മഴയെത്തും മുമ്പേ ‘മൺസൂൺ മംഗോസ്’

അബി വർഗീസ്, ഫഹദ് ഫാസിൽ

പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമ. പിന്നണിയിൽ പ്രവർത്തിച്ചവരിൽ ഏറിയപങ്കും വിദേശികൾ. അമേരിക്കൻ സ്റ്റൈലിൽ പറയുന്ന മലയാള കഥ , കരുത്തുറ്റ തിരക്കഥ , കഥയിലും കാസ്റ്റിങ്ങിലും ചങ്കൂറ്റത്തോടെയുള്ള ചില പരീക്ഷണങ്ങൾ. പുതുമുഖ സംവിധായകൻ അബി വർഗീസ്‌ ഇൗ പുതുവത്സരത്തിൽ മലയാള സിനിമയ്ക്ക് നൽകുന്ന കൈനീട്ടമാണ് ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാംഗോസ്.

പൂർണ്ണമായും വിദേശത്തു ചിത്രീകരിച്ച അക്കരക്കാഴ്ചകൾ എന്ന ടെലിവിഷൻ സീരിയലിന്റെ സംവിധാന മികവിൽ നിന്നു കൊണ്ടാണ് അബി , വെള്ളിത്തിരയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നത്. ശക്തമായ സരസമായി തിരക്കഥ കൊണ്ടും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന താരസാന്നിധ്യം കൊണ്ടും തന്റെ ആദ്യ ചിത്രം വ്യത്യസ്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഈ പുതു തലമുറ സംവിധായകൻ. ജനുവരി 15 നു തീയറ്ററുകളിൽ എത്തുന്ന മൺസൂൺ മംഗോസിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുകയാണ് അബി വർഗീസ്‌.

മൺസൂൺ മാംഗോസ് പോസ്റ്റർ

മൺസൂണിന് മുൻപ് തന്നെ മൺസൂൺ മാംഗോസ് എത്തുകയാണ്. എന്താണ് ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ?

ഏതൊരു പുതുമുഖ സംവിധായകനെയും പോലെ, ഞാനും എക്സൈറ്റഡ്‌ ആണ്. ഇനി അധികം കാത്തിരിപ്പ് ഇല്ല. ജനുവരി 15 ചിത്രം റിലീസ് ആകും. ഇതൊരു മുഴുനീള എന്റർറ്റൈന്മെന്റ് ചിത്രമാണ്. പ്രേക്ഷകർക്ക്‌ രസിക്കുന്ന കോമഡികൾ തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. എന്ന് കരുതി ഇതിൽ സ്ഥാനത്തും അസ്ഥാനത്തും കോമഡി ചേർത്തിട്ടില്ല.

അക്കരക്കാഴ്ചകൾ എന്ന സീരിയൽ പൂർണ്ണമായും വിദേശത്താണ് ചിത്രീകരിച്ചത്. പിന്നീട്, ആദ്യമായി ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചപ്പോഴും വിദേശം തന്നെ , എന്തുകൊണ്ടാണത്‌?

ഞാൻ നാലാം വയസ്സുമുതൽ അമേരിക്കയിലാണ്. അത് കൊണ്ട് തന്നെ എന്റെ ഉള്ളിലെ ചിന്തകളും ജീവിതരീതികളും എല്ലാം ഇവിടുത്തെതാണ്. സ്വന്തമായി ഒരു കഥയൊരുക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ അവസരം ലഭിച്ചപ്പോഴും അമേരിക്ക എന്ന ചിന്ത മനസ്സിൽ നിന്നും പോയില്ല. അത് കൊണ്ട് ആദ്യ ചിത്രവും അമേരിക്കയിലായി.

അക്കരകാഴ്ചകളുടെ ചിത്രീകരണത്തിനിടയിൽ

എന്താണ് മൺസൂൺ മാംഗോസിന്റെ പ്രമേയം ?

സിനിമാ സംവിധായകനാകണം എന്ന് മോഹിച്ചു നടക്കുന്ന വളരെ അധികം കഴിവുകൾ ഉള്ള യുവാവിന്റെ കഥയാണ് മൺസൂൺ മംഗോസ്. ഫഹദിന്റെ കഥാപാത്രമായ ഡി പി പള്ളിക്കൽ ഈ സിനിമയെ അസാധ്യമാക്കിയിട്ടുണ്ട്. ഡി പി പള്ളിക്കലിന് തന്റെ ആദ്യ സിനിമ എന്ന സ്വപ്നത്തിനു മുന്നിൽ നേരിടേണ്ടി വരുന്ന വെല്ലു വിളികളാണ് ഇതിന്റെ ഇതിവൃത്തം.

മൺസൂൺ മാംഗോസ് എന്ന ഈ പേരിനു പിന്നിലെ കഥ?

ഈ സിനിമയെ സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്തായ പേരാണ് മൺസൂൺ മാംഗോസ്. എന്തുകൊണ്ടാണ് അത് അങ്ങനെയെന്നു സിനിമ കണ്ടാലേ മനസിലാകൂ. അതുകൊണ്ട് ഞാനിപ്പോൾ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.

മൺസൂൺ മംഗോസിന്റെ കഥ വന്ന വഴി?

ഞാനും നവീൻ ഭാസ്കറും പിന്നെ ഞങ്ങളുടെ മറ്റൊരു സുഹൃത്തും ചേർന്ന് 7-8 മാസം കുത്തിയിരുന്ന് ഡെവലപ്പ് ചെയ്തതാണ് ഈ സ്റ്റോറി. സത്യത്തിൽ സിനിമാ മോഹവുമായി നടക്കുന്ന ഞങ്ങളുടെ ഒക്കെ ജീവിതകഥ തന്നെയാണ് ഇത്.

മൺസൂൺ മാംഗോസ്

സീരിയൽ വിട്ടു സിനിമ സംവിധാനം ചെയ്തതിന്റെ അനുഭവങ്ങൾ?

നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ സീരിയലിനും ഏറെ മുൻപ് ഞാൻ ആഗ്രഹിച്ചതു സിനിമയാണ്. സീരിയലിന്റെ വിജയം ആ ആഗ്രഹം എളുപ്പമാക്കി എന്ന് മാത്രം. സീരിയലിനെക്കാൾ നല്ലൊരു മൂഡ്‌ ആണ് സിനിമ. സീരിയലിൽ കഥാപാത്രങ്ങൾ വളരുന്നില്ല . പക്ഷേ സിനിമയിൽ അതുണ്ട്. ഞാൻ ശരിക്കും എന്ജോയ്‌ ചെയ്തു തന്നെയാണ് മൺസൂൺ മാംഗോസ് എടുത്തത്.

സിനിമയ്ക്കിടയിലെ മറക്കാനാവാത്ത അനുഭവം?

അഭിനയിക്കുന്നത് മുഴുവൻ മലയാളികളും കാമറക്ക് പിന്നിൽ മുഴുൻ അമേരിക്കക്കാരും ആയിരുന്നു. ആ ഒരു കോമ്പിനേഷൻ , രണ്ടു രാജ്യക്കാർ , രണ്ടു ഭാഷക്കാർ എന്നിട്ടും അവർക്കിടയിൽ ഉണ്ടായ സഹകരണം...അത് ഞാൻ ശരിക്കും ആസ്വദിച്ചു

ഫഹദ്

ഇത് ഫഹദിനെ മനസ്സില് കണ്ട് എഴുതിയ സ്ക്രിപ്റ്റ് ആണോ?

തീർച്ചയായും. തുടക്കം മുതൽ ഫഹദ് ആയിരുന്നു മനസ്സിൽ. കഥ കേട്ടപ്പോൾ ഫഹദിനും ഇഷ്ടമായി. എന്നാൽ ആ സമയത്ത് ഇയ്യോബിന്റെ പുസ്തകം, ഹരം തുടങ്ങിയ സിനിമകൾ ചെയ്യുന്നതിനാൽ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം. ബാക്കി കഥാപാത്രങ്ങളെ ഞാനും നിർമാതാവ് ജോഷിയും, നവീൻ ഭാസ്കറും ചേർന്നാണ് കണ്ടെത്തിയത്

ഫഹദ് - വിനയ്ഫോര്ട്ട് കോമ്പിനേഷൻ ?

അത് എന്റെ തന്നെ കണ്ട് പിടുത്തമാണ് . സിനിമ തുടങ്ങും മുൻപ് തന്നെ ആ ജോഡി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇത് വരെ പരീക്ഷിക്കാത്ത ഒരു കോമ്പിനേഷൻ ആയതു കൊണ്ട് തന്നെ അത് വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ കൂട്ടുകെട്ട് ഹിറ്റ്‌ ആകും.