ഫഹദിനോട് എനിക്ക് കടുത്ത അസൂയ

ഐശ്വര്യ മേനോൻ, ഫഹദ്

മൺസൂൺ മാംഗോസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുകയാണ് ഐശ്വര്യ മേനോൻ. ജനിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലെ ഈറോഡിലാണെങ്കിലും മലയാളത്തെ അകമഴിഞ്ഞ് സ്നേഹിക്കുകയും താൻ ഒരു മലയാളി ആണെന്നും മലയാളമാണ് തന്റെ മാതൃഭാഷ എന്നും പറയുന്ന പെൺകുട്ടി. മൺസൂൺ മാംഗോസിന്റെ വിശേഷങ്ങളുമായി ഐശ്വര്യ മനോരമ ഓൺലൈനിൽ.

മൺസൂൺ മാംഗോസ് എന്ന ആദ്യ മലയാള ചിത്രം

ഞാൻ വളരെ ആവേശത്തിലാണ്. 15നു ചിത്രം റിലീസാകാനുള്ള കാത്തിരിപ്പിലാണ്. സ്ക്രീൻ ടെസ്റ്റ് വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. മലയാളത്തിനു വേണ്ടിയുള്ള എന്റെ ആദ്യ സ്ക്രീൻ ടെസ്റ്റ് ആയിരുന്നു. അതിൽ വിജയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

ഐശ്വര്യ മേനോൻ

അബി വർഗീസിനോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ മൺസൂൺ മാംഗോസിലേക്കു വരുന്നതിനു മുൻപ് തന്നെ ഞാൻ അബി വർഗീസിന്റെ കടുത്ത ആരാധികയായിരുന്നു. അക്കരക്കാഴ്ചകൾ എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അതിലെ കോമഡി കണ്ട് മതിമറന്നു ചിരിച്ചിട്ടുണ്ട്. മൺസൂൺ മാംഗോസിലൂടെ ആ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു.

ഫഹദിന്റെ സിനിമകൾ കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ട്

ഐശ്വര്യ മേനോൻ

22 എഫ്കെ പോലുള്ള ഫഹദിന്റെ സിനിമകൾ കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ട്. ഫഹദിന്റെ കൂടെ ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. അതു സാധിച്ചു, മലയാളത്തിലേക്കുള്ള എന്റെ അരങ്ങേറ്റം തന്നെ ഫഹദിന്റെ കൂടെ ആയതിൽ ഏറെ സന്തോഷം. ആദ്യമൊക്കെ കുറച്ച് നെർവസ്നസ് തോന്നിയെങ്കിലും അതിനെക്കാൾ ഉപരി എക്സൈറ്റ്മെന്റായിരുന്നു.

മൺസൂൺ മാംഗോസിലെ കഥാപാത്രത്തെക്കുറിച്ച്?

രേഖ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു പെൺകുട്ടി. ഫഹദിന്റെ ജോഡിയാണ്. ടോവിനോ, വിനയ്ഫോർട്ട് തുടങ്ങിയവർ സുഹൃത്തുക്കളാണ്.

മൺസൂൺ മാംഗോസിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങൾ?

മൺസൂൺ മാംഗോസ് മൂവി സ്റ്റിൽ

അബി വർഗീസ് എന്ന പ്രോമിസിങ് സംവിധായകൻ, ഫഹദ് ഫാസിൽ എന്ന ഗ്രേറ്റ് ഹീറോ, രേഖ എന്ന എന്റെ സ്വീറ്റ് കഥാപാത്രം. ചിത്രത്തിന്റെ ഭാഗമായി കഴിഞ്ഞപ്പോൾ‌ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാ വ്യക്തികളും. ഇങ്ങനെ ഒരു ടീമിന്റെ കൂടെ ആദ്യചിത്രം ചെയ്യാൻ കഴിഞ്ഞതു വലിയ ഭാഗ്യം.

അന്യഭാഷയും മലയാള സിനിമയും

മൺസൂൺ മാംഗോസ് ഒരു ഇന്റർനാഷണൽ ഫീൽഡ് ആയിരുന്നു. ഇതിന്റെ ഷൂട്ടിങ് മുഴുവൻ നടന്നത് യുഎസിൽ ആയിരുന്നു. അക്കാര്യത്തിൽ ഞാനേറെ ഭാഗ്യവതിയാണ്. ഇതിന്റെ ടെക്നീഷ്യൻസെല്ലാം തന്നെ യുഎസിൽ ഉള്ളവരായിരുന്നു.

സിനിമറ്റോഗ്രാഫി ചെയ്തിരിക്കുന്ന ലുക്കാസ്, അസിസ്റ്റന്റ് ഡയറക്ടർ, കോസ്റ്റ്യൂം ഡിസൈനേഴ്സ്, മേക്ക് അപ് തുടങ്ങി എല്ലാവരും അവിടുത്തെ ആളുകൾ തന്നെ. നമ്മളൾ സാധാരണ പിന്നീടാണ് ഡബിങ് നടത്താറുള്ളത്. എന്നാൽ ഇവിടെ ലൈവ് റിക്കോർഡിങ് ആയിരുന്നു. അതും എനിക്ക് പുത്തൻ അനുഭവമായിരുന്നു.

ഐശ്വര്യ മേനോൻ

തമിഴത്തിയല്ല, മേനോൻ തന്ന

ഞാൻ ജനിച്ചതും വളർന്നതുമെല്ലാം തമിഴ്്നാട്ടിലാണെങ്കിലും എന്റെ അച്ഛനും അമ്മയും മലയാളികളാണ്. എന്റെ മാതൃഭാഷ മലയാളമാണ്. ഞാനേറ്റവും ഇഷ്ടപ്പെടുന്നതും മലയാളത്തെ തന്നെ. നോർത്ത് പറവൂരിൽ ചേന്നമംഗലത്താണ് വീട്. ഇപ്പോഴും ഇടയ്ക്കിടെ അവിടെ വരാറുണ്ട്.

ഐശ്വര്യ മേനോൻ

ആദ്യ ഓഫർ തമിഴിൽ നിന്നും

എനിക്ക് ആദ്യമായിട്ട് ഓഫർ വന്നത് തമിഴിൽ നിന്നായിരുന്നു. പിന്നെ, അൽപം വൈകിയാണെങ്കിലും നല്ലൊരു ടീമിന്റെ കൂടെ അബി വർഗീസ് എന്ന സംവിധായകന്റെ കൂടെ ഒരു അടിപൊളി ചിത്രം ചെയ്യാൻ സാധിച്ചല്ലോ. ഒരു ഫാമിലിഫ്രണ്ട് വഴിയാണ് ഞാൻ മൺസൂൺ മാംഗോസിന്റെ സ്ക്രീൻ ടെസ്റ്റിന് എത്തിയത്.

കിട്ടിയ ജോലി ഉപേക്ഷിച്ച് സിനിമയിലെത്തി. എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ആ ജോലി സ്വീകരിച്ചാൽ മതിയായിരുന്നെന്ന്?

ഏയ്, ഒരിക്കലുമില്ല. എൻജിനീയറിങ് കഴിഞ്ഞപ്പോൾ ഒരു ഐടി കമ്പനിയിൽ നിന്ന് ഓഫർ വന്നതേയുള്ളു. അല്ലാതെ ഞാൻ ജോലിയൊന്നും ചെയ്തിട്ടില്ല. സിനിമയോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ് ആ ഓഫർ സ്വീകരിക്കാതിരുന്നതും. എന്റെ സ്വപ്നം തന്നെ അഭിനയിക്കണം എന്നതായിരുന്നു. അഭിനയമല്ലാതെ മറ്റേത് ജോലി ആയിരുന്നെങ്കിലും ഞാൻ സന്തോഷവതി ആകില്ലായിരുന്നു. ഇപ്പോൾ ‍ഞാൻ വളരെ ഹാപ്പിയാണ്.

ഐശ്വര്യ മേനോൻ

മലയാള ചിത്രങ്ങൾ കാണാറുണ്ടോ?

അപ്റ്റുഡേറ്റഡ് അല്ലെങ്കിലും മലയാള ചിത്രങ്ങൾ കാണാറുണ്ട്. ചെന്നൈയിൽ ആയതിനാൽത്തന്നെ കൂടുതലും തമിഴ് ചിത്രങ്ങളാണ് കാണുന്നത്. പക്ഷേ വീട്ടിൽ എപ്പോഴും മനോരമ ഉൾപ്പടെയുള്ള മലയാളം ചാനലുകളേ വയ്ക്കാറുള്ളു. അതുകൊണ്ടു തന്നെ അതിൽ വരുന്ന സിനിമകളൊക്കെ കാണാറുണ്ട്. അല്ലാതെ തിയേറ്ററിൽ പോയും മലയാളം ചിത്രങ്ങൾ കാണും.

ഐശ്വര്യ മേനോൻ

കുടുംബം?

ഈറോഡാണ് വീട്. കോളജ് പഠനമൊക്കെ ചെന്നൈയിൽ ആയിരുന്നു. അച്ഛൻ മാർക്കറ്റിങ് അഡ്മിനിസ്ട്രേറ്ററാണ്. അമ്മ ബ്യൂട്ടീഷനാണ്. ഒരു ചേട്ടനാണുള്ളത്. ചേട്ടനും ചേട്ടത്തിയമ്മയും ഡോക്ടർമാരാണ്. ഇതാണ് എന്റെ സ്വീറ്റ് ആൻഡ് ക്യൂട്ട് സപ്പോർട്ടീവ് ഫാമിലി.