മമ്മൂക്ക തല്ലിയൊന്നുമില്ല

ജ്യുവല്‍ ആകെ ത്രില്ലിലാണ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം തുടര്‍ച്ചയായി രണ്ടുചിത്രങ്ങള്‍. ആ ഭാഗ്യം ചെറുതല്ലെന്ന് ജ്യുവല്‍ മേരിയെപ്പോലെ സിനിമയിലുള്ള എല്ലാവര്‍ക്കുമറിയാം. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് കൊണ്ടുവന്ന തിളക്കവുമായി സലിം അഹമ്മദിന്‍റെ പത്തേമാരിയിലാണ് ആദ്യം മമ്മൂട്ടിക്കൊപ്പം നായികയായി ജ്യുവല്‍ അഭിനയിച്ചത്. ഇപ്പോഴിതാ കമല്‍ചിത്രം ഉട്ടോപ്യയിലെ രാജാവിലും മമ്മൂട്ടിയുടെ നായിക ജ്യുവല്‍ തന്നെ. ഉട്ടോപ്യയിലെ രാഞ്ജിയായ ജ്യുവല്‍ വിശേങ്ങളുമായി മനോരമ ഓണ്‍ലൈനില്‍...

പത്തേമാരി ഇറങ്ങും മുൻപു തന്നെ മമ്മൂട്ടിയോടൊപ്പം അടുത്ത ചിത്രം? മമ്മൂട്ടിയുടെ നായികയായി തിളങ്ങുകയോണോ?

ശരിക്കും സന്തോഷമുണ്ട്. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയോടൊപ്പം തന്നെ രണ്ട് ചിത്രങ്ങൾ അടുത്തടുത്ത് ചെയ്യാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. കമൽ സാറിന്റെ ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ആളുകൾ എങ്ങനെ ചിത്രങ്ങൾ സ്വീകരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഞാനും.

മമ്മൂട്ടി തന്നെയാണ് ഉട്ടോപ്യയിലെ രാജാവിലേക്ക് ജ്യൂവലിനെ നിർദേശിച്ചതെന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു

എനിക്കു തന്നെ വളരെ അത്ഭുതം തോന്നിയ സംഭവമായിരുന്നു അത്. ഞാൻ നേരത്തേ പറഞ്ഞതു പോലെ ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് എനിക്കു കിട്ടിയ ഒരു അവസരമാണ് ഉട്ടോപ്യയിലേത്. ഭാസ്കർ ദ് റാസ്കലിന്റെ സെറ്റിൽ നിന്നാണ് മമ്മൂക്ക എന്നെ വിളിച്ചിട്ട് കമൽസാറിനെ വിളിക്കണെമെന്നും അടുത്ത ചിത്രത്തിലേക്കാണെന്നും പറയുന്നത്. ഇതനുസരിച്ച് ഞാൻ കമൽ സാറിനെ വിളിച്ചു. സാർ എന്നോടു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു അതിന് സാർ എന്നെ കണ്ടിട്ടില്ലല്ലോ എന്ന്. അപ്പോൾ സാർ പറഞ്ഞു ഇല്ല, പക്ഷേ മമ്മൂക്ക പറഞ്ഞി്ടടുണ്ടെന്ന്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ കമൽസാർ തന്നെ നിരവധി പ്രതിഭകൾ ഇരിക്കുന്ന സദസ്സിൽ ഇതു വെളിപ്പെടുത്തിയപ്പോൾ എനിക്ക് ഒരു അവാർഡ് കിട്ടുന്നതിനെക്കാളും സന്തോഷമാണ് തോന്നിയത്.

ഉട്ടോപ്യയിൽ രാഷ്ടട്രീയക്കാരിയുടെ വേഷത്തിലോണോ ജ്യുവലിനെ പ്രേക്ഷകർ കാണാൻ പോകുന്നത്?

രാഷ്ട്രീയക്കാരി അല്ല, ഒരു പൊതുപ്രവർത്തകയാണ്. ഉമാദേവി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു രാഷ്ട്രീയവും ഇല്ലാത്ത പൊതുപ്രവർത്തക.

മമ്മൂട്ടി മുരിങ്ങക്കോൽ എടുത്ത് തല്ലാൻ വന്നൂന്നും കേട്ടല്ലോ?

അയ്യോ( ചിരിക്കുന്നു) ശരിക്കും അത് അങ്ങനെയല്ല. അത് പറഞ്ഞു പറ‍ഞ്ഞു നെഗറ്റീവായതാണ്. മലയാള സിനിമയിൽ ഞാനൊരു തുടക്കക്കാരിയാണ്. അതുകൊണ്ടുതന്നെ തെറ്റുകളും റീടേക്കുകളുമൊക്കെ പലപ്പോഴും സംഭവിക്കാറുണ്ട്. ഇങ്ങനെ വന്നപ്പോൾ ഞാൻ അൽപം ടെൻഷനായിപ്പോയി.

പച്ചക്കറികൾ വച്ച് ഷൂട്ട് ചെയ്യുന്ന ഒരു സീൻ ആയിരുന്നു അത്. എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. അപ്പോൾ മമ്മൂക്ക ഒരു മുരിങ്ങക്കോൽ എടുത്തിട്ട് പറഞ്ഞു മര്യാദയ്ക്ക് ചെയ്തോ ഇല്ലേൽ ഞാൻ ഇപ്പോൾ വേറേ നായികയെ വിളിക്കുമെന്ന്. കളിയായി മമ്മൂക്ക പറഞ്ഞതാണെങ്കിലും അതു കഴിഞ്ഞപ്പോൾ ആ സീൻ ഓ.കെ ആയി. ശരിക്കും അങ്ങനെ ഒരു സപ്പോർട്ട് കിട്ടിയപ്പോൾ എന്റെ പേടിയെല്ലാം പമ്പ കടന്നു. എന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം മമ്മൂക്ക അങ്ങനെ ചെയ്തതാണ്. ഞാൻ തന്നെയാണ് ഫെയ്സ് ബുക്കിൽ ഇതിനെക്കുറിച്ച് പോസ്റ്റ് ഇട്ടതും.

കമൽ എന്ന സംവിധായകൻ?

രാവിലെ വരുമ്പോൾ മുതൽ പാക്അപ് പറയുന്നതു വരെ എപ്പോഴും കേൾക്കും കമൽസാറിന്റെ ശബ്ദം. സാർ നമുക്കെല്ലാം വളരെ എനർജിയും പ്രചോദനവുമാണ്. വൈബ്രന്റ് ആയിട്ടുള്ള ഒരു സംവിധായകനാണ് അദ്ദേഹം. ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ വളരെയധികം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയുണ്ടായി.