ഛേ, നിങ്ങളുദ്ദേശിച്ചതല്ല; അതൊരു ഗ്രാമമാണ്

സിനിമകളുടെ പേരു കേട്ടാൽ അനിൽ രാധാകൃഷ്ണ മേനോനു ചെറിയൊരു വട്ടുണ്ടോ എന്നു തോന്നും. ഇതിപ്പോൾ തുടങ്ങിയതല്ല. 24 നോർത്ത് കാതം എന്ന പേരിട്ടു മലയാള സിനിമയെ ആദ്യം ഇദ്ദേഹം പരിഭ്രമിപ്പിച്ചു. സപ്തമശ്രീ തസ്കരഃ എന്നാണു രണ്ടാമത്തെ സിനിമയ്ക്കു പേരിട്ടത്. എന്തു ഭാഷ എന്നുപോലും സംശയിക്കുന്ന അവസ്ഥ. പക്ഷേ, സിനിമ രണ്ടും തനി പച്ചമലയാളമായിരുന്നു.

‘ഞാൻ ന്യൂജനറേഷൻകാരനല്ല, നല്ല ഒന്നാന്തരം ഒറ്റപ്പാലംകാരൻ മലയാളിയാണ്’ എന്നു പറയാൻ ചങ്കൂറ്റം കാണിച്ച സിനിമകൾ. അനിൽ രാധാകൃഷ്ണ മേനോന്റെ ജീവിതവും ഇതുതന്നെയാണ് പറഞ്ഞത്. 40 കൊല്ലമായി സംവിധാനം തുടരുന്നവർ പോലും ന്യൂ ജനറേഷനാകാൻ സ്ലിം ഷർട്ടിട്ടു നടക്കുന്ന കാലത്താണു മേനോൻ ‘ഞാൻ പഴയ മലയാളിയാണ്’ എന്നു പറഞ്ഞു ഒറ്റമുണ്ടും ഉടുത്തു നടക്കുന്നത്. സ്വന്തം കഷണ്ടി മറയ്ക്കാൻ വിഗ് വയ്ക്കാൻ പോലും അനിൽ തയാറല്ല.

∙പുതിയ സിനിമയുടെ പേരിലും എന്തോ പ്രശ്നമുള്ളതായി തോന്നുന്നല്ലോ മേനോനെ....

ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി എന്നാണു സിനിമയുടെ പേര്. ലോർഡ് ലിവിങ് എന്നതു കഥയിലെ ഒരു ബ്രിട്ടീഷ് കമ്പനിയുടെ പേരാണ്. ഏഴായിരം കണ്ടി എന്നതു കാട്ടിനകത്തു ഒരു ഗ്രാമത്തിന്റെ പേരും.

∙മലബാറിൽ കണ്ടി എന്നു സാധാരണ പറയുന്നത്.......

മനസ്സിലായി. അപ്പിയിടുന്നതിനെ കണ്ടി എന്നു പറയാറുണ്ട്. കണ്ടി എന്നാൽ ഒരു അളവാണ്. അല്ലാതെ അപ്പിയുടെ പര്യായമല്ല. ഏഴായിരം കണ്ടി കാട്ടിലേക്കു പോന്നാൽ കാണുന്ന ഗ്രാമമെന്നു വേണമെങ്കിൽ പറയാം. അല്ലെങ്കിൽ ഈ ഗ്രാമത്തിന്റെ വിസ്തീർണമാകാം.

∙എന്നാലും ഈ കണ്ടി എവിടെനിന്നു കിട്ടി?

എന്റെ മുത്തച്ഛന്റെ തറവാട്ടുപേരു ചക്കച്ചൻ കണ്ടി എന്നായിരുന്നു. അദ്ദേഹം സാമൂതിരി രാജാവിന്റെ പേരക്കുട്ടിയായിരുന്നു. കോഴിക്കോടു ഭാഗത്തു പറമ്പിനും വീടിനുമെല്ലാം കണ്ടി എന്നു പേരുണ്ട്. അതു മനസ്സിൽ കിടന്നുകാണും. പേരു പലപ്പോഴും സിനിമ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കും. എത്ര നല്ല പേരായാലും സിനിമ നന്നായാൽ മാത്രമേ ഓടൂ.

∙അനിലിന്റെ രണ്ടു സിനിമകളും വ്യത്യസ്തമായിരുന്നു. ഇതോ?

ഇതു രണ്ടു സിനിമയുമായും ഒരു ബന്ധവുമില്ല. കാടു സംരക്ഷിച്ചില്ലെങ്കിൽ നമ്മളെ കാത്തുനിൽക്കുന്നതു വലിയ ദുരന്തമാണെന്നോർപ്പിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. മരംവെട്ടി കടലാസുണ്ടായി ചന്തി തുടയ്ക്കുന്നവരുടെ ലോകമാണിത്. അത് അന്തസ്സാണെന്നും കരുതുന്നു. ഈ സിനിമ കൂടുതൽ വലിയ കാൻവാസിലാണു ചെയ്തിരിക്കുന്നത്. ലൈഫ് ഓഫ് പൈയ്ക്കു വേണ്ടി ഗ്രാഫിക്സ് ചെയ്ത സർക്കസ് എന്ന കമ്പനിയാണ് ഈ സിനിമയ്ക്കു ഗ്രാഫിക്സ് ചെയ്തത്. മൃഗങ്ങളെയാണു ഗ്രാഫിക്സ് ചെയ്തത്. 62 ദിവസം ഷൂട്ട് ചെയ്തതിൽ 50 ദിവസവും കാട്ടിനകത്തായിരുന്നു. സിനിമയിൽ തമാശയ്ക്കുവേണ്ടി കുത്തിനിറച്ചതല്ലാത്ത തമാശകളുമുണ്ട്. തമാശ സന്ദർഭത്തിനനുസരിച്ചു വന്നു പോകുന്നതാകണം. ഇതൊരു കോമഡി സിനിമയേ അല്ല എന്നുറപ്പിച്ചു പറയാം.

∙ഈ സിനിമയ്ക്കായി വലിയ തയാറെടുപ്പായിരുന്നല്ലോ നടത്തിയത്.

കാട്ടിനകത്തു ചിത്രീകരിക്കുന്നൊരു സിനിമയ്ക്കു വലിയ തയാറെടുപ്പുകൾ വേണം. ഏറെ യാത്ര ചെയ്താണു കാടുകൾ കണ്ടെത്തിയത്. തൃശൂർ അകമല, അതിരപ്പിള്ളി, വാഴച്ചാൽ, വയനാട്ടിലെ കുറുവ, ഇടുക്കിയിലെ ശാന്തൻപാറ, തമിഴ്നാട്ടിലെ കൊരങ്കണി, മഹാബലിപുരം, ധനുഷ്ക്കോടി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലത്തെല്ലാം ഷൂട്ടു ചെയ്തു. 62 ദിവസംകൊണ്ടു തീർക്കുകയും ചെയ്തു. ക്യാമറാമാനായ ജയേഷ് നായർ, ആർട് ഡയറക്ടറായ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂമറായ സ്റ്റെഫി സേവ്യർ, മേക്കപ്പ്മാനായ റോണക്സ് സേവ്യർ, ആക്‌ഷൻ ചെയ്ത റൺ രവി അങ്ങനെ വലിയൊരു കൂട്ടായ്മയുടെ സിനിമയാണിത്.

∙സിനിമ നല്ലതാണെന്നു അനിലിനു തോന്നിയത് എപ്പോഴാണ്.

എന്റെ കഴിഞ്ഞ രണ്ടു സിനിമയും ഡബ് ചെയ്യാനും എഡിറ്റ് ചെയ്യാനും എട്ടും പത്തും തവണ കണ്ടപ്പോൾ പല സമയത്തും എനിക്കുതന്നെ ബോറടിച്ചിരുന്നു. എന്നാൽ, ഈ സിനിമ ഡബ് ചെയ്യുന്നതിനു മുൻപു സംഗീതമോ ഡയലോഗോ ഇല്ലാതെ ഞാൻ ഇരുപതു തവണയെങ്കിലും കണ്ടു. എനിക്കത് ആസ്വദിക്കാനും കഴിഞ്ഞു. ഞാൻ ബുദ്ധിജീവിയോ ആർട് സിനിമാക്കാരനോ അല്ല. ഒരു സാധാരണ സിനിമാക്കാരനു ഇഷ്ടമാകുമെങ്കിൽ ജനത്തിനും ഇഷ്ടപ്പെടുമെന്നു ഞാൻ കരുതുന്നു.

∙കുഞ്ചാക്കോ ബോബനെ നായകനാക്കുന്നതിന്റെ ലക്ഷ്യമെന്താണ്?

അദ്ദേഹം നയിക്കുന്നൊരു സിനിമയാണിത്. ആർക്കും വേണ്ടി എഴുതിയ സിനിമയല്ല ഇത്. കഥാപാത്രത്തിനു യോജിക്കുന്നതു അദ്ദേഹമാണെന്നെനിക്കു തോന്നി. നന്നായി അഭിനയിക്കുകയും ചെയ്തു. ശക്തിയുള്ള കഥാപാത്രമാണ്. അദ്ദേഹത്തെ ഇതിനായി കണ്ടെത്തിയതു ശരിയായിരുന്നു എന്നദ്ദേഹം എന്നെക്കൂടെ ബോധ്യപ്പെടുത്തി. സത്യത്തിൽ ഇതിലെ എല്ലാ കഥാപാത്രങ്ങളും ഹീറോകളാണ്. മലയാളത്തിലെ അപൂർവമായ ദൃശ്യാനുഭവമാകും ഈ സിനിമ എന്നെനിക്കുറപ്പുണ്ട്. വെറും ദൃശ്യം കൊണ്ടല്ല കഥയുമായി ചേരുന്ന മനത്തിൽ തറയുന്ന ദൃശ്യങ്ങൾകൊണ്ട്.

∙ലോക സിനിമ നന്നായി ആസ്വദിക്കുന്ന ആളാണ് അനിൽ.ഏതെങ്കിലും സിനിമ ഈ സിനിമയ്ക്കു പ്രചോദനമായിട്ടുണ്ടോ?

കണ്ട എല്ലാ നല്ല സിനിമയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമ ഇതുവരെ ആരും ചെയ്യാത്ത സിനിമ തന്നെയാണ്. ഇനി ആരെങ്കിലും ഗവേഷണം നടത്തി ആണെന്നു കണ്ടെത്തിയാലും കുഴപ്പമില്ല. ഇതു എന്നെ സംബന്ധിച്ചിടത്തോളം ആരും കാണാത്ത സിനിമയാണ്. എന്റെ മനസ്സിൽനിന്നു വന്ന സിനിമ.