കനിഹയ്ക്ക് വീണ്ടും ‘മണി’കിലുക്കം

കനിഹ

സിനിമയിൽ വിജയിക്കുവാൻ ഭാഗ്യം ഒരു വലിയ ഘടകമാണ്. ഭാഗ്യം ഒരുപാടു ലഭിച്ച സൗത്ത് ഇന്ത്യയുടെ തന്നെ ഭാഗ്യദേവതയാണ് കനിഹ. പഠനത്തിൽ മിടുക്കിയായിരുന്ന ദിവ്യ സുബ്രഹ്മണ്യം എന്ന തമിഴ് ബ്രാഹ്മണ പെൺകുട്ടിക്കു സിനിമ വളരെ യാദൃശ്ചികമായി കിട്ടിയ അവസരമായിരുന്നു. ബിറ്റ്സ് പിലാനി പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിനു അഡ്മിഷൻ കിട്ടുന്ന ഒരു വിദ്യാർഥിനിക്കു വമ്പൻ മൾട്ടിനാഷണൽ കമ്പനികളിലെ അവസരങ്ങളാവും കാത്തിരിക്കുന്നത്. എന്നാൽ കനിഹയെ കാത്തിരുന്നത് സിനിമയുടെ വെള്ളി വെളിച്ചത്തിലുള്ള നല്ല അവസരങ്ങളും. ജയറാം, ആസിഫ് അലി എന്നിവർ നായകന്മാരാകുന്ന ‘മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ ഒരു തനി മുസ്ലിം പെൺകുട്ടിയായി കനിഹയും എത്തുന്നു. പുതിയ വിശേഷങ്ങളുമായി കനിഹ മനോരമഓൺലൈനിനൊപ്പം...

∙ വീണ്ടും ഒരു മാസ് സിനിമയുടെ ഭാഗമാണു കനിഹ. എന്താണു മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലെ വിശേഷങ്ങൾ?

‘ഭാഗ്യദേവതയ്ക്കു ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞാണു ഞാൻ ഇപ്പോൾ ജയറാമിന്റെ നായികയായി വീണ്ടും അഭിനയിക്കുന്നത്. മുൻപ് ‘ബാവൂട്ടിയുടെ നാമത്തിലും ‘ടു നൂറാ വിത്ത് ലൗവിലും ഞാൻ മുസ്ലിം ആയി വേഷമിട്ടിരുന്നു. മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ ഞാൻ ഒരു പക്കാ മുസ്ലിം പെൺകുട്ടിയാണ്. വാഹിദ എന്നാണ് പേര്. സിനിമയുടെ കാതലായ കഥ സംഭവിക്കുന്നത് വാഹിദയ്ക്ക് ചുറ്റുമാണ്. എനിക്കൊപ്പം അഭിനയിച്ച മീരാ നന്ദനും ആസിഫ് അലിയുമെല്ലാം ലഭിക്കാവുന്ന ഏറ്റവും നല്ല ടീം ആയിരുന്നു. തികച്ചും ഒരു ഫാമിലി എന്റർടെയ്നറും കളർഫുള്ളും ആണ് ഈ സിനിമ. 100 രൂപ കൊടുത്തു സിനിമ കണ്ടാൽ മനസിനു സുഖം നൽകുന്നതാവും ഈ സിനിമ.

∙ ഭാഗ്യദേവത അനുഗ്രഹിച്ച ഒരു കലാകാരിയാണു കനിഹ. എന്തു പറയുന്നു?

ഫിലിം ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ ഭാഗ്യം വേണം. എനിക്കു ഭാഗ്യം ഉണ്ടെന്നതും ശരി തന്നെ. പക്ഷേ ഭാഗ്യം മാത്രം ഒരു ഘടകം അല്ല. ഓരോ പ്രൊജക്ടും വരുമ്പോൾ ഒരു പാടു പ്ലാനിങ്ങും കണക്കുകൂട്ടലുകളും ഇന്റ്യൂഷനും വച്ചാണ് ഞാൻ അതു സ്വീകരിക്കുന്നത്. മൂന്നു വയസുള്ള ഒരു കുട്ടിയെ തനിച്ചാക്കി ഷൂട്ടിങ്ങിനു പോകുന്നത് അത്ര എളുപ്പമല്ല. ഒരു പാടു ഇമോഷൻസ് അടക്കി വച്ചു വേണം ഒരോ പ്രൊജക്ടിലും വർക്ക് ചെയ്യാൻ. ഇങ്ങനെ ഒരു പാടു ഹോംവർക്കും ത്യാഗവും എന്റെ ഭാഗത്തുനിന്നും ഉള്ളതു കൊണ്ടു കൂടിയാണു വിജയങ്ങൾ ഉണ്ടാകുന്നത്.

∙ അഭിനയം മാത്രമല്ല ഡബ്ബിങ്ങുംകനിഹയുടെ മേഖലയാണല്ലോ?

സിനിമയിൽ ഒരു ആർട്ടിസ്റ്റിനു ലഭിക്കുന്ന അവസരങ്ങൾ നിരവധിയാണ്. ശങ്കറിന്റെ ‘ശിവജിയിലും ‘അന്യനിലുമാണ് ഞാൻ ഡബ്ബ് ചെയ്തിരിക്കുന്നത്. ശങ്കർ തന്നെയാണ് ഡബ്ബ് ചെയ്യാൻ എന്നെ വിളിച്ചത്. അന്നു ആ അവസരങ്ങൾ വന്നപ്പോൾ ഒരു അഭിനേത്രി എന്ന നിലയിൽ എനിക്കതു ദോഷമാകും എന്നു പലരും ഉപദേശിച്ചു. പക്ഷേ, ഞാൻ അതൊരു നല്ല അവസരമായാണു കണ്ടത്. ഇപ്പോഴും ധാരാളം വിളികൾ ഡബ്ബ് ചെയ്യാൻ വേണ്ടി വിളിക്കുന്നുണ്ട്. ഇനിയും നല്ല അവസരങ്ങളും നല്ല സംവിധായകനും ഉണ്ടായാൽ വീണ്ടും ഞാൻ ഡബ്ബ് ചെയ്യും.

∙ നായികമാർ ഗായികമാരാവുന്നതാണ് ഇപ്പോൾ ഉള്ള ട്രെൻഡ്. കനിഹയുടെ ഗാനം എന്നെങ്കിലും കേൾക്കാൻ സാധിക്കുമോ?

അങ്ങനെ ഒരു അവസരം വന്നാൽ ഞാൻ തീർച്ചയായും പാടും. സിനിമയിലേക്ക് എനിക്കുള്ള വഴി വെട്ടിയത് പാട്ടാണ്. എന്നാൽ എനിക്ക് പിന്നീടു പാട്ട് പഠനം തുടരാൻ കഴിഞ്ഞില്ല. ഏതൊരു തമിഴ് ബ്രാഹ്മണകുടുംബത്തിലെ പെൺകുട്ടികളേയും പോലെ ഞാനും പാട്ടും ഡാൻസും പഠിച്ചിരുന്നു. എട്ട് വർഷം കർണ്ണാടിക്സംഗീതം അഭ്യസിച്ചു. പിന്നെ തുടരാൻ സാധിച്ചില്ല. ബിറ്റ്സ് പിലാനിയിൽ മൂന്നാം വർഷം ബിടെക് പഠിക്കുമ്പോൾ ചെന്നൈയിൽ വച്ചു നടന്ന ഒരു സൗന്ദര്യ മത്സരത്തിൽ പാടാൻ എന്നെ വിളിച്ചു. എന്നാൽ അവസാന നിമിഷം ഒരു മൽസരാർഥി എത്താതിരുന്നപ്പോൾ എന്നോടു പങ്കെടുക്കാൻ അവർ പറഞ്ഞു. അങ്ങനെ ഞാൻ മത്സരിച്ചു. മിസ് ചെന്നൈ എന്ന പട്ടവും കിട്ടി. ആ വാർത്ത പത്രത്തിലും മറ്റും വന്നിരുന്നു. അതു കണ്ടാണ് എന്നെ 2003 ൽ ‘5 സ്റ്റാർ എന്ന സിനിമയിലേക്കു വിളിക്കുന്നത്.

∙ സംവിധായകൻ മണിരത്നവും കുടുംബവും കനിഹയുടെ ജീവിതത്തിൽ അവിഭാജ്യ ഘടകങ്ങൾ ആണല്ലോ?

മണിരത്നം സാറിന്റെ മദ്രാസ് ടാക്കീസ് ആണ് 5 സ്റ്റാർ നിർമ്മിച്ചത്. ഞാൻ സിനിമ മേഖലയിലേക്കു വന്നത് ആ സിനിമയിലൂടെയാണ്. പിന്നീടു സുഹാസിനി മണിരത്നവുമായി ഒരു ഫിലിം കന്നഡയിൽ ചെയ്തു. അങ്ങനെ ഞാൻ അവർക്കു തികച്ചും പരിചിതയായി. എന്റെ ഭർത്താവും കുടുംബവും സുഹാസിനിയുടെ കുടുംബസുഹൃത്തുക്കൾ ആയിരുന്നു. എനിക്കു ഈ കല്യാണം ആലോചന വന്നത്സുഹാസിനിവഴിയാണ്. അങ്ങനെ അവരുമായി ഒഴിച്ചു കൂടാനാവാത്ത ഒരു ബന്ധം ഉണ്ടായി.

∙മണിരത്നത്തിന്റെപുതിയ സിനിമയായ ‘ഓകെ കൺമണിയിലും കനിഹ അഭിനയിക്കുന്നുണ്ടല്ലോ?

ആദ്യമായാണു ഞാൻ മണി സാറിനൊപ്പം വർക്ക് ചെയ്യുന്നത്. ഒരു ദിവസം എനിക്കു മദ്രാസ് ടാക്കീസിൽ നിന്നും ഒരു വിളി വന്നു. പടത്തിൽ അഭിനയിക്കാമോ എന്നു ചോദിച്ചു കൊണ്ട്. ഞാൻ ആകെ അത്ഭുതപ്പെട്ടു പോയി. എന്റെ ആദ്യ ചിത്രം എനിക്കു നൽകിയവർ എന്ന നിലയിൽ അവർക്കൊരു സ്വാതന്ത്യ്രം ഇപ്പോഴും ഉണ്ട്. വളരെ ചെറിയ എന്നാൽ പ്രധാനപ്പെട്ട ഒരു കഥാപാത്രം ആണ് ഓകെ കൺമണിയിൽ. ദുൽഖർ സൽമാനും നിത്യാ മേനോനും പ്രധാന വേഷങ്ങളിലുണ്ട്.

രണ്ടു വർഷം മുൻപാണ് കനിഹയും ഫാമിലിയും യുഎസിൽ നിന്നും ചെന്നൈയിലേക്ക്താമസം മാറിയത്. ഭർത്താവ് ശ്യാംകൃഷ്ണൻ സ്വന്തം കമ്പനിയുമായി തിരക്കിലാണ്. മൂന്നു വയസുള്ള മകൻ ഋഷിയുടെ കാര്യങ്ങളും സിനിമയുമായി കനിഹ വീണ്ടും തിരക്കിലേക്ക്.......