ഏകാന്തചന്ദ്രിക ഇവിടെയുണ്ട് !

ഹിന്ദി ഉൾപ്പെടെ നൂറിലധികം സിനിമകളിൽ വേറിട്ട അഭിനയം കാഴ്ചവച്ച് മലയാളത്തിന്റെ നിറവസന്തമായി ജൈത്രയാത്ര തുടരുകയാണ് ഗീത വിജയൻ. ഇതിനിടയിൽ മലയാള സീരിയലിൽ അഭിനയിക്കാനും ഈ തൃശൂർക്കാരി സമയം കണ്ടെത്തുന്നു. ഒരു പ്രമുഖ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സീരിയലിലാണ് ഇപ്പോൾ ഗീത വിജയന്റെ അഭിനയത്തനിമ കുടുംബപ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. സീരിയലിൽ അഭിനയിക്കാനുള്ള കാരണവും ഗീത വിജയന് പറയാനുണ്ട്.

സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമാണല്ലോ സീരിയലുകൾ. സിനിമയാണെങ്കിൽ പത്തോ പതിനഞ്ചോ ദിവസം കൊണ്ടു തീരും. സീരിയലാണെങ്കിൽ ഒന്നും രണ്ടും വർഷം കഴിയണം. അപ്പോൾ കഥാപാത്രങ്ങളെ പൂർണമായി ഉൾക്കൊള്ളാനാവും. പാളിച്ചകൾ തിരുത്താൻ സാധിക്കും. തികച്ചും ആകസ്മികമായാണു ഗീത വിജയൻ അഭിനയരംഗത്തേക്കു കടന്നുവരുന്നത്. അതിനു വഴിയൊരുക്കിയത് പ്രശസ്ത നടി രേവതിയും. രേവതി ഗീതയുടെ കസിൻ സിസ്റ്ററാണ്.

ഒരു ദിവസം രേവതി എന്നോടു പറഞ്ഞു സംവിധായകൻ ഫാസിലിന്റെ അസോഷ്യേറ്റ് ഒരു സിനിമയെടുക്കുന്നുണ്ട്. അതിലേക്ക് ഒരു പുതുമുഖത്തെ വേണം. നിന്റെ പേരാണു ഞാൻ സജസ്റ്റ് ചെയ്തിരിക്കുന്നത്. എനിക്കാണെങ്കിൽ അഭിനയം എന്താണെന്ന് അറിഞ്ഞുകൂടാ. അഭിനയിക്കാൻ മോഹവുമില്ല. പക്ഷേ രേവതി വിട്ടില്ല. എല്ലാവരും നിർബന്ധിച്ച് അഭിനയം എന്റെ തലയിലേക്കെടുത്തുവച്ചു. ഫാസിൽ സാറിന്റെ അരികിലേയ്ക്കാണ് എന്നെ കൊണ്ടുപോയത്. ഫാസിൽ സാർ എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു. അപ്പോഴും എന്റെ മനസിലെ പ്രാർഥന ഒന്നു മാത്രമായിരുന്നു. എന്നെ ഈ സിനിമയിൽ നിന്നു റിജക്ട് ചെയ്യണേയെന്ന്. പക്ഷേ, നമ്മളൊന്നു ചിന്തിക്കുന്നു. ദൈവം മറ്റൊന്നു വിധിക്കുന്നു. അങ്ങനെ ഞാൻ ഒരു സിനിമാനടിയായി. സിദ്ദിഖ് ലാലിന്റെ ‘ ഇൻ ഹരിഹർനഗർ’ ആയിരുന്നു ആ സിനിമ. അതിൽ മായ എന്ന കഥാപാത്രത്തെയാണു ഞാൻ അവതരിപ്പിച്ചത്.’’

മലയാള സിനിമയിൽ അറിയപ്പെടുന്ന താരമായി മാറാൻ കഴിഞ്ഞതിനു ഗീത വിജയൻ രണ്ടു പേരോടു പ്രത്യേകം നന്ദി പറയുന്നു. സംവിധായകൻ ഫാസിലിനോടും സിദ്ദിഖിനോടും. സൂപ്പർ ഹിറ്റായ ‘ ഇൻ ഹരിഹർ നഗറി’ലെ മായ ശ്രദ്ധിക്കപ്പെട്ടു. പിന്നീടു ഗീത വിജയനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ വേഷങ്ങൾ ഈ കലാകാരിയെ തേടിയെത്തി. ഗീത വിജയൻ മലയാള സിനിമയുടെ ഭാഗമായി.

ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ അനവധിയാണ്. ഇതിൽ ഗീത വിജയൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് -ഉത്തര ചെമ്മീനും കഥാന്തരവും. ചെമ്മീന്റെ രണ്ടാം ഭാഗമല്ലെങ്കിലും കറുത്തമ്മയുടെ അനുജത്തി പഞ്ചമിയെയാണു ഗീത വിജയൻ അവതരിപ്പിക്കുന്നത്. പ്രശസ്ത നടൻ മധുവും ഇതിൽ അഭിനയിക്കുന്നുണ്ട്. കഥാന്തരമാണ് രണ്ടാമത്തെ ചിത്രം അഭിനയസാധ്യത ഏറെയുള്ള കഥാപാത്രമാണു ഗീതയെ തേടിയെത്തിയത്. നെടുമുടി വേണുവിന്റെ ഭാര്യയുടെ റോൾ. കഥാപാത്രത്തിന്റെ പേര് സത്യഭാമ.

നാലു ഹിന്ദി ചിത്രങ്ങളിലും ഗീത വിജയൻ അഭിനയിച്ചു. തേന്മാവിൻ കൊമ്പത്തിന്റെ റീമേക്കായ സാത്ത് രംഗ് കി സപ്നേയാണ് അതിലൊന്ന്. തേന്മാവിൻ കൊമ്പത്തിലെ അതേ വേഷമായിരുന്നു ഗീതയ്ക്കും സുകുമാരിയമ്മയ്ക്കും.

തൃശൂർ ടൗണിലെ വാരിയത്ത് ലെയിനിലാണ് ഗീതയുടെ വീട്. അച്ഛൻ ഡോ. പണിക്കവീട്ടിൽ വിജയൻ. അമ്മ ശാരദ. തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിലാണു ഗീത പത്തുവരെ പഠിച്ചത്. കോളജ് വിദ്യാഭ്യാസം ചെന്നൈയിൽ. പ്രശസ്ത മോഡലും നടനുമായ സതീഷ് കുമാറാണു ഗീതയുടെ ഭർത്താവ് ഇപ്പോൾ സ്ഥിരതാമസം ചെന്നൈയിൽ.