പോളിയോ തളർത്തി; സിനിമ വളർത്തി

പ്രേക്ഷകന് കൈയ്യെത്തും അകലത്തിൽ മാത്രം സിനിമയെത്തുന്ന കാലമാണിത്. അമറിനേയും അക്ബറിനേയും അന്തോണിയേയും നമ്മളങ്ങനെ ചേർത്തു നിർത്തുന്നത് മറ്റൊന്നും കൊണ്ടല്ല. അതിൽ ജീവിതത്തിന്റെ പച്ചപ്പുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ്. ഒന്നുമില്ല ആ സിനിമയ്ക്കുള്ളിലെന്ന് ഒരു കൂട്ടർ വാദിക്കുമ്പോഴും ജീവിതത്തിന്റെ ചായച്ചിത്രത്തിലുള്ള കളങ്കങ്ങളും പകിട്ടുകളുമില്ലാത്തെ കുറേ ജീവിതങ്ങൾ ആ സിനിമയിലുണ്ടെന്നത് സത്യം.

അമറും അക്ബറും അന്തോണിയും തൊട്ടപ്പുറത്തെ കുട്ടികൾ തന്നെ. നമ്മുടെ എറണാകുളത്ത് കളിച്ചു വളർന്നവർ. തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും പിന്നെ അവരുടെ കൂട്ടുകാരൻ റിപിനും. അവരായിരുന്നു ഈ സിനിമയിൽ അഭിനയിക്കാനിരുന്നത്. ജീവിതമങ്ങനെ ഒരു പേപ്പറിനുള്ളിൽ സ്ക്രീൻ ബൈ സ്ക്രീനുകളിലായി എഴുതിപ്പിടിപ്പിച്ച് വച്ചിട്ട് പിന്നീടത് മലയാളത്തിലെ മികച്ച നടൻമാർ അഭിനയിച്ചു തീർത്തെങ്കിലും കഥാപാത്രത്തിനുള്ളിലെ യാഥാര്‍ഥ്യം ഇവർക്കുള്ളിലങ്ങനെ കിടക്കുകയാണ്. പ്രത്യേകിച്ച് ബിബിനുള്ളിൽ. ജയസൂര്യ അവതരിപ്പിച്ച അക്ബറെന്ന കഥാപാത്രം ബിബിൻ തന്നെയാണ്. പോളിയോ ബാധിച്ച് തളർന്നു പോയ കാലിനെ നോക്കി നീ പോടാപ്പാ എന്നു പറഞ്ഞ് ലോകത്തിന്റെ വേഗത്തിനൊപ്പം ഒരുപക്ഷേ അതിനേക്കാൾ വേഗത്തിൽ കുതിക്കുന്ന കഥാപാത്രം ബിബിന്റേതാണ്. ബിബിന്റെ ജീവിതമാണ്. ബിബിന്റെ മാനറിസങ്ങളും മറ്റും നോക്കി പഠിച്ചാണ് ജയസൂര്യ അമറെന്ന കഥാപാത്രത്തെ ചെയ്തതും.

അക്ബർ ഈ സിനിമയിൽ കുട്ടിക്കാലത്ത് സ്വന്തം നിക്കർ ഊരികാണിക്കുന്ന രംഗമുണ്ട്. അതൊഴികെ ബാക്കിയെല്ലാം എന്റെ ജീവിതത്തിൽ നടന്നതു തന്നെ ബിബിൻ ചെറുചിരിയോടെ പറഞ്ഞു. ആറാം ക്ലാസിൽ തുടങ്ങിയതാണ് വിഷ്ണുവിനും റിപിനുമൊപ്പമുള്ള കൂട്ടുകെട്ട്. ഞങ്ങളും ഞങ്ങൾക്ക് ചുറ്റുമുള്ള കൂട്ടുകാരും അവരുടെ കണ്ണീരുപ്പും കൊച്ചു കൊച്ചു സന്തോഷങ്ങളും കലർന്ന ജീവിതമാണ്. പോളിയോ ബാധിച്ച കാലുകളൊരിക്കലും എനിക്ക് തടസമായിട്ടില്ല.

ചെറുപ്പത്തിലേ അങ്ങനൊരു സങ്കടമുണ്ടായിരുന്നു. പക്ഷേ ആ കാലുകളാണ് എന്നെ മിമിക്രിയിലെത്തിച്ചത് , അവിടെ നിന്ന് സിനിമയിലേക്കും. ബിബിന്റെ ആത്മാംശമുള്ള ഒരു സിനിമയെ മലയാളത്തിൽ സൃഷ്ടിച്ചത്. വളരെ പോസിറ്റീവ് ആയ കഥാപാത്രമാണ് ജയസൂര്യയുടേത്. ഞാനും അതുപോലെ തന്നെ. എന്നെ അറിയാവുന്നവർക്കറിയാം ഞാനാണ് സിനിമയിലുള്ളതെന്ന്. ഒരുപാട് തീയറ്ററുകളിൽ പോയിരുന്നു. അവിടെങ്ങും പക്ഷേ ആരും അപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ ഒട്ടേറെ പേർ വിളിക്കുന്നുണ്ട്. ഇത് നീയല്ലേ എന്നു ചോദിച്ചു. അതെ ഇതു ഞാൻ തന്നെയാണ്. പിന്നെ എന്റെ കൂട്ടുകാരും അവരുടെ ജീവിതവും.