എന്തുകൊണ്ട് സ്കൂൾ ബസ് ? റോഷൻ ആൻഡ്രൂസ് പറയുന്നു

മഴയത്ത് പുതിയ ബാഗും കുടയുമൊക്കെയായി സ്കൂളിൽ പോകാനൊരുങ്ങുന്ന കുട്ടികൾക്ക് പുതുപുത്തൻ സമ്മാനവുമായി എത്തിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസും സംഘവും. വിഷരഹിതമായ പച്ചക്കറിയിലൂടെ ആരോഗ്യ ബോധവൽക്കരണം നടത്തിയതുപോല ടെൻഷൻ രഹിതമായ ഒരു വിദ്യാഭ്യാസം നൽകുന്നതിനു കുട്ടികളെ പ്രാപ്തരാക്കാൻ ഒരുങ്ങ‌ുകയാണ് റോഷൻ ആൻഡ്രൂസ് തന്റെ പുതിയ ചിത്രമായ സ്കൂൾ ബസിലൂടെ. സ്കൂൾ ബസിന്റെ വിശേഷങ്ങൾ അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചൊരു ചിത്രം?

നമ്മുടെ കുട്ടിക്കാലത്തിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ കാലം. മഴ‌ തൊടാതെ വെയിലേൽക്കാതെ വളരുന്നകാലം. ടിവിയുടേയും മൊബൈൽ ഫോണിന്റേയും ടാബ്ലെറ്റിന്റേയും മുന്നിലിരുന്നു കുട്ടികൾ വളരുന്നകാലം. നമ്മളൊക്കെ മരത്തിൽ കയറിയും താഴെവീണും വീണ്ടും കയറിയും മണ്ണിൽ ഉരുണ്ടുമെല്ലാം വളർന്നവരാണ്. അങ്ങനെ കുട്ടികൾക്കു കിട്ടുന്ന മനോധൈര്യം വളരെ വലുതാണ്. തലച്ചോർ വികസിക്കുന്ന കാലമാണ് കുട്ടിക്കാലം. അപ്പോൾ അവർക്ക് അതിനൊത്ത അനുഭവങ്ങൾ ലഭിക്കണം.

കുട്ടികളിലൊക്കെ ഇന്ന് ആൻങ്സൈറ്റി വർധിച്ചു അസുഖമായി മാറുകയാണ്. പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാത്ത അവസ്ഥ. മാതാപിതാക്കളും അവരവരുടെ ലോകത്താണ്. കരിയർ, ബിസിനസ് എല്ലാമായി അവരും മുന്നോട്ടു പോകുന്നു. ഭാവിയെക്കുറിച്ചുള്ള ചിന്ത മാത്രമേ അവർക്കുള്ളൂ. ഇതിനെയൊക്കെ അടിസ്ഥാനമാക്കിയുള്ള കാലിക പ്രസക്തിയുള്ള ഒരു ത്രില്ലർ ആയിരിക്കും ഇൗ ചിത്രം.

മകൾ ആഞ്ജലീന ഇൗ ചിത്രത്തിൽ അഭിനയിക്കാൻ കാരണം?

പല ഘട്ടത്തിലും ആര് അഭിനയിക്കുമെന്ന ചിന്തവന്നെങ്കിലും എല്ലാവരുടേയും മനസിൽ ആഞ്ജലീനയുടെ മുഖമുണ്ടായിരുന്നു. ബോബിയാണ് പറ‍ഞ്ഞത് ആഞ്ജു അഭിനയിക്കട്ടേ എന്ന്. അവൾക്ക് നേരത്തെ അഭിനയത്തിൽ താൽപര്യമുണ്ടായിരുന്നു. കൊച്ചി മരട് ഗ്രിഗോറിയൻ പബ്ലിക്ക് സ്കൂളിൽ പഠിക്കുകയാണ് ആഞ്ജലീന. ഇനി നാലാം ക്ലാസിലേക്കാണ്.

ക്യാമറാമാൻ മുരളീധരനുമായുള്ള ബന്ധം?

ലഗേ രഹാ മുന്നാഭായി എന്ന ചിത്രം കണ്ട് അദ്ദേഹത്തെ അഭിനന്ദിക്കാനായി ഞാൻ അങ്ങോട്ടു വിളിക്കുകയായിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ്. ഒരുമിച്ചൊരു ചിത്രം ചെയ്യുക എന്നത് ആഗ്രഹമായിരുന്നു. ഇതിന്റെ കഥപറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. ഒരുമാസത്തിനുള്ളിൽ ചിത്രം തീരുമെങ്കിൽ ‍ഞാൻ ക്യാമറ ചെയ്യാമെന്നും പറ‍ഞ്ഞു. ഞാൻ സമ്മതിച്ചു.

അദ്ദേഹത്തിന്റെ അമ്മ മരിച്ച് ആ ചടങ്ങിന് ചെന്നപ്പോഴാണ് മകനെ ശ്രദ്ധയിൽപ്പെട്ടത്. വളരെ ആകർഷകത്വമുള്ള ചിരിയാണ് അവന്റേത്. അങ്ങനെ മുരളിയോട് പറയുകയായിരുന്നു. സ്ക്രീൻ ടെസ്റ്റ് നടത്തിനോക്കാൻ മുരളി പറ‍ഞ്ഞു. അതിനുശേഷം ആകാശിനെ ഇൗ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ‌

കുഞ്ചാക്കോബോബൻ, ജയസൂര്യ , അപർണ ഗോപിനാഥ്?

ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ കുഞ്ചാക്കോ ബോബൻ ആദ്യമായി പൊലീസ് ഒാഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് സ്കൂൾ ബസ്. ജയസൂര്യ ഒരു കമ്പനിയുടെ സിഇഒ ആണ്. എപ്പോഴും ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ആൾ. ജയസൂര്യയുടെ ഭാര്യയായി അപർണ എത്തുന്നു. അപർണ ഒരു ബൊട്ടിക്ക് നടത്തുന്നു. ‍ജയസൂര്യയുടേയും അപർണയുടേയും മക്കളായി ആഞ്ജലീനയും ആകാശുമെത്തുന്നു. ദേശീയ അവാർഡു ജേതാവായ മിനോണിന് നല്ലൊരു വേഷമുണ്ട് ചിത്രത്തിൽ.

ഇതിനേക്കാളുമൊക്കെ ഉപരി ബാഹുബലി, തലാശ് എന്നീ ചിത്രങ്ങളുടെയൊക്കെ ശബ്ദമിശ്രണം നടത്തിയ പിഎൻ സതീശ് എന്ന മലയാളിയുടെ ആദ്യത്തെ മലയാള ചിത്രമാണിത്.

ബോബി സഞ്ജയ് കൂട്ടുകെട്ട് വീണ്ടും?

ഞങ്ങളുടെ ഒരുമിച്ചുള്ള അഞ്ചാമത്തെ ചിത്രമാണ് സ്കൂൾ ബസ്. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. പരസ്പരം മനസിലാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. ഇൗഗോയോ വഴക്കോ ഇല്ല. ഞാൻ കഥപറയുന്നു. അവർ അതിനെ പ്രസന്റ്, ചെയ്യുന്നു. സാധാരണ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രങ്ങളൊക്കെ ഒരു സ്വഭാവമുള്ളവയായിരിക്കും. എന്നാൽ നോട്ട്ബുക്ക്, കാസനോവ, മുംബൈ പൊലീസ്, ഹൗ ഒാൾഡ് ആർയു നാലു സിനിമകളും നാല് തരമായിരുന്നു. ഇപ്പോൾ അ‍ഞ്ചാമത്തെ ചിത്രമാണ് സ്കൂൾ ബസ്.

കരുതിക്കൂട്ടി സ്കൂൾ തുറക്കുമ്പോൾ സ്കൂൾ ബസ് റിലീസ് ചെയ്തതാണോ?

ഇത് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ കണ്ടിരിക്കേണ്ട ചിത്രമാണ്. വിദ്യാഭ്യാസ സെക്രട്ടറിയേയും വിദ്യാഭ്യാസ വകുപ്പിലെ അഞ്ചംഗ സമിതിയേയും ചിത്രം കാണിച്ചു. അവർക്ക് ചിത്രം ഇഷ്ടപ്പെട്ടു. എല്ലാസ്കൂളുകളിലും നിർബന്ധമായും ഇൗ ചിത്രം കാണിക്കുവാനുള്ള തയ്യാറെടുപ്പിലാണവർ. പിന്നെ കുടംബത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണിത്.