മകനെപ്പോലെയല്ല, മകനായിരുന്നു മണി: മീന ഗണേശ്

മോഹൻലാലിന്റെ അമ്മയായി കവിയൂർപൊന്നമ്മ വെളിത്തിരയിലെത്തുമ്പോഴുള്ള കെമിസ്ട്രി പോലെ തന്നെയാണ് മണിയും മീനഗണേശും തമ്മിൽ. ആറു സിനിമകളിലാണ് മീന മണിയുടെ അമ്മയായി എത്തിയത്. വെള്ളിത്തിരയിലെ മകനെക്കുറിച്ച് അമ്മ ഓർക്കുമ്പോൾ വാക്കുകളിൽ പലപ്പോഴും കണ്ണീരുടക്കുന്നുണ്ടായിരുന്നു ഈ അമ്മയ്ക്ക്.

'' മണി എനിക്ക് മകനെപ്പോലെയല്ല മകന് തന്നെയായിരുന്നു. അവനും അതുപോലെ തന്നെ സ്നേഹമായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലുമാണ് ആദ്യമായി ഞാൻ മണിയുടെ അമ്മയാകുന്നത്. എനിക്കും മണിക്കും ഒരുപോലെ ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു അത്. അന്ന് തുടങ്ങിയ അടുപ്പം മരിക്കുവോളം മണി കാത്തുസൂക്ഷിച്ചുണ്ട്. എനിക്ക് ഇപ്പോഴും എന്റെ മോൻ പോയീന്ന് ഉൾക്കൊള്ളാനാവുന്നില്ല.

അവന് എപ്പോഴും പറയും എന്നെകണ്ടാൽ അവന്റെ അമ്മയെപ്പോലെ തന്നെയാണെന്ന്. എന്നോട് സ്വന്തം അമ്മയോടുള്ള അതേ സ്നേഹമായിരുന്നു. താമസിക്കുന്ന സ്ഥലത്തു നിന്നും സെറ്റിലേക്ക് ഒരിക്കൽപ്പോലും എന്നെ പ്രൊഡക്ഷന്റെ വണ്ടിയിൽ വിട്ടിട്ടില്ല. മോന്റെ സ്വന്തം വണ്ടിയിലൊരുമിച്ചായിരിക്കും യാത്ര. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ കടന്നുവന്ന കാലങ്ങളെക്കുറിച്ചൊക്കെ അവന് പറയും. കറി വാങ്ങിക്കാൻ കാശില്ലാഞ്ഞിട്ട് പൊറോട്ട സാമ്പാറും കൂട്ടി കഴിച്ച കാലമൊക്കെ അവന് പറയുന്നത് കേൾക്കുമ്പോൾ എന്റെ ഉള്ള് പിടഞ്ഞിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും ഇറങ്ങിക്കഴിഞ്ഞ ഉടനാണ് മകളുണ്ടാകുന്നത്. അതുകൊണ്ടാണ് അവൾക്ക് ശ്രീലക്ഷ്മിയെന്ന് പേരിട്ടത്. മോളെ കൊണ്ടുവന്ന് എന്നെ കാണിച്ചിരുന്നു.

സംസ്ഥാന അവാർഡ് കിട്ടാത്തതിന്റെ പേരിൽ മണി ബോധം കെട്ടുവീണെന്നൊക്കെ വാർത്തകൾ വന്നപ്പോഴും ഞാൻ അവനെ വിളിച്ചിരുന്നു. അന്ന് അവൻ പറഞ്ഞു എനിക്ക് ഒന്നുമില്ല അമ്മേ ബി.പി കൂടിയിട്ട് തലകറങ്ങിയതാ അല്ലാതെ അവാർഡ് കിട്ടാതെ ബോധം കെട്ടതൊന്നുമല്ലായെന്ന്. ഇടയ്ക്ക് ഒരിക്കൽ മണി മരിച്ചുവെന്ന് വ്യാജവാർത്തകൾ പരന്നു, അന്നും അവനെ വിളിച്ചിരുന്നു. എനിക്ക് ഒരു കുഴപ്പവുമില്ല അമ്മ പേടിക്കേണ്ട എന്നാണ് പറഞ്ഞത്. ഇത്തവണ പക്ഷെ...

അനാരോഗ്യം മൂലം ഞാൻ ഈയിടെയായി സിനിമയിൽ നിന്ന് അകന്ന് മാറി നിൽക്കുകയാണ്. സിനിമയിൽ ഇല്ലാതിരുന്നിട്ടുപോലും മണി എന്നെ മറന്നിട്ടേയില്ല. ഇടയ്ക്ക് വിളിക്കും, കാണാൻ വരും. ഒരുപാട് തവണ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്, അപ്പോൾ ഞാനാണ് പറഞ്ഞത് മോനെ ഇപ്പോ ഒന്നും വേണ്ട, ആവശ്യമുള്ളപ്പോൾ അമ്മ ചോദിച്ചോളാമെന്ന്. പക്ഷെ അങ്ങനെ ചോദിക്കാനൊന്നും കാത്തുനിൽക്കാതെ അവന് പോയില്ലേ.

എന്റെ മോനെ ഒരുനോക്ക് കാണാൻ പോകാൻ സുഖമില്ലാത്തതുകാരണം എനിക്ക് സാധിച്ചില്ല. അത് ജീവിതകാലം മുഴുവൻ വലിയ വിഷമമായി തുടരും. പിന്നെ ചെന്നാലും കാണാൻ പറ്റില്ലെന്നാണ് മക്കൾ പറഞ്ഞത്. അത്രയ്ക്ക് തിരക്കായിരുന്നില്ലേ? ഒപ്പം നിന്നവരെയും ചേർത്തുനിറുത്തിയവരെയും അവൻ ഒരിക്കലും മറക്കില്ല. അവനെക്കാണാനെത്തിയ ജനപ്രവാഹം അതിന്റെ തെളിവാണ്. എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട് അവന്റെ വേർപാടിൽ''.