പ്രേമം വിവാദങ്ങളില്‍ സങ്കടമുണ്ട്: മഡോണ

പ്രേമം എന്ന ചിത്രത്തിലൂടെ മൂന്നു നായികമാരെയാണ് മലയാള സിനിമക്കു ലഭിച്ചത്. മേരിയായി വേഷമിട്ട അനുപമക്കും മലരിനെ അവതരിപ്പിച്ച സായ്പല്ലവിക്കും സെലീന്‍റെ വേഷത്തിലെത്തിയ മഡോണ സെബാസ്റ്റ്യനും കേരളക്കരയില്‍ ആരാധകര്‍ക്കു പഞ്ഞമില്ല. ഇവരുടെ അടുത്ത ചിത്രത്തിനായി കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ് ആരാധകര്‍. എന്തായാലും പ്രേമത്തിനു ശേഷം പ്രേക്ഷകരുടെ മുന്നിലേക്ക് ആദ്യമെത്തുക മഡോണ സെബാസ്റ്റ്യനായിരിക്കും എന്ന് ഉറപ്പായി.

വിജയ് സേതുപതിയൊടൊപ്പമുള്ള തമിഴ് ചിത്രം റിലീസിങിനു തയ്യാറെടുക്കുമ്പോള്‍ ദിലീപിന്‍റെ നായികയായി കിങ് ലയറിലൂടെയാണ്മലയാളത്തില്‍ മഡോണ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ മഡോണ തന്നെ പങ്കുവെക്കുന്നു.

കിങ് ലയര്‍

ദിലീപ് നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെപ്റ്റംബര്‍ 15നു ആരംഭിക്കും. ഏറെ ഇടവേളക്കു ശേഷം സിദ്ദിഖും ലാലും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ് രചന നിര്‍വ്വഹിച്ച് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തുമെന്നു പ്രതീഷിക്കുന്നു. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ സിദ്ദിഖ്-ലാലിനെ പോലെ പ്രതിഭയും പരിചയ സമ്പത്തുമുള്ള സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.

അഭിനയത്തിന്‍റെ കാര്യത്തില്‍ സെലക്റ്റീവാണോ

സെലക്റ്റീവാകാനാണ് തീരുമാനം. അഭിനയത്തോടൊപ്പം പാട്ടിനും തുല്യ പ്രധാന്യം നല്‍കണമെന്നുണ്ട്, അതുകൊണ്ടു കൂടിയാണു കൂടുതല്‍ സെലക്റ്റീവാകുന്നത്.പ്രേമത്തിനു ശേഷം പല ഓഫറുകളും വന്നിരുന്നു, കിങ് ലയര്‍ മാത്രമാണ് നിലവില്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഇടവേളകയില്‍ കൂടുതല്‍ സമയം പാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്തീരുമാനം.

തമിഴ് ചിത്രം

വിജയ് സേതുപതിക്കൊപ്പമുള്ള തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. സെപ്റ്റംബറിലോ ഒക്ടോബറിലോ റിലീസ് ഉണ്ടാകും. ഏറെ ആസ്വദിച്ചു ചെയ്തവേഷമാണ്. പ്രേമത്തിലെ സെലീന്‍റെ കഥാപാത്രവും ഞാനും ഏറെ കുറെ ഒരുപോലെയാണ്. അതുകൊണ്ടു തന്നെ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ചലഞ്ചിങായിരുന്ന വേഷവുംതമിഴിലേതായിരുന്നു.

പാട്ടുകാരിയെന്ന നിലയില്‍ തിരിച്ചറിയപ്പെടുന്നുണ്ടോ

പ്രേമത്തിലെ സെലീന്‍ എന്ന നിലയിലാണ് കൂടുതല്‍ ആളുകളും തിരിച്ചറിയുന്നത്. അതേ സമയം പാട്ടുകാരിയുമാണല്ലേ എന്ന് അവര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.പ്രേമത്തിനു ശേഷം ഒരു ചിത്രത്തിനു വേണ്ടി ‍‍‍ഞാന്‍ പാടിയിരുന്നു. പാട്ടിന്‍റെ കാര്യത്തില്‍ ഞാന്‍ സെലക്റ്റീവ് അല്ല. എത്രത്തോളം പാടുന്നുണ്ടോ അത്രത്തോളം പാട്ട് നന്നാകുമല്ലോ. അഭിനയത്തിനും അത് ഗുണംചെയ്യുമെന്നു ഞാന്‍ കരുതുന്നു.

സെന്‍സര്‍ കോപ്പി വിവാദത്തെപ്പറ്റി

സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളില്‍ സങ്കടമുണ്ട്. ചിത്രത്തിന്‍റെ കളക്ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ അത് സാരമായി ബാധിച്ചിട്ടുണ്ട്. അതേ സമയം ഞാന്‍ ഉള്‍പ്പടെയുള്ള പുതുമുഖങ്ങള്‍ക്കു ലഭിച്ച ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് പ്രേമം എന്ന കാര്യത്തില്‍ സംശയമില്ല. നളന്‍കുമാര സ്വാമിയുടെ തമിഴ് ചിത്രത്തിലേക്കു വഴി തുറന്നത് പ്രേമത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വഴിയാണ്. പ്രേമം കണ്ടിട്ടാണ് കിങ് ലയറിലേക്കും എന്നെ കാസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേമത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും ഉണ്ട്.