ഈ ജാസു ചില്ലറക്കാരിയല്ല

അനുരാഗ കരിക്കിൻ വെള്ളം കണ്ടവർക്ക് ഒരിക്കലും എലിസബത്തിന്റെ കൂട്ടുകാരി ജാസുവിനെ മറക്കാനാവില്ല. എലിയുടെ ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ കൂടെ നിന്ന ജാസുവിനെപ്പോലെയൊരു കൂട്ടുകാരി ഓരോ പെൺകുട്ടിയുടെ സ്വപ്നം കൂടിയാണ്. അരങ്ങേറ്റക്കാരിയുടെ പതർച്ചകളില്ലാതെ ജാസുവിനെ മനോഹരമാക്കിയ ചിന്നു നായരുടെ വിശേഷങ്ങളിലേക്ക്....

എലിയെപ്പോലെ തന്നെ ജാസുവും ശ്രദ്ധിക്കപ്പെട്ടല്ലോ?

ജാസു സിനിമയിൽ മുഴുനീളമുള്ള കഥാപാത്രമാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ആരോടും സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. എല്ലാവരോടും പറഞ്ഞിട്ട് പിന്നെ സിനിമയിൽ കണ്ടില്ലെങ്കിൽ ചമ്മൽ അല്ലേ? അതൊഴിവാക്കാനായി സംഗതി രഹസ്യമാക്കി. സിനിമ കണ്ടിറങ്ങിയപ്പോഴാണ് പലരും ഞാൻ അഭിനയിച്ച വിവരം തന്നെ അറിയുന്നത്. ജാസു ശ്രദ്ധിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ട്.

ആദ്യ സിനിമയുടെ പതർച്ചകളൊന്നുമില്ലാതെ ഇത്ര ഭംഗിയായി ജാസുവിനെ അവതരിപ്പിച്ചതെങ്ങനെയാണ്?

ഞാനുമായിട്ട് ഒരുപാട് സാമ്യമുള്ള കഥാപാത്രമാണ് ജാസു. യഥാർഥ ജീവിതത്തിൽ പെരുമാറുന്നതുപോലെ തന്നെയാണ് സിനിമയിലും പെരുമാറിയത്. ജാസുവിന്റെ 'കൊച്ചേ' വിളിയൊക്കെ ഞാൻ ജീവിതത്തിലും ഉപയോഗിക്കുന്നതാണ്. പിന്നെ ഞാനൊരു തീയറ്റർ ആർട്ടിസ്റ്റ് കൂടിയാണ്, ആ ഒരു പരിചയം സിനിമയിലും സഹായകമായി. പിന്നെ അവർ അന്വേഷിച്ചു നടന്നതും എന്നെപ്പോലെ സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന ഒരു ജാസുവിനെയായിരുന്നു.

ചിന്നു എങ്ങനെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്?

അപ്രതീക്ഷിതമായിട്ടാണ് ഞാനും ഇതിലേക്ക് എത്തുന്നത്. എന്റെ ഒരു സുഹൃത്ത് സിനിമയുടെ കാസ്റ്റിങ്ങ് കോൾ ലെറ്റർ തന്നിട്ട് അയക്കാൻ പറഞ്ഞു, മടിപിടിച്ച് ഞാൻ അയച്ചില്ല. അങ്ങനെയിരുന്നപ്പോഴാണ് സിനിമയുടെ കാസ്റ്റിങ്ങ് ഡയറക്ടർ വിളിക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഫോട്ടോകൾ അയച്ചുകൊടുത്തു. അതിനുശേഷം കൊച്ചിയിൽ ഓഡിഷന് എത്തി. എന്നെ സെലക്ട് ചെയ്തു കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തു തന്ന കാസ്റ്റിങ്ങ് കോൾ ലെറ്റർ ശ്രദ്ധിക്കുമ്പോഴാണ് ഞാൻ പോയത് ഇതേ സിനിമയുടെ ഓഡിഷനാണല്ലോ എന്ന് മനസ്സിലാകുന്നത്.

സിനിമാ ലൊക്കേഷനിലെ മറക്കാനാവാത്ത അനുഭവം?

എല്ലാവരും പുതിയ ആളുകളായതുകൊണ്ട് പെട്ടന്നു തന്നെ കമ്പനിയായി. ആദ്യത്തെ രണ്ടുമൂന്നു ദിവസം എന്റെ സീൻ ആസിഫ് അലി എലിസബത്തിന്റെ അടുത്തുവരുമ്പോഴൊക്കെ തുറിച്ചുനോക്കുക എന്നുള്ളതായിരുന്നു. തുറിച്ചു നോക്കി തുറിച്ചു നോക്കി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആസിഫ് അലി അടുത്തുവന്നിട്ട് കൈ തന്നിട്ടു ; Iam Asif Ali എന്നു പറഞ്ഞ് പരിചയപ്പെട്ടു. എന്നെപ്പോലെയൊരു പുതുമുഖത്തെ സംബന്ധിച്ച് പുള്ളി ഇങ്ങോട്ടു വന്നു പരിചയപ്പെട്ടത് അത്ഭുതവും ഒപ്പം സന്തോഷവുമായിരുന്നു.

സിനിമയും ഡ്രാമയുമല്ലാതെ എന്തൊക്കെയാണ് ഹോബികൾ?

ഭക്ഷണം കഴിക്കുന്നതു വേണമെങ്കിൽ ഹോബിയാണെന്ന് പറയാം. തിരുവനന്തപുരത്ത് ഞങ്ങൾ‌ സുഹൃത്തുകൾ ചേർന്ന് അപ്പഔപ്പ എന്നൊരു കാറ്ററിങ്ങ് സർവീസ് കമ്പനി നടത്തുന്നുണ്ട്. പിന്നെ അൽപ്പസ്വൽപ്പം ബോക്സിങ്ങ് ഉണ്ട്. ബോക്സിങ്ങിൽ സംസ്ഥാനതലത്തിൽ ചാംപ്യനാണ്.

കുടുംബം, പഠനം?

കുടുംബം തിരുവനന്തപുരത്താണ്. ഞാൻ ഏഴാം ക്ലാസുവരെ പഠിച്ചത് ടാൻസാനിയയിലാണ്. എട്ടു മുതൽ പത്തു വരെ ഓൾ സയൻസിലും ഹയർസെക്കൻഡറി കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂളിലും പൂർത്തിയാക്കി. എം.എ ഇംഗ്ലീഷാണ്, അതിനുശേഷം തീയറ്റർ ആർട്ട്സിൽ എം.എഫിലും പൂർത്തിയാക്കി.

സിനിമയിൽ തന്നെ ചുവടുറപ്പിക്കാനാണോ പദ്ധതി?

അത് ഉറപ്പില്ല. ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷ പാസായിട്ടുണ്ട് പോസ്റ്റിങ്ങ് കാത്തിരിക്കുകയാണ്. അതിന്റെ ഇടവേളയിലാണ് സിനിമ ചെയ്തത്. ജാസുവിനെപ്പോലെ നല്ല വേഷങ്ങൾ വന്നാൽ ഉറപ്പായും സിനിമയിൽ ഇനിയും കാണാം.