മലയാള സിനിമയിലെ ഓള്‍ഡ് മൊങ്ക്സ്

ഓൾഡ് മൊങ്ക്സ് ടീം

ചിത്രങ്ങളിലൂടെ കഥ പറയുക. ഈയിടെയായി നമ്മുടെ മലയാളസിനിമ അവലംബിക്കുന്ന രീതിയാണ് കഥ പറയുന്ന പോസ്റ്ററുകൾ. ഇത്തരം കഥപറച്ചിൽ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രമുഖരാണ് കൊച്ചിയിലെ ഓൾഡ് മൊങ്ക് കമ്പനി. അൻവർ മുതൽ കമ്മട്ടിപ്പാടം വരെ നീളുന്ന ഓൾഡ് മൊങ്ക്സിന്റെ കഥ പറയും ചിത്രങ്ങളുടെ പിന്നിലെ കഥ ഓൾഡ് മൊങ്ക്സിലെ അംഗവും പരസ്യകലാകാരനുമായ ശ്രീജിത്ത് പറയുന്നു.

സിനിമയോടൊപ്പം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കമ്മട്ടിപ്പാടത്തിന്റെ പോസ്റ്ററുകളും. എങ്ങനെയാണ് കമ്മട്ടിപാടത്തിലേക്ക് ഓൾഡ് മൊങ്ക് എത്തുന്നത്?

ഞങ്ങളെ സിനിമയിലേക്ക് കൊണ്ടുവരുന്നതു തന്നെ രാജീവേട്ടനാണ് ( സംവിധായകൻ രാജീവ് രവി ). രാജീവേട്ടനാണ് അമൽനീരദിനെ പരിചയപ്പെടുത്തി തരുന്നത്. അദ്ദേഹത്തിന്റെ അൻവർ സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി പോസ്റ്റർ തയ്യാറാക്കുന്നത്. സിനിമയിലെത്തുന്നതിനു മുമ്പേയുള്ള പരിചയമാണ് രാജീവേട്ടനുമായി. എന്നാൽ ഞാൻ സ്റ്റീവ് ലോപ്പസിലാണ് സംവിധായകനെന്ന രീതിയിൽ രാജീവേട്ടനുമായി ഇടപഴകുന്നത്.

കമ്മട്ടിപാടത്തിന്റെ പോസ്റ്റർ ചെയ്യുന്നതിനു മുമ്പ് സിനിമയുടെ കുറച്ച് ഭാഗങ്ങൾ കാണിച്ചു തന്നു. കമ്മട്ടിപ്പാടം എന്ന സ്ഥലത്തെക്കുറിച്ചും രാജീവേട്ടന്റെ തന്നെ ചെറുപ്പക്കാലത്തെ അനുഭവങ്ങളെക്കുറിച്ചും വിവരിച്ച് തന്നു. എന്നിട്ട് നിങ്ങൾ എന്താണ് തോന്നുന്നത് അതുപോലെ ചെയ്തോളൂ എന്നു പറഞ്ഞു. മറ്റൊരു സംവിധായകനും തരാത്ത സ്വാതന്ത്ര്യമാണ് രാജീവേട്ടന് തന്നത്. അതുകൊണ്ടു തന്നെ ആ ഒരു സർഗാത്മകത പോസ്റ്ററുകളിലും കാണാൻ സാധിക്കും.

ദുൽഖറിന്റെ ചാർലിയുടെ പോസ്റ്ററും ദൃശ്യഭംഗിയുള്ളവയായിരുന്നു. കമ്മട്ടിപാടത്തിൽ നിന്നും ചാർലിയിലേക്ക് വരുമ്പോഴുള്ള പ്രത്യേകതകൾ എന്തെല്ലാമാണ്?

ചാർലിയുടെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും വർഷങ്ങളായി ഫോട്ടോഗ്രാഫറായി ജോലി ചെയ്ത വ്യക്തിയായിരുന്നു. ചാർലിയെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് പറയുന്ന ഏക കാര്യം ചാർലി കാറ്റിനെപ്പോലെയൊരു മനുഷ്യനാണെന്നാണ്. അയാളുടെ ഉള്ളിലെ ആ ഒരു നൈർമല്യം നിഷ്കളങ്കത പോസ്റ്ററുകളിൽ കാണണം അതോടൊപ്പം അയാൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും പ്രേക്ഷകന് അനുഭവവേദ്യമാകണം. ആ ഒരു അനുഭൂതി നിറയ്ക്കാൻ വേണ്ടിയാണ് ചാർലിയുടെ പോസ്റ്ററുകൾ വെള്ള പശ്ചാതലത്തിലും അക്ഷരങ്ങൾ ഇളം നീലനിറത്തിലും എഴുതിയത്. മഞ്ഞ്, കാറ്റ്, മേഘം ചാർലിയുടെ സ്വാതന്ത്ര്യം അതൊക്കെ വെള്ള നിറത്തിലൂടെ പ്രതിഫലിപ്പിക്കാൻ സാധിച്ചു.

പ്രണയം സിനിമയിലും ഇതേ കളർടോൺ തന്നെയായിരുന്നല്ലോ ഉപയോഗിച്ചത്?

ചാർലിയുടെ പോസ്റ്ററുമായി പ്രണയത്തിന് യാതൊരു ബന്ധവുമില്ല. പ്രണയം സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ വിളിക്കുന്ന സമയത്ത് ബ്ലെസി സർ പറഞ്ഞതും വാർധക്യത്തിലെ പ്രണയത്തിന്റെ നിഷ്കളങ്കത പോസ്റ്ററുകളിൽ കാണണമെന്നായിരുന്നു. നിഷ്കളങ്കതയും മനസ്സിന്റെ നൈർമല്യവും പ്രണയത്തിന്റെ ആത്മാവുമൊക്കെ പ്രതിഫലിപ്പിക്കാൻ അധികവും പ്രസന്നത കുറഞ്ഞ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ചെയ്തതിൽവച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞത് ഏതായിരുന്നു?

അത് രാജീവേട്ടന്റെ ‘ഞാൻ സ്റ്റീവ്‌ലോപ്പസാ’ണ്. ഷൂട്ടും എഡിറ്റും കഴിഞ്ഞ ശേഷം മുഴുവൻ സിനിമയും കാണിച്ചു തന്നു. അങ്ങനെയൊരു അനുഭവം ആദ്യമായായിരുന്നു. മറ്റൊന്നും അദ്ദേഹം പറഞ്ഞുതന്നില്ല.

സിനിമയെക്കുറിച്ച് യാതൊരു നിർദേശങ്ങളും തരാതെ അതിന്റെ പോസ്റ്റർ ഉണ്ടാക്കുക എന്നത് ഒരേസമയം സ്വാതന്ത്ര്യവും വെല്ലുവിളി നിറഞ്ഞതുമായ ഒരു കാര്യമായാണ് ഞങ്ങൾക്ക് തോന്നിയത്.

ഡാർവിന്റെ പരിണാമത്തിലെ പൃഥ്വിരാജിന്റെ ഇരട്ടമുഖമുള്ള പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് അത്തരം ഒരു ആശയം അവലംബിച്ചത്?

ഒരാളുടെ ഉള്ളിൽ തന്നെ നായകനും പ്രതിനായകനുമുണ്ട്. നന്മയുടെ തിന്മയുമുണ്ട്. നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ തന്നെയാണ് മനുഷ്യമനസ്സും. അതു കാണിക്കാൻ വേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റർ ചെയ്തത്.

ആശയങ്ങൾ എപ്പോഴെങ്കിലും കടമെടുത്തിട്ടുണ്ടോ?

ക്രിയാത്മകമായ വർക്കുകളും ആശയങ്ങളും എല്ലാവരിലും ഒരേപോലെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. നമ്മുടെ മേഖല മലയാളസിനിമയായതിനാൽ അവിടെ എന്നും പോസ്റ്ററുകളിലും ഒരു പ്രാദേശിക ബന്ധം അനിവാര്യമാണ്. ലോക്കലൈസ് ചെയ്തിട്ടുള്ള പോസ്റ്ററുകളോടാണ് പ്രേക്ഷകർക്കും താൽപ്പര്യം. അവരോട് അടുത്തു നിൽക്കുന്നതും അത്തരം പോസ്റ്ററുകളാണ്. അതുകൊണ്ട് ഞങ്ങൾ എന്നും ഞങ്ങളുടേതായ രീതിയിലാണ് ചെയ്യുന്നത്