നാത്തൂനേ... അമ്മ എന്നാ പറയുന്നേ

ഏതു പാതിരാത്രിയിലും വിശന്നു വലഞ്ഞു ചെല്ലുമ്പോൾ മട്ടൻകറി കൂട്ടി ചോറുണ്ണമെന്നു പറഞ്ഞാൽ അതു റെഡിയാക്കി കൊടുക്കുന്ന ആളാണ് തന്റെ അമ്മായിയമ്മ കത്രീനയെന്നു റിമി ടോമി. എന്നാൽ റിമിയുടെ പാലായിലെ വലപ്പാട് മുളക്കൽ വീട്ടിലേക്ക് സഹോദരൻ റിങ്കുവിന്റെ ഭാര്യയായി വലതു കാൽ വച്ചെത്തിയ നടി മുക്തയ്ക്കും അമ്മായിയമ്മയും റിമി ടോമിയുടെ അമ്മയുമായ റാണിയെപ്പറ്റി ചിലതൊക്കെ പറയാനുണ്ട്. (ധൈര്യമായി പറഞ്ഞോളാൻ റിമിയുടെ വെല്ലുവിളി) ലോക അമ്മായി അമ്മ ദിനത്തിൽ റിമി ടോമി തൃശൂരിലെ അമ്മായിയമ്മ (അമ്മ എന്നേ റിമി പറയൂ) കത്രീനയെക്കുറിച്ചും മുക്ത പാലായിലെ അമ്മായിയമ്മ (തനിക്കും അമ്മ തന്നെയെന്നു മുക്ത) റാണിയെയും വിലയിരുത്തുമ്പോൾ അവിടെ ചില രസത്തരികൾ പൊട്ടിച്ചിതറും.

ഒരു കാര്യത്തിലും കുറ്റം പറയാത്തെ അമ്മായിയമ്മ കത്രീനയ്ക്ക് നൂറിൽ നൂറ്റിപ്പത്തു മാർക്കു കൊടുക്കുമെന്നു റിമി. തികച്ചും സമാധാനപ്രിയ. റിമിയെപ്പോലെ അധികം ബഹള വയ്ക്കലുകൾ ഇല്ല. അധികം ഗൗരവക്കാരിയോ അമിതാഹ്ലാദം കാണിക്കുന്ന ആളോ അല്ല. ഒരു പാവം വീട്ടമ്മ. ഒറ്റക്കാര്യത്തിൽ മാത്രമേ കത്രീന അമ്മയ്ക്കു നിർബന്ധമുള്ളൂ. അനുസരണക്കേടു കാണിക്കരുത്. താൻ പറയുന്നതു റിമി കേട്ടില്ലെങ്കിൽ അതു കത്രീന സഹിക്കും. പക്ഷേ, റിമിയുടെ ഭർത്താവ് റോയിസ് പറയുന്നതു അനുസരിക്കതിരുന്നാൾ കത്രീന ചൂരലെടുക്കും. അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ഒരിക്കലും ശ്രമിക്കാറേയില്ല തന്റെ അമ്മായിയമ്മയെന്നു റിമി പറയുന്നു. എല്ലാത്തിനും ഉപരി റിമി എറണാകുളത്തും കത്രീന തൃശൂരുമാണു കഴിയുന്നത്. ഇരുവർക്കും ഇടയിലെ ഈ ചെറിയ അകലം ഹൃദയങ്ങളെത്തമ്മിൽ എപ്പോഴും അടുപ്പിച്ചു നിർത്തും.

കത്രീന, റാണി

പാട്ട്, നൃത്തം അതാണ് തന്റെ അമ്മായിയമ്മ റാണിയുടെ പ്രധാന ലോകമെന്നു റിമിയുടെ നാത്തൂൻ മുക്തയുടെ അഭിപ്രായം. കഴി‍ഞ്ഞ ദിവസം മുക്തയെ നൃത്തം പഠിപ്പിക്കാനെത്തിയ മാഷിന്റെ ക്ലാസിൽ അമ്മായിയമ്മയും നൃത്തം പഠിക്കാനെത്തി. പഠിച്ച്, പഠിച്ച് അമ്മായിയമ്മയും മരുമകളും ഒന്നിച്ചായി നൃത്തം. എവിടെയെങ്കിലും പറ്റിയ ഒരു വേദി കിട്ടുമ്പോൾ ഒന്നിച്ചൊരു പ്രകടനം നടത്താൻ കാത്തിരിക്കുകയാണ് ഇരുവരും. റിമിയെപ്പോലെ തന്നെ ടെൻഷനു പിടികൊടുക്കാത്ത ആളാണ് റാണിയെന്നു മുക്ത പറയുന്നു. എപ്പോഴും ഹാപ്പി ആയി പോസിറ്റീവ് എനർജി എല്ലാവരിലേക്കും പകർന്നു കൊണ്ടേയിരിക്കും. സ്വതവേ മടിച്ചിയായ മുക്തയെ നൃത്തിലേക്കു പിടിച്ചു വലിച്ചു കൊണ്ടു വന്നതിന്റെ മൊത്തം ക്രെഡിറ്റും അമ്മായിയമ്മയുടെ അക്കൗണ്ടിലാണ്. തെക്കൻ–വടക്കൻ സ്റ്റൈലിലുള്ള പുളിശേരിയും മട്ടൻകറിയുമൊക്കെ വച്ച് പാലായിലെ പഞ്ചാരയായി കഴിഞ്ഞു മുക്ത.