പൂമരം തീർക്കാൻ അച്ഛന്റെ മകൻ

കലാഭവനിലെ മിമിക്സ് പരേഡ് കാലത്തു മഹാരാജാസ് കോളജിലെ വേദിയിൽ ഒട്ടേറെ തവണ കയറിയിട്ടുണ്ടു നടൻ ജയറാം. ഇപ്പോൾ മകന്റെ കയ്യും പിടിച്ചു വീണ്ടും ആ കലാലയത്തിന്റെ പടികടന്നെത്തുകയാണ്. മകൻ കാളിദാസൻ നായകനാകുന്ന പൂമരം എന്ന കലാലയ സിനിമയുടെ ചിത്രീകരണം മഹാരാജാസ് കോളജിലാണു നടക്കുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരു കുട്ടിയിപ്പോൾ സുന്ദരനായ നായകനായി. ആ മിടുക്കനെ പിന്നീടു മലയാളി കണ്ടതു പരസ്യചിത്രത്തിലെ ചെറുപ്പക്കാരനിലാണ്. ഇപ്പോൾ സിനിമയിലേക്ക് അടുത്ത ചുവടുവയ്ക്കുകയാണു കാളിദാസൻ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമയിൽ നായകനായി കാളിദാസൻ എത്തുന്നു. അതേക്കുറിച്ച് അച്ഛനും മകനും സംസാരിക്കുന്നു.

നായകനായി ആദ്യ രണ്ടു സിനിമയും തമിഴിൽ. മലയാളത്തിലേക്കു വന്നതെങ്ങനെ?

കാളിദാസൻ: ആക്‌ഷൻ ഹീറോ ബിജു കണ്ടശേഷം എബ്രിഡ് ചേട്ടനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഏറെ ഇഷ്ടപ്പെട്ടിരുന്നു ആ സിനിമ. ഫോൺ ചെയ്തപ്പോഴാണ് ഒരു കഥയുണ്ട്, നീയൊന്നു കേൾക്ക് എന്നു പറഞ്ഞത്. സത്യത്തിൽ അന്നു മലയാള സിനിമയിലേക്ക് ഉടൻ എത്തണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. തമിഴിൽ സിനിമ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. പക്ഷേ, ഈ കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. എബ്രിഡ് ചേട്ടന്റെ ആദ്യ രണ്ടു ചിത്രങ്ങൾ പോലെ റിയലിസ്റ്റിക്കായ കഥ. അങ്ങനെ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

യുവസംഘത്തിനൊപ്പമാണു മകൻ മലയാളത്തിലേക്ക് എത്തുന്നത്.

ജയറാം: കാളിദാസൻ അഭിനയിച്ച ഒരു പക്ക കഥൈ, മീൻ കുഴമ്പും മൺ പാനയും എന്നീ രണ്ടു ചിത്രങ്ങൾ റിലീസിനൊരുങ്ങുകയണ്. പൂമരം എന്ന സിനിമ ഒരു ക്യാംപസ് കഥയാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അവന്റെ പ്രായത്തിന് ഇപ്പോൾ ഏറ്റവും ചേർന്ന കഥ. മഹാരാജാസ് കോളജ് പോലെ ഏറെ പേരുകെട്ട കലാലയത്തിൽ ഷൂട്ടിങ്. മലയാളത്തിൽ പുതിയ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാളായ എബ്രിഡ് ഷൈന്റെ സംവിധാനം. കൂടാതെ കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഏറെ കഴിവുള്ള ചെറുപ്പക്കാരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ഇത്ര മികച്ച ടീമിനൊപ്പം മലയാളത്തിലെത്താൻ സാധിച്ചതു കാളിദാസനു ലഭിച്ച അനുഗ്രഹമായി കാണുന്നു.

മഹാരാജാസിനെക്കുറിച്ചുള്ള ഓർമകൾ?

ജയറാം: കലാഭവനിൽ മിമിക്സ് പരേഡുമായി നടന്ന കാലത്ത് ഇവിടെ ഒട്ടേറെ തവണ എത്തിയിട്ടുണ്ട്. മഹാരാജാസിൽ നിന്നു പഠിച്ചിറങ്ങിയ പലരും ഒപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. അവർ പറഞ്ഞ് ഈ കലാലയത്തോടു വല്ലാത്തൊരു ഇഷ്ടമുണ്ട്. സിനിമകൾക്കായി പല തവണ ഇവിടെ വന്നിട്ടുണ്ട്. കലാലയത്തിലേക്കു മടങ്ങിവരുന്ന കഥ പറഞ്ഞ സീനിയേഴ്സും ഷൂട്ട് ചെയ്തത് ഇവിടെയാണ്. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സൗഹൃദമുണ്ട് ഈ കലാലയവുമായി ബന്ധപ്പെട്ട്.

കാളിദാസൻ പഠിച്ചതു കേരളത്തിനു പുറത്താണ്. ഇവിടുത്തെ ക്യാംപസ് ജീവിതം പരിചയമുണ്ടോ?

കാളിദാസൻ: പൂമരത്തിന്റെ കഥ കേട്ടപ്പോൾ എന്റെ ആശങ്കകളിലൊന്നും ഇതു തന്നെയായിരുന്നു. ഞാൻ പഠിച്ചതു ചെന്നൈ ലയോള കോളജിലാണ്. അവിടുത്തെ ക്യാംപസ് ജീവിതവും മഹാരാജാസിലെ ജീവിതവും വ്യത്യസ്തമാണ്. എനിക്ക് അത് അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, എബ്രിഡ് ചേട്ടനാണു ധൈര്യം തന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരുമാസം മുൻപു ഞാനും അദ്ദേഹവും കോളജിലെത്തി. കോളജിന്റെ ചരിത്രം, ഇവിടുത്തെ കഥകൾ, സൗഹൃദം, പ്രണയം, ഹോസ്റ്റൽ ഇതെല്ലാം അദ്ദേഹം പറഞ്ഞു തന്നു. അങ്ങനെയാണ് ആത്മവിശ്വാസമായത്.

മകൻ സിനിമയിലേക്കു വന്നപ്പോൾ എന്താണ് ഉപദേശിച്ചത്?

ജയറാം: ഉപദേശമായി ഒന്നും നൽകിയിട്ടില്ല. അവനു ചെറുപ്പം മുതലേ സിനിമയുടെ ലോകം അറിയാം. എനിക്കൊപ്പം സിനിമാ ഷൂട്ടിങ് സെറ്റുകളിൽ പതിവായി എത്തിയിരുന്നു. കുട്ടിക്കാലത്ത് ഏതാനും സിനിമകളിൽ അഭിനയിച്ചു. ചെന്നൈയിൽ താമസമാക്കിയപ്പോഴും സിനിമ തന്നെയായിരുന്നു ലോകം. അതുകൊണ്ടു തന്നെ ഇതിന്റെ കാര്യങ്ങളും മറ്റും അവനു നല്ല നിശ്ചയമുണ്ട്.

പുതിയ ചിത്രത്തിനു വേണ്ടിയാണോ നരച്ച മുടിയുമായി വേറിട്ട ലുക്ക്?

ജയറാം: ദീപൻ സംവിധാനം ചെയ്യുന്ന സത്യ എന്ന ചിത്രത്തിലും ഒരു തെലുങ്കു സിനിമയിലും ഈ ലൂക്കിലാണ് എത്തുന്നത്. സത്യ ഒരു റോഡ് മൂവിയാണ്. റോമ, പാർവതി നമ്പ്യാർ എന്നിവരാണു നായികമാർ. ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയുള്ള ഒരാളുടെ സഞ്ചാരമാണു പ്രധാന തീം. മികച്ച സാങ്കേതിക തികവോടെയാണു സിനിമ പൂർത്തിയാക്കുന്നത്.

ഇത്തവണ ഓണാഘോഷം സിനിമാസെറ്റിലായി?

കാളിദാസൻ: ഓണക്കാലത്ത് അച്ഛനു ഷൂട്ടിങ്ങുണ്ടെങ്കിൽ ഞങ്ങൾ അവിടേക്കു പോകുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ കൊച്ചിയിൽ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. ആദ്യ തമിഴ് സിനിമ ഒരു പക്ക കഥൈ ചെയ്തിരുന്ന സമയത്ത് അവിടെ ലൊക്കേഷനിൽ ഞങ്ങൾ ഓണാഘോഷം ഒരുക്കിയിരുന്നു. ആ സിനിമയിൽ ഒപ്പം പ്രവർത്തിച്ചവർ ആദ്യമായി ഓണം ആഘോഷിക്കുകയായിരുന്നു.