രണ്ടു ദിവസമെങ്കിലും എന്‍റെ പടം ഓടണം

സുദേവന്‍റെ ക്രൈം നമ്പര്‍ 89, സജിന്‍ ബാബുവിന്‍റെ അണ്‍ടു ദി ഡസ്ക് (അസ്തമയം വരെ) എന്നീ ചിത്രങ്ങള്‍ ജൂണ്‍ അഞ്ചിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ സഹകരണത്തോടെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ അത് മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രസക്തമായൊരു ചോദ്യം ഉന്നയിക്കുന്നു. മാറ്റത്തിനൊപ്പം നില്‍ക്കാന്‍ മനസ്സുണ്ടോ എന്ന ചോദ്യം. 

ഒരു അന്യഭാഷ ചിത്രം കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളില്‍ റീലിസ് ചെയ്യുമ്പോള്‍ രാജ്യന്തര പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്നേ മൂന്ന് ക്രേന്ദ്രങ്ങളില്‍ മാത്രമാണ് റിലീസിങിന് ഒരുങ്ങുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. മലയാള സിനിമയില്‍ മാറ്റം അനിവാര്യമാണെന്ന് നിരന്തരം വാദിക്കുമ്പോഴും മാറ്റങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇരട്ടതാപ്പാണ് മലയാളിയുടെ പതിവ്. മാറ്റം തുടങ്ങേണ്ടത് പ്രേക്ഷകരില്‍ നിന്നു തന്നെയാണ്. 

ക്രൈം നമ്പര്‍ 89ന്‍റെ സംവിധായകന്‍ സുദേവന്‍ മനസ്സ് തുറക്കുന്നു... സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വേറിട്ട കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കുന്നു.

2013ല്‍ പൂര്‍ത്തിയ ചിത്രം തിയറ്ററില്‍ എത്താന്‍  രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പ്

തിയറ്റര്‍ എന്നത് പണ്ട് മുതല്‍ക്കേ വിപണി, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണ്. സര്‍ക്കാരും അതിനെ പരിഗണിക്കുന്നത് അങ്ങനെ തന്നെയാണ്. താരങ്ങളെ അണിനിരത്തിയുള്ള, വിപണി മൂല്യമുള്ള സിനിമകള്‍ക്കു പുറമേ തിയറ്റര്‍ ഉടമകളും വിതരണക്കാരും പോകു. അതില്‍ അവരെ ഒരിക്കലും തെറ്റു പറയാന്‍ പറ്റില്ല. അവരെ കുറ്റപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു അവാര്‍ഡ് സിനിമ ഒരാഴ്ച ഒരു തിയറ്ററില്‍ കളിച്ച് അയ്യായിരം രൂപ മാത്രമേ കളക്റ്റ് ചെയ്യാനുളെങ്കില്‍ ആ തിയറ്ററിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ആ തുക തികയാതെ വരും.  

ഇവിടെ മാറ്റം ഉണ്ടാകേണ്ടത് പ്രേക്ഷകരുടെ ഭാഗത്ത് നിന്നാണ്. കൊമേഴ്സ്യല്‍ സിനിമ, ആര്‍ട്ട് സിനിമ എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ നല്ല സിനിമകള്‍ കാണാന്‍ ജനം തിയറ്ററിലേക്കു എത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ മാറു. മാറ്റം അടിച്ച് ഏല്‍പ്പിച്ചിട്ട് കാര്യമില്ല. മാറ്റത്തെ ഉള്‍കൊണ്ട് പ്രേക്ഷകര്‍ സ്വയം മുന്നോട്ട് വരണം.

സമാന്തര സിനിമ, ആര്‍ട്ട് സിനിമ, അവാര്‍ഡ് പടം എന്നീ ടാഗുകള്‍ നെഗറ്റീവായ ഫലമുണ്ടാക്കുന്നുണ്ടോ

തീര്‍ച്ചയായിട്ടും. ഇതിനു മുമ്പ് പല സുഹൃത്തുകളുടെയും ഇത്തരത്തിലുള്ള സിനിമകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങിയപ്പോഴും അവരോട് വിതരണക്കാര്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നത് അവാര്‍ഡ് പടം എന്നു പറ‍ഞ്ഞാല്‍ ആള്‍ക്കാര്‍ ആ വഴി അടുക്കില്ലയെന്നാണ്. കൊമേഴ്സ്യല്‍ സിനിമയാണോ അവാര്‍ഡ് സിനിമയാണോ എന്ന് പോസ്റ്റര്‍ കണ്ടാല്‍ തന്നെ മനസ്സിലാകും അതുകൊണ്ട് നിങ്ങള്‍ പോസ്റ്റര്‍ പുതിയ രീതിയില്‍ ഡിസൈന്‍ ചെയ്യണമെന്നൊക്കെ അവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്.  

അര ഡസനോളം അവാര്‍ഡുകള്‍ നേടിയിട്ടും ചാനലുകാരും വിതരണക്കാരും ചിത്രത്തെ ഏറ്റെടുത്തില്ല

ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും ഞങ്ങള്‍ക്കു മുന്നില്‍ അടഞ്ഞു തന്നെ കിടക്കുന്നു. മികച്ച ചിത്രത്തിനും മികച്ച രണ്ടാമാത്തെ നടനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, തിരുവനന്തപുരം രാജ്യന്തര ചലച്ചിത്രമേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്റ്റ്പാക് പുരസ്കാരം, നവാഗത സംവിധായകനുള്ള ജി. അരവിന്ദന്‍ പുരസ്കാരം, പത്മരാജന്‍ പുരസ്കാരം, ജോണ്‍ ഏബ്രഹാം പുരസ്കാരം ഇത്രയെറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടും ഇതുവരെ ഒരു ചാനല്‍ക്കാരും ചിത്രം വാങ്ങാന്‍ തയ്യാറായില്ല. ഒരു വിതരണക്കാരും ഈ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചില്ല. ആരോടും കരഞ്ഞ് കാലുപിടിച്ചു സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ചിത്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു ഒരു ചാനല്‍ ഓഫിസിലും കയറി ഇറങ്ങിയിട്ടില്ല. അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടുമില്ല. ചാനലുകാരും വിതരണക്കാരും എങ്ങനെയുള്ള സിനിമകള്‍ ഏറ്റെടുക്കണമെന്ന് അവര്‍ക്ക് ഉണ്ടാകേണ്ട ബോധ്യത്തിന്‍റെ പ്രശ്നം കൂടിയാണിത്.

മറ്റ് മാര്‍ഗങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക്  എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടോ

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴി ചിത്രം പ്രദര്‍ശത്തിനു എത്തുന്നതിനു പിന്നാലെ ചിത്രത്തിന്‍റെ ഡിവിഡികള്‍ പുറത്തിറക്കും. യൂടുബ് വഴി ചിത്രം ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും. പിന്നെ ചെറുതും വലുതുമായ ഒട്ടേറെ ചലച്ചിത്രമേളകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തിയറ്ററില്‍ കാണുന്നതിനേക്കാള്‍ ആളുകള്‍ സിനിമ ഓണ്‍ലൈനായി കാണുന്നുണ്ട്. സിനിമയും നാടവുമൊക്കെ പണം കൊടുത്തു തന്നെ കണ്ടാല്‍ അല്ലേ അതിന് മൂല്യം ഉണ്ടാകു

മലയാളിയുടെ ശീലത്തിന്‍റെ ഒരു പ്രശ്നം കൂടിയാണിത്. പണ്ട് മുതല്‍ക്കേ എല്ലാ കലകളും അവന്‍ സൗജന്യമായിട്ടാണ് ആസ്വദിച്ചുപോരുന്നത്. രാഷ്ട്രീയ സംഘങ്ങളുടെ തെരുവ് നാടകങ്ങളും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു അരങ്ങേറുന്ന കഥകളിയും കൂടിയാട്ടവും പഞ്ചവാദ്യവുമെല്ലാം അവന്‍ സൗജന്യമായിട്ടാണ് ആസ്വദിച്ചിരുന്നത്. ഇതിന്‍റെ തുടര്‍ച്ച സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ആദ്യകാലത്ത് ചലച്ചിത്ര സൊസൈറ്റികളുടെ നേതൃത്വത്തില്‍ ഫ്രീയായി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു വന്നു. ഇന്‍റര്‍നെറ്റിന്‍റെ ഉപഭോഗം കൂടിയതോടെ വിദേശ സിനിമകളുടെ ഉള്‍പ്പടെ വ്യാജപ്രിന്‍റുകള്‍ ഓണ്‍ലൈനില്‍ സുലഭമാകുകയും ചെയ്തു. കിം കി ഡുക്കിനെ പോലെയുള്ളവരുടെ സിനിമകള്‍ വ്യാപകമായി ഇത്തരത്തില്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സ്ഥിതി ഉണ്ടായി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെയോ ചലച്ചിത്ര അക്കാദമിയുടെയോ അംഗീകാരമില്ലാത്ത ചലച്ചിത്ര മേളകളില്‍ ഇത്തരം പ്രിന്‍റുകള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചു തുടങ്ങി. കിം കി ഡുക്കിനോട് അനുമതി വാങ്ങിയിട്ടല്ല അദ്ദേഹത്തിന്‍റെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അത് ഒരിക്കലും തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷേ നിങ്ങള്‍ ഒരു ഇന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിക്കുപ്പോള്‍ എങ്കിലും അതിന്‍റെ സംവിധായകനോട് അനുമതി വാങ്ങിക്കുകയും അദ്ദേഹത്തിനു പ്രദര്‍ശന ഫീയായി ഒരു ചെറിയ തുകയും നല്‍കിയാല്‍ അതൊരു പ്രചോദനമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സിനിമയില്‍ നിന്ന് ലഭിക്കുന്ന തുക സിനിമയില്‍ തന്നെ നിക്ഷേപ്പിക്കുകയാണോ

ഇതുവരെ അങ്ങനെയാണ് ചെയ്തു വരുന്നത്. Pace ട്രസ്റ്റിന്‍റെ കീഴിലാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. മുന്‍കാല ചിത്രങ്ങളില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ചാണ് ക്രൈം നമ്പര്‍ 89 നിര്‍മ്മിച്ചിട്ടുള്ളത്. ചിത്രം ഇതിനോടകം നാല്‍പതോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനം നടത്തിയ കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചെറിയൊരു ഫണ്ട് ഞങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ചിട്ടുള്ള തുക അടുത്ത ചിത്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഞങ്ങളുടെ കൂട്ടായ്മയില്‍ ഉള്ളവരെല്ലാം ജീവിക്കാന്‍ വേണ്ടി മറ്റു ജോലികളെടുക്കുകയും സിനിമയെ ഒരു ക്രീയേറ്റീവ് സ്പേസായി കാണുന്നവരാണ്. അതുകൊണ്ട് തന്നെ സിനിമയെ ഒരു ഉപജീവനമാര്‍ഗമായിട്ടല്ല മറിച്ച് ആത്മസംതൃപ്തി നല്‍കുന്ന ഇടമായിട്ടാണ് ഞങ്ങള്‍ എല്ലാവരും കാണുന്നത്. 

ജൂണ്‍ അഞ്ചിനു ചിത്രം പ്രദര്‍ശനത്തിന്  എത്തുമ്പോള്‍ എന്താണ് മനസ്സില്

രണ്ടു ദിവസമെങ്കിലും ഓടണമെന്നുണ്ട്.

പുതിയ പ്രൊജക്റ്റുകള്

2013നു ശേഷം മൗനത്തിലാണ്. പല നിര്‍മ്മാതാക്കളും വന്നു, പക്ഷേ അവര്‍ക്ക് ആവശ്യമായ സിനിമ ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഈ കൂട്ടായ്മയുടെ ഭാഗമായി നിന്നുകൊണ്ട് തന്നെ സ്വതന്ത്രമായ സിനിമകള്‍ എടുക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാല് ഹ്രസ്വചിത്രങ്ങളും ഒരു ഫീച്ചര്‍ ഫിലിമും ചെയ്തു. വ്യവസ്ഥാപിതമായ ചട്ടകൂടുകളില്‍ നിന്ന് സിനിമകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹമില്ല. അതിനു വേറെ ആളുകളുണ്ട്. വേറിട്ട രുചിയുളള സിനിമകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടരും. സിനിമയെന്ന മാധ്യമത്തിന്‍റെ സാധ്യതകളെ എങ്ങനെ വേറിട്ട രീതിയില്‍ ഉപയോഗപ്പെടുത്തമെന്ന അന്വേഷണമാണ് നടത്തി കൊണ്ടിരിക്കുന്നത്. ആ യാത്ര തുടരും.