നട്ടെല്ലുള്ള വാക്ക് !

മകനായ എം.കെ.സ്റ്റാലിനെ തന്റെ പിൻമുറക്കാരനായി ഡിഎംകെ നേതാവ് എം.കരുണാനിധി പ്രഖ്യാപിക്കുന്നു. പാർട്ടിക്കാർ അതു കൂപ്പുകയ്യോടെ സ്വീകരിക്കുന്നു. എന്നാൽ, ഖുശ്ബു എഴുന്നേറ്റുനിന്നു ചോദിച്ചു, ‘‘ഇതു ജനാധിപത്യ പാർട്ടിയാണെങ്കിൽ അതു നടക്കില്ല. പാർട്ടി പറയട്ടെ നേതാവ് ആരാണെന്ന്. പിൻമുറക്കാരനെ പ്രഖ്യാപിക്കാൻ ഇതു രാജ ഭരണമല്ലല്ലോ.’

ഡിഎംകെ ഉലഞ്ഞുപോയി. എന്നാൽ, സിംഹങ്ങൾ പലരും ഇതു കേട്ട് ഉറക്കം ഭാവിച്ചു. രണ്ടുവരി രാജിക്കത്ത് എഴുതിക്കൊടുത്തു ഖുശ്ബു ഇറങ്ങി. മാസങ്ങളോളം പാർട്ടി രാജി സ്വീകരിക്കാതെ കാത്തിരുന്നു. എല്ലാവരും കരുതി– ഖുശ്ബു വരും, വരാതിരിക്കില്ല. പക്ഷേ എട്ടുമാസത്തെ നിശ്ശബ്ദതയ്ക്കു ശേഷം 2014ൽ അവർ കോൺഗ്രസിലെത്തി. ഇന്നും അവിടെത്തന്നെ. മലയാളത്തിലെയും തമിഴിലെയും പ്രിയപ്പെട്ട താരം, കോൺഗ്രസിന്റെ പ്രചാരണവേദിയിലെ ഗ്ലാമർ താരം, തമിഴ് രാഷ്ട്രീയത്തിലെ ധീര വനിതാ ശബ്ദം, ‘മനോരമ’യോടു സംസാരിച്ചു:

∙തമിഴ്നാട്ടിൽ തമ്മിൽതല്ലി വംശനാശത്തിന്റെ അടുത്തെത്തിയ പാർട്ടിയാണു കോൺഗ്രസ്. എന്തിന് അവിടേക്കു പോയി?

കുട്ടിക്കാലം മുതൽ ഞാൻ കോൺഗ്രസിനെക്കുറിച്ചു കേട്ടാണു വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ മുറിയിൽ നിറയെ രാജീവ് ഗാന്ധിയുടെ പോസ്റ്ററുകൾ ഉണ്ടായിരുന്നു. പണ്ടേ കോൺഗ്രസ് ആകേണ്ടതായിരുന്നു. 30 വർഷം തമിഴ്നാട്ടിൽ ജീവിച്ചപ്പോൾ സ്വാഭാവികമായും ഞാൻ പ്രവർത്തിക്കാനായി ദ്രാവിഡ പാർട്ടിയായ ഡിഎംകെ തിരഞ്ഞെടുത്തു.

∙ഡിഎംകെ വിടാനുള്ള കാരണം ഇനിയും എന്താണു പുറത്തു പറയാത്തത്?

അന്തസ്സോടെയാണ് ഞാൻ ഇറങ്ങിപ്പോന്നത്. പോന്ന ശേഷം വിഴുപ്പലക്കുന്നത് എന്റെ അന്തസ്സിനു ചേർന്നതല്ല. അതു മാന്യതയല്ല. കരുണാനിധിയെപ്പോലുള്ള 93 വയസ്സായ ഒരു രാജ്യസ്നേഹിയെ എങ്ങനെ അധിക്ഷേപിക്കാനാകും. ചില കാര്യങ്ങൾ പുറത്തു പറയാനുള്ളതല്ല. വീട്ടിലായാലും രാഷ്ട്രീയത്തിലായാലും.

∙എന്നാൽപ്പിന്നെ ബിജെപിയിൽ ചേരാമായിരുന്നില്ലേ? രാജ്യസഭയോ മറ്റോ ഒക്കെ നോക്കാമായിരുന്നല്ലോ?

രാജ്യത്തിനു കാവിനിറം മാത്രമായിരിക്കണം എന്നു കരുതുന്ന പാർട്ടിയിൽ ഏതു രാജ്യസ്നേഹിക്കാണ് ഉറച്ചു നിൽക്കാനാകുക. ചേർന്നാൽ തൊട്ടടുത്ത ദിവസം ഞാൻ വിട്ടിറങ്ങിപ്പോകുമായിരുന്നു. ജാതിക്കും മതത്തിനുമപ്പുറത്തുനിന്ന് ഈ രാജ്യത്തെക്കുറിച്ചു സംസാരിക്കാൻ നട്ടെല്ലുണ്ടാകണം.

∙സോണിയാ ഗാന്ധിയെന്ന സ്ത്രീയോടുള്ള ബഹുമാനംകൊണ്ടാണോ കോൺഗ്രസിൽ ചേർന്നത്?

ഒരിക്കലുമല്ല. വ്യക്തികളല്ലല്ലോ പാർട്ടി. ദേശീയതയും രാജ്യസ്നേഹവും ഉണ്ടെന്നു നെഞ്ചൂക്കോടെ പറയാൻ കെൽപ്പുള്ള പാർട്ടിയാണു കോൺഗ്രസെന്ന് ഇപ്പോൾ രാജ്യം വീണ്ടും തിരിച്ചറിയുകയാണ്. പ്രധാനമന്ത്രി പദം തളികയിൽവച്ചു കൊടുത്തിട്ടും അതു സ്വീകരിക്കാതെ പാർട്ടി പ്രവർത്തനത്തിനു മാറിനിന്ന വനിതയാണ് സോണിയാ ഗാന്ധി. അധികാരത്തോടുള്ള ആർത്തിയില്ലാത്ത എത്രപേർ കാണും. എനിക്കെന്നല്ല രാജ്യത്തെ എത്രയോ സ്ത്രീകളുടെ ആവേശമാണു സോണിയാജി. അവരുടെ രാഷ്ട്രീയത്തോടു നിങ്ങൾക്കു വിയോജിക്കാം. പക്ഷേ, അവർ കാണിച്ച ആത്മധൈര്യം അധികമാരും കാണിച്ചിട്ടില്ല.

∙കോൺഗ്രസ് അടുത്തകാലത്തെങ്ങാനും തമിഴ്നാട്ടിൽ അധികാരത്തിലെത്തുമോ ?

അധികാരം മോഹിച്ചു വരുന്നവരല്ലേ അതു ചിന്തിക്കേണ്ടതുള്ളൂ.

∙ജയലളിത അധികാരത്തിലെത്തുമെന്നാണല്ലോ പറയുന്നത്.

ഇതു നേരത്തേ പറയാനാകുമെങ്കിൽ തിരഞ്ഞെടുപ്പു നടത്തണോ? പാവപ്പെട്ടവർക്കു രണ്ടു രൂപയ്ക്ക് ഇ‍ഡ്ഡലിയും പത്തു രൂപയ്ക്ക് ഊണും നൽകുന്ന അമ്മ ഉണവകം വന്നപ്പോൾ ഞങ്ങൾ കരുതി ഒരു നല്ലകാര്യമെങ്കിലും ജയലളിത ചെയ്തുവല്ലോ എന്ന്. പക്ഷേ നിലവാരം കുറഞ്ഞ ഭക്ഷണം നൽകി അതിൽ പലതും അടച്ചു.

ജനങ്ങളുടെ പ്രശ്നം ജയലളിതയ്ക്ക് അറിയില്ല. അഞ്ചു വർഷത്തിനിടയിൽ അഞ്ചു തവണപോലും അവർ പൊതുജനത്തെ നേരിട്ടു കണ്ടിട്ടില്ല. ജനങ്ങളുമായി ബന്ധമില്ലാത്തൊരു ഭരണം ആർക്കു വേണം? ഇതു കുമ്പിടുന്നവരുടെ ഭരണവും കൊള്ളയുമാണ്.

∙ബിജെപി പച്ച പിടിക്കുമോ?

എവിടെ പിടിക്കാൻ? നികുതി കുറയ്ക്കുമെന്നു പറഞ്ഞുവന്ന ബിജെപി സാധാരണ കച്ചവടക്കാരനിൽ ചുമത്തിയതു പല തരത്തിലായി 19% നികുതിയാണ്. ആദായ നികുതി ഇതിനു പുറമേയും. 25%വരെ നികുതി കൊടുക്കേണ്ടി വരുമ്പോൾ കച്ചവടത്തിൽ കള്ളപ്പണമുണ്ടാകും. 60% വരെ കള്ളപ്പണം കൊണ്ടു ബിസിനസ് നടത്തേണ്ടിവരുന്നു. ബിജെപി ചെയ്തത് കള്ളപ്പണം മാർക്കറ്റിലിറക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ്. ഇപ്പോൾ സ്വർണത്തിനു നികുതിചുമത്തിയപ്പോൾ രാജ്യം മുഴുവൻ സമരം നടത്തി. ധനമന്ത്രി പാർലമെന്റിൽ അതു കുറയ്ക്കില്ലെന്നു പറഞ്ഞു വെല്ലുവിളിക്കുകയാണ്. ഇതു പണക്കാരനു വേണ്ടിയുള്ള ഭരണമാണ്.

∙സത്യത്തിൽ ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം എന്താണ് ?

കർഷകരുടെ തകർച്ചയാണ് വലിയ പ്രശ്നം. കാലാവസ്ഥ മാറിയിരിക്കുന്നു. പഴയതുപോലെ വിള ഇറക്കാനാകില്ല. രാജ്യത്ത് ആദ്യമായാണു വിളയ്ക്കു പുതിയ സീസൺ കണ്ടെത്തേണ്ടിവരുന്നത്. ശാസ്ത്രജ്ഞന്മാരും നേതാക്കളും ഒരുമിച്ചിരുന്ന് ആലോചിച്ചില്ലെങ്കിൽ കൃഷി തകരും. ഓഹരി മാർക്കറ്റിൽ ഇൻഡക്സ് പൊങ്ങിനിൽക്കുന്നുവെന്നു പറഞ്ഞിട്ടു കാര്യമില്ല. ജനസംഖ്യയുടെ 70% വരുന്ന കർഷകരുടെ കാരുണ്യമാണു നമ്മുടെ പ്ലേറ്റിലെത്തുന്നതെന്ന് ഓർമവേണം.

∙നിങ്ങൾ തിളങ്ങുന്നതുപോലെ വീട്ടമ്മമാർ രാഷ്ട്രീയത്തിൽ തിളങ്ങുന്ന കാലം വരുമോ?

ടാങ്കിൽ വെള്ളമടിക്കുന്നതും കുട്ടിയുടെ യൂണിഫോം ഇസ്തിരിയിടുന്നതും ഗ്യാസ് ബുക്ക് ചെയ്യുന്നതും ഭക്ഷണം പാകം ചെയ്യുന്നതും അലക്കുന്നതും തുടയ്ക്കുന്നതും സ്ത്രീ മാത്രമാണ്. ഇതെല്ലാം ചെയ്താലേ നല്ല വീട്ടമ്മയാകൂ. മകനെ നന്നായി നോക്കി നടത്തി നല്ല മരുമകളാകണം, മക്കളെ നല്ല വഴിക്കു നടത്തി നല്ല അമ്മയാകണം, ഭർത്താവിനെ നന്നായി നോക്കി നല്ല ഭാര്യയാകണം, അയൽക്കാരിയുമായി ചിരിച്ചു നല്ല അയൽക്കാരിയാകണം. ഇതെല്ലാം കഴിഞ്ഞ് ഏതു സ്ത്രീയാണു രാഷ്ട്രീയത്തിൽ വരിക. വന്നാൽത്തന്നെ... (ഖുശ്ബു സംസാരം നിർത്തി പറയണമോ എന്നാലോചിച്ചു. )

∙വന്നാൽത്തന്നെ ...?

നിങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ആ സ്ത്രീയെ തേജോവധം ചെയ്യും. ഇവർ എങ്ങനെ ഈ നിലയിലെത്തി എന്നു സംശയം പ്രകടിപ്പിക്കും. നാട്ടുകാരുടെ മുന്നിലിട്ടു തൊലി ഉരിയും. ഒരു വാക്കു പിഴച്ചാൽ അതിൽപ്പിടിച്ച് അവരുടെ കുടുംബ ബന്ധംവരെ ചോദ്യം ചെയ്യും. വിവാഹമോചനത്തിന്റെ വക്കിലാണെന്നു പറയും. എങ്ങനെ ഇവിടെയെത്തി എന്ന് ഒരു പുരുഷനോട് ആരെങ്കിലും സംശയത്തോടെ ചോദിച്ചിട്ടുണ്ടോ? ഏതെങ്കിലും പുരുഷ നേതാവു വിവാഹമോചനത്തിന്റെ വക്കിലാണെന്ന് എഴുതിയിട്ടുണ്ടോ?

ഈ പുഴയെല്ലാം കഴിഞ്ഞുവേണം ഒരു സ്ത്രീ വരാൻ. സ്ത്രീകളുടെ കൂമ്പൊടിക്കുന്നതു സമൂഹമാണ്. എങ്കിലും ഇവിടെ മാറ്റമുണ്ടാകും. സ്ത്രീകൾ നട്ടെല്ലോടെ നിങ്ങളുടെ മുഖത്തു നോക്കി കാര്യങ്ങൾ പറയും.

∙കേരളത്തിൽ ഖുശ്ബു വരുമോ ?

വരണം. രാവും പകലും ജനങ്ങളോടൊപ്പം നിൽക്കുന്ന ഒരു മുഖ്യമന്ത്രിക്കുവേണ്ടി സംസാരിക്കുന്നതു വലിയ സന്തോഷമുള്ള കാര്യമാണ്. യൂത്ത് കോൺഗ്രസ് യോഗത്തിനു വന്നപ്പോൾ അദ്ദേഹം എന്നെ അന്വേഷിച്ച് ഒരു യോഗത്തിലേക്കു വന്നു. നേതാക്കൾ ജനങ്ങളിൽനിന്ന് അകലുന്ന കാലത്ത് അവരിലേക്കു വരുന്ന ഉമ്മൻ ചാണ്ടിയെന്ന മനുഷ്യൻ എന്റെ കൂടി അഭിമാനമാണ്. ഞാൻ പ്രചാരണത്തിന് അവിടെ വന്നിരിക്കും.

(ഇതിനു ശേഷം ഖുശ്ബു കലാഭവൻ മണിയെക്കുറിച്ചും രാജാമണിയെക്കുറിച്ചും രാജേഷ് പിള്ളയെക്കുറിച്ചും സംസാരിച്ചു. ചിട്ടയോടെ ജീവിക്കുന്ന മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞു കൈകൂപ്പി. മോഹൻലാൽ ...എന്നു മാത്രം പറഞ്ഞു നിർത്താതെ ചിരിച്ചു. പുറത്തു പാർട്ടി പ്രവർത്തകർ കാത്തുനിൽക്കുകയാണ്. എന്തോ ചർച്ച തുടങ്ങാൻ സമയമായിരിക്കുന്നു. മുപ്പതു വർഷമായി ദക്ഷിണേന്ത്യയെ മോഹിപ്പിച്ച കവിളിൽ നിലയ്ക്കാത്ത ചിരി.)