ദക്ഷിണേന്ത്യൻ കൺമണി

മലയാളത്തിന് നിത്യ മുറ്റത്തെ മുല്ലയാണ്. പ്രത്യേക പരിഗണനയൊന്നുമില്ലാതെ, ഏതാനും ഹിറ്റുകളും ഫ്ളോപ്പുകളും ഇടകലർന്ന കരിയർ. അയൽ ഭാഷകളിൽ സ്ഥിതി വ്യത്യസ്തമാണ്. തെലുങ്കിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഈ പെൺകുട്ടി. തമിഴിൽ രണ്ടു വൻ ഹിറ്റുകളുമായി പൊടുന്നനെ ഒന്നാം നിരയിലേക്ക് എത്തിയിരിക്കുന്നു.

ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ, ഒരു ആറ്റിറ്റ്യൂഡ് ഉള്ള നടിയാണു നിത്യ. നായികമാരുടെ പതിവ് ശീലങ്ങളൊന്നുമില്ല. എപ്പോഴും ഒരു എക്സൈറ്റ്മെന്റ് ആ മുഖത്തു കാണാം. പണമോ പ്രശസ്തിയോ അല്ല, ക്രിയേറ്റിവ് സാറ്റിസ്ഫാക്​ഷൻ ആണു സിനിമയിൽ തന്റെ ലക്ഷ്യമെന്നു പറയുന്ന അഭിനേത്രി. തീരെ കുഞ്ഞായിരിക്കെ, പപ്പയുടേയും മമ്മയുടേയും കൈപിടിച്ച് പുറത്തുപോകുമ്പോഴൊക്കെയും ഉച്ചത്തിൽ വാതോരാതെ സംസാരിച്ചിരുന്ന കാലം തൊട്ടേയുള്ളതാണ് തന്റെ സ്മാർട്നസ് എന്നു നിത്യ പറയും. ഗൗരവം കാഴ്ചയിൽ മാത്രം. കൊച്ചു തമാശകൾക്കു പോലും സ്വയം മറന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന ഫൺ ലവിങ് പ്രകൃതം. ഒട്ടും ഡിപ്ളോമാറ്റിക് അല്ലെന്നു സ്വയം വിലയിരുത്തൽ. വയസ് 27 എന്നു വ്യക്തമാക്കാനും മടിയില്ല.

തെലുങ്ക് പ്രേക്ഷകർ മുൻകാല നായികമാരായ സാവിത്രിയോടും സൗന്ദര്യയോടുമാണ് നിത്യയെ ഉപമിക്കുന്നത്. തമിഴ് ആരാധകർ രേവതിയോടും. അതേ സ്നേഹം അവരെല്ലാം നിത്യക്കു നൽകുന്നു. ഏപ്രിൽ, മേയ് മാസങ്ങൾ കരിയറിൽ നിത്യക്ക് മറക്കാനാകാത്തതാണ്. മൂന്നു ഭാഷകളിലായി നാലു സിനിമകളാണ് ഒരേസമയം തിയേറ്ററുകളിലെത്തിയത്. 100 ഡേയ്സ് ഓഫ് ലവ് (മലയാളം), ഒകെ കൺമണി (തമിഴ്, തെലുങ്ക്), കാഞ്ചന 2 (തമിഴ്), സൺ ഓഫ് സത്യമൂർത്തി (തെലുങ്ക്). ഇതിൽ ഒകെ കൺമണിയും കാഞ്ചനയും റിലീസ് ചെയ്തതുപോലും ഒരേ ദിവസമാണ്. കാഞ്ചനയുടെ രണ്ടാം ഭാഗത്തിലെ ഗംഗ ഇതുവരെ കാണാത്ത നിത്യയെ അവതരിപ്പിക്കുമ്പോൾ മണിരത്നം ചിത്രമായ ഒകെ കൺമണിയിലെ താര യുവപ്രേക്ഷകരുടെ പ്രണയതാരയായിക്കഴിഞ്ഞു.

കൺമണിയായ അനുഭവം

മണിരത്നം, എ.ആർ റഹ്മാൻ, പി.സി. ശ്രീറാം - ഇവർ ഒന്നിച്ച സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമാണ്. വളരെ ആസ്വദിച്ചതായിരുന്നു ഷൂട്ട്. ദുൽഖർ അവതരിപ്പിക്കുന്ന ആദി എന്ന കഥാപാത്രത്തിന്റെ ജ്യേഷ്ഠൻ കാണാൻ വരുമ്പോൾ ഞാൻ മുറിയിൽ കിടന്ന് ഉറങ്ങുന്ന സീനായിരുന്നു ആദ്യം എടുത്തത്. സിനിമയുടെ ഏകദേശം നടുവിലുള്ള ഒരുഭാഗം. അതുകൊണ്ട് പെട്ടെന്നു തന്നെ കഥയിലേക്ക് മുഴുവനായി ഇൻവോൾവ് ചെയ്യേണ്ടിവന്നു.

ഏറ്റവും ആസ്വദിച്ചത് ‘മെന്റൽ മനതിൽ’ എന്ന പാട്ടിന്റെ ചിത്രീകരണമാണ്. അതൊരു ബൈക്ക് സോങ് ആണ്. മുന്നിൽ ഒരു വണ്ടിയിൽ ക്യാമറയുമായി പിസി സാർ. കുറച്ചു പിന്നിലായി ബൈക്കിൽ ദുൽഖറും ഞാനും. ഞങ്ങൾ ഇരിക്കുന്നതിന്റെ നടുവിൽ ഒരു ബാഗിൽ ഒളിച്ചുവച്ച സ്പീക്കറിൽ നിന്ന് പാട്ടു വന്നുകൊണ്ടിരിക്കും. അതിന്റെ മൂഡിലാണ് ഞങ്ങൾ കൈയെല്ലാം ചലിപ്പിക്കുന്നത്. വഴിയിൽ പെട്ടെന്നു കാണുന്നവർ ഉച്ചത്തിൽ പാട്ടും ഞങ്ങളുടെ ഗോഷ്ഠികളും കണ്ട് അമ്പരന്നു നിൽക്കുന്നതു കാണാം. അതു വലിയ തമാശയായിരുന്നു.

സിംപിൾ മണിരത്നം

കാഴ്ചപ്പാടുകളിൽ ഇപ്പോഴും ഏറ്റവും യൂത്ത് ആണ് മണി സാർ. ശരിക്കും ഡിഫറന്റ് എന്നു പറയാം. വളരെ സ്വാഭാവികമായ ഫിലിം മേക്കിങ്. ഒകെ കൺമണിയുടെ കഥ ആദ്യം പറഞ്ഞപ്പോൾ തന്നെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം എന്റെ മനസ്സിലുള്ള കാര്യങ്ങളോടു സാദൃശ്യം തോന്നിയിരുന്നു. താര പാരീസിലേക്കു പോകാൻ ആഗ്രഹിക്കുന്നു. ഞാനാകട്ടെ സ്പെയിനിലേക്കും. അങ്ങനെയങ്ങനെ... സജഷൻസ് അംഗീകരിക്കുന്ന സംവിധായകനാണ് മണി സാർ. ഈഗോ ഇല്ല. വളരെ ഈസി ഗോയിങ് ആണ്. ഏതു ചുറ്റുപാടിലും സീൻ ഇംപ്രൊവൈസ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.

റൊമാൻസ് വിത് ദുൽഖർ

ഉസ്താദ് ഹോട്ടലിൽ അഭിനയിക്കുമ്പോൾ ദുൽഖറിന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. രണ്ടുപേരും കുറച്ചൊക്കെ റിസർവ്ഡ് ആയിരുന്നു. സംസാരമൊക്കെ കുറവായിരുന്നു. ഒകെ കൺമണി വരുന്നതിനു തൊട്ടുമുൻപാണ് 100 ഡെയ്സ് ഓഫ് ലവ് വന്നത്. ഒന്നിനു പുറകെ ഒന്നായി രണ്ടു സിനിമ ചെയ്തപ്പോഴേക്കും വളരെ ഫ്രണ്ട്‌ലി ആയി. രണ്ടു സിനിമയും റൊമാന്റിക് മൂഡിലാണ്. ഒകെ കൺമണി ഷൂട്ട് കഴിയുമ്പോഴേക്കും ഞാനും ദുൽഖറും ഭാര്യ അമാലുമെല്ലാം വളരെ ക്ലോസ് ആയിരുന്നു. പുറത്തുപോകുന്നതെല്ലാം ഒരുമിച്ചായിരുന്നു. ദുൽഖർ ഒന്നാന്തരം കോ സ്റ്റാർ ആണ്. റിയലി ക്യൂട്ട് ബോയ്. വിവാഹം വളരെയേറെ സന്തോഷമുള്ള കാര്യമാണെന്നും നിത്യയും എന്തായാലും കല്യാണം കഴിക്കണമെന്നും ദുൽഖർ എപ്പോഴും പറയും. ഓ എനിക്കതിലൊന്നും താൽപര്യമില്ല എന്നു പറഞ്ഞാലൊന്നും ദുൽഖർ സമ്മതിക്കില്ല. അത്രയ്ക്കും നല്ല പയ്യനാണു ദുൽഖർ. എപ്പോഴും സന്തോഷവാനാണ്.

ലിവ് ഇൻ ടുഗതർ

ലിവ്-ഇൻ റിലേഷൻസ് ഇന്ന് വലിയ കാര്യമല്ല. പല സ്ഥലങ്ങളിലും സാധാരണമാണ്. ഇപ്പോൾ സാമൂഹിക സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ തലമുറ ഇക്കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യമെടുക്കുന്നു. മാതാപിതാക്കൾ അത് അനുവദിച്ചു കൊടുക്കുന്നുമുണ്ട്. വ്യക്തിപരമായി ഇതിൽ തെറ്റായി എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.

കല്യാണം കഴിക്കാൻ പോകുന്ന ആളെ മനസ്സിലാക്കിയിരിക്കുന്നതു തന്നെയാണു നല്ലത്. ഒരു അപരിചിതനെ കല്യാണം കഴിച്ച് ലൈഫ് മുഴുവൻ ഒരു അഡ്ജസ്റ്റ്മെന്റ് ആക്കുന്നതിനോട് യോജിപ്പില്ല. മുന്നോട്ടു പോകാവുന്ന ഒരു റിലേഷൻ ആണെന്നു തോന്നിയ ശേഷമാണ് തീരുമാനമെങ്കിൽ അതിന്റെ ഒരു ഈസിനസ് ജീവിതത്തിലുമുണ്ടാകും.

പാട്ടിന്റെ വഴിയിൽ

ഒരു വയസു തൊട്ടേ പാട്ടു പാടാൻ വലിയ ഇഷ്ടമായിരുന്നു. ചെറുപ്പം തൊട്ടേ അക്ഷരസ്ഫുടതയോടെ പാടും. സിനിമയിൽ തെലുങ്കിലാണ് കൂടുതൽ പാട്ടുകൾ പാടിയത്. അവിടെ ഇപ്പോൾ ഞാൻ ഏതു പരിപാടിക്കു പോയാലും ഒരു പാട്ട് നിർബന്ധമായിരിക്കുകയാണ്. ഒകെ ബങ്കാരം ഓഡിയോ റിലീസ് സമയത്ത് റഹ്മാൻ സാറിന്റെ മുന്നിലും പാടി.

മേനോൻ അല്ല മേനൻ

ജാതിപ്പേര് വെക്കാൻ ഇഷ്ടമില്ലാത്തവരാണ് അച്ഛനും അമ്മയും. പാസ്പോർട്ട് ആവശ്യവും മറ്റും വന്നപ്പോൾ നിത്യ എന്ന പേരിന് നീളം കൂട്ടാൻ എനിക്ക് അറിയാവുന്ന ന്യൂമറോളജി ഉപയോഗിച്ച് ഞാൻ തന്നെ ചേർത്തതാണ് Menen എന്ന്. നിത്യ മേനൻ ആണ്.

∙ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ പപ്പയും മമ്മയും ഏറെ ആസ്വദിച്ച വേഷം-ഗംഗ (കാഞ്ചന 2)

∙ഏറ്റവും പ്രിയപ്പെട്ട എന്റെ സിനിമ – മല്ലി മല്ലി (തെലുങ്ക്)

∙ഒപ്പം അഭിനയിക്കാൻ ആഗ്രഹമുള്ള നടൻ- വിക്രം

∙ മാറ്റാൻ ഇഷ്ടമില്ലാത്തത് - ചുരുണ്ട മുടി. എന്റെ സ്വാഭാവിക ഹെയർ സ്റ്റൈലാണത്

∙മലയാളം, തെലുങ്ക്, തമിഴ്, കന്നഡ - നാലു ഭാഷകളിലും കംഫർടബിൾ ആണ്. നാലു ഭാഷകളും സംസാരിക്കാനറിയാം

∙അഭിനയിക്കാൻ ഏറ്റവും പ്രയാസപ്പെട്ടത് - കാഞ്ചനയിലെ റോൾ ഇമോഷണലി, ഫിസിക്കലി ഏറെ അധ്വാനം വേണ്ടിവന്നു