കസബയുടെ എഡിറ്റർ ഒരു ഓട്ടോ ഡ്രൈവർ!

മൻസൂർ മുത്തൂട്ടി, മമ്മൂട്ടി

മമ്മൂട്ടി നായകനാകുന്ന ‘കസബ’ പൂർണമായും ഒരു ആക്ഷൻ ചിത്രമാണ്. പക്ഷേ, ആ സിനിമയ്ക്കു പിന്നിൽ ലോഹിതദാസ് ചിത്രങ്ങളിലെ കഥാപാത്രത്തെപ്പോലൊരാൾ കണ്ണീർ കടന്നെത്തിയ ചിരിയുമായി നിൽക്കുന്നുണ്ട്. മൻസൂർ മുത്തൂട്ടി. കസബയുടെ ഫിലിം എഡിറ്റർ. കുടുംബം പുലർത്താൻ പഠനം ഉപേക്ഷിച്ച് ഓട്ടോയുമായി നിരത്തിലിറങ്ങിയ ചെറുപ്പക്കാരൻ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ചിത്രസംയോജകനായി മാറിയ കഥ, സിനിമ സ്വപ്നം കാണുന്നവർക്കൊരു ഗുണപാഠം കൂടിയാണ്.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു മൻസൂർ മുത്തൂട്ടിക്കു ബാപ്പയെ നഷ്ടമാകുന്നത്. തിരൂർ അങ്ങാടിയോടു ചേർന്നു കിടക്കുന്ന ചെറിയ വീട്ടിൽ ഉമ്മ നസീഫയും രണ്ടു സഹോദരങ്ങളും ജീവിതം തുറിച്ചുനോക്കിയപ്പോൾ തിരിഞ്ഞോടാൻ കഴിയുമായിരുന്നില്ല, മൻസൂറിന് പഠനത്തിന്റെ ലോകത്തുനിന്നു നാട്ടിലെ പത്മ ബേക്കറിയുടെ ചുമരുകൾക്കുള്ളിലേക്കു മൻസൂർ എത്തുന്നത് അങ്ങനെയാണ്. തൊഴിലിലെ ആത്മാർഥതയും നല്ല പെരുമാറ്റവും സുഹൃത്തിന്റെ ടെക്സ്റ്റൈൽസ് ഷോറൂമിലെ സെയിൽസ്മാന്റെ വേഷം കൊടുത്തു. കൂടുതൽ അധ്വാനിക്കേണ്ടതു കുടുംബത്തിന്റെ ആവശ്യമായി വന്നപ്പോഴാണു ബന്ധുവിന്റെ ഓട്ടോയിലേക്കു ജീവിതം പറിച്ചുനടപ്പെട്ടത്. വീടിനടുത്തുള്ള സ്റ്റാൻഡിൽ മൻസൂർ ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങി. ഇതിനിടയിൽ ഫർണിച്ചർ ഷോപ്പിലെ ഡെലിവറി ജോലിയും ഏറ്റെടുത്തു. തിരക്കുകൾ വർധിക്കുമ്പോഴും നെഞ്ചോടു ചേർത്ത രണ്ട് ഇഷ്ടങ്ങളുണ്ടായിരുന്നു. സിനിമയും ഫുട്ബോളും.

നാട്ടിലെ സനിമാ ചർച്ചകളിൽ എന്നും മൻസൂറിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അയൽവാസിയായ സംജിത്ത്. സ്കൂൾ കാലം തൊട്ടേ അടുത്തസുഹൃത്തുക്കൾ. ഏതു സിനിമ കണ്ടാലും അതിനെ കീറിമുറിച്ചു പരിശോധിക്കാനുള്ള മൻസൂറിന്റെ കഴിവ് കൂട്ടുകാർക്കിടയിൽ പ്രശസ്തമായിരുന്നു. മൻസൂറിന്റെ സിനിമാക്കഥകൾ സംജിത്തിൽ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. എഡിറ്റിങ് പഠനത്തിനുശേഷം പ്രവാസിയായി മാറിയ സംജിത്ത് എഡിറ്റർ ഡോൺ മാക്സിന്റെ സഹായി ആയി സിനിമയിലെത്തി. താൻ പ്രവർത്തിച്ച സിനിമകളിലെ ചെറിയ പിഴവുകൾ പോലും ചൂണ്ടിക്കാട്ടി സംജിത്തിനെ പഴയ സുഹൃത്ത് അമ്പരപ്പിച്ചു. ഷാജി കൈലാസിന്റെ റെഡ് ചില്ലീസിലൂടെ 2008 ൽ സംജിത്ത് മുഹമ്മദ് എന്ന സ്വതന്ത്ര എഡിറ്റർ പിറക്കുമ്പോൾ എഡിറ്റിങ് ടേബിളിന്റെ തൊട്ടരികിൽ മൻസൂർ മുത്തുട്ടി ഉണ്ടായിരുന്നു. അസിസ്റ്റന്റ് എഡിറ്റർ എന്ന ടൈറ്റിലും.

ഷാജി കൈലാസ് എൻവഴി തനി വഴി എന്ന തമിഴ്ചിത്രത്തിൽ സ്പോട്ട് എഡിറ്ററായി മൻസൂറിനെ ഒപ്പം കൂട്ടി. ആ സിനിമയുടെ ലൊക്കേഷനിൽ മൻസൂറിന് ഒരു കൂട്ടുകാരനെ കിട്ടി. നിഥിൻ രൺജി പണിക്കർ. ഷൂട്ടിങ് തുടങ്ങി അഞ്ചാം നാൾ രാത്രി സ്വന്തം റൂമിൽ വച്ചു നിഥിൻ സുഹ‌ൃത്തിനോടു പറഞ്ഞു. ‘ എന്റെ ആദ്യസിനിമയുടെ എഡിറ്റർ നിങ്ങളായിരിക്കും. അതു യാഥാർഥ്യമാക്കിക്കൊണ്ട് കസബ എന്ന ചിത്രത്തിന്റെ ടൈറ്റിലിൽ എഡിറ്റിങ് മൻസൂർ മുത്തൂട്ടി എന്നു തെളിയും.

കമ്മീഷണറും ദി കിംഗുമൊക്കെ ആവേശത്തോടെ കണ്ടു കയ്യടിച്ചത് ഖയ്യാം തിയറ്ററിലിരുന്നാണ്. അതേ തിയറ്ററിൽ കസബ റിലീസ് ചെയ്യുന്നതു കാണാൻ കാത്തിരിക്കുകയാണ് ഈ എഡിറ്റർ