ചാൽ ചെയ്തോ എന്നു ധൈര്യപൂർവം പറഞ്ഞ് ടോട്ടലി ഫ്രീ ആക്കി തന്ന ദിലീഷേട്ടനാണ് അതിന്റെ ക്രെഡിറ്റ് മുഴുവൻ. അതുകൊണ്ടുതന്നെ ആ വേഷം നന്നായി ചെയ്യാനും സാധിച്ചു.

സർപ്രൈസ് ആയി ലഭിച്ച കമന്റ്?

ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത്. എന്നോട് ഇനി നെഗറ്റീവ് പറയാൻ മടിയുണ്ടായിട്ടാണോ എന്നൊന്നും എനിക്കറിയില്ല. ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ എനിക്കു കിട്ടിയ മെസേജ് റിമ കല്ലിങ്കലിന്റേതായിരുന്നു. അത് കിട്ടിയപ്പോൾ കുറച്ചു കൂടി കോൺഫിഡൻസ് തോന്നി. സത്യം പറയാലോ ചില തിരക്കുകൾ കാരണം ഇതുവരെ സിനിമ കാണാൻ എനിക്കു സാധിച്ചില്ല.

വീട്ടിൽ ആരും ചിത്രം കണ്ടില്ലേ?

അമ്മ രണ്ടു പ്രാവശ്യം പോയി കണ്ടു. പ്രേക്ഷകരിൽ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും തിയേറ്ററിൽ കൈയടി കിട്ടുന്നുണ്ടെന്നുമൊക്കെ പറഞ്ഞു. അതൊക്കെ എനിക്കും ഇനി ആസ്വദിക്കണം. അച്ഛന് ആദ്യ ദിനങ്ങളിൽ പോയി ചിത്രം കാണാനുള്ള ധൈര്യമില്ല. അതുകൊണ്ട് ഇതുവരെ കണ്ടിട്ടില്ല.

'ചേട്ടൻ സൂപ്പറാണ്' എന്ന ഡയലോഗ് ഹിറ്റായി കഴിഞ്ഞല്ലോ?

അതേ, ആ ഡയലോഗിനായിരിക്കും ഏറ്റവുമധികം സമയമെടുത്ത് ഷൂട്ട് ചെയ്തതും. മഹേഷേട്ടനോട് അത് അത്രയും യാഥാർഥ്യത്തോടെ തന്നെ പറയണമെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. എനിക്ക് കുറച്ച് ടെൻഷൻ തോന്നിയ സീനും അതുകൊണ്ടു തന്നെ ഇതായിരുന്നു. ഞാൻ പറയുമ്പോൾ സംവിധായകൻ പ്രതീക്ഷിക്കുന്ന അത്രയും റിസൽട്ട് വരുമോയെന്ന പേടി. അതായിരിക്കും അതിലെ നല്ല സീൻ എന്ന് ദിലീഷേട്ടൻ ആദ്യമേ ചിന്തിച്ചിട്ടുണ്ടാകും. അതുതന്നെയാകും അദ്ദേഹത്തിന്റെ മനസിലുള്ളത് റെഡിയാകുംവരെ ടേക്കുകളെടുത്തതും.

ചിത്രം ഇത്രയും ഹിറ്റാകുമെന്ന് അപർണ പ്രതീക്ഷിച്ചിരുന്നോ?

അങ്ങനെയൊന്നും പ്രതീക്ഷിക്കുന്ന തരത്തിലൊന്നും ഞാൻ ആയിട്ടില്ല. ഇതൊരു സിംപിൾ ചിത്രമാണ്. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ എല്ലാത്തരം പ്രേക്ഷകരെയും പ്രതീക്ഷിച്ച് ചെയ്ത ഒരു ചിത്രം. അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചിത്രം വിജയമായി എന്നറിയുന്നതിൽ വലിയ സന്തോഷം.

ചിത്രത്തിൽ മേക്കപ്പ് ഉപയോഗിച്ച് അഭിനയിക്കാത്ത ഏക നായികയായിരിക്കും അല്ലേ?

ആ ചിത്രത്തിനു വേണ്ടിയിരുന്നത് അങ്ങനെ ഒരു ഫെയ്സ് ആയിരുന്നു. കാമറ ചെയ്ത ഷിജി ഖാലിദ് ഇക്കയൊക്കെ പറഞ്ഞായിരുന്നു നന്നായിട്ട് വരുമെന്ന്. അതു കേട്ടപ്പോൾ മേക്കപ്പ് ഇല്ലെങ്കിലും നന്നാകുമെന്ന കോൺഫിഡൻസ് തോന്നി. പിന്നെ മാക്സിമം നന്നായി ചെയ്യാൻ ശ്രമിച്ചു. അത്ര മാത്രം.

പഠനം, കുടുംബം?

പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർക്കിടെക്ചർ വിദ്യാർഥിയാണ്. അച്ഛൻ സംഗീതജ്ഞൻ ബാലമുരളി. അമ്മ അഡ്വക്കേറ്റാണ്, ഒപ്പം പാട്ടുകാരി കൂടിയാണ്.

ഈ ചിത്രത്തിൽ അപർണ പാടിയിട്ടുമുണ്ടല്ലോ?

അപർണ ബാലമുരളി

അതേ, മൗനങ്ങൾ... എന്നുതുടങ്ങുന്ന ഗാനം വിജയ് യേശുദാസും ഞാനും ചേർന്ന് ആലപിച്ചതാണ്. എന്തുകൊണ്ടും എന്റെ ഒരു ലക്കി മൂവിയാണ് മഹേഷിന്റെ പ്രതികാരം. എനിക്ക് പാടാനുള്ള അവസരം ലഭിച്ചു, നായികയായി. ആദ്യത്തെ ലവ് സോങ്... വിജയ് യേശുദാസിനൊപ്പം പാടാൻ കഴിഞ്ഞു.

പാട്ടു പാടണമെന്ന് ആദ്യമേ പറഞ്ഞിരുന്നോ?

ഏയ്, ഇല്ല അതും എനിക്ക് വളരെ സർപ്രൈസ് ആയി കിട്ടിയ മറ്റൊരു കാര്യമാണ്. ഞാൻ പാടുമെന്ന് ഉണ്ണിമായ ടീച്ചർക്ക് അറിയാം. അതുകൊണ്ടു തന്നെ ഓഡിഷന് വന്നപ്പോൾ എന്നെക്കൊണ്ട് പാടിക്കുകയും ചെയ്തു. സെറ്റിലൊക്കെ ഇടയ്ക്ക് പാട്ടു പാടിപ്പിക്കുമായിരുന്നു. പിന്നെ അവർക്ക് തോന്നിക്കാണും ഇതു പാടിക്കഴിഞ്ഞാൽ നന്നായിരിക്കുമെന്ന്. അങ്ങനെ ട്രാക്ക് പാടി ബിജിബാൽ സാറിന് അയച്ചുകൊടുക്കുകയായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. അച്ഛനും അമ്മയ്ക്കും ഞാൻ പ്ലേബാക് സിങ്ങർ ആകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഈ ചിത്രത്തിലൂടെ അവരുടെയും എന്റെയും ആഗ്രഹം സാധിച്ചു.

ഒരു സെക്കൻഡ് ക്ലാസ് യാത്രയിൽ നിന്ന് മഹേഷിന്റെ പ്രതികാരത്തിലെത്തുമ്പോൾ?

വിനീത് ശ്രീനിവാസനോടൊപ്പം അപർണ ബാലമുരളി

ഒരു ഓഡിഷൻ കഴിഞ്ഞാണ് ഞാൻ സെക്കൻഡ് ക്ലാസ് യാത്രയുടെയും ഭാഗമായത്. അതിൽ അഭിനയിക്കുമ്പോൾ കുറച്ചുകൂടി ടെൻഷൻ ഉണ്ടായിരുന്നു. എന്റെ ആദ്യചിത്രമാണല്ലോ. പിന്നെ വിനീതേട്ടന്റെ കൂടെ നല്ലൊരു എൻട്രിയാണ് എനിക്ക് ലഭിച്ചത്. അതൊരു ഭാഗ്യം തന്നെയാണ്. അതിൽ ചെറിയൊരു വേഷമായിരുന്നു. പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയതും നായികാവേഷത്തിലെത്തിയതും മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്. അതിലുപരി ഒരു ഗായികയായതും ഈ ചിത്രത്തിൽ തന്നെ.