നല്ല തിര്വന്തോരം ഭാഷ പറയണ കണ്ണൂരുകാരി

വ്യത്യസ്തമായ ഒരു വേഷവുമായി മലയാള സിനിമയില്‍ പുതിയ നായികയായെത്തിയ തളിപ്പറമ്പുകാരി നിഖില വിമലിന്റെ ജീവിതത്തിലുമുണ്ട് ഒട്ടേറെ വ്യത്യസ്തതകള്‍

തിര്വന്തോരം ഭാഷ പറഞ്ഞു മലയാളസിനിമയിലെ പുതിയ നായികയായി മാറിയ നിഖില വീട്ടില്‍ പറയുന്നത് തെക്കുള്ളവര്‍ക്കു മനസ്സിലാകാത്ത കണ്ണൂര്‍ ഭാഷയാണ്. ലവ് 24 എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി സിനിമയിലെത്തിയ നിഖിലയുടെ സ്വദേശം തളിപ്പറമ്പ്. സിനിമയില്‍ കണ്ണൂര്‍ ഭാഷ മനസ്സിലാകാതെ വിഷമിക്കുന്ന തിരുവനന്തപുരത്തുകാരിയാണ് നിഖില.

'ബേങ്കി മഴപ്പാറ്റലുണ്ട്... കണ്ണൂര്‍ ഭാഷയിലുള്ള ഡയലോഗ് കേള്‍ക്കുമ്പോള്‍ സിനിമയില്‍ നിഖിലയുടെ കഥാപാത്രം ഇതെന്തൊരു ഭാഷയെന്നു കളിയാക്കുന്നുണ്ട്. പക്ഷേ ഈ ഡയലോഗ് കണ്ണൂര്‍ ഭാഷയിലാക്കിയത് നിഖില തന്നെയാണെന്നത് അധികമാര്‍ക്കുമറിയാത്ത രഹസ്യം. ഭാഷയില്‍ മാത്രമല്ല, ജീവിതത്തിലും ഒട്ടേറെ വൈരുധ്യങ്ങളുണ്ട്. അതേക്കുറിച്ചു നിഖില തന്നെ പറയുന്നു.

എന്നെ അമ്മ ഡാന്‍സ് പഠിപ്പിച്ചിട്ടില്ല

പ്രശസ്ത നൃത്താധ്യാപിക കലാമണ്ഡലം വിമലയാണ് നിഖിലയുടെ അമ്മ. കലോല്‍സവ വേദികളില്‍ ഒട്ടേറെ വിജയികളെ സംഭാവന ചെയ്തിട്ടുണ്ട് വിമല ടീച്ചര്‍. കലോല്‍സവത്തിലെ മറ്റു കുട്ടികളെയും അമ്മ പഠിപ്പിക്കുന്നതിനാല്‍ ചെറുപ്പത്തിലേ അമ്മയില്‍ നിന്നുളള നൃത്തപഠനം നിലച്ചു. മറ്റ് അധ്യാപകരാണ് എന്നെ നൃത്തം അഭ്യസിപ്പിച്ചത്.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച അല്‍ഫോണ്‍സാമ്മ

കോട്ടയം ഭരണങ്ങാനത്തെ സേക്രഡ് ഹേര്‍ട്ട്സ് വിദ്യാലയത്തിലായിരുന്നു സ്കൂള്‍ പഠനം. എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ അല്‍ഫോണ്‍സാമ്മയുടെ ജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയിലൂടെയാണ് അഭിനയത്തിലേക്കുവരുന്നത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന സിനിമയില്‍ ജയറാമിന്റെ അനിയത്തിയുടെ വേഷം. ആ സെറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ലവ് 24 ന്റെ സംവിധായിക ശ്രീബാല കെ. മേനോന്‍. ഭാഗ്യദേവതയ്ക്കു ശേഷം രണ്ട് തമിഴ് സിനിമകളിലും നിഖില അഭിനയിച്ചു.

ഞാന്‍ എസ്എഫ്ഐ; കുടുംബം??

സിപിഐ (എംഎല്‍) മുന്‍ അഖിലേന്ത്യാ നേതാവായിരുന്നു അച്ഛന്‍ എം.ആര്‍. പവിത്രന്‍. ഇപ്പോഴും മുഖ്യധാര കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വലിയ വിമര്‍ശകനാണ്. പക്ഷേ നിഖില പണ്ടേ എസ്എഫ്ഐയാണ്. സഹോദരി അഖില (ജെഎന്‍യുവില്‍ ഗവേഷക, കോളമിസ്റ്റ്)യും എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ടിവിയിലെ വാര്‍ത്തയും മറ്റു വാര്‍ത്തകളും

ഒരു സ്വകാര്യ ചാനലിലെ വാര്‍ത്താവതാരകയുടെ വേഷമാണ് നിഖിലയ്ക്ക് സിനിമയില്‍. പക്ഷേ ടിവി വാര്‍ത്തകള്‍ തീരെ കാണാത്ത ആളാണ് താനെന്ന് നിഖില പറയുന്നു. പത്രങ്ങള്‍ വായിക്കാനാണ് ഇഷ്ടം. സിനിമയ്ക്കു വേണ്ടി മാത്രം കുറച്ചുനാള്‍ വാര്‍ത്തവായന കണ്ടുപഠിച്ചു.

സിനിമയിലെ ഇരട്ടഭാഷ, വേഷം

എന്നെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സിനിമയില്‍ ഒരു വേഷം ചെയ്ത കൃഷ്ണന്‍ ബാലകൃഷ്ണനാണ്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലായിരുന്നു ഡിഗ്രി പഠനം. അതുകൊണ്ടുതന്നെ അടുത്ത കൂട്ടുകാരികളുമായെല്ലാം സംസാരിക്കുന്നത് കണ്ണൂര്‍ ഭാഷയിലാണ്. സിനിമയിലെ തിരുവനന്തപുരം സ്ളാങ് സംഭാഷണങ്ങള്‍ സ്വയം ഡബ് ചെയ്തതാണ്. തമിഴ് സിനിമകളിലെ ഡബ്ബിങ്ങും സ്വന്തമായിട്ടായിരുന്നു. സിനിമയില്‍ മോഡേണ്‍, ഗ്രാമീണ മേക്ക് ഓവറുകള്‍ കഥാപാത്രത്തിനുണ്ട്. സിനിമയിലെ കഥാപാത്രത്തെപ്പോലെ തന്നെ മോഡേണ്‍ ലുക്കും ഗ്രാമീണമനസ്സുമുള്ള പെണ്‍കുട്ടിയാണ് ഞാനും.

എനിക്കു വായന കുറവാണ്??

പാചകവും നൃത്തവുമാണ് പ്രധാനഹോബി. അമ്മയുടെ നൃത്തവിദ്യാലയത്തില്‍ ഇടയ്ക്കൊക്കെ അധ്യാപികയുമാകാറുണ്ട്. അച്ഛനും ചേച്ചിയുമൊക്കെ വലിയ വായനക്കാരാണ്. ചേച്ചി ദിവസവും മൂന്നു പുസ്തകമൊക്കെ വായിക്കും. അവര്‍ക്കൊപ്പമെത്തില്ലെങ്കിലും വായിക്കുമ്പോള്‍ ഒരു ദിവസംകൊണ്ട് ഒരു പുസ്തകം വായിച്ചു തീര്‍ക്കും. അവസാനം വായിച്ചത് ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.