സെൻസർ കത്രിക വീഴാതെ എ മലയാളം മൂവി !

സതീഷ്‌ ബാബുസേനനും സന്തോഷ്‌ ബാബുസേനനും

ഏറെ കോളിളക്കം സൃഷ്ടിച്ച മലയാളത്തിലെ ആദ്യ നഗ്ന ചിത്രമായ ചായം പൂശിയ വീടിന് ഒടുവിൽ പ്രദർശനാനുമതി ലഭിച്ചു. നവാഗത സംവിധായകരായ സതീഷ്‌ ബാബുസേനനും സന്തോഷ്‌ ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന് ഐ എഫ് എഫ് കെയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ, ചിത്രത്തിലെ അവിഭാജ്യ ഘടകം എന്ന് പറയപ്പെടുന്ന നായികയുടെ നഗ്നതാ പ്രദർശനം സിനിമയുടെ തീയറ്റർ പ്രദർശന മോഹങ്ങൾക്ക് വിലങ്ങു തടിയായിരുന്നു.

നായികയെ പൂർണ്ണ നഗ്നയായി കാണിച്ചിരിക്കുന്ന ചില സീനുകൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് അഡല്റ്റ്‌ ഒൺലി സർട്ടിഫിക്കറ്റ് പോലും നല്കാനാവില്ലെന്ന നിലപാടിലായിരുന്നു സെൻസർ ബോർഡ്. എന്നാൽ ചിത്രത്തിൽ നിന്നും ഒരു സീൻ പോലും ഒഴിവാക്കില്ലെന്ന നിലപാടിൽ സംവിധായകരും ഉറച്ചു നിന്നു. ഒടുവിൽ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. ചിത്രം അഡല്റ്റ്‌ ഒൺലി സർട്ടിഫിക്കറ്റൊടെ പ്രദർശിപ്പിക്കാൻ അനുമതി നേടുകയായിരുന്നു. ഈ വിജയം കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ സതീഷ്‌ ബാബുസേനൻ മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

എന്തുകൊണ്ടാണ് വിവാദം?

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമായി ഇതിൽ പ്രധാനമായും 3 കഥാപാത്രങ്ങളാണ് ഉള്ളത്. ഇതിൽ നായികാ കഥാപാത്രത്തിന്റെ 3 നഗ്ന സീനുകൾ ഉണ്ട്. ഇത് സിനിമയുടെ കഥാതന്തുവിനു ആവശ്യമായതിനാലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സീനുകൾ പ്രദർശിപ്പിക്കാൻ അനുവാദമില്ലെന്നും, പ്രസ്തുത സീനുകൾ സിനിമയിൽ നിന്നും നീക്കം ചെയ്യണം എന്നതുമായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. എന്നാൽ ഇത് ഞങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കൈ കടത്തലായാണ് ഞങ്ങൾക്ക് തോന്നിയത്. ഈ സീനുകൾ സിനിമയിൽ നിന്നു നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങളും വാദിച്ചു. അഡല്റ്റ്‌ ഒൺലി സർട്ടിഫിക്കറ്റ് ആണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അതുപോലും തരാൻ കഴിയില്ലെന്ന് പറഞ്ഞത് കൊണ്ടാണ് കേസ് ഹൈക്കോടതി വരെ എത്തിയത്. ഐ എഫ് എഫ് കെയിൽ സെൻസർ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് കൊണ്ട് മാത്രം ഞങ്ങളുടെ ചിത്രം പ്രദർശിപ്പിച്ചു. ബാക്കി ഫിലിം ഫെസ്റ്റിവലുകൾ ഒക്കെ ഞങ്ങൾക്ക് നഷ്ടമായി.

സിനിമാ പിന്നണി പ്രവർത്തകരുടെയും വിജയം

അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോൾ ആണ് ഞങ്ങൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ആദ്യത്തെ സിറ്റിംഗ് എല്ലാം കഴിഞ്ഞ് ഈ മാസം 9 നു അടുത്ത ഹിയറിംഗ് വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അഡല്റ്റ്‌ ഒൺലി സർട്ടിഫിക്കറ്റൊടെ ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി സെൻസർ ബോർഡിൽ നിന്നും ലഭിക്കുന്നത്. ഇത് ഇന്ത്യയിലെ തന്നെ എല്ലാം സിനിമാ പിന്നണി പ്രവർത്തകരുടെയും വിജയമാണ് .

നഗ്നതാ സീനുകൾ ചിത്രത്തിന്റെ അവിഭാജ്യ ഘടകം ആയിരുന്നോ?

തീർച്ചയായും. അതുകൊണ്ടാണ് അത് ചിത്രീകരിച്ചതും, ഒഴിവാക്കാൻ പറഞ്ഞപ്പോൾ വിമുഖത കാണിച്ചതും. ഗൗതം എന്ന വൃദ്ധനായ ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന യുവതിയെയും യുവാവിനെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ മുന്നോട്ട് പോകുന്നത്. ബോളിവുഡ് നടി നേഹാ മഹാജനാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു അഭിനേത്രി എന്ന നിലയിൽ കലാമൂല്യമുള്ള ഒരു സിനിമയ്ക്കായി അവർ അത്രയും ആത്മാർഥമായി ചെയ്ത സീനുകളാണ് കട്ട്‌ ചെയ്യാൻ പറഞ്ഞത്. നഗ്നത ശ്രദ്ധിക്കാതെ സിനിമ ശ്രദ്ധിക്കുക. അപ്പോൾ മനസിലാകും ചിത്രത്തിൽ ഈ സീനുകൾ അനിവാര്യമാണ് എന്ന്. ഇത് കട്ട്‌ ചെയ്യേണ്ടി വന്നാൽ അത് ചിത്രത്തിന് പിന്നിലെ കലാകാരന്മാരോടുള്ള അനീതിയാണ്. ഇത് പാനൽ പോലും സമ്മതിച്ച കാര്യമാണ്.

വിവാദ പദ പ്രയോഗങ്ങൾ

3 സീനുകൾ കട്ട്‌ ചെയ്യുന്നതിനൊപ്പം തെറിപറയുന്ന സീനിലെ പദപ്രയോഗം ബീപ് ശബ്ദം ഇട്ടു നല്കണമെന്ന നിർദ്ദേശവും വന്നു. എന്നാൽ ഇത് കേരളത്തിൽ ആരും ഉപയോഗിക്കാത്ത ഒരു പദമല്ല. അതുകൊണ്ട് തന്നെ ഞങ്ങൾ അത് പിൻവലിക്കാൻ സാധിക്കില്ലെന്നു പറഞ്ഞു. ഇപ്പോൾ മാറ്റങ്ങൾ ഒന്നും കൂടാതെ തന്നെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

സിനിമ ഉടൻ തന്നെ തീയറ്ററുകളിൽ

ഈ വിലക്ക് നിലനിൽക്കുന്നതിനാൽ ഞങ്ങൾക്ക് സിനിമയുടെ പ്രിവ്യൂ പോലും നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഇനി അതുണ്ടാവില്ല. സിനിമ ഉടൻ തന്നെ തീയറ്ററുകളിൽ പ്രതീക്ഷിക്കാം. എന്നാൽ തീയതിയൊന്നും ഇപ്പോൾ നിശ്ചയിച്ചിട്ടില്ല.

നഷ്ടമായ അവസരങ്ങൾ

ഒരുപാട് നല്ല അവസരങ്ങൾ സിനിമയ്ക്ക് നഷ്ടമായി. ഐ എഫ് എഫ് കെ മാറ്റി നിർത്തിയാൽ മറ്റു നല്ല ഫിലിം ഫെസ്റ്റിവലുകൾ ചായം പൂശിയ വീടിന് നഷ്ടമായി. ഇന്ത്യൻ പനോരമ, പൂനെ ഫിലിം ഫെസ്റ്റ്, ബാംഗ്ലൂർ ഫിലിം ഫെസ്റ്റ്, കൽക്കട്ട ഫിലിം ഫെസ്റ്റ് എന്നിവിടങ്ങളിൽ നിന്നും ക്ഷണം ലഭിച്ചെങ്കിലും സർട്ടിഫിക്കറ്റിന്റെ അഭാവം മൂലം ഞങ്ങൾക്ക് പങ്കെടുക്കാനായില്ല. അത് ആദ്യ ചിത്രം എന്ന നിലയിൽ ഞങ്ങൾ നേരിട്ട വൻ നഷ്ടമായിരുന്നു. കോടതി വിധിയോടു കൂടി ചിത്രം ദേശീയ അവാർഡ്‌ നിർണ്ണയ കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന അവാർഡിനും അപേക്ഷിക്കും. ഐ എഫ് എഫ് കെ നൽകിയ പ്രചോദനം

വളരെ മികച്ച പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത്. ആ പ്രതികരണമാണ് കേസുമായി മുന്നോട്ട് പോകാനുള്ള പ്രചോദനവും. ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പൂർണ്ണ മനസ്സോടെ ഐ എഫ് എഫ് കെ കാണികൾ ഏറ്റെടുത്തു. ചിത്രത്തെ കുറിച്ചു മോശം അഭിപ്രായം ഒന്നും ഉണ്ടായില്ല. നേരിട്ട് ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കുകയുമുണ്ടായി. നേഹാ മഹാജന്റെ ധൈര്യത്തിന് പ്രത്യേക അഭിനന്ദനം അർഹിച്ചു.