നിവിന്‍ എടുത്ത ലോട്ടറി മഞ്ജിമയ്ക്ക് !

മഞ്ജിമ മോഹൻ

വടക്കൻ സെൽഫിയിൽ നായകൻ ഉമേഷ് സംവിധായകൻ ഗൗതം മേനോന്റെ സഹസംവിധായകനാകാനാണ് ചെന്നെയിലേക്കു ട്രെയിൻ കയറിയത്. ആ ട്രെയിനിൽ നായിക ഡെയ്സിയുമുണ്ടായിരുന്നു. ഉമേഷ് എന്നാൽ നിവിൻ പോളി. ഡെയ്സി മഞ്ജിമ. ഉമേഷിനു ചാൻസ് കിട്ടിയില്ല. ഡെയ്സിയെ ഗൗതം മേനോൻ സിനിമയിലെടുത്തു. ഇതേപ്പറ്റി എത്ര ആലോചിച്ചിട്ടും മഞ്ജിമയ്ക്ക് ഒരു പിടിയും കിട്ടുന്നില്ല. സിനിമയുടെ ഓരോരോ മാജിക്കുകളേ...! മഞ്ജിമ പറയുന്നു.

റഹ്മാന്റെ പാട്ട്

എ.ആർ.റഹ്മാന്റെ പുതിയ ഹിറ്റ് ഗാനത്തിലെ നായികയാണു ഞാൻ. തുള്ളാതെ മനവും തുള്ളിപ്പോകില്ലേ ? ഗൗതംമേനോൻ സാറിന്റെ ‘അച്ചംയെൻപത് മദമയാ ’ എന്ന ചിത്രത്തിലെ നായികയാകാൻ ക്ഷണം ലഭിച്ചത് യാദൃശ്ചികം. വടക്കൻ സെൽഫിയുടെ പോസ്റ്റർ കണ്ടാണ് സാർ വിളിക്കുന്നത്. മഞ്ജിമേ, നിന്നെ ഗൗതംമേനോൻ വിളിക്കുമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞപ്പോൾ എന്നെ പറ്റിക്കുകയാണെന്നാണ് കരുതിയത്.

സ്റ്റെല്ലാ മാരിസ്

ചെന്നൈയിലെ സ്റ്റെല്ലാ മാരിസ് കോളജാണ് എന്നെ ഞാനാക്കിയത്. ഞാൻ പഠിച്ചു വളർന്ന ചെന്നൈ നഗരത്തിൽ എന്റെ സിനിമയുടെ പോസ്റ്ററുകൾ വരുന്നതു കാത്തിരിക്കുകയാണിപ്പോൾ ഞാനും കൂട്ടുകാരും.

മലയാളമെന്തേ...

വിക്രം പ്രഭുവിനൊപ്പം പുതിയ സിനിമ ചെയ്യുകയാണിപ്പോൾ. അടുത്ത ചിത്രം വെണ്ണിലാ കബഡിക്കൂട്ടമൊക്കെ ചെയ്ത സുശീന്ദ്രന്റേതാണ്.വടക്കൻ സെൽഫിക്കു ശേഷം മലയാളത്തി‍ൽ നിന്നു കാര്യമായ വിളി വന്നില്ല. മലയാളം വിളിച്ചാൽ ഓടിവരും.

ഗൗതം ഹിറ്റ്സ്

ഗൗതം മേനോൻ സാറിന്റെ സിനിമകളിൽ ഏറെയിഷ്ടം കാക്ക കാക്ക, വാരണം ആയിരം, വിണ്ണെതാണ്ടി വരുവായാ എന്നിവയാണ്. ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെടുന്ന ,ആരാധിക്കുന്ന കാമുകൻമാരാണ് ഈ സിനിമയിലെ നായകൻമാർ. പാട്ടുകളിൽ നെഞ്ചിൽ സൂക്ഷിക്കുന്നത് മിന്നലെയിലെ ‘ വസീഗര എൻ നെഞ്ചിനിലെ ...’ തന്നെ.ഏതു വേനലിനെയും വസന്തമാക്കുന്ന ഈണം.