മുകേഷ് മോഹന്‍ലാലിന് കൊടുത്ത മഹാഭാഗ്യം

കാളിദാസ കലാകേന്ദ്രയുടെ 55-ാമത് നാടകമാണ് കഴിഞ്ഞ ദിവസം അരങ്ങിലെത്തിയ നാഗ. ഈ നാകത്തിന് പ്രത്യേകതകൾ ഏറെയാണ്. മുകേഷിനൊപ്പം ഭാര്യ മേതിൽ ദേവിക ആദ്യാമായി നാടക അരങ്ങിലെത്തി മാത്രമല്ല, സഹോദരി സന്ധ്യ രാജേന്ദ്രൻ 20 വർഷത്തിനു ശേഷം അരങ്ങിലെത്തി. ഈ സന്തോഷവും നാഗയ്ക്കു കേട്ട പ്രശംസാ വാക്കുകളും പ്രതീക്ഷകളും എല്ലാം മുകേഷ് തന്നെ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്.

നാഗമണ്ഡല എന്ന നാഗ

കന്നട നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്‍റെ വിഖ്യാത നാടകം നാഗമണ്ഡലയുടെ മലയാള പുനരാവിഷ്ക്കാരമാണ് നാഗ. സുവീരനാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന വേഷം ചെയ്തിരിക്കുന്നത് എന്നെ കൂടാതെ ഭാര്യ മേതിൽ ദേവിക, സഹോദരി സന്ധ്യ രാജേന്ദ്രൻ പിന്നെ ദർശൻ എന്നിവരാണ്. ഞങ്ങളെ കൂടാതെ ഏകദേശം ഇരുപതോളം കലാകാരൻമാർ നാഗയുടെ ഭാഗമായിട്ടുണ്ട്. നാഗരാജാവ് ആയി അഭിനയിക്കുന്ന ഒരു പാമ്പും പിന്നെ ഒരു പട്ടിയുമുണ്ട്. ഇവ രണ്ടും പപ്പെട്രി ആയാണ് ചെയ്തിരിക്കുന്നത്. പാമ്പ് പൊത്തിൽ നിന്ന് ഇറങ്ങിവന്ന് രൂപമാറ്റം സംഭവിച്ച് ഞാനായി മാറുന്നതാണ് കഥാതന്തു . ബാക്കിയുള്ള നാടകങ്ങളിലെല്ലാം സാധാരണ പട്ടി, പാമ്പ് എന്നിവയെല്ലാം മെയ് വഴക്കമുള്ള ഏതെങ്കിലും മനുഷ്യർ ചെയ്താണ് നമ്മൾ കണ്ടിട്ടുള്ളത്. പാമ്പും പട്ടിയും തമ്മിലുള്ള ഒരു ഫൈറ്റ് സീൻ തന്നെ നാടകത്തിലുണ്ട്. ഇത് ഒരു പുതുമ നിറഞ്ഞ കാഴ്ചയായിരിക്കും.

ഛായാമുഖിയും ലാലും ഞാനും

ഞാൻ ഇപ്പോൾ സിനിമയിൽ വന്നിട്ട് 33 വർഷമായി. സിനിമയിൽ വരുന്നതിനു മുൻപ് നാടകത്തിൽ അഭിനയിച്ചിരുന്ന ആളാണ് ഞാൻ. കോളജിൽ പഠിക്കുന്ന കാലം മുതലേ നാടകാഭിനയം ഉണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കുന്ന സമയത്തും നല്ല നാടകത്തിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. അങ്ങനെ മോഹൻലാലുമായി ഒരിക്കലുണ്ടായ സൗഹൃദസംഭാഷണത്തിനിടയിലാണ് ലാലും ഇതേ താൽപര്യക്കാരനാണെന്ന് മനസിലായത്. ഒരുമിച്ച് ചെയ്യാനായി പല നാടകങ്ങളും ഞങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഛായാമുഖി എന്ന നാടകം കടന്നു വന്നത്. പ്രശാന്ത് നാരായണനാണ് അത് സംവിധാനം ചെയ്തത്. നാടകം ചെയ്യുമ്പോൾ ലാൽ വച്ചിരുന്ന നിബന്ധന എല്ലാവർക്കും മനസിലാകുന്നതായിരിക്കണം, നാടകം ഉത്സവമായിരിക്കണം, രണ്ടു പേർക്കും തുല്യ പ്രധാന്യമുള്ള റോൾ ആയിരിക്കണം, കാണാൻ വരുന്ന പ്രേക്ഷകർ തൃപ്തരായിരിക്കണം എന്നിവയായിരുന്നു. ഛായാമുഖി 100 ശതമാനം വിജയം നേടിയ നാടകമായിരുന്നു. മലയാള നാടകവേദിയിൽ ചലനം സൃഷ്ടിക്കാൻ ആ നാടകത്തിനു കഴിഞ്ഞുവെന്ന് ഞാൻ അവകാശപ്പെടുന്നു. അവതരിപ്പിച്ച സ്ഥലങ്ങളിലെല്ലാം 4000ത്തോളം പേർ കണ്ടിരുന്നു.

ഇതിനുശേഷം ശ്രീനിവാസനോടൊപ്പം ഒരു നാടകം പ്ലാൻ ചെയ്തു. നാടകം സിനിമ പോലയല്ല. സിനിമ ഷൂട്ട് ചെയ്ത് ഫിലിം ആക്കി വിട്ടാൽ മതി. നാടകം അങ്ങനെയല്ല ലൈവ് ആണ്. നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ പ്രേക്ഷകരുടെ വിമർശനം ലൈവ് ആയി വരും. കാണാൻ വരുന്ന നാടകപ്രേമികളെ അതുകൊണ്ട് ഒരിക്കലും അതൃപ്തരാക്കാൻ പാടില്ല.

നാഗയിലേക്കുള്ള വഴിത്തിരിവ്

ദേവികയുമായി ചേർന്ന് എന്തെങ്കിലും കലാരൂപം ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒന്നര വർഷമായി. പക്ഷേ എന്ത് കലാരൂപം ചെയ്യുമെന്ന് ഐഡിയ ഇല്ലായിരുന്നു. ദേവിക നൃത്തം ചെയ്യും. പക്ഷേ എനിക്ക് നൃത്തം ചെയ്യാൻ കഴിയില്ല. എനിക്ക് അഭിനയമേ അറിയൂ. രണ്ടും കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള എന്തെങ്കിലും കലാരൂപം ചെയ്താൽ കൊള്ളാമെന്ന് സുവീരനോടു പറയുകയും അതിനെക്കുറിച്ച് വളരെ ഗൗരവമായി തന്നെ സുവീരൻ ആലോചിക്കുകയും ചെയ്തു. അതിനു ശേഷമാണ് നാഗമണ്ഡലം തന്നെയാണ് നിങ്ങൾക്കു പറ്റിയതെന്ന് സുവീരൻ പറഞ്ഞത്. ഒരു തുടക്കം എന്ന നിലയിൽ കൊള്ളാമെന്ന് എനിക്കും തോന്നി. ദേവികയുടെ മേച്ചിൽപ്പുറമല്ല, ഇതൊരു പുതിയ കലാരൂപമാണ്. നമ്മൾ മോട്ടിവേറ്റ് ചെയ്യുകയും പ്രോത്സഹിപ്പിക്കുകയുമൊക്കെ ചെയ്തപ്പോൾ ദേവിക സമ്മതിക്കുകയായിരുന്നു. റിഹേഴ്സലിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ഞാനും സന്ധ്യയും ചെയ്യുന്ന അതേ ലെവലിൽ ദേവിക എത്തുകയും ചെയ്തു.

പരിപൂർണതയിൽ നാഗ

ഈ നാടകത്തിനു വേണ്ടതായ എല്ലാ കര്യങ്ങളും ഏറ്റവും നല്ലതായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സംഗീതം ഇളയരാജയെക്കൊണ്ട് ചെയ്യിച്ചാൽ നന്നായിരിക്കുമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇളയരാജയുടെ തിരക്കുകകളും മറ്റും കാരണം അതിനു സാധിച്ചില്ല. ഇളയരാജയ്ക്കു വേണ്ടി കാത്തിരുന്നാൽ ഈ അടുത്ത സമയത്തൊന്നും ചെയ്യാൻ സാധിക്കില്ല. അങ്ങനെയാണ് ശ്രീവൽസൻ ജെ മേനോൻ മനസിലേക്കു കടന്നു വരുന്നത്. പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ത്രില്ലായി. കഥാ സന്ദർഭത്തിന് അനുയോജ്യമായ ഡാൻസ് മാത്രമേ ഇതിൽ ഉപയോഗിച്ചിട്ടുള്ളു. അത് ചെയ്തിരിക്കുന്നത് തിരുവനന്ദപുരം സമുദ്ര ഡാൻസ് അക്കാഡമിയാണ്. ഇതിൽ ഏറ്റവും പ്രധാനം ലൈറ്റിങ് ആണ്. സ്കൂൾ ഓഫ് ഡ്രാമയിലെ മുരളിയാണ് അത് നിർവഹിച്ചിരിക്കുന്നത്. ഇതിന്റെ സെറ്റ് ചെലവു കൂടിയയതാണ്. ഫൈബർ ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നിധിൻ ആണ് സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത്. കാളിദാസ കലാകേന്ദ്രയുടെ 55-ാമത്തെ നാടകമായതിനാൽത്തന്നെ അതിന്റെ പരിപൂർണതയിൽ വേണം അരങ്ങത്ത് എത്താൻ എന്ന ആഗ്രഹം സഫലമായി.

കാലടിയിൽ നടന്ന പ്രദർശനം

സിനിമയുടെയും മറ്റ് ടെലിവിഷൻ പരിപാടികളുടെയും ഇടയിൽ മൂന്നു ഘട്ടമായാണ് റിഹേഴ്സൽ പൂർത്തിയാക്കിയത്. നാടകത്തെ ഏറ്റവും സ്നേഹിക്കുന്ന നാടായ കാലടിയിലായിരുന്നു ഇതിന്റെ ആദ്യ പ്രദർശനം നടന്നത്. നാടകപ്രേമിയായ ടോളിൻസ് ആണ് അതിനുള്ള വേദി അവിടെ ഒരുക്കിത്തന്നത്. ഫസ്റ്റ് ഷോ അവിടെത്തന്നെ ചെയ്യണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു നാടകപ്രേമിയുടെ അത്മാർഥത നിഴലിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് കാലടിയിൽത്തന്നെ ചെയ്തത്. നിറഞ്ഞദസ്സിനു മുന്നിൽത്തന്നെ അവിടെ പ്രദർശിപ്പിച്ചു. ശരിക്കും അതൊരു വെല്ലുവിളിതന്നെയായിരുന്നു. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, രഞ്ജിത്, കെ.പി.എ.സി ലളിത, വിനീത്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തുടങ്ങിയ നിരവധി പ്രഗത്ഭ വ്യക്തികളുടെ മുന്നിലാണ് നാടകം കളിച്ചത്.

നീ തന്നത് മഹാഭാഗ്യം : മോഹൻലാൽ

ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞത് അദ്ദേഹത്തിന് വലിയൊരു അനുഭവമായിപ്പോയി എന്നാണ്. ലളിത ചേച്ചി സ്റ്റേജിന്റെ മുന്നിൽ വന്ന് എല്ലാവരേയും തൊഴുതു. ഇങ്ങനെ ഒരു നാടകത്തിൽ എനിക്ക് അഭിനയിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമവും ചേച്ചി പങ്കുവച്ചു. വിനീത് പറഞ്ഞത് ഇന്ത്യക്കു വെളിയിൽ നിരവധി സ്ഥങ്ങൾ ഞാൻ സന്ദർശിക്കാറുണ്ട്. അവിടെയെല്ലാം നാടകങ്ങളും കാണാറുണ്ട്. പക്ഷേ ഇത്രയും ഇമോഷണലായി ടെക്നിക്കൽ പെർഫെക്ഷൻ ഉള്ള നാടകം കാണുന്നത് ആദ്യമായണ് എന്നായിരുന്നു. അത്രയും ജിജ്ഞാസഭരിതമായിരുന്നു നാടകം. അത്രയും പ്രശംസകളാണ് നാടകത്തിനു കിട്ടിയത്.

മോഹൻലാലിന് ഷൂട്ടിങ് തിരക്കു കാരണം വരാ‍ൻ സാധിച്ചില്ല. പക്ഷേ പിറ്റേ ദിവസം തന്നെ ലാൽ എന്നെ വിളിച്ചു. സത്യൻ അന്തിക്കാടും രഞ്ജിതുമായൊക്കെ നാടകത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിട്ടാണ് എന്നെ വിളിച്ചത്. ഇത്രയും മനോഹരമായ നാടകത്തിൽ എനിക്കും ഒരു അവസരം നീ തന്നത് മഹാഭാഗ്യമായി ഞാൻ കരുതുന്നു എന്നാണ് ലാൽ പറഞ്ഞ വാക്കുകൾ. നാടകത്തിനു കിട്ടിയ ഏറ്റവും വലിയ കോപ്ലിമെന്റ് ഇതായിരുന്നു.

നർത്തകിയിൽ നിന്ന് നാടകനടിയിലേക്ക് ദേവിക

ദേവിക ആദ്യം വളരെ സംശയത്തിലായിരുന്നു. സ്റ്റേജിൽ കയറുന്നതിനു തൊട്ടു മുൻപും എന്നോടു പറഞ്ഞു മുഴുവൻ ബ്ലാങ്ക് ആണെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ആ ബ്ലാങ്ക് തന്നെയാണ് നാടകനടിക്കു വേണ്ടത്. ഒരിക്കലും ഓവർ കോൺഫിഡന്റോടു കൂടി സ്റ്റേജിൽ കയറാതിരിക്കുന്നതാണ് നല്ലത്. അവിടെ വരുമ്പോൾ എല്ലാം മണി മണി പോലെ വരും. സിനിമയിലും ടിവിയിലുമൊക്കെ ഒരുപാട് നർത്തകിമാരും നടിമാരുമുണ്ട്. പക്ഷേ ഇത്രയും വലിയ നർത്തകിയായ നാടകനടിയെ ആദ്യമായാണ് കണുന്നതെന്നായിരുന്നു ദേവികയ്ക്കു കിട്ടിയ കോംപ്ലിമെന്റ്.

മോഹൻലാലും നാഗയും

നാഗയുടെ സ്ക്രിപ്റ്റ് ഞാൻ വായിച്ചപ്പോൾ തന്നെ എന്റെ മനസിൽ അവതരണ ശബ്ദത്തിനു തെളിഞ്ഞ മുഖം ലാലിന്റേതായിരുന്നു. എന്നാൽ ഞാൻ അത് സുവീരനോട് കമ്മിറ്റ് ചെയ്യാനോ പറയാനോ പോയില്ല. കാരണം ലാലിന്റെ തിരക്കുകൾ കാരണം അഥാവാ സാധിക്കാതെ വരുമെങ്കിലോ എന്നു വിചാരിച്ച്. ലാൽ ചെയ്താൽ നന്നായിരിക്കുമെന്ന് സുവീരൻ എന്നോടു ഇങ്ങോട്ടു പറഞ്ഞു. അങ്ങനെയാണ് എന്തായാലും ലാലിനോടു ചോദിച്ചത്. ആദ്യം ലാൽ തിരക്കുകൾ കാരണം നടക്കുമോ എന്ന സംശയം പ്രകടിപ്പിച്ചു.

അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ വച്ച് നേരിട്ട് പറയാം അന്നു നോക്കാം എന്നും പറഞ്ഞു. എന്നാൽ മീറ്റിങ് കഴി‍ഞ്ഞ് ലാലിന് വീണ്ടും ഷൂട്ട് ഉണ്ടായിരുന്നു. ഇതിനിടയിൽ ലാൽ തന്നെ എന്നോടു പറഞ്ഞു നീ എന്നെ പ്രതീക്ഷിക്കേണ്ട, വേറേ ആരെയെങ്കിലും വച്ച് ചെയ്തോളാൻ. താൻ ചെയ്യേണ്ട ആവശ്യമുണ്ടോ, അവിടെവന്നിട്ട് മോശമാകരുതല്ലോ എന്നുവരെ എന്നോടു ചോദിച്ചിരുന്നു. എന്നാൽ അമ്മയുടെ മീറ്റിങ്ങിനിടയിൽ കിട്ടിയ സമയത്ത് ഞാൻ കഥ പറഞ്ഞപ്പോൾ തന്നെ ലാൽ വലിയ ത്രില്ലിലായി. അന്ന് വൈകിട്ടു തന്നെ ചെയ്യാമെന്ന് ഏൽക്കുകയും ചെയ്തു. അത്രയും ഇംപാക്ട് ആയിരുന്നു നാഗയ്ക്ക് ഉണ്ടായിരുന്നത്. നാടക നരേറ്റർക്ക് കൈയടിയും പൊട്ടിച്ചിരിയുമൊക്കെ കിട്ടുന്ന ആദ്യ നാടകമായിരിക്കും നാഗ. അത്രയും സജീവമായി ലാലിന്റെ സാനിധ്യം നാഗയിലുണ്ട്. കഥയിൽ വേണ്ട നിർദേശങ്ങൾ വരെ ലാൽ തന്നു.

20 വർഷത്തിനു ശേഷം സന്ധ്യയുടെ രംഗപ്രവേശം

നാടകം എന്നത് സൈക്കിൾ ചവിട്ടു പോലെയാണ്. ഒരിക്കൽ സൈക്കിൾ ചവിട്ടി പരിചയമുള്ളവന് എത്രകാലം കഴിഞ്ഞാലും ചവിട്ടാൻ പറ്റും എന്നു പറഞ്ഞതു പോലെയാണ് സന്ധ്യയുടെ കാര്യവും. 20 വർഷത്തെ അല്ല 40 വർഷത്തെ ഇടവേള കഴിഞ്ഞാലും ഒരിക്കൽ നാടകത്തിൽ അഭിനയിച്ചുണ്ടെങ്കിൽ അതുപോലെ എന്നല്ല അതിനെക്കാൾ മികച്ച രീതിയിൽ തന്നെ വിണ്ടും അഭിനയിക്കാനാകുമെന്നാണ് സന്ധ്യ കാട്ടിത്തന്നിരിക്കുന്നത്. അത്ര മനോഹരമായിരുന്നു അതിലുള്ള ഓരോ പെർപോമൻസും.

കേരളവും നാടകവും

മലയാള നാടകവേദിക്ക് ഇതൊരു പുത്തൻ ഉണർവാണ്. ടിക്കറ്റെടുത്ത് നാടകം കാണാനുള്ള ശീലം മലയാളികൾക്ക് ഉണ്ടാകണം. ഇപ്പോൾ നാടകലോകം ഒരു മയക്കത്തിലാണ്. 31-ാം തീയതി തിരുവനന്തപുരത്ത് നിശാഗന്ധിയിലും സെപ്റ്റംബർ 20ന് കൊല്ലത്തും നാടകം അവതരിപ്പിക്കുന്നുണ്ട്.