തട്ടത്തിന്‍ മറയത്തെ ചാന്ദിനി !

ചാന്ദിനി ശ്രീധരന്‍

ഒരു മുസ് ലിം പെൺകുട്ടിയുടെ സൗന്ദര്യം മുഴുവനും തട്ടം ഇടുന്നതിലാണ്. ഈ തട്ടത്തിന്റെ പിറകിൽ എത്രയെത്ര പെൺകുട്ടികളെ നമ്മുടെ സിനിമാക്കാർ സുന്ദരികളാക്കി കാട്ടിയിട്ടുണ്ട്. ‘ഗസൽ’ ലിൽ മോഹിനിയും ‘ക്ലാസ്മേറ്റ്സിൽ’ റസിയയേയും(രാധിക), ‘തട്ടത്തിൻ മറയത്തി’ലെഇഷ തൽവാറിനെയും ഏറ്റവും സുന്ദരികളായി പ്രേക്ഷകർക്കു തോന്നിയത് ഒരു തട്ടം ഇട്ടിരുന്നത് കൊണ്ടാണ്

മുഹ്സിൻ പെരാരി സംവിധാനം ചെയ്ത KL 10-പത്തിലെ നായിക ചാന്ദിനി ശ്രീധരനും കൂടുതൽ സുന്ദരിയായി തോന്നിയത് തട്ടം അണിഞ്ഞപ്പോഴാണ്. യു എസി ൽ ചിക്കാഗോയിൽ സെറ്റിൽ ചെയ്തിരിക്കുന്ന ചാന്ദിനിയുടെ വേരുകൾ വടക്കൻ മലബാറിലാണ്. അച്ചൻ കണ്ണൂരും അമ്മ കാസർകോഡും. മലപ്പുറത്തിന്റെ കഥ, മാപ്പിള ശീലുള്ള ഗാനങ്ങൾ, അഭിനേതാക്കൾ ഭൂരിഭാഗവും ഗായകർ... ഇങ്ങനെ ഒരു പാടു പ്രത്യേകതകളുള്ള KL 10-പത്തിലെ തട്ടമണിഞ്ഞ മൊഞ്ചത്തി ചാന്തിനി മനോരമ ഓൺലൈനിനോട്:

∙എങ്ങനെ KL 10-പത്തിനെ പ്രേക്ഷകർ സ്വീകരിക്കുന്നു?

വളരെ നല്ല അഭിപ്രായം പ്രേക്ഷകർ തരുന്നു. പൂർണമായും മലപ്പുറം സ്ലാങ്ങിലുള്ള സിനിമയാണ്. തൃശൂർ, എറണാകുളം തുടങ്ങി തെക്കോട്ടുള്ള ജില്ലകളിലെ ചില പ്രേക്ഷകർ ഭാഷാ പ്രയോഗങ്ങളും തമാശകളും അധികം മനസിലാക്കാത്തത് കൊണ്ട് രണ്ടാമതും സിനിമ കാണാൻ തിയറ്ററിൽ പോയിട്ടുണ്ട്.

∙ KL 10-ലെ ഷാബിയായിലേക്ക് എത്തിയതിനെ കുറിച്ച് പറയൂ?

മലയാളത്തിലെ ഒരു ചാനലിൽ ലാൽജോസ് സാറിന്റെ ഒരു പരിപാടിയിൽ ഞാൻ വിന്നർ ആയി. അത് കഴിഞ്ഞ് തമിഴ് സിനിമയിലും തെലുങ്കിലും നായികയായി. അതൊക്കെ കഴിഞ്ഞാണ് ആരോ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ലാൽജോസ് സാർ അടുത്തതായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിലേക്ക് ഒരു നായിക വേണമെന്ന്. ലാൽ ജോസ് സാറിന്റെ പേരു കണ്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ഫോട്ടോ അയച്ചു കൊടുത്തു. പിന്നീടു ഓഡിഷൻ കഴിഞ്ഞു സിനിമയിലെത്തി.

∙ തട്ടം ഇട്ടപ്പോൾ കൂടുതൽ സുന്ദരിയായി തോന്നി.

വളരെ സന്തോഷം. ആദ്യം തന്നെ ഈ സിനിമയുടെ ആളുകൾ തട്ടമിട്ടാൽ ഭംഗിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തട്ടം ഇടണമെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ തട്ടത്തിൻ മറയത്തിലെ പോലെയൊക്കെ പ്രതീക്ഷിച്ചു. പക്ഷേ, ഇവിടെ വേണ്ടത് വേറൊരു രീതിയായിരുന്നു. മുഖം മുഴുവൻ കവർ ചെയ്യണം. ആദ്യം തട്ടമിട്ടു ചെന്നപ്പോ, ഭയങ്കര ബോർ ആയിരുന്നു. എന്തൊക്കെയോ ചെയ്തു വച്ചു. തട്ടമിടുന്നതൊക്കെ വളരെ ബുദ്ധിമുട്ടായി തോന്നി.

തുടർന്നു രണ്ട് മൂന്ന് ഷോൾ ഇട്ടു പരിശ്രമിച്ചു. മുഖത്തിന്റെ ചെറിയൊരു ഭാഗമേ വെളിയിൽ കാണാവൂ. നമ്മുടെ നാട്ടിൽ അത്തരമൊരു സ്റ്റൈൽ അധികം ഇല്ല. സൗദിയിലൊക്കെയാണ് ഈ സ്റ്റൈൽ ഉള്ളത്.

∙ സാധാരണ ഇവിടെ നായികമാർ മലയാളത്തിൽ അരങ്ങേറി തമിഴിലും തെലുങ്കിലും ചേക്കേറുന്നു. എന്നാൽ ചാന്ദിനി നേരെ തിരിച്ചാണല്ലോ?

അതെ. തമിഴിൽ ‘ ആയിന്തു ആയിന്തു ആയിന്തു’ ചെയ്തതിനു ശേഷം തെലുങ്കിലും അഭിനയിച്ചു. അതിനു ശേഷമാണ് മലയാളത്തിൽ വരുന്നത്. തമിഴിലും തെലുങ്കിലും ചെയ്തതിനു ശേഷം മലയാളത്തിൽ എത്തിയതുകൊണ്ടു പലരും പറഞ്ഞു ഇത് ബുദ്ധിമുട്ടായിരിക്കുമെന്ന്. എന്നാൽ എനിക്കു മലയാളം ഇഷ്ടപ്പെട്ടു. KL 10-പത്തിലെ എല്ലാവരും യുവാക്കളായിരുന്നു. കുറേ ഫ്രണ്ട്സിന്റെ കൂടെ നിൽക്കുന്ന ഒരനുഭവം. ഷൂട്ട് കഴിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി. ഈ സിനിമയുടെ ഷൂട്ടിനു ശേഷം ഞാൻ തമിഴ് ഫിലിം സെറ്റിൽ ചെല്ലുമ്പോൾ പരമാവധി എല്ലാവരോടും സംസാരിച്ചു സൗഹൃദത്തോടെ പെരുമാറുന്നു. ഈ ട്രെൻഡ് അന്യ ഭാഷകളിൽ ഞാൻ എന്റെ കാര്യത്തിൽ പിന്തുടരുന്നു.

∙ ചിത്രത്തിലെ ഒരു ഗാനം പാകിസ്ഥാൻ വരെയെത്തിയല്ലോ?

അതെ. സിനിമയുടെ സംവിധായകന്റെ മോനു വേണ്ടി എന്നും പാടുന്ന ഒരു താരാട്ടു പാട്ടായിരുന്നു അത്. സൈജു കുറുപ്പ് പാടിയ ഗാനം സിനിമയിൽ ഉൾപ്പെടുത്തി. ഇത് കേട്ട ഒരു പാകിസ്ഥാനി ഗായിക ഇഷ്ടപ്പെട്ടിട്ട് അവരുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു ഒരു ട്രൈബ്യൂട്ട് പോലെ അയച്ചു തന്നു. അങ്ങനെയാണ് ഈ ഗാനം രാജ്യത്തിെന്റ അതിർത്തി കടന്നത്.