മുകേഷേട്ടന് ചേഞ്ചൊന്നുമില്ല, എനിക്കോ...?!

ഒരു വശത്തു നിയമസഭയിലേക്കു മുകേഷിന്റെ തിളങ്ങുന്ന വിജയത്തിന്റെ ആഹ്ലാദം. മറുവശത്ത് നൃത്തവും നാടകവുമായി ഏറെപ്പേരുടെ ഇഷ്ടം വാങ്ങിത്തന്ന അരങ്ങിനുമപ്പുറത്ത് ബിഗ് സ്ക്രീനിലേക്കു ചുവടുവയ്ക്കുന്നതിന്റെ ത്രിൽ. പുതിയ വിശേഷങ്ങളറിയാൻ ഡോ. മേതിൽ ദേവികയെ തേടിച്ചെല്ലുമ്പോൾ ആൾ നല്ല തിരക്കിലാണ്.

∙ പഴയ മുകേഷ് തന്നെയാണോ ജനപ്രതിനിധി ആയപ്പോഴും?

എന്നെ സംബന്ധിച്ചു മുകേഷേട്ടനു വലിയ മാറ്റമൊന്നുമില്ല. പണ്ടും ആളെയൊന്നു കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണല്ലോ(ചിരി) അധികം ആർഭാടത്തിലൊന്നും ജീവിക്കുന്ന ആളല്ല എംഎൽ എ പദവി ഗൗരവത്തോടെയാണു കാണുന്നത്. അദ്ദേഹം എംഎൽഎ ആയതോടെ എന്റെ ഉത്തരവാദിത്തങ്ങളും വർധിച്ചു. തിരുവനന്തപുരത്തേക്കു താമസം മാറിയതോടെ മോനെ ഇവിടെ സ്കൂളിൽ ചേർത്തു. അഞ്ചാംക്ലാസിലാണ് തിരുവനന്തപുരം എനിക്ക് അപരിചിതമല്ല. പ്രഫഷനൽ ജീവിതത്തിന്റെ തുടക്കം ഇവിടെയാണ്. 20 വിദ്യാർഥികളുണ്ട് പാലക്കാട്ട്. ആഴ്ചയിലൊരിക്കൽ അവിടെ പോകേണ്ടി വരും. എന്റെ കൂടെ നൃത്തം പെർഫോം ചെയ്യുന്നവർ കൂടിയാണ് ആ കുട്ടികൾ

∙ നൃത്തവും നാടകവും കഴിഞ്ഞു സിനിമയിലേക്ക്?

‘ഹ്യൂമൻസ് ഓഫ് സംവൺ’ സത്യത്തിൽ സിനിമയായിരുന്നില്ല. ഏതാനും ചെറുപ്പക്കാർ ചേർന്ന് ഒരു ഹ്രസ്വചിത്രം നിർമിക്കാനാണു ലക്ഷ്യമിട്ടത്. അതിലേക്കാണ് എന്നെ ക്ഷണിച്ചതും. ചെയ്തുവന്നപ്പോൾ ദൈർഘ്യം ഒരുമണിക്കൂറിലേറെ ആയി. അങ്ങനെ സിനിമയുടെ കാറ്റഗറിയിലേക്കെത്തിയതാണ് ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ തീരുമാനിച്ച്, തീരെ പ്രതീക്ഷിക്കാതെ സിനിമാ നടി ആവുകയായിരുന്നു. സിനിമയിലേക്കെത്തേണ്ടത് ഈ ചിത്രത്തിലൂടെ ആയിരുന്നിരിക്കാം.

ഏതാനും മാസം മുൻപു ചിത്രം പൂർത്തിയായതാണ്. അടുത്തുതന്നെ റിലീസ് ഉണ്ടാകും. സിനിമയുടെ ഒരു സെഗ്‌മെന്റിൽ മാത്രമാണ് എന്റെ കഥാപാത്രമുള്ളത്. ഒരു ദിവസത്തെ ഷൂട്ട് മാത്രമേ വേണ്ടിവന്നുള്ളൂ. സിനിമ ആവശ്യപ്പെടുന്ന ക്ഷമയും അർപ്പണവും ഒറ്റ ദിവസംകൊണ്ടു മനസിലായി.

∙ ഇനി ബിഗ്സ്ക്രീനിൽ പ്രതീക്ഷിക്കട്ടെ?

സിനിമ അഭിനയം എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയുണ്ടായിരുന്നു. അതൊന്നറിയാൻ നടത്തിയ പരീക്ഷണമാണ്. സത്യമായും അഭിനയം ഇപ്പോൾ മനസിലില്ല. എന്നു കരുതി ഇനി അഭിനയിച്ചുകൂടെന്നുമില്ല. ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടാൽ, ഇതു ഞാൻ ചെയ്യേണ്ടതാണ് എന്നു ബോധ്യപ്പെട്ടാൽ തീർച്ചയായും ചെയ്യും.

മേതിൽ ദേവിക. ചിത്രം– നതാലിയ ശ്യാം

∙ഹ്യൂമൻസ് ഓഫ് സംവണിനെക്കുറിച്ച്?

പത്മരാജനോടു ഭ്രാന്തമായ ആരാധനയുള്ള ഒരാളുടെ കഥയാണ്. പത്മരാജൻ പകർത്തിയ ഭാവങ്ങൾ, സൃഷ്ടിച്ച കാൽപനികത ഇവയോടൊക്കെ നീതിപുലർത്തുന്ന ചിത്രം. ഈ കഥാപാത്രത്തെ സ്വീകരിച്ചാൽ, അയ്യോ വേണ്ടായിരുന്നു എന്ന് എനിക്കോ പ്രേക്ഷകർക്കോ തോന്നില്ല എന്ന് ഉറപ്പു തോന്നി. ഇംഗ്ലീഷിലായതിനാൽ, സംഭാഷണത്തിൽ പ്രശ്നം വരില്ലെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു.

മിടുക്കരായ ഒരുപറ്റം ചെറുപ്പക്കാരാണു പിന്നണിയിൽ. കഥ, തിരക്കഥ, സംഭാഷണം നിതിൻ നാഥ്, സംവിധാനം സുമേഷ് ലാൽ, മ്യൂസിക് ചെയ്തിരിക്കുന്നതു തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോൻ ആണ്.

∙ എല്ലാ മേഖലയിലും പരീക്ഷണത്തിന് ഒരുക്കമാണല്ലോ?

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിലും അഭിനയിച്ചു അതു കഴിഞ്ഞ ദിവസം ചാനലുകളിൽ വന്നു തുടങ്ങി. ആദ്യ ദിവസം തന്നെ വളരെ നല്ല അഭിപ്രായം വരുന്നു. ഒരു പരിചയവുമില്ലാത്ത മേഖലയിൽ പരീക്ഷണത്തിനു തയാറായതു പുതിയ അനുഭവങ്ങൾക്കും പാഠങ്ങൾക്കും വേണ്ടിത്തന്നെയാണ്. എന്നെ വിശ്വസിച്ച് അവസരം തരുന്നവർ പൂർണതൃപ്തരാണെന്നറിയുന്ന സന്തോഷം വലുതാണ്. ദേവിക ചെയ്താൽ നന്നാകും എന്നു വിശ്വസിക്കുന്നവർക്ക്, അവർ പ്രതീക്ഷിക്കുന്നതിലേറെ നൽകാൻ കഴിയണം.

∙ മുകേഷിന്റെ പിന്തുണ?

സുവീരൻ സംവിധാനം ചെയ്ത ‘ നാഗ’ നാടകത്തിൽ മുകേഷേട്ടനൊപ്പം അഭിനയിച്ചതിനു പിന്നാലെ കുറെയേറെ സിനിമകളുടെ കഥ കേട്ടു. ഇപ്പോൾ മുകേഷേട്ടൻ മുൻകൂർ ജാമ്യമെടുക്കും- ദേവിക കഥ കേട്ടിട്ട് ‘നോ’ പറയും ‘നോ കേൾക്കാൻ വേണ്ടി വെറുതെ ഇവിടെ വരെ വരണോ’ എന്ന് . ശരിയാണ്. കേട്ട കഥകളൊന്നിലും തൃപ്തി തോന്നിയില്ല. ഇതുവരെ. ഞാൻ ചെയ്തുകൊണ്ടു മാത്രം ഈ കഥാപാത്രം നന്നാകുമെന്നോ ഇതു ചെയ്തതുകൊണ്ട് എനിക്കെന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നോ തോന്നിയില്ല.

∙ തിരഞ്ഞെടുപ്പനുഭവങ്ങൾ?

പ്രചാരണത്തിനു പോയിരുന്നു. ആദ്യ ദിവസങ്ങളിൽ മുകേഷേട്ടനൊപ്പം പോയി. പിന്നെ അദ്ദേഹത്തിനു നേരിട്ടെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്കുപോയി. ആളുകൾക്കിടയിൽ മുകേഷേട്ടനുള്ള സ്വീകാര്യതയും അവരുടെ സ്നേഹവും ഏറെ സന്തോഷിപ്പിച്ചു.