കിസ്മത്തിനു പിന്നിലെ സംഭവകഥ

എന്റെ ഏറ്റവും വലിയ ആഗ്രഹം അനിത ഇൗ സിനിമ കാണണമെന്നുള്ളതാണ്. പറയുന്നത് കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിയാണ്. ഒരു മനുഷ്യായുസു കൊണ്ട് അനുഭവിക്കാനുള്ളതെല്ലാം അവൾ അനുഭവിച്ചുകഴിഞ്ഞു. സിനിമ കണ്ട് ഒട്ടേറെ പേർ വിളിച്ചെങ്കിലും അനിതയുടെ വിളിക്കായി ഞാൻ കാത്തിരിക്കുകയാണ്. അവളോട് നീതി പുലർത്തിയോ എന്നു മാത്രമാണ് എനിക്ക് അറിയേണ്ടത്. സിനിമ കാണണമെന്നും പറ‍ഞ്ഞപ്പോൾ ആലോചിക്കാം എന്നാണ് പറഞ്ഞത്. 

അനിത പുറം ലോകത്തിൽ നിന്നെല്ലാം അകന്ന് നിൽക്കുകയാണ്. അനിത എന്നല്ല അവളുടെ യഥാർഥ പേര്. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാനും പുറംലോകം കാണാനും അവൾ ഇന്ന് ഇഷ്ടപ്പെടുന്നില്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയാണവൾക്ക്. ഇൗ ചിത്രത്തിലെ സുമംഗലിയും ഇർഫാനും ജീവിച്ചിരുപ്പുണ്ട്. പക്ഷേ, എവിടെയാണെന്നറിയില്ല. സിനിമ കാണണമെന്നും തിരശീല മാറ്റി മുന്നിലേക്കു വരണമെന്നും പറ‍ഞ്ഞപ്പോൾ പത്തുവട്ടം ആലോചിക്കണമെന്നാണവൾ പറഞ്ഞത്. 

കിസ്മത്തിനെ കൂകി തോൽപിക്കാൻ ചിലർ ശ്രമം നടത്തി. എങ്കിലും പ്രതിസന്ധികളെയെല്ലാം  മറികടന്ന് കിസ്മത്ത് തീയറ്ററുകളിൽ ഹൗസ് ഫുള്ളായി ഒാടുകയാണ്. സിനിമയിലൂടെ ഉദ്ദേശിച്ചത് കൈമാറ്റം ചെയ്യാൻ സാധിച്ചുവെന്ന് ഇൗകൂകൽ കേട്ടപ്പോൾ മനസിലായി. ചിലർ പറയുന്നു ഫാൻസ് അസോസിയേഷനാണ് കൂകിയതെന്ന്. പക്ഷെ , അതു ഞാൻ വിശ്വസിക്കുന്നില്ല. എറിഞ്ഞ കല്ല് കൃത്യമായി കൊള്ളുന്നതു കൊണ്ടതു കൊണ്ടാണ് പ്രതികരിക്കുന്നത്.

സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തോടുള്ള എതിർപ്പായിരിക്കും ഇൗ പ്രതികരണത്തിന് കാരണം. ഒരു മതത്തിനും എതിരായിട്ടല്ല ഇൗ സിനിമ. മതത്തിന്റെ പേരിലുള്ള സ്ഥാനമാനങ്ങളോടുള്ള ഭ്രമമാണ് ഇൗ സിനിമ കൈകാര്യം ചെയ്യുന്നത്. കഥയിലെ നായകൻ ഇർഫാന്റെ ബാപ്പയ്ക്കും മഹലിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുന്നതു കൊണ്ടാണ് സങ്കടം. മതത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ച് പറയാൻ ഇൗ സിനിമ പോര. 

ഞാൻ പൊന്നാനിക്കാരനാണ്. പൊന്നാനിയിൽ നടന്ന സംഭവമാണ് ഇൗ സിനിമയിൽ പറയുന്നത്. പൊന്നാനിയിലെ ഭാഷയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുകാർ വരെ ആ ഭാഷ മനസിലാക്കുന്നു, ഇഷ്‍‍ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷം. ഇതൊരു സൂപ്പർ സ്റ്റാർ ചിത്രമല്ല. കൊമേഴ്സ്യൽ സിനിമയുടെ യാതൊരു ചേരുവകളുമില്ല. വിഷയത്തോട് സത്യസന്ധത പുലർത്തി എന്നു മാത്രമേ ഉള്ളൂ. അതിനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നു. അല്ലാതെ വിജയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.

സിനിമയ്ക്ക് തീയറ്റർ കിട്ടാതെ വന്നപ്പോഴാണ് വല്ലാതെ വിഷമിച്ചു പോയത്. പല തീയറ്ററുകാരും അങ്ങോട്ടു പൈസ കൊടുത്താൽ ചിത്രം കാണിക്കാം എന്നു പറഞ്ഞിരുന്നു. ആ സമയത്താണ് ലാൽ ജോസ് എന്ന വലിയ മനുഷ്യന്റെ വരവ്. ലാൽ ജോസും രാജീവ് രവിയുമൊന്നുമില്ലാതിരുന്നെങ്കിൽ ഇൗ സിനിമ പുറം ലോകം കാണില്ലായിരുന്നു., ഷാനവാസ് പറയുന്നു.