മഹാലക്ഷ്മി എന്റെ ഭാഗ്യം

നിവേദാ തോമസ്

മലയാളത്തിൽ മാത്രമല്ല, തമിഴകത്തും തിളങ്ങുകയാണു നടി നിവേത. സൂപ്പർതാര ചിത്രമായ ‘ജില്ലയിൽ മോഹൻലാലിന്റെ മകളും വിജയ്യുടെ സഹോദരിയുമായി തിളങ്ങിയതിന്റെ ത്രിൽ. ‘ജില്ലയെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും നിവേത മനോരമയോടു മനസ്സ് തുറക്കുന്നു.

∙‘ജില്ലയിലെ മഹാലക്ഷ്മിയായി വാഴുകയാണല്ലോ?

വലിയ അനുഭവമായിരുന്നു ‘ജില്ലയുടെ ഷൂട്ടിങ്. ഒൻപതു മാസത്തോളം നീണ്ടു. നന്നായി ചെയ്യാനായെന്നാണു വിശ്വാസം. ആദ്യമേ സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ പോയി സിനിമ കണ്ടു. ശരിക്കും പൊങ്കൽ പൊരിച്ചിൽ തന്നെ!

മഹാലക്ഷ്മി എന്നാണു ചിത്രത്തിൽ എന്റെ പേര്. മഹയെന്നു വിളിക്കും. അച്ഛനോടും ചേട്ടനോടും ഒത്തിരി അടുപ്പമുള്ള കുട്ടി. ഒരു കോളജ് വിദ്യാർഥി. ചേട്ടനോടുചെറിയ അടിയെല്ലാം നടത്തുന്ന കുട്ടി. ലാലേട്ടന്റെയും വിജയ് അണ്ണയുടെയും കൂടെ ആദ്യമായാണ് അഭിനയിക്കുന്നത്. ആദ്യംകുറച്ചു ടെൻഷനുണ്ടായിരുന്നു. പക്ഷേ, രണ്ടുപേരും നന്നായി സപ്പോർട്ട് ചെയ്തു.

മൂന്നു വർഷം മുൻപു ചെയ്ത ‘പോരാളിഎന്ന ചിത്രം കണ്ടാണു സംവിധായകൻ നേശൻ ഈ ചിത്രത്തിലേക്കു വിളിച്ചത്. രണ്ടുസൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ എല്ലാവർക്കും ചാൻസ് കിട്ടണമെന്നില്ല. ഭാഗ്യംകൊണ്ടാണ് എനിക്കിങ്ങനെ ഒരവസരം കിട്ടിയത്.

∙‘നവീന സരസ്വതി ശപഥവും ഹിറ്റായല്ലോ?

മകളായും സഹോദരിയായും മാത്രമല്ല, നായികയായും തിളങ്ങാനായി. ഒരിടവേളയ്ക്കുശേഷം ചെയ്ത ചിത്രമാണു ‘നവീനസരസ്വതി ശപഥം. ജയ് ആയിരുന്നു നായകൻ. ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട ക്യാരക്ടർ. ശരിക്കും ക്ലോസ് ടു ഹാർട്ട്. വലിയ സപ്പോർട്ടാണ് ജയും സംവിധായകൻ ചന്ദ്രുവും തന്നത്. അതിനാൽ ആസ്വദിച്ചു ചെയ്തു. ഒരു കുടുംബംപോലെയായിരുന്നു സെറ്റ്. സൂപ്പർഹിറ്റായിരുന്നു ചിത്രം. ഇത്തരംനല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. പാട്ടുകളെല്ലാം യൂട്യൂബിൽഇപ്പോഴും വൈറലാണ്.

∙മലയാളത്തിലേക്ക് ഇനിയെന്ന്?

തൽക്കാലം മലയാളത്തിനു ബ്രേക്ക്. രണ്ടുതെലുങ്ക് സിനിമകൾക്കു കരാർ ഒപ്പിട്ടു കഴിഞ്ഞു. ഉടൻ ഷൂട്ടിങ് ആരംഭിക്കും. പഠനവും നോക്കണമല്ലോ. ‘ചാപ്പാകുരിശ്, ‘തട്ടത്തിൻമറയത്ത്, ‘റോമൻസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലവേഷങ്ങൾ കിട്ടിയാൽ മലയാളത്തിലേക്ക് ഓടിയെത്താൻ ഒരു മടിയുമില്ല.

∙അഭിനയവും പഠനവും ഒപ്പം..!

ഒരു പടം കഴിഞ്ഞ് അത്യാവശ്യം ബ്രേക്ക് എടുത്താണ് അടുത്ത പടം ചെയ്യുന്നത്. അഭിനയത്തോടൊപ്പം പഠനവും കൂടെകൊണ്ടു പോകണമെന്നതുകൊണ്ടാണിത്.എസ്ആർഎം കോളജിലെ ആർകിടെക്ചർ ബിരുദ വിദ്യാർഥിയാണു ഞാൻ. രണ്ടും കൂടി ഒരുപോലെ കൊണ്ടുപോകണമെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് വേണം. രക്ഷിതാക്കളുടെ, സുഹൃത്തുക്കളുടെ, അധ്യാപകരുടെ... അങ്ങനെ എല്ലാവരുടെയും. സിനിമയിൽ അഭിനയിക്കുന്നെന്നു കരുതി പഠനത്തിൽ ഉഴപ്പിയാൽ ശരിയാവില്ലല്ലോ.