പൂമാച്ചിയുടെ സ്വന്തം അപ്പൂസ്

‘പപ്പയുടെ സ്വന്തം അപ്പൂസി’ലൊക്കെ അഭിനയിച്ചു കുറച്ചു കാലം കഴിഞ്ഞു കൊച്ചു ബാദുഷ പൂമാച്ചിയോട് പറഞ്ഞു ‘ഇനിയും എനിക്ക് സിനിമയിൽ അഭിനയിക്കണം.’ അപ്പോൾ പൂമാച്ചി അഭിനയത്തിന്റെ തിരക്കിലായിരുന്നു. ആ തിരക്കു കഴിഞ്ഞതിനു ശേഷം ഒരു സിനിമ തന്റെ സംവിധാനത്തിൽ വരുന്നുണ്ടെന്നും അതിൽ ബാദുഷയെ നായകനാക്കി സിനിമാ ലോകത്തെത്തിക്കാമെന്നും വാക്കു കൊടുത്തു. ആ വാക്ക് പാലിക്കാൻ കാത്തു നിൽക്കാതെ പൂമാച്ചി ഈ ലോകത്തു നിന്നും യാത്രയായി. പൂമാച്ചി എന്നു ബാദുഷ വിളിക്കുന്നത് അമ്മയുടെ സഹോദരനായ കൊച്ചിൻ ഹനീഫയെയാണ്.

വിധിയുടെ നിയോഗം അതിന്റെ വഴികളിലൂടെ കടക്കുമ്പോൾ ബാദുഷ നായകനാവുന്ന ആദ്യ സിനിമ ‘മുംബൈ ടാക്സി’ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുന്നു. അതിന്റേതായ ടെൻഷൻ കുറച്ചൊന്നുമല്ല. ബാദുഷ മനോരമ ഓൺലൈനൊപ്പം.

∙ ആദ്യ സിനിമ റിലീസ് ആകുവാൻ പോകുന്നു. സിനിമയിൽ ബാദുഷയെ കൈപിടിച്ചുയർത്തിയ സംവിധായകൻ ഫാസിലും മമ്മൂക്കയുമൊക്കെ എന്തു പറഞ്ഞു?

ഫാസിൽ സാറിനെ ഞാൻ വിളിച്ചിരുന്നു. ഈ സിനിമയെക്കുറിച്ചു പറഞ്ഞു. കുറേ സംസാരിച്ചു. ഒടുവിൽ നന്നായി വരട്ടെ എന്നദ്ദേഹം അനുഗ്രഹിച്ചു. മമ്മൂക്കയെ നേരിൽ കണ്ടിരുന്നു. എല്ലാവരും നല്ല പിന്തുണ തരുന്നുണ്ട്.

∙ എന്താണ് മുംബൈ ടാക്സി എന്ന സിനിമ?

ഒരു സസ്പെൻസ് ത്രില്ലർ ആണിത്. ഒരു ദിവസം നടക്കുന്ന കഥ. കൊച്ചിയിൽ നിന്നും മുംബൈയിലെത്തുന്ന കുടുംബം. ടാക്സി ഓടിക്കുന്നയാൾക്കും യാത്രക്കാരനും ഇടയിൽ നടക്കുന്ന ചില സംഭവങ്ങളാണതിൽ. ഭീകരവാദവും ഇതിൽ കടന്നു വരുന്നു.

∙ പപ്പയുടെ സ്വന്തം അപ്പൂസിനു ശേഷം എന്തു ചെയ്തു?

അപ്പൂസിനു ശേഷം പഠനത്തിൽ ശ്രദ്ധിച്ചു. ആലുവായിലും എറണാകുളത്തുമായിട്ടായിരുന്നു പഠനം. എം ബി എ ചെയ്തതിനുശേഷം കുറച്ചു കാലം ജോലി നോക്കിയിരുന്നു. അതിനു ശേഷമാണ് സിനിമയിൽ എത്തുന്നത്.

∙ ഇനി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ അതോ സിനിമയോ?

അതൊക്കെ ഈ റിലീസിനു ശേഷം മാത്രമേ തീരുമാനിക്കൂ. ആളുകൾ എങ്ങനെ സ്വീകരിക്കും എന്നതനുസരിച്ചിരിക്കും ആ തീരുമാനം. നല്ല ടെൻഷനുണ്ട് ഇപ്പോൾ.

∙ പൂമാച്ചിയുടെ കുടുംബത്തോട് ഇപ്പോഴും സഹകരണം ഉണ്ടോ?

ഉണ്ട്. ഞങ്ങളുടെ വലിയൊരു കുടുംബമായിരുന്നു. എല്ലാവരും ഹനീഫ അങ്കിളിനെ പൂമാച്ചി എന്നാണ് വിളിച്ചിരുന്നത്. ആ കുടുംബവുമായി ഞങ്ങൾ ഇന്നും നല്ല ബന്ധം തന്നെ സൂക്ഷിക്കുന്നു.