'ദിലീപ് ഇല്ലാതെന്താഘോഷം' : നാദിർഷ

ആദ്യം മിമിക്രി, പിന്നെ പാരഡി, ഇപ്പോൾ സംവിധാനം. ഇതിൽ സംവിധാനമെന്നത് കുറെനാളായുള്ള സ്വപ്നമായിരുന്നു. ബാല ചന്ദ്രമേനോൻ പറയുന്നതു പോലെ ഇനിയും ഞാൻ സംവിധാനം ചെയ്യും. അതിന് നിങ്ങളുടെ പിന്തുണ വേണം. ഒരുപാട് കഷ്ടപ്പാട് ഒരു സിനിമയ്ക്ക് പിന്നിലുണ്ട്. അമർ, അക്ബർ അന്തോണി ഒരുപാട് പ്രയത്നത്തിന്റെ ഫലമാണ്, സംവിധായകന്റെ റോളിൽ നാദിർഷ പറയുന്നു.

അമർ, അക്ബർ അന്തോണി ഒരു കോമഡി ചിത്രമാണോ?

കോമഡിയിൽ പൊതിഞ്ഞ ചിത്രമാണ്. വിഷ്ണു, ബിബിൻ എന്നീ രണ്ടു പുതിയ കുട്ടികളാണ് തിരക്കഥ എഴുതുന്നത്. കഥകേട്ടപ്പോൾ ഇഷ്ടമായി. നമ്മളിൽ നിന്ന് കോമഡിയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുക. എനിക്കിഷ്ടവും ചെയ്യാനെളുപ്പവും അതാണ്. എങ്കിലും ഇൗ സിനിമ ഒരു സാമൂഹിക പ്രശ്നം കൈകൈര്യം ചെയ്യുന്നുണ്ട്. യുവാക്കൾ ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം. അതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്.

അമർ, അക്ബർ അന്തോണി, ഇവർ ആരൊക്കെയാണ്?

അമർ പൃഥിരാജ്, അക്ബർ -ജയസൂര്യ, അന്തോണി -ഇന്ദ്രജിത്ത്. നായികയായി എത്തുന്നത് നമിത പ്രമോദാണ്. സിനിമാറ്റിക് ഡാൻസറായാണ് നമിത അഭിനയിക്കുന്നത്. ‍െജനി എന്നാണ് നമിതയുടെ കഥാപാത്രത്തിന്റെ പേര്.

എന്തു കൊണ്ട് ഇവർ?

നല്ലൊരു ചിത്രം. അതിന് ചെറുപ്പക്കാരായ നായകന്മാരെ വേണം. അപ്പോൾ ആദ്യം മനസിൽ വന്നത് ഇവരുടെ മുഖമാണ്. നല്ല അഭിനയ ശേഷിയുള്ളവർ. അവർക്കും കഥ കേട്ട് ഇഷ്ടമായി. ഇവർ തമ്മിലുള്ള സൗഹൃദം ചിത്രത്തിന് ഒരുപാട് സഹായകമായി. ഇൗഗോ പ്രശ്നങ്ങുളും ഇല്ലായിരുന്നു. എനിക്കും സൗഹൃദപരമായി ഇടപെടാൻ കഴിഞ്ഞു.

സംഗീതവും സംവിധായകൻ തന്നെ ചെയ്യാൻ കാരണം?

എനിക്ക് ഇഷ്ടപ്പെട്ടമേഖലയാണിത്. അത് കൊണ്ടാണ് ഞാൻതന്നെ സംഗീതവും ചെയ്യുന്നത്. നടൻ ഷാജോൺ ചിത്രത്തിൽ പാടിയിട്ടുണ്ട്. എന്റെ അനുജൻ സമ്മദും പാടുന്നുണ്ട്. പൃഥ്വിയും പാടിയിട്ടുണ്ട്. നമുക്ക് ഒരു കാര്യം മുഷിഞ്ഞാലല്ലേ മറ്റൊരാളെ ഏൽപ്പിക്കേണ്ടതുള്ളൂ. അതുകൊണ്ടാണ് സംഗീത സംവിധാനവും ഞാൻ ചെയ്യുന്നത്. അതൊരു ബുദ്ധിമുട്ടേ അല്ല.

ദിലീപിനെ വച്ച് ഒരു സിനിമ ചെയ്യുമോ?

അതിനുള്ള കഥ ഒത്തു വന്നാൽ ചെയ്യും. ദിലീപ് എന്റെ അടുത്ത സുഹൃത്താണ്. എന്റെ ഏതു ചിത്രത്തിലും സഹകരിക്കാൻ അവൻ തയ്യാറാണ്. ഇതിലും അഭിനയിക്കാമെന്ന് പറഞ്ഞതാണ്. അവന് പറ്റിയ വേഷമല്ലാത്തതുകൊണ്ട് ഞാൻ തന്നെയാണ് വേണ്ടെന്ന് പറഞ്ഞത്. കഥയും സാഹചര്യങ്ങളും ഒത്തുവന്നാൽ ദിലീപിനോടൊപ്പം ചിത്രം ചെയ്യും.

പ്രേക്ഷകരോട് പറയാനുള്ളത്?

എല്ലാവരും ചിത്രം കണ്ട് പ്രോത്സാഹിപ്പിക്കണം. ഒരു പാട് കഷ്ടപ്പാടുകളുണ്ട് ഇൗ സിനിമയ്ക്ക് പിന്നിൽ . ജനങ്ങളെ പ്രതീക്ഷയർപ്പിച്ചാണ് ചിത്രമെടുത്തത്. എല്ലാവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. നിങ്ങളെ ഇൗ ചിത്രം രസിപ്പിക്കും, തീർച്ച.