പ്രണയം ഇല്ലേയെന്നു ചോദിച്ചാൽ..

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ... നീരജിന്റെ ഫോണിലേക്കു വിളിക്കുമ്പോൾ കേൾക്കുന്ന റിങ്ടോണാണിത്. നിഷ്കളങ്കത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നീരജ് മാധവ് ഓരോ ചിത്രങ്ങള്‍ കഴിയുംതോറും നടനെന്ന നിലയില്‍ നന്നായി തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായി മാറിയെന്നതാണ് നീരജിന്‍റെ മറ്റൊരു പ്രത്യേകത.

പിന്നെ വടക്കന്‍ സെല്‍ഫിയിലെ ഈ പാട്ടിനോട് നീരജിന് പ്രത്യേക ഇഷ്ടം തോന്നിയതിന് പിന്നിലും വ്യക്തമായ കാരണമുണ്ട്, ഇതിലെ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് നീരജാണ്. കൊറിയോഗ്രാഫി അനുഭവവും പുതിയ സിനിമകളും ഒപ്പം പ്രണയത്തെക്കുറിച്ചും മനസു തുറക്കുകയാണ് നീരജ്.

വിജയചിത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരാളായിരിക്കുകയാണല്ലോ നീരജ്

ചെയ്യുന്ന കഥാപാത്രങ്ങളും സിനിമയുമെല്ലാം വിജയിക്കണമെന്ന് ആഗ്രഹിച്ചു തന്നെയാണ് ചെയ്യുന്നത്. ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടതിൽ വളരെ സന്തോഷം. പിന്നെ ഇതൊന്നും നമ്മുടെയ കൈയിൽ അല്ലല്ലോ ഇരിക്കുന്നത്. 10 പടങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനെക്കാൾ നല്ലത് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യുന്നതാണ്. ഇതുവരെ തന്ന എല്ലാ അവസരത്തിനും എല്ലാവർക്കും നന്ദി.

മധുരനാരങ്ങയിൽ കുഞ്ചാക്കോ ബോബനും ബിജുമേനോനും ഒപ്പം?

ചാക്കോച്ചനെ എനിക്ക് മുന്നേ പരിചയമുണ്ട്. ബിജു ചേട്ടൻ നമ്മൾ കാണുന്നതു പോലെയോ ഞാൻ വിചാരിച്ചതു പോലയോ അല്ല. ആ രൂപവും ശബ്ദവും പോലെയല്ല, ശരിക്കും നിഷ്കളങ്കനായ ഒരു മനുഷ്യൻ. അവർ രണ്ടുപേരും സീനിയേഴ്സ് ആണ്. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചായിരുന്നു താമസിച്ചതും. അവർക്ക് രണ്ടു പേർക്കും ഒപ്പം അതേ പ്രാധാന്യത്തോടെയുള്ള ഒരു വേഷമാണ് ഇതിൽ എനിക്കും. എനിക്ക് ഒരുപാട് സ്പെയ്സ് അവർ തന്നു. പുതിയ ഒരാളായി എന്നെ കാണാതെ അവരുടെ കൂടെ തന്നെ എന്നെയും കരുതി.

വടക്കൻ സെൽഫി ടീമിൽ നിന്നും മധുരനാരങ്ങ ടീമിലേക്കുള്ള ഒരു ചെയ്ഞ്ച്?

വടക്കൻ സെൽഫിയിൽ എവ്വാവരും കൂട്ടുകാരാണ്. വിനീത്, നിവിൻ, അജു എല്ലാവരുമായി നേരത്തേയും വർക്ക് ചെയ്തിട്ടുണ്ട്. കൂട്ടുകാരുടെ പടം ചെയ്യുന്നതിന്റെ ഒരു സ്പിരിറ്റ് വടക്കൻ സെൽഫിയിൽ ഉണ്ടായിരുന്നു. ഷൂട്ട് ഇല്ലാത്ത ദിവസവും നമ്മൾ എല്ലാവരും സെറ്റിൽ തന്നെ കാണും. ഒരു ആഘോഷം പോലെയായിരുന്നു സെൽഫി ചെയ്തത്. കൂട്ടുകാർ എല്ലാവരും ചേരുമ്പോഴുള്ള ഒരു എനർജിയും ആ മൂഡുമെല്ലാം ചിത്രത്തിലുമുണ്ട്.

മധുരനാരങ്ങയിലേക്കു പോയപ്പോൾ അവിടെ ബിജു ചേട്ടനും ചാക്കോച്ചനും സീനിയേഴ്സ് ആണ്. അവരുമായി ഞാൻ സിങ്ക് ആകുമോയെന്ന് അറിയില്ലായിരുന്നു. പക്ഷേ ഞങ്ങൾ ഭയങ്കര സിങ്ക് ആയിരുന്നു. ഒരു പടത്തിന്റെ അല്ലെങ്കിൽ ഒരു ഇൻഡസ്ട്രിയുടെ ഭാഗമാകുമ്പോൾ ഒരാൾക്ക് മാത്രം ക്വാളിറ്റി ഉണ്ടായിട്ട് കാര്യമില്ല, കൂടെ വർക്ക് ചെയ്യുന്നവരും അതുപോലെ ചെയ്താൽ മാത്രമേ വിജയം ഉണ്ടാകൂ. അങ്ങോട്ടും ഇങ്ങോട്ടും കോപ്ലിമെന്റ് ചെയ്യണം. അത്രയും സപ്പോർട്ടീവായിരുന്നു മധുരനാരങ്ങ ടീമിലും. ബിജു ചേട്ടനും ഞാനും ചാക്കോച്ചനും തമ്മിൽ നല്ലൊരു കെമിസ്ട്രി തന്നെ ഉണ്ടായിരുന്നു. ആ കെമിസ്ട്രി ചിത്രം കാണുമ്പോൾ മനസിലാകുകയും ചെയ്യും.

വടക്കൻ സെൽഫിയിൽ കൊറിയോഗ്രാഫിയും പരീക്ഷിച്ചു വിജയിച്ചല്ലോ?

ഞാനൊരു ഡാൻസർ ആയിരുന്നു. ജോമോൻ ചേട്ടന് ഇക്കാര്യം അറിയാമായിരുന്നു. ജോമോൻ ചേട്ടനാണ് എന്നോട് ചെയ്തു നോക്കാൻ പറഞ്ഞത്. സിനിമയിൽ കൊറിയോഗ്രാഫി ചെയ്യണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നിവുനും അജുവും അല്ലേ, അവരെക്കൊണ്ട് ചെയ്യിക്കാമെന്ന ഒരു കോൺഫിഡൻസും ഉണ്ടായി. ടൈറ്റിൽ സ്ക്രീനിൽ കൊറിയോഗ്രാഫർ എന്നു തെളിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഇതുവരെ ക്യാമറയ്ക്ക് മുന്നിലായിരുന്നല്ലോ, ഇപ്പോൾ ക്യാമറയ്ക്ക് പുറകിലും വന്നല്ലോ എന്ന സന്തോഷം. പാട്ട് നല്ല ഹിറ്റ് ആയി, കൊച്ചു കുട്ടികൾ വരെ പാടിക്കൊണ്ട് നടക്കുന്നുണ്ട്. യുട്യൂബിലും നല്ല കാഴ്ചക്കാര്‍ ഉണ്ട്.

ഇതു വിജയിച്ചു കഴിഞ്ഞപ്പോൾ കൊറിയോഗ്രാഫി പ്രൊഫഷൻ ആക്കിയാലോ എന്ന തീരുമാനം വല്ലതും എടുത്തോ?

ഏയ് ഇല്ല. എന്റെ പ്രൊഫഷൻ അഭിനയമാണ്. ഉടനേ ഒരു കൊറിയോഗ്രാഫിയും ഉണ്ടാകില്ല. ഇതുപോലെ സമയവും സന്ദർഭവവും എല്ലാം ഒത്തുവരുമെങ്കിൽ നോക്കും എന്നു മാത്രം.

അഭിനയിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അപ്പോൾ നീരജിന് ഏറ്റവും ഇഷ്ടപ്പെട്ട വേഷം, അല്ലെങ്കിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രവും ഉണ്ടാകുമല്ലോ?

അത് എന്നെ സംബന്ധിച്ച് രണ്ടു രീതിയിലാണ് ഉള്ളത്. ഒന്ന് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രം, രണ്ടാമത് എനിക്ക് ഇഷ്ടപ്പെട്ടത്. ഇനി ഇറങ്ങാനിരിക്കുന്ന നാലോളം പടങ്ങളുണ്ട്. എപ്പോഴായാലും അവസാനം ചെയ്ത കാരക്ടർ, അതിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകും. അത് പ്രേക്ഷകർ എങ്ങനെ കാണുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയും. ദൃശ്യത്തിലെ മോനിച്ചൻ, സപ്തമശ്രീ തസ്കരയിലെ നാരായണൻകുട്ടി, വടക്കൻ സെൽഫിയിലെ തങ്കമ്മ ഇതെല്ലാം എന്നെ പോപ്പുലറാക്കിയ കഥാപാത്രങ്ങളാണ്.

ഇനി ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു വേഷം?

അങ്ങനെ ഒരു പ്രത്യേക കാരക്ടർ ചെയ്യണമെന്ന ആഗ്രഹമൊന്നും തോന്നിയിട്ടില്ല. പ്രേക്ഷകർ ഒരു പടം കണ്ടിട്ട് പുറത്തിറങ്ങുമ്പോൾ അവരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രം ആകണമെന്ന ആഗ്രഹമേ ഉള്ളു. അത് നാലോ അഞ്ചോ സീനിൽ മാത്രമാണെങ്കിലും കുഴപ്പമില്ല. അങ്ങനെയുള്ള ചലഞ്ചിങ് കാരക്ടര്‍ ആകണം.

നായകവേഷത്തിൽ എന്നായിരിക്കും നീരജ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുക?

നായകവേഷം, അത് വലിയൊരു ഉത്തരവാദിത്തമാണ്. അതിനുള്ള അവസരങ്ങൾ വരുന്നുമുണ്ട്. പക്ഷേ ഞാൻ ഇപ്പോൾ അതിന് തയാറായിട്ടില്ല. എനിക്ക് നായകനാകാൻ പറ്റുന്ന വേഷമാണ്, അല്ലെങ്കിൽ ഈ തിരക്കഥയിലെ നായക കഥാപാത്രം എന്റെ കൈയിൽ ഭദ്രമാണ്, പ്രേക്ഷകർ ഈ നായകനെ അംഗീകരിക്കും എന്നെല്ലാം എന്ന് തോന്നുവോ അന്നേ അങ്ങനെയൊരു സിനിമ ഉണ്ടാകൂ.ഈ വർഷം ഉണ്ടാകും എന്ന് പറയാൻ പറ്റില്ല.

മധുരനാരങ്ങയിലെ വേഷം?

ഒരു റിയൽ ലൈഫ് ഇൻസിഡന്റ് ബെയ്സ് ചെയ്തിട്ടുള്ള ഒരു സിനിമയാണിത്. പ്രവാസികളാണ് ഞാനും ബിജുചേട്ടനും ചാക്കോച്ചനും. അവിടെ ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നു. മൂന്നു പേരും സുഹൃത്തുക്കളാണ്, അതിലുപരി മൂന്നുപേരും മൂന്നു തട്ടിലുള്ള ആൾക്കാരുമാണ്. അവരുടെ ഇടയിലേക്ക് നാലാമതൊരാൾ കടന്നുവരുന്നു. ഞാനിതിൽ സെയിൽസ്മാൻ ആണ്. ഇതിൽ കോഴിക്കോട് ഭാഷയാണ്ഞാൻ സംസാരിക്കുന്നത്.

പുതിയ പ്രോജക്ടുകൾ?

ചാക്കോച്ചൻ- ബിജുമേനോൻ-സൂഗീത് ടീമിനൊപ്പമുള്ള മധുരനാരങ്ങ, എൽ ജെഫിലിംസിന്റെ കെഎൽ പത്ത്, ഇതിൽ ഫുട്ബോളറുടെ വേഷമാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. മലപ്പുറം സ്ലാങ്ങിലാണ് ഇതിൽ സംസാരിക്കുന്നത്. തോമസ് സെബാസ്റ്റ്യന്റെ ജംനാപ്യാരി- ഇതിൽ ചാക്കോച്ചനോടൊപ്പമാണ്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ബേസിൽ ജോസഫിന്റെ കുഞ്ഞിരാമായണം.

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കു തന്നെ പൊയ്ക്കൊണ്ടിരിക്കുന്ന നീരജിന്റെ മനസിലെ ആ പ്രണയം?

പ്രണയം ആർക്കാ മനസിൽ ഇല്ലാത്തത്. ഇപ്പോൾ കരിയറിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളു. (എന്നാലും മനസിൽ സൂക്ഷിക്കുന്ന ഒരു പ്രണയം ഇല്ലേ എന്നു ചോദിച്ചപ്പോൾ ചിരിക്കുന്നു, ആ ചിരിയില്‍ ഒരു പ്രണയവും ഒളിച്ചിരിപ്പില്ലേ എന്നൊരു സംശയം)അത് ഇപ്പോൾ പറയാൻ പറ്റില്ല, ഒരാളോടു മാത്രമായി അങ്ങനെ ഒരു പ്രണയം ഉണ്ടോ, എന്തായാലും ഇപ്പോൾ അതിനുള്ള മറുപടി ഇല്ല. സമയമാകുമ്പോൾ നീരജ് തന്നെ ഇതിനുള്ള ഉത്തരവും നൽകട്ടെ.