കളിയച്ഛന്റെ പ്രയത്നം കാണാതെ പോകരുത്: മനോജ് കെ. ജയന്‍

മലയാളത്തിൽ ചില സിനിമകൾ അവാർഡ് ചിത്രങ്ങളായി മുദ്രകുത്തപ്പെടാറുണ്ട്. ഇവ കാണുകയോ റിലീസിനെത്തുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ അത്തരം സിനിമകളെ ഒരു മൂലയ്ക്കിരുത്താനുള്ള ശ്രമങ്ങൾ നടക്കാറുമുണ്ട്. ഇൗ വിധത്തിലുള്ള പ്രതിസന്ധികളെല്ലാം തരണം ചെയ്ത് പ്രദർശനത്തിനെത്തിയിരിക്കുകയാണ് മനോജ് കെ ജയൻ അഭിനയിച്ച കളിയച്ഛൻ എന്ന ചിത്രം. ഇൗ സിനിമയ്ക്കു പിന്നിലെ പ്രയത്നത്തെക്കുറിച്ച് നടൻ മനോജ് കെ ജയൻ പറയുന്നു.

വലിയ പ്രതീക്ഷകളോടെയാണ് കളിയച്ഛനിൽ വേഷം ചെയ്തത്. ഇങ്ങനെയൊരു കഥകേട്ടപ്പോൾ ചെയ്യാതിരിക്കാനായില്ല. ഒരുപാട് ബുദ്ധിമുട്ടി. കഥകളി നടന്റെ വേഷം സാധാരണ രീതിയിൽ അവതരിപ്പിക്കാനാവില്ല. അതിനു വേണ്ടി പരിശീലനം വേണ്ടി വന്നു. ഏറ്റവും ബുദ്ധിമുട്ടിയത് വേഷവിതാനങ്ങൾക്കാണ്. നാലര മണിക്കൂറെടുത്താണ് മേക്കപ്പ് പൂർത്തിയാക്കുന്നത്. ഇതു കൂടാതെ ഉടുത്തുകെട്ടിനും മറ്റും ഒരുമണിക്കൂർ വേണം.

വേഷം ഇട്ടു കഴിയുമ്പോൾ അഞ്ചു കിലോയോളം ഭാരം വർധിക്കും. കിരീടം വയ്ക്കുമ്പോൾ വീണ്ടും ഭാരം കൂടും. ഇതുമിട്ട് ഒരു ദിവസം മുഴുവൻ ഇരിക്കണം. ഇങ്ങനെ എത്രയോ ദിവസങ്ങൾ. മേക്കപ്പിട്ട് കഴിഞ്ഞ് കുറച്ചു നേരമിരിക്കുമ്പോൾ മുഖം ചൊറിയാൻ തുടങ്ങും. ഇതിന് മറുമരുന്ന് വേണം. രാവിലെ ആറുമുതൽ 10 വരെയാണ് ഷൂട്ടിങ്ങെങ്കിൽ വൈകുന്നേരം ബാക്കി ഭാഗം വീണ്ടും ഷൂട്ടുചെയ്യും. അതിനാൽ മേക്കപ്പ് മാറ്റാൻ കഴിയില്ല. എവിടെയെങ്കിലും പോയി ഇരിക്കും. ഇത്രയും ഉടുത്തു കെട്ടുമായി കാരവാനിൽ ഇരിക്കാൻ പറ്റില്ല. സത്യത്തിൽ യഥാർഥ കഥകളി നടനമാരെക്കാൾ ബുദ്ധിമുട്ടി. അവർക്ക് കളി കഴിയുമ്പോൾ വേഷമഴിക്കാം. നമുക്കതു പറ്റില്ലല്ലോ? കഥകളിയോടും കഥകളി നടന്മാരോടുമെല്ലാമുള്ള ബഹുമാനം കളിയച്ഛനിൽ അഭിനയിച്ചതോടെ ഇരട്ടിയായി.

കഥയോടുള്ള ഇഷ്ടം കൊണ്ടാണ് ചെയ്യാമെന്നേറ്റത്. സാധാരണ നമ്മൾ വാങ്ങുന്ന പ്രതിഫലത്തിന്റെ നാലിലൊന്നേ ഇത്തരം ചിത്രങ്ങൾക്കു വേണ്ടി വാങ്ങൂ. ഇത്തരം സിനിമകൾ നമ്മുടെ ആഗ്രഹമാണ്. കളിയച്ഛൻ നിർമിച്ചിരിക്കുന്നത് കേന്ദ്ര ചലച്ചിത്ര വികസന കോർപ്പറേഷനാണ്. എങ്കിലും സിനിമകാണാൻ ആളെത്തിയില്ലെങ്കിൽ പ്രയത്നങ്ങളെല്ലാം നഷ്ടമാവും. ഒരുകാലത്ത് മലയാള സിനിമയെ നയിച്ചിരുന്നത് ഇത്തരം ക്ലാസിക്കൽ ചിത്രങ്ങളായിരുന്നു. ഞങ്ങളൊക്കെ അഭിനയം തുടങ്ങിയ കാലത്ത് ഇത്തരമൊരു വേഷം കിട്ടിയിരുന്നെങ്കിൽ അഭിനയ രംഗത്ത് തന്നെ വഴിത്തിരിവായേനെ. ഇത്തരം സിനിമകൾ മലയാളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുകയാണ്.

എല്ലാത്തിലുമുപരി ഇത് സംവിധായകൻ ഫറൂഖിന്റെ പ്രയത്നത്തിന്റെ ഫലമാണ്. ഇതിലെ ഒാരോ കഥാപാത്രവും അവരുടെ കഴിവിന്റെ പരമാവധി ചിത്രത്തെ മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്തായാലും പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ചിത്രം പ്രദർശനത്തിനെത്തുകയാണ്. ആരും കളിയച്ഛന്റെ പ്രയത്നം കാണാതെ പോകരുത്. എല്ലാവരും ചിത്രം കാണണം.