ഇക്കണ്ടതൊന്നുമല്ല മാസ്: ബിനു

ബിനു

തല്ലാനായി ഓടിയെത്തുന്ന വില്ലൻമാരെ ആയുധമൊന്നുമില്ലാതെ അടിച്ചൊതുക്കുന്ന നായകൻ. കാർചേസും പർവ്വതാരോഹണവും വരെ അനായാസം ചെയ്യുന്ന പ്രതിഭ. ഈ ഗുണങ്ങളൊന്നുമില്ലാത്ത നായകനില്ലാതെ തമിഴ്-തെലുങ്ക് സിനിമ നമുക്ക് പ്രതീക്ഷിക്കാനാകില്ല. പക്ഷേ മലയാളത്തിൽ ഇത്രയും തട്ടുപൊളിപ്പൻ സിനിമ ചിന്തിക്കാനാകുമോ? പുതുവർഷത്തിൽ ആദ്യമെത്തിയ ചിത്രം തന്നെ അതിനുത്തരം നൽകി. ഇതിഹാസയ്ക്ക് ശേഷം ബിനു ഒരുക്കിയ സ്റ്റൈല്‍ ആയിരുന്നു ആ സിനിമ. സ്റ്റൈലിലേക്ക് നയിച്ച സ്റ്റൈൽ ഫാക്ടേഴ്സ് എന്തെല്ലാമാണ്. ബിനു സംസാരിക്കുന്നു.

പേരും സ്റ്റൈൽ സിനിമയും സ്റ്റൈൽ. എന്തായിരുന്നു ഈ പ്രമേയത്തിലേക്കെത്തിച്ചത്.

സിനിമ കാണാൻ കയറുന്നവനെ അത് കണ്ടിരിക്കുന്ന സമയമത്രയും എന്റർ‍ടെയ്ൻ ചെയ്യിക്കുക. അതിൽ കൂടുതലൊന്നും ചിന്തിച്ചില്ല. പാട്ടും സ്റ്റണ്ടും പ്രണയവും നല്ലൊരു കുഞ്ഞു കഥയും ചേർന്നൊരു കണ്ടിരിക്കാൻ രസമുള്ളൊരു സിനിമ. അത് യാഥാർഥ്യമായി എ‌ന്നു തന്നെയാണ് വിശ്വാസം. മസാല പടം തന്നെയാണിത്. നായകൻ വിജയിക്കുന്നത് കാണാനാണ് ആളുകൾക്കിഷ്ടം. വില്ലൻ ജയിച്ചുകയറുന്നൊരു സിനിമ അവർ അംഗീകരിക്കുമെന്ന് ജനങ്ങൾ അംഗീകരിക്കുമെന്ന് കരുതുന്നുണ്ടോ. മാസ് സിനിമകളുടെ നായകൻമാരെല്ലാം അങ്ങനെ തന്നെയല്ലേ. ജസ്റ്റ് എൻറർടെയ്ൻമെന്റ് മാത്രമാണ് സ്റ്റൈൽ.

തമിഴ് തെലുങ്ക് സിനിമകളുടെ ഒരു സ്റ്റൈലാണല്ലോ ചിത്രത്തിന്. അവ സ്വാധീനിച്ചിട്ടുണ്ടോ?

അവ രണ്ടും ഞാനേറേ ഇഷ്ടപ്പെടുന്ന സിനിമാ ഇൻഡസ്ട്രിയാണ്. തമിഴ്-തെലുങ്ക് സിനിമകള്‍ കാണാനേറെ ഇഷ്ടം. അവ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ സ്വാധീനം മാത്രം പോരല്ലോ. ബഡ്ജറ്റും വേണ്ടേ. തമിഴ് തെലുങ്ക് സിനിമകളുടെ മാസ് രംഗങ്ങളുടെ അടുത്ത് പോലും എന്റെ സിനിമയുടെ രംഗങ്ങളെത്തില്ല. അതുപോലൊരു സിനിമ മലയാളത്തിൽ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. മലയാളത്തിനിത് അപരിചിതമൊന്നുമല്ല തിക്കുറിശി മുതലിങ്ങോട്ട് അതികായൻ‌മാരായ നായകൻമാരെ മലയാളം ഏറെ കണ്ടിട്ടുണ്ട്. വില്ലനെ അടിച്ചിട്ട് നായികയുമായി പറക്കുന്ന നായകൻമാർ. അതിൽ പുതുമയില്ലല്ലോ. സ്റ്റൈലിലെ മാസ് രംഗങ്ങൾ അതിന്റെ ഭാഗമായി വന്നതാണ്.

ഇതിഹാസയിൽ ഒരു മോതിരം. സ്റ്റൈലിൽ കാർ. രണ്ടു സിനിമയിലും കേന്ദ്രമായി ഒരു പ്രത്യേക വസ്തു. എന്തുകൊണ്ടാണിങ്ങനെ?

ഇതിഹാസയല്ല സ്റ്റൈൽ. ഇതിഹാസ തീർത്തും വ്യത്യസ്തമായൊരു ചിത്രം ചെയ്യണമെന്ന ഉദ്ദേശത്തിൽ നിന്ന് വന്നതാണ്. സ്റ്റൈൽ സാധാരണൊരു ചിത്രവും.‌ രണ്ടിലും ഒരു വസ്തു വളരെ പ്രാധാന്യത്തോടെ വന്നത് മനപൂർവമല്ല. വ്യത്യസ്തതകൾ തേടിപ്പോയപ്പോൾ വന്നതാണ്. സ്ക്രിപ്റ്റ് എഴുതി വന്നപ്പോൾ അങ്ങനെ സംഭവിച്ച് പോയതാണ്. അല്ലാതെ അതിന് പിന്നിൽ കഥയൊന്നുമില്ല.

തമിഴിലോ തെലുങ്കിലോ ഇത്തരമൊരു സിനിമയെ ധൈര്യമായി അവതരിപ്പിക്കാം. പക്ഷേ മലയാളം അത് ഉള്‍ക്കൊള്ളണമെന്നില്ലല്ലോ? എവിടന്നായിരുന്നു ആ ധൈര്യം

ധൈര്യം. അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ലല്ലോ. തമിഴ് ചിത്രങ്ങളിവിടെയിറങ്ങുമ്പോൾ തീയറ്ററിൽ പ്രളയം സൃഷ്ടിച്ചല്ലേ ആളുകൾ കയറുന്നത്. യുവാക്കൾക്കും കുട്ടികൾക്കും ഏറെയിഷ്ടമല്ലേ. അതുകൊണ്ട് ആളുകൾ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു. യുവാക്കൾക്ക് ഏറെ ഇഷ്ടമാകുമെന്നെനിക്ക് തോന്നി. കുടുംബമായി പോയിരുന്നു രണ്ട് മണിക്കൂർ ധൈര്യമായി കാണാവുന്നൊരു ചിത്രം. അത് അവതരിപ്പിക്കാൻ ഞാനെന്തിന് പേടിക്കണം.

വില്ലനെ ഇത്രയും സ്റ്റൈൽ ആക്കിയതിനു പിന്നിൽ

സിനിമയുടെ സ്ക്രിപ്റ്റനുസരിച്ച് നായകനെ പോലെ സ്റ്റൈൽ ആയ അവനൊപ്പം അടി കൂടി നിൽക്കാൻ പോന്ന ഒരാളിനെ തന്നെ വേണം. ആ അന്വേഷണം ചെന്നെത്തിയത് ടൊവീനോയിലേക്കാണ്. ഉണ്ണിക്കൊത്ത ശരീര ഘടനയും കാണാൻ ഭംഗിയും നല്ല അഭിനയ മികവുമുള്ള ടൊവിനോ ആ റോൾ ഭംഗിയായി ചെയ്തു. ഒരുപാടുയരങ്ങളിലേക്ക് ടൊവീനോ പോകും. അയാളുടെ അഭിനയം നേരിട്ട് കണ്ടൊരാളെന്ന നിലയിലാണ് ഇത് പറയുന്നത്. ആഴത്തിലുള്ള അഭിനയ പ്രതിഭയുണ്ട്. ഏത് കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ പോന്നൊരു പ്രതിഭ.

നായികയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയില്ലേ. എന്താണ് ഇങ്ങനൊരു കഥാപാത്രത്തിനായി കേരളത്തിനു പുറത്തേക്ക് പോയത്.

നായികയ്ക്ക് പ്രാധാന്യം കുറഞ്ഞെന്നു പറയരുത്. സിനിമയിൽ നിർണായകം തന്നെ. പക്ഷേ ഒരു ഘട്ടത്തിൽ സിനിമ നായകനിലേക്കും അവന്റെ അനിയനിലേക്കും തിരിഞ്ഞു. ചലച്ചിത്രത്തിന്റെ ഗതി തിരിഞ്ഞത് അവരിലൂടെയാണ്. പക്ഷേ നായികയ്ക്ക് അതിന്റേതായ പ്രാധാന്യം കിട്ടി. മനപൂർവം പുറത്തുള്ളൊരാളെ നായികയാക്കിയതല്ല. സനയെ ആണ് ഈ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത്. സനക്ക് റാണീ പത്മിനിയിൽ അഭിനയിക്കാൻ പോകേണ്ടി വന്നു. അത് കമ്മിറ്റ് ചെയ്തിരുന്നു നേരത്തേ. എനിക്ക് സിനിമയുടെ ഷൂട്ടിങ് മാറ്റിവയ്ക്കാനുമാകുമായിരുന്നില്ല. മലയാളം അധികം ശ്രദ്ധിച്ചിട്ടില്ലാത്ത ക്യൂട്ട് ഫേസ് വേണമായിരുന്നു. അങ്ങനെയാണ് പ്രിയങ്കയിലേക്കെത്തിയത്. ഇനി ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ നായികയെ വച്ച് ചെയ്യണമെന്നാണ് ആഗ്രഹം. ആഗ്രഹമല്ല, അങ്ങനെതന്നെയാകും.

പക്കാ ക്ലീഷേ ആയിപോയെന്ന ആരോപണങ്ങളോടെന്ത് പറയുന്നു.

ക്ലീഷേ ആയിപ്പോയെന്ന ആരോപണങ്ങൾ എന്നെ വേദനിപ്പിക്കുന്നില്ല. എന്റെ സിനിമയിൽ മോശമായി ഒന്നുമില്ല. കണ്ണിന് സന്തോഷം പകരുന്ന കാര്യങ്ങളേയുള്ളൂ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം, അനിയനും ചേട്ടനും തമ്മിലുള്ള അടുപ്പം, പ്രണയം സ്റ്റണ്ട് എല്ലാം ചേർന്ന സിനിമയാണിത്. ഞാനതാണ് ഉദ്ദേശിച്ചത്. അപ്പോൾ വിഷമിക്കേണ്ട കാര്യമില്ലല്ലോ. വിമർശനങ്ങൾ ഉന്നയിക്കുന്നവർ ജസ്റ്റ് എന്‍റർടെയ്ൻമെൻറ് മാത്രമായി സിനിമയെ കണ്ടു നോക്കൂ.

എന്തിരുന്നാലും മാസ് രംഗങ്ങള്‍ ഒരൽപം കടന്നുപോയില്ലേ?

ഇക്കണ്ടതൊന്നുമല്ല മാസ് രംഗങ്ങൾ. മൂന്നുകോടിയുടെ ബഡ്ജറ്റിൽ ചെയ്ത സിനിമയാണിത്. അപ്പോൾ ഊഹിക്കാമല്ലോ പൈസ എത്രത്തോളം പരിമിതി സൃഷ്ടിച്ചുവെന്ന്. ഒരുപാട് മാസ് രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. എന്റെ ഭാവനയിലുള്ള പല രംഗങ്ങളും ഉൾക്കൊള്ളിക്കാനായില്ല,‍. നൂറ് കോടിയിലെടുക്കുന്ന തമിഴ്-സിനിമയുടെ അനുകരിച്ചെന്ന് പറയുമ്പോൾ നമ്മളീ ബഡ്ജറ്റിന്റെ കാര്യമോർക്കണം. സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്ന പല രംഗങ്ങളും വെട്ടിമാറ്റി.

കടലിലേക്ക് നീളുന്ന രണ്ടര കിലോ മീറ്ററോളം ദൂരത്ത് വച്ച് കാറും ബൈക്കും തമ്മിൽ ചേസ് ചെയ്യുന്ന ഒരു രംഗം ഉൾക്കൊള്ളിച്ചിരുന്നു. കാറ് ഷൂട്ടിങിനിടെയുണ്ടായിരുന്ന അപകടത്തിൽ തകർന്നകാരണം അത് നടന്നില്ല. അത് സിനിമയെ ബാധിച്ചു. അതുപോലെ ഉണ്ണി മുകുന്ദന്റെ എൻട്രിയും വേറൊരു രസകരമായ രീതിയിലാണ് ഉദ്ദേശിച്ചേ. അതും നടന്നില്ല. ക്ലൈമാക്സിലും ഊ ബഡ്ജറ്റ് പ്രശ്നം ബാധിച്ചു. ആ രംഗത്ത് കമ്പിക്കു മുകളിൽ നടക്കുന്ന അടി ചിത്രീകരിക്കുവാൻ വലിയ ചിലവേറിയ സുരക്ഷാ മാർഗങ്ങളുടെ സഹായത്തോടെയേ ചെയ്യാനാകുമായിരുന്നുള്ളൂ. അത് സാധിക്കാത്തതു കാരണം കമ്പിയിൽ പലകയിട്ടാണ് ചെയ്തത്.

കലാമൂല്യമുള്ളൊരു സിനിമ ബിനുവിൽ നിന്ന് പ്രതീക്ഷിക്കാമോ?

നിർമാതാവ് എന്ന വ്യക്തി വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്നൊരാളാണ്. അയാൾക്ക് നീതി കിട്ടണം. നമ്മൾ സിനിമയെടുത്ത് അവരെ കുഴപ്പത്തിലാക്കരുത്. കൂടുതൽ ആൾക്കാരിലേക്കെത്തുന്ന സിനിമയെടുക്കണം എന്നെനിക്ക് നിർബന്ധമുണ്ട്. നല്ല കഥയും കുറേ നല്ല കഥാപാത്രങ്ങളും നല്ല ആശങ്ങളും പ്രതീക്ഷകളുമുള്ള സിനികമളെടുക്കണം എന്നാണ് ആഗ്രഹം. അത് കാണാൻ തീയറ്റർ നിറഞ്ഞ് ആളുകളെത്തണമെന്നുമുണ്ട്. പക്കാ കഥാമൂല്യമുള്ളൊരു സിനിമയാണെങ്കിൽ അത് ഒരുപക്ഷേ നിർമാതാവിന് ഗുണം ചെയ്യില്ല. എനിക്കെന്നെങ്കിലും സിനിമ നിർമിക്കാൻ പറ്റുന്നൊരു സാഹചര്യമുണ്ടാകുമ്പോൾ ഞാനത്തരമൊരു സിനിമയെടുക്കും. പിന്നെ ഞാന്‍ ചെയ്യുന്ന അടുത്ത സിനിമ കോമഡി-റൊമാന്റിക് മൂവി. സ്റ്റൈൽ പോലെയേ ആയിരിക്കില്ല അത്.