ഉള്‍ഭയമില്ലാതെയാണ് രമ ആയത്: ദേവി അജിത്ത്

ടി.പി ചന്ദ്രശേഖരന്‍റെ ജീവിതം പ്രമേയമാക്കുന്ന ടിപി 51 എന്ന സിനിമ നിരവധി വിവാദങ്ങള്‍ക്കു ശേഷമാണ് തിയറ്ററുകളിലെത്തിയത്. ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്തതിന് സംവിധായകനും നടനും അടക്കമുള്ളവര്‍ക്ക് വധഭീഷണിവരെ ഉണ്ടായി. പലരും സിനിമ പാതിവഴിയില്‍ ഉപേക്ഷിച്ചു. ചിത്രത്തില്‍ ടിപിയുടെ ഭാര്യയായ രമയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവി അജിത്താണ്. ചിത്രീകരണ അനുഭവത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ദേവി അജിത്ത് സംസാരിക്കുന്നു...

ദേവി രമ ആയപ്പോൾ?

പൊതുവേ രാഷ്ട്രീയമായുള്ള സംഭവങ്ങൾ പത്രത്തിൽ പോലും വായിക്കാത്ത വ്യക്തിയാണ് ഞ‍ാൻ. അങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ തന്നെ ഒഴിവാക്കുകയാണ് പതിവ്. രമയെ പിന്നെ ടിവിയിലും മറ്റും കണ്ട് അറിയാമായിരുന്നു. പക്ഷേ ഇതിനു പിന്നിലുള്ള രാഷ്ട്രീയമൊന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടും പേടിയും തോന്നിയില്ല.

വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് എനിക്കു ഫീൽ ചെയ്തത്. പലരും എന്നോടു ചോദിച്ചു ഈ കാരക്ടർ ചെയ്യണമോയെന്ന്? എനിക്ക് ചെയ്യാവുന്നതിൽവച്ച് നല്ല ഒരു കാരക്ടറായിരിക്കും ടിപി 51-ലെ രമ. അതുകൊണ്ടു തന്നെയാണ് ഈ കഥാപാത്രത്തെ ഞാൻ സ്വീകരിച്ചതും.

ഷൂട്ടിനു മുൻപ് രമയെ നേരിട്ടു കണ്ടിരുന്നോ?

ഷൂട്ട് തുടങ്ങുന്നതിനു മുൻപ് രമ ചേച്ചിയെ നേരിട്ട് കണ്ടിട്ട് ചെയ്യണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ അതിനുള്ള ഭാഗ്യം കിട്ടിയില്ല. ചേച്ചി എന്തോ പ്രചരണത്തിന്റെയോ മറ്റോ തിരക്കിലായിരുന്നു. ഏറ്റവും സന്തോഷം തോന്നിയ ഒരു കാര്യം ആദ്യത്തെ സീൻ ഷൂട്ട് ചെയ്തപ്പോൾ അവിടെകുറച്ച് സഖാക്കൾ ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, ഇതു ശരിക്കും ഞങ്ങളുടെ രമ തന്നെ എന്ന്. ഞാൻ നടക്കുന്നതൊക്കെ രമയെപ്പോലെ തന്നെ. അതേ ഛായ തോന്നുന്നു എന്നൊക്കെ. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ഛായ അതും, ചെയ്യുന്ന കഥാപാത്രത്തിന്റേതും, അതു കേട്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. അവരുടെ സ്ഥലത്താണ് ഷൂട്ട് ചെയ്തതും. രണ്ടു മൂന്നു സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷമാണ് ഞാൻ രമചേച്ചിയെ നേരിട്ട് കണ്ടത്.

രമയെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം?

ചേച്ചിയെ എനിക്ക് എല്ലാ ഫോട്ടോകളും കാണിച്ചു തന്നു. കല്യാണ ഫോട്ടോ കാണിച്ചു തന്നിട്ടു പറഞ്ഞു കല്യാണത്തിന്റെ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഈ കണ്ണട വേണം വയ്ക്കാൻ(ഫോട്ടോയിലുള്ളതു പോലത്തെ). ഇതു പോലത്തെ കണ്ണടയാണ് ഞാൻ അന്നു വച്ചിരുന്നത്. കോളജിൽ പഠിക്കുന്ന സമയത്ത് വച്ച കണ്ണട കാണിച്ചു തന്നു. ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നു പൊട്ട് ഒക്കെ കാണിച്ചു തന്നു. ചേച്ചി കല്യാണത്തിന് ഉടുത്തിരുന്ന അതേ കളർ സാരി തന്നെയാണ് ഞാനും ഉടുത്തത്. ഡബ് ചെയ്തപ്പോൾ പോലും എനിക്ക് രോമാഞ്ചം വരിക എന്നൊക്കെ പറയില്ല, ആ ഒരു ഫീൽ ആയിരുന്നു.

രമ ആകാൻ തയാറെടുത്തപ്പോൾ അല്ലെങ്കിൽ രമ ആയിക്കഴിഞ്ഞപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഭീഷണികളോ മറ്റോ അഭിമുഖീകരിക്കേണ്ടി വന്നോ?

ഒരു ഭീഷണിയും ഉണ്ടായിട്ടില്ല. എന്നെ ഭീഷണിപ്പെടുത്തേണ്ട ആവശ്യവും ഇല്ല. ഞാൻ അല്ലല്ലോ സിനിമ സംവിധാനം ചെയ്യുന്നത്. വെറും ഒരു അഭിനേത്രി മാത്രമല്ലേ. എനിക്ക് ഒരു പാർട്ടിയെക്കുറിച്ചും അറിയില്ല. ആകെ അറിയാവുന്നത് രമ എന്ന പാവം സ്ത്രീയെ മാത്രമാണ്.

രമയ്ക്കു വേണ്ടി എന്തെങ്കിലും തയാറെടുപ്പുകൾ നടത്തിയിരുന്നോ?

ഇല്ല. ഞാൻ പെട്ടെന്നാണ് രമ ആയത്. നേരത്തേ പറഞ്ഞതു പോലെ ഷൂട്ടിനു മുൻപ് കാണണമെന്നും എങ്ങനെയാണ് നടക്കുന്നതെന്നും സംസാരിക്കുന്നതെന്നുമൊക്കെ മനസ്സിലാക്കണമെന്നുമുണ്ടായിരുന്നു. അതിനു കഴിഞ്ഞില്ല.

ടിപി 51 എന്ന ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഉൾഭയം അലട്ടിയോ?

ഒരിക്കലുമില്ല. ഇപ്പോൾ പോലും ഇതിനു പിന്നിലെ രാഷ്ട്രീയ നാടകങ്ങളൊന്നും എനിക്ക് അറിയില്ല. രമ എന്ന ഒരു കാരക്ടർ ചെയ്യാൻ തന്നു. അത് ഭംഗിയായി ചെയ്തു. അത്രമാത്രമേ ഉള്ളു. വളരെ ഭംഗിയായി ചെയ്തു എന്ന് ജീവിച്ചിരിക്കുന്ന അതിലെ യഥാർഥ കഥാപാത്രം തന്നെ പറഞ്ഞു. അതിനെക്കാവ്‍ മികച്ച വേറെ കമന്റ് ഇല്ലല്ലോ. ജീവിച്ചിരിക്കുന്ന ഒരാളിന്റെ കാരക്ടർ ചെയ്യാൻ പറ്റി. അതിൽ ഞാനേറെ അഭിമാനിക്കുന്നു.