പ്രേമത്തിലെ സെലീന അല്ല മഡോണ

ഗായികയില്‍ നിന്ന് നായികയിലേക്കു എത്ര കാതം എന്നു ചോദിച്ചാല്‍ ഒരു പാട്ട് ദൂരമെന്നു പറയും മഡോണ സെബാസ്റ്റ്യന്‍. യൂ റ്റു ബ്രൂട്ടസിലൂടെ ഗായികയായി അരങ്ങേറിയ മഡോണ അഭിനയത്തിലേക്കു ചുവടുവയ്ക്കുന്നത് അവിചാരിതമായിട്ടാണെങ്കിലും സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ സജീവമാകാനാണ് ഈ പുതുമുഖ നായികയുടെ തീരുമാനം. സൂതുകാവും ഫെയിം നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറുകയാണ് മഡോണ. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നു. പ്രേമത്തിലെ നായികയുടെ വിശേഷങ്ങളിലേക്ക്...

പാട്ട് പാടിയെത്തിയ റോള്‍

സ്കൂള്‍ കാലഘട്ടം മുതല്‍ കലാ മത്സരങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു മഡോണ. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം പൂര്‍ത്തിയാക്കി എംകോമിനു ചേരുമ്പോഴും മനസ്സ് നിറയെ പാട്ടായിരുന്നു. പഠനവും പാട്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ച നാളുകള്‍. സംഗീതമാണ് എന്‍റെ വഴിയെന്നു തിരിച്ചറിയാന്‍ ഏറെ വൈകിയില്ല. സംഗീതമില്ലാതെ ഒരു നിമിഷം കൂടി ജീവിക്കാന്‍ പറ്റില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു പാട്ടില്‍ മുഴുകി. മകളുടെ പഠനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്ന മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് എന്‍റെ തീരുമാനത്തിനൊപ്പം നിന്നു. പാട്ടിലൂടെയാണ് എനിക്ക് പെര്‍ഫോമന്‍സിനുള്ള ഫ്ളാറ്റ്ഫോമുകള്‍ ലഭിക്കുന്നത്. പ്രേമത്തിലെ കഥാപാത്രം എന്നെ തേടിയെത്തിയതും പാട്ടിലൂടെയാണ്.

പാട്ടും അഭിനയവും ഒരുമിച്ച്

പാട്ടിനാണോ പ്രഥമ പരിഗണന എന്നു ചോദിച്ചാല്‍ സംഗീതവും അഭിനയവും ഒരുമിച്ചു കൊണ്ടുപോകാനാണ് ആഗ്രഹം.അഭിനയിക്കാന്‍ ഇതിനു മുമ്പും അവസരങ്ങള്‍ വന്നിരുന്നു. അന്ന് ഞാന്‍ സ്കൂള്‍ കുട്ടിയായിരുന്നു. പ്രേമത്തിലേക്ക് ഓഫര്‍ വന്നപ്പോഴും ചെയ്യേണ്ട എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അഭിനയം അവിചാരിതമായി സംഭവിച്ചതാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ അത് വളരെ ആസ്വദിക്കുന്നുണ്ട്.

എനിക്ക് എപ്പോഴും പുതിയ മേഖലകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമാണ്. എന്തു ചെയ്താലും എന്‍റെ ഏറ്റവും ബെസ്റ്റ് നല്‍കണമെന്നു എനിക്ക് നിര്‍ബന്ധമുണ്ട്. അഭിനയത്തെയും ഞാന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. 

മേരിയില്‍ നിന്ന് സെലീനയിലേക്ക്

പ്രേമത്തിലേക്ക് എന്നെ തിരഞ്ഞെടുക്കുമ്പോള്‍ മേരിയുടെ കഥാപാത്രം ചെയ്യാനായിരുന്നു ഓഫര്‍. പക്ഷേ എനിക്കിഷ്ടപ്പെട്ടത് സെലീന്‍റെ കഥാപാത്രമായിരുന്നു. ഞാന്‍ അല്‍ഫോണ്‍സിനോടു പറഞ്ഞു സെലീന്‍റെ വേഷം ചെയ്യാമെന്ന്. സസ്പെന്‍സുള്ള ക്യാരക്ടറാണ് സെലീന്‍റേത് അതുകൊണ്ടു പ്രൊമഷന്‍ പോസ്റ്ററിലോ പാട്ടിലോ ഒന്നും ഉണ്ടാവില്ല, മേരിക്കു രണ്ട് പാട്ടുകളുണ്ടെനൊക്കെ അദ്ദേഹം പറഞ്ഞു. ഞാന്‍ സെലീന്‍ മതിയെന്നു ഉറപ്പിച്ചു. എന്‍റെ സ്വഭാവമായിട്ട് സാദ്യശ്യമുള്ള കഥാപാത്രമാണ് സെലീന്‍റേത്. അതുകൊണ്ടു തന്നെ അധികം അഭിനയിക്കേണ്ടി വന്നിട്ടില്ല. 

സെലീനെ സസ്പെന്‍സാക്കിവെച്ചു

പ്രേമം കണ്ടിട്ടു എന്നെ വിളിക്കുന്ന ഫ്രണ്ട്സെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ‘‘surprised to see you in big screen’’, ഒരു സൂചന പോലും തന്നില്ലാല്ലോ എന്നൊക്കെയാണ്. ആ കഥാപാത്രത്തിനൊരു രഹസ്യ സ്വഭാവം ഉള്ളതുകൊണ്ട് തന്നെ വളരെ അടുപ്പമുള്ള രണ്ടോ മൂന്നോ സുഹൃത്തുകളോട് മാത്രമാണ് സിനിമയില്‍ അഭിനയിച്ച കാര്യം പറഞ്ഞിരുന്നത്. 

തമിഴില്‍ വിജയ് സേതുപതിക്കൊപ്പം അരങ്ങേറ്റം

സൂതുകാവും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നളന്‍ കുമാരസ്വാമിയുടെ ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം. വിജയ് സേതുപതിയാണ് നായകന്‍. നളനും അല്‍ഫോണ്‍സ് സുഹൃത്തുകളാണ്. പ്രേമത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ നളനൊപ്പവും വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് തമിഴിലേക്കുള്ള എന്‍ട്രി തുറന്നത്. സെലീനില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രമാണിത്. അങ്ങനെ വ്യത്യസ്തമായ ഒരു ക്യാരക്ടര്‍ ചെയ്യാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് ഞാന്‍. വളരെ യഥാസ്ഥികമായ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്ന് നഗരത്തിലെത്തി ജോലിക്കു വേണ്ടി അലയുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ എനിക്ക്.

അഭിനയത്തിലാണെങ്കിലും സംഗീതത്തിലാണെങ്കിലും പുതിയ പരീക്ഷണങ്ങളിലൂടെ മുന്നേറാനും അനുഭവത്തിലൂടെ സ്വയം നവീകരിക്കാനും ആഗ്രഹിക്കുന്ന മഡോണയുടെ സ്വപ്നങ്ങള്‍ക്ക് തണലായി പിതാവ് ബേബി ദേവസ്യയും അമ്മ ഷൈലാ ബേബിയും ഒപ്പമുണ്ട്. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി അഞ്ചു വയസ്സുകാരി അനിയത്തി മിഷേലിനൊപ്പമാണ് മഡോണ ഇപ്പോള്‍. ചേച്ചിയുടെ സിനിമ കാണിക്കാത്തതിന്‍റെ പരിഭവത്തിലാണ് മിഷേല്‍. അനിയത്തിയുടെ പിണക്കം മാറ്റാനുള്ള ശ്രമത്തില്‍ ചേച്ചിയും