ന്യൂജൻ എന്നാൽ അശ്ലീലം പച്ചയ്ക്ക്

കൽപന

ദൈവമേ.....പാവത്തിങ്ങൾക്ക് ഇത്രയുംസൗന്ദര്യം നൽകരുതേ.....കണ്ണിമവെട്ടിച്ച് അൽപം കുസൃതിയോടെ കൽപന ഇതു പറയുമ്പോൾ മലയാളിക്ക് ചിരിയായിരുന്നെങ്കിൽ ഇനി അൽപമൊന്ന് ചിന്തിക്കണം. ഹാസ്യത്തിൽ നിന്ന് ഹീറോയിനിലെത്തിയിരിക്കുകയാണ് ഇൗ ചിരിക്കുടുക്ക. ആദ്യമായി ഒരു സൂപ്പർ താരത്തിന്റെ നായിക.

∙ഡോൾഫിൻ ബാർ എന്ന ചിത്രത്തെക്കുറിച്ച്?

സുരേഷ്ഗോപിയാണ് ചിത്രത്തിലെ നായകൻ. ഒരു പക്കാ തിരുവനന്തപുരത്തുകാരൻ. അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാനഭിനയിക്കുന്നത്. അനൂപ് മേനോനാണ് തിരക്കഥ. ദീപനാണ് സംവിധാനം. അനൂപാണ് എന്നെ ആദ്യം വിളിക്കുന്നത്. ചിത്രത്തിന്റെ കഥപറഞ്ഞു. അപ്പോൾ ഞാൻ കരുതി എന്തിനാണ് എന്നോട് കഥ പറയുന്നതെന്ന്? കഥകേട്ടപ്പോഴേ വാവ എന്ന കഥാത്രത്തോട് വളരെഅടുപ്പം തോന്നി. അവസാനം ഞാൻ ചോദിച്ചു. ഹീറോയിൻ ആരാണെന്ന്? അപ്പോഴാണ് അനൂപ് എന്റെ പേര് പറയുന്നത്.ശരിക്കും ഞെട്ടിപ്പോയി.

∙നായികയായകാൻ ഒരുപാട് കൊതിച്ചതല്ലേ?

അതെ. സുരേഷ്ഗോപി എന്നോട് പറഞ്ഞു. കൽപനയുടെ ചിന്നവീടിലേതു പോലുള്ള കഥാപാത്രമാണിതെന്ന്. കൽപന ചെയ്താൽ നന്നാവുമെന്ന് അനൂപിനോടും ദീപനോടും പറഞ്ഞത് ഞാനാണെന്ന്. ബാർ മുതലാളിയായാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്. ചിലർ സംശയം പറയാറില്ലേ, ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്? അങ്ങനെ ചിന്തിക്കുന്ന സ്ത്രീകൾ തീർച്ചയായും കണ്ടിരിക്കണം. ഒരുപാട് സിംപതി തോന്നും വാവയോട്. സാധാരണ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ പേര് ദാക്ഷായണി എന്നോ, പത്മാക്ഷി എന്നൊക്കെ ആയിരിക്കും. എന്നാൽ വാവ വളരെ ഇഷ്ടം തോന്നുന്ന പേരാണ്.

∙മലയാള സിനിമാ ചരിത്രത്തിൽ ഒരു പാട് സിനിമകളുണ്ടായ വർഷമാണ് 2013...പക്ഷേ ചേച്ചിയെ മിസ് ചെയ്തു?

കഴിഞ്ഞ വർഷം വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തുള്ളൂ...പക്ഷേ ചെയ്തതിന് അംഗീകാരം ലഭിച്ച വർഷമാണ് 2013. തനിച്ചല്ല ഞാൻ എന്ന ചിത്രത്തിലെ റസിയാ ബീഗത്തിന് ദേശീയ അവാർഡ് ലഭിച്ചു. അതോർക്കുമ്പോൾ വളരെ അഭിമാനമുണ്ട്.

∙ന്യൂജനറേഷൻ സിനിമക്കാരാണോ നിങ്ങളുടെ ഒക്കെ റോളുകൾ ഇല്ലാതാക്കുന്നത്?

പണ്ട് എംടി, ദാമോദരൻ സാർ തുടങ്ങി വലിയ വലിയ എഴുത്തുകാരുടെ കഥകളായിരുന്നു സിനിമകളാക്കിയിരുന്നത്. പക്ഷേ ഇന്നതല്ല സ്ഥിതി. മൊത്തത്തിലൊരു മാറ്റമാണ്. സമൂഹമേ മാറിപ്പോയി. ആണിനേയും പെണ്ണിനേയും തിരിച്ചറിയാനാത്ത സ്ഥിതി. മുടി നീട്ടി വളർത്തി കമ്മലുമൊക്കെ ഇട്ടാണ് ആൺകുട്ടികൾ നടക്കുന്നത്. ഇൗ മാറ്റം സിനിമയിലും പ്രതിഫലിക്കുന്നുവെന്നേ ഉള്ളൂ. അവരുടെ കഥകളിൽ നമുക്ക് സ്ഥാനമില്ല. അവരെഴുതി അവർക്ക് മാത്രം കാണാവുന്ന സിനിമകൾ.

∙ന്യൂജനറേഷനിൽ അശ്ലീലം കൂടിപ്പോയോ?

പച്ചത്തെറി ഓപ്പണായി പറയുന്നു എന്നതാണ് ന്യൂജനറേഷൻ സിനിമയുടെ പ്രത്യേകത. അശ്ലീലം മാത്രമല്ലേ ഉള്ളൂ...പേടിയാകും സിനിമ കാണാൻ. അവർക്ക് കുടുംബങ്ങൾസിനിമ കാണണമെന്നേ ഇല്ല. അവരുടെ പ്രായക്കാരെ ഉദ്ദേശിച്ചാണ് സിനിമ ചെയ്യുന്നത്. തട്ടുകടകളിൽ നിന്ന് ഫ്രൈഡ് റൈസും മറ്റും പോലുള്ള പുതിയ സാധനങ്ങൾ കിട്ടുമെങ്കിലും ചോറിന്റേയും പുളിശേരിയുടേയും സ്വാദ് ഒന്ന് വേറെ. അത് വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. എന്റെ മോളെ ഇത്തരം സിനിമകൾ കാണിക്കുന്നത് ആലോചിക്കാനേ വയ്യ. .

∙മേക്ക് ഓവർ കൊണ്ട് കോമഡി ചിത്രങ്ങൾ നഷ്ടമായോ?

കോമഡിയെന്നതേ മാറി .ഇപ്പോഴത്തെ കോമഡി അശ്ലീലമാണ്. പണ്ട് ജഗതി ച്ചേട്ടന് കിട്ടിയിരുന്ന കയ്യടിയാണ് ഇന്ന് തെറിപറയുമ്പോൾ കിട്ടുന്നത്. ഇതൊന്നും അധികകാലം ഇങ്ങനെ പൊവില്ല. ഇപ്പോൾ കൂട്ടക്ഷരങ്ങൾക്ക് നല്ല ഡിമാന്റാണ്.

∙റിയാലിറ്റി ഷോയിലെ വിധികർത്താവ്?

എന്നെ സംബന്ധിച്ചിടത്തോളംവിധികർത്താവായിരിക്കുക വലിയകാര്യമാണ്.അന്തസുള്ള ജോലിയാണത്. എന്നെപ്പലുള്ളവർക്ക് ഇന്ന് സിനിമയിൽ അവസരങ്ങളും കുറവാണ്.

∙ചെയ്യാനാഗ്രഹിക്കുന്ന വേഷം?

ടെററിസ്റ്റ്. ഒരുപാടുപേരോാട് പറഞ്ഞിട്ടുണ്ട് ഇൗ ആഗ്രഹം.

∙പുതിയ ജീവിതം തുടങ്ങാൻ ആലോചനയുണ്ടോ?

ഒരിക്കലുമില്ല. എനിക്കൊരു മോളാണുള്ളത്. 14 വയസായി ,ഒമ്പതാംക്ലാസിൽ പഠിക്കുന്നു. അവളുടെ ഭാവിക്ക് തടസമാകുന്നതൊന്നും ഞാൻ ചെയ്യില്ല.

∙ജീവിത്തിൽ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ?

ഇല്ല. ഞാൻ ജനിച്ചപ്പോൾ കണ്ടത് എന്റെ അമ്മയെ ആണ്. പിന്നെ എന്റെ ചേച്ചിമാർ. പിന്നെ ഞാനേറെ സ്നേഹിക്കുന്ന എന്റെ മോൾ. എല്ലാവരും ഇപ്പോഴും എന്നോടൊപ്പമുണ്ട്. ചിലരൊക്കെ ജീവിതത്തിൽ വന്നു. അവരുടെ സ്റ്റോപ്പെത്തിയപ്പോൾ ഇറങ്ങിയെന്നേ ചിന്തിക്കുന്നുള്ളൂ. എന്റെ നാമജപമാണ് എന്നെ ഇങ്ങനെ നിർത്തിയിരിക്കുന്നത്.

∙ജീവിതത്തിലെ പ്രതിസന്ധികൾ സിനിമയെ ബാധിച്ചോ?

ഇല്ല. മനസിന് വിഷമമുണ്ടാകും. പക്ഷേ അഭിനയത്തെ ബാധിക്കാതെ നോക്കും.