മമ്മൂക്ക ക്ഷമയോടെ കാത്തിരുന്നു: നേഹ സക്സേന

കസബയിലെ അഭിനയത്തിലൂടെ ശരത്കുമാറിന്റെ മകൾ വരലക്ഷ്മി മലയാളികളുടെ പ്രിയങ്കരിയായി. വരലക്ഷ്മിയുടെ ആദ്യ മലയാളചിത്രമായിരുന്നു കസബ. കസബയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ഉത്തരേന്ത്യൻ സുന്ദരി നേഹ സക്സേനയാണ്. ചിത്രത്തില്‍ സൂസൻ എന്നായിരുന്നു നേഹയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ വിശേഷങ്ങളുമായി നേഹ സക്സേന...

എങ്ങനെയുണ്ടായിരുന്നു ആദ്യ മലയാളസിനിമ?

ആദ്യ മലയാള സിനിമ അതും മമ്മൂട്ടി സാറിനോടൊപ്പം, സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഞാനിപ്പോഴും. സിനിമയിൽ കാണുന്നതിനേക്കാൾ ഹാൻഡ്സം ആണ് മമ്മൂക്ക. സിനിമയിലും പോസ്റ്ററിലും മാത്രം കണ്ട ഇത്രയും വലിയ സൂപ്പർസ്റ്റാറിനെ നേരിട്ടു കണ്ടതിന്റെ ത്രിൽ പറഞ്ഞറിയിക്കാനാവില്ല. അദ്ദേഹത്തിനോടൊപ്പമുള്ള അഭിനയം അതിലും ത്രില്ലായിരുന്നു.

മമ്മൂട്ടിയോടൊപ്പമുള്ള അഭിനയമുഹൂർത്തങ്ങളെക്കുറിച്ച്?

മമ്മൂട്ടി സാർ മലയാളത്തിലെ അമിതാഭ് ബച്ചനാണ്. ഈ പ്രായത്തിലും അദ്ദേഹം സഹതാരങ്ങളിലേക്ക് പകരുന്ന ഊർജ്ജം പറഞ്ഞറിയിക്കാനാവില്ല. എത്ര എനർജെറ്റിക്കായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. മമ്മൂക്കയുടെ സിനിമകൾ ഇതിനുമുമ്പും ഞാൻ കണ്ടിട്ടുണ്ട്. കാഴ്ച്ചയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ. എങ്കിലും ആദ്യത്തെ ഒരു പേടി കാരണം തുടക്കത്തിൽ രണ്ടുമൂന്നു ടേക്കുകൾ ശരിയായില്ല. പക്ഷെ അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. അദ്ദേഹം ഒറ്റടേക്കിൽ സീൻ ഓക്കെയാക്കുന്നത് കണ്ടുമതിമറന്നു നിന്നിട്ടുണ്ട്.

നേഹയുടെ കഥാപാത്രത്തെക്കുറിച്ച്?

സൂസൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സാഹചര്യങ്ങൾ മൂലം വേശ്യാലയത്തിൽ അകപ്പെട്ടുപോകുന്ന കഥാപാത്രമാണ്. മമ്മൂട്ടിയുടെ നായികയായിട്ടാണ് അഭിനയിക്കുന്നത്.

നിഥിൻ രൺജിപണിക്കർ എന്ന സംവിധായകനെക്കുറിച്ച്?

എല്ലാ അർഥത്തിലും താരങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചു തന്ന സംവിധായകനാണ് നിഥിൻ. നിഥിന്റെ ആദ്യ സിനിമയാണെന്ന് ആരും പറയില്ല. അത്ര അടുക്കും ചിട്ടയോടുമാണ് കാര്യങ്ങൾ ചെയ്തിരുന്നത്. ഓരോ സീനും എങ്ങനെ വേണമെന്ന് കൃത്യമായ പ്ലാൻ നിധിനുണ്ടായിരുന്നു. പ്രായത്തിന്റേതായ ഒരു ചടുലത കസബയിലെ ഓരോ സീനിലും കാണാവുന്നതാണ്.

കേരളത്തിൽ ഇതാദ്യമായിട്ടാണോ?

അല്ല കേരളത്തിൽ ഇതിനു മുമ്പും വന്നിട്ടുണ്ട്. കസബയുടെ ഷൂട്ടിങ്ങിനായി കേരളത്തിലേക്ക് വരേണ്ടി വന്നില്ല. പളനിയിലായിരുന്നു ഷൂട്ടിങ്ങ്. കേരളത്തിലെ ഹൗസ്ബോട്ട് യാത്രയും ഭക്ഷണവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, പ്രത്യേകിച്ചും ഇടിയപ്പം.