പരാജയത്തിന്റെ തിരിച്ചറിവാണ് പാവാട

മാർത്താണ്ഡൻ

കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ നെഞ്ചേറ്റിയ ആകാംഷയുടെ ഭാരം ഇറക്കി വച്ചു കൊണ്ട് പൃഥ്വിരാജ് ചിത്രമായ പാവാട തീയറ്ററുകളിൽ ഹിറ്റാവുകയാണ്. ആദ്യ ദിനം പിന്നിട്ടപ്പോൾ തന്നെ പാവാടയുടെ തന്റെ വിജയം കെട്ടിട്ട് മുറുക്കിയിരിക്കുകയാണ്.

അച്ചാദിൻ എന്നാ ചിത്രത്തിൻറെ പരാജയത്തിൽ നിന്നും കരുത്തുൾക്കൊണ്ട് സംവിധായകൻ മാർത്താണ്ഡൻ ഒരുക്കിയ തന്റെ മൂന്നാമത്തെ ചിത്രത്തിൽ നിന്നും വിജയത്തിൽ കുറഞ്ഞ് ഒന്നും തന്നെ അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല. ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വിജയവും പരാജയവും ഉണ്ടാകുമെന്ന് പറയുന്ന മാർത്താണ്ടൻ അച്ചാദിന്നിന്റെ പരാജയം തന്റെ മാത്രം തെറ്റായിയെടുക്കുമ്പോൾ പാവാടയുടെ വിജയം തന്റെ ടീമിന്റെ മൊത്തം വിജയമായി കാണുന്നു. പാവാടയെ , പട്ടു പാവാടയാക്കി വിജയപ്പിച്ച സംവിധായകന് ചിത്രത്തിൻറെ വിജയത്തെക്കുറിച്ച് പറയാനുള്ളത്.....

പൃഥ്വിരാജ്

പാവാട , ആദ്യദിനം തന്നെ തീയറ്ററുകളെ ഇളക്കി മറിക്കുകയാണല്ലോ , ഈ വിജയത്തെകുറിച്ച് എന്താണ് പറയാനുള്ളത് ?

സത്യം പറഞ്ഞാൽ എന്താണ് പറയണ്ടത് എന്നെനിക്ക് അറിയില്ല. ഞാൻ വളരെ എക്സൈറ്റഡ്‌ ആണ്. ആദ്യമായിട്ടാണ് എന്റെ മൊബൈലിൽ ഇത്രയധികം അഭിനന്ദനങ്ങളുമായി നിർത്താതെ കോളുകൾ വരുന്നത്. വളരെ സന്തോഷമുണ്ട് ഈ വിജയത്തിൽ. ഈ വിജയം പാവാട ടീമിന്റെ മൊത്തം വിജയമാണ്. ഒരാളെ മാറ്റി നിർത്താനോ പ്രത്യേകം എടുത്തു പറയാനോ കഴിയില്ല. കൂട്ടായൊരു പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം.

അച്ചാദിൻ പരാജയപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയല്ലോ? അത്തരം കളിയാക്കലുകൾക്കുള്ള മറുപടിയായി കാണാമോ പാവാടയുടെ ഈ വിജയത്തെ ?

ഇതിൽ മറുപടിയുടെയോ പ്രതികാരത്തിന്റെയോ ഒന്നും കാര്യമില്ല. കാരണം എല്ലാ മനുഷ്യരുടെ ജീവിതത്തിലും വിജയവും പരാജയവുമെല്ലാം ഉണ്ടാകും. അത്തരത്തിൽ ഒന്ന് എന്റെ ജീവിതത്തിലും ഉണ്ടായി. അത്രേ ഉള്ളൂ. ഒരു സിനിമയും പരാജയപ്പെടണം എന്ന് കരുതി ഞാൻ ചെയ്യാറില്ല. പാവാട ചെയ്ത അതേ ആത്മാർത്ഥതയോടെ തന്നെയാണ് ഞാൻ അച്ചാദിൻ ചെയ്തതും. പക്ഷേ അത് പരാജയപ്പെട്ടു. അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് പാവാട ചെയ്തത്. അച്ചാദിൻ പരാജയപ്പെട്ടപ്പോൾ ഒരുപാട് വിഷമിച്ചു, അതിന്റെ പരാജയ കാരണം ഞാൻ സ്വയം ഏറ്റെടുക്കുന്നു. ആ തിരിച്ചറിവിൽ നിന്നുണ്ടായ പരിശ്രമ ഫലമാണ് പാവാടയുടെ വിജയം.

രണ്ടാം ചിത്രം പരാജയപ്പെട്ട് , അതിന്റെ ചൂടാറും മുൻപ് തന്നെ അടുത്ത ചിത്രം ചെയ്യാൻ തയ്യാറായ മനക്കരുത്തിനെ പറ്റി പറയാമോ ?

സത്യത്തിൽ പാവാട വളരെ മുൻപ് വരേണ്ട ചിത്രമായിരുന്നു. അച്ചാദിൻ ചെയ്യുന്നതിന് വളരെ മുൻപ് ഞാൻ കമ്മിറ്റ് ചെയ്ത ചിത്രമാണ് പാവാട. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് ചിത്രം വൈകിയാണ് തുടങ്ങിയത് എന്ന് മാത്രം. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. പരാജയത്തിന്റെ കയ്പ്പ് ആദ്യം അറിഞ്ഞത് കൊണ്ട് ഈ വിജയത്തിനിപ്പോൾ ഇരട്ടി മധുരമാണ്.

സന്തോഷമായാലും സങ്കടമായാലും വികാരങ്ങൾക്ക് വളരെ വേഗം അടിപ്പെടുന്ന വ്യക്തിയാണല്ലോ താങ്കൾ?

ഞാൻ സംവിധായകനായിരിക്കാം, എന്നാൽ അതിനപ്പുറം ഞാൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. സങ്കടം വരുമ്പോൾ കരയും , സന്തോഷം വരുമ്പോൾ ചിരിക്കും അതുതന്നെയാണ് അതിന്റെ ശരിയും. ചിത്രീകരണ സമയത്ത് പല വിഷമതകൾ നേരിട്ടപ്പോഴും ഞാൻ വിഷമിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ നിറഞ്ഞ സദസ്സ് പാവാട ഇഷ്ടപ്പെട്ടു മടങ്ങുന്നത് കാണുമ്പോൾ മനസ്സിൽ സന്തോഷത്തിനപ്പുറം ഒന്നുമില്ല. അതെങ്ങനെ പറഞ്ഞറിയിക്കണം എന്ന് പോലും എനിക്കറിയില്ല.

ശക്തമായ കഥ , അതിലും ശക്തമായ തിരക്കഥ , അത് തന്നെയല്ലേ പാവാടയുടെ വിജയ രഹസ്യം?

തീർച്ചയായും. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഇത്രയും ശക്തമായ ഒരു തിരക്കഥ സമ്മാനിച്ചതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 4 വ്യത്യസ്ത തിരക്കഥകൾ കേട്ട് മടക്കി അയച്ച പൃഥ്വി, പാവാടയുടെ തിരക്കഥ കേട്ടപ്പോൾ തന്നെ നമുക്ക് ഈ സിനിമ ചെയ്യണം എന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് , പാവാടയുടെ വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് തിരക്കഥാകൃത്തിന് അവകാശപ്പെട്ടതാണ്. അതിനു ശേഷം മാത്രമേ സംവിധായകനും നടനുമെല്ലാം ഉള്ളൂ.

പാമ്പ് ജോയ് ആയി പൃഥ്വി എത്തിയപ്പോൾ?

തിരക്കഥ കേട്ട ഉടൻ തന്നെ പൃഥ്വി ആ കഥാപാത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തീർച്ചയായും പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പാമ്പ്‌ ജോയി.

തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, പൃഥ്വിരാജ്

മണിയൻ പിള്ള രാജുവിനെ പോലുള്ള ഒരു നിർമാതാവിന്റെ പത്താമത്തെ ചിത്രം ചെയ്യുന്നതിന്റെ സമ്മർദ്ദമുണ്ടായിരുന്നോ?

ഒരിക്കലുമില്ല. കാരണം, രാജു ചേട്ടൻ എന്റെ ഗുരു സ്ഥാനത്ത് നിൽക്കുന്ന ഒരു വ്യക്തിയാണ്. വർഷങ്ങളുടെ പരിചയമുണ്ട് ഞങ്ങൾ തമ്മിൽ. ഞാൻ ചോട്ടാ മുംബൈ സിനിമയിൽ അസിസ്റ്റന്റ്‌ ഡയറക്ടർ ആയി നിൽക്കുന്ന കാലം മുതൽ ഉള്ള ആഗ്രഹമായിരുന്നു രാജു ചേട്ടന്റെ ഒരു പടം ചെയ്യണമെന്ന്. അതിനു അദ്ദേഹം അവസരം നൽകിയപ്പോൾ, സംവിധായകൻ എന്ന നിലയിൽ പൂർണ്ണ സ്വാതന്ത്ര്യവും നൽകി. അതുകൊണ്ട് തന്നെ, സമ്മർദ്ദം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

പാവാടയിലെ അഥിതി താരങ്ങൾ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ടല്ലോ ?

അങ്ങനെ കേട്ടതിൽ വലിയ സന്തോഷം . അത് തന്നെയാണ് ഞാൻ ആഗ്രഹിച്ചതും. സഹകരിച്ച എല്ലാവർക്കും നന്ദി . അതിനപ്പുറം ഒന്നും പറയാനില്ല. പ്രസ്തുത താരങ്ങളുടെ സാന്നിധ്യം സിനിമ കണ്ടു തന്നെ അറിയുക .

മമ്മൂട്ടിയെ വച്ച് ഇനിയും ഒരു പടം പ്രതീക്ഷിക്കാമോ ?

എന്താ സംശയം? തീർച്ചയായും പ്രതീക്ഷിക്കാം. മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട , ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന , ആരാധിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഒരു ചിത്രം പരാജയപ്പെട്ടു എന്നത് മറ്റൊരു ചിത്രം ചെയ്യാതിരിക്കാനുള്ള കാരണമാകുന്നില്ല. മമ്മൂക്കയുമൊത്തുള്ള അടുത്ത ചിത്രത്തിന് പാവാടയുടെ വിജയം ഒരു പ്രചോദനമാകും.

അടുത്ത പ്രോജക്റ്റുകൾ?

നിലവിൽ ഞാൻ ഒന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. കാരണം എനിക്കിപ്പോൾ പാവാടയുടെ വിജയം നൽകുന്ന സന്തോഷമാണ് വലുത്. ആ സന്തോഷം പൂർണ്ണമായും ആസ്വദിച്ച ശേഷം മാത്രമേ , പുതിയ ചിത്രത്തെകുറിച്ച് ചിന്തിക്കൂ