ഞാനൊരു പാവം വില്ലൻ

ഷഫീക്ക് റഹ്മാനും മക്കളും (വലത്)

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ വില്ലനായി തിളങ്ങിയ ഷെഫീഖ് റഹ്മാനെ കുട്ടികൾക്കു പേടിയാണ്. ഷഫീക്കിനെ ഒരു കടയിൽ കണ്ടപ്പോൾ സിനിമയിലെ വില്ലനാണെന്നു മനസിലാക്കിയ വീട്ടമ്മ ആദ്യം കൂടെയുണ്ടായിരുന്ന കുഞ്ഞിനെയാണു തേടിയത്. മറ്റുള്ളവർ പേടിയോടെ തന്നെ നോക്കുമ്പോൾ കഥാപാത്രം അത്രമാത്രം പ്രേക്ഷകരിലെത്തിയെന്നതിന്റെ സന്തോഷത്തിലാണ് ഷഫീക്ക്.

അമർ അക്ബർ ആന്റണിയിൽ ഥാപ്പൻ എന്ന ബംഗാളി വില്ലനെയാണു ഷഫീക്ക് അവതരിപ്പിച്ചത്. കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന കഥാപാത്രം. തുടക്കകാരന്റെ പതർച്ചയില്ലാതെ വേഷം കൈകാര്യം ചെയ്തുവെന്ന അഭിനന്ദനങ്ങൾക്കു നടുവിൽ നിന്നുകൊണ്ടു ഷഫീക്ക് സംസാരിക്കുന്നു.

∙കപ്പിനും ചുണ്ടിനുമിടയിൽ ഒരു വേഷം

ഷെഫീക്കിനു സിനിമയിൽ വേഷം കിട്ടിയതു നാടകീയമായാണ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുമായിരുന്ന വേഷമാണു കറങ്ങിത്തിരിഞ്ഞു ഷഫീക്കിന്റെ അടുക്കലെത്തിയത്. എല്ലാ ദൈവാനുഗ്രഹം എന്നു വിശ്വസിക്കാനാണു ഷഫീക്കിനിഷ്ടം. നാദിർഷയുടെ അകന്ന ബന്ധു കൂടിയായ ഷെഫീക്ക് ഒരു വിവാഹ വേദിയിൽ വച്ചാണു നാദിർഷയോടു വേഷം ചോദിച്ചത്. നോക്കാമെന്നു പറഞ്ഞെങ്കിലും പ്രധാന കഥാപാത്രമാകുമെന്നു അന്നു കരുതിയില്ല. ബംഗാളി വില്ലന്റെ വേഷമാണ്, ഒന്നു ഫ്ലാറ്റ് വരെ വരണം എന്നു പറഞ്ഞപ്പോൾ ഓടിച്ചെല്ലുകയായിരുന്നു. അന്ന് ആ വേഷത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഏറെനാൾ നാദിർഷ വിളിച്ചില്ല. ഷെഫീക്ക് അന്വേഷിച്ചപ്പോൾ പുതിയ ഒരാളെ വച്ചു ചെയ്യുന്നതു റിസ്കാണ്, സീനിയേഴ്സിനെയാണു നോക്കുന്നതെന്നായിരുന്നു മറുപടി. സങ്കടം ഉള്ളിലടക്കി ദുബായിലെ ബാങ്ക് ജോലിയുമായി മുന്നോട്ടു പോകുന്നതിനിടെ വീണ്ടും വിളിയെത്തി. വിഡിയോ കോളിലൂടെ നിർമാതാവ് ആൽവിൻ ആന്റണിയും മറ്റും കണ്ടതോടെ, ഇത് നിനക്കു എഴുതി വച്ചിട്ടുള്ള റോളാണ്. നിന്നെ ഉറപ്പിച്ചുവെന്നു നാദിർഷ പറഞ്ഞു.

∙ദേ അതാണ് ഞാൻ

കളമശേരി സ്വദേശിയായ ഷെഫീക്ക് മോഡലിങ്ങിലൂടെയാണു സിനിമാരംഗത്ത് എത്തിയത്. ലേലം, ജയിംസ് ബോണ്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. പുറത്തിറങ്ങാത്ത ടാർഗറ്റ് എന്ന സിനിമയിൽ നായകനും. പൂക്കാലം വരവായി എന്ന സിനിമയിൽ സ്കൂൾ കുട്ടിയായാണ് ആദ്യം ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. പലപ്പോഴും സിനിമകൾ ടിവിയിൽ വരുമ്പോൾ ആ നിൽക്കുന്നതു ഞാനാണെന്നു ചൂണ്ടിക്കാട്ടേണ്ട സ്ഥിതിയായിരുന്നു. അമർ അക്ബർ ആന്റണി ഹിറ്റായതോടെ ദുബായിയിലെ ജോലി ഉപേക്ഷിച്ചു. പുതിയ സിനിമകളുടെ ചർച്ച നടക്കുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും തന്റെ കഥാപാത്രം മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചുവെന്നു ഷെഫീക്ക് പറയുന്നു. കുട്ടികളുടെ പേടിസ്വപ്നമാണെങ്കിലും ഷിഫ്ര, ഷറഫ, ഷിർഫ... മൂന്നു കുട്ടികളുടെ പിതാവാണു ഷെഫീക്ക്. ശബാനയാണു ഭാര്യ.