ജ്യോതിക ഒരു വണ്ടർഫുൾ ലേഡി

36—വയതിനിലെ. സൂര്യ—ജ്യോതിക താര ദമ്പതികളുടെ വീട്ടിലെ ഈ വർഷത്തെ ഏറ്റവും വലിയ ആഘോഷം. ഏഴു വർഷങ്ങൾക്കു ശേഷം സൂര്യയുടെ ജോ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജ്യോതികയുടെ തിരിച്ചുവരവിലെ സിനിമ നിർമിക്കുന്നതാകട്ടെ സൂര്യയും.

സൂര്യ ആദ്യമായി നിർമിക്കുന്ന 36 വയതിനിലെ സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട റോഷൻ ആൻഡ്രൂസും. ഹൗ ഓൾഡ് ആർ യു വിലൂടെ മഞ്ജു വാര്യരുടെ 14 വർഷത്തെ ഇടവേള അവസാനിപ്പിച്ച റോഷൻ ആൻഡ്രൂസിന് തന്നെയാണ് തമിഴകത്തിന്റെ പ്രിയതാരം ജ്യോതികയെ ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം തിരികെ കൊണ്ടുവരാൻ സാധിച്ചത്. അതിന്റെ സന്തോഷം റോഷൻ ആൻഡ്രൂസ് മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

∙ ജ്യോതിക എന്ന നടിയെക്കുറിച്ച്? വളരെ പക്വതയോടെ സിനിമയെ സമീപിക്കുന്ന വ്യക്തിയാണ് ജ്യോതിക. ഓരോ ചെറിയ കാര്യവും നിരീക്ഷിച്ച് ശ്രദ്ധിച്ചു മാത്രമേ അഭിനയിക്കാറുള്ളൂ. സംവിധായകനു നൽക്കേണ്ട എല്ലാ ബഹുമാനവും നൽകിക്കൊണ്ടേ അവർ സംസാരിക്കൂ. നടിയേക്കാൾ ഉപരി ജ്യോതിക ഒരു വണ്ടർഫുൾ ലേഡിയാണ്.

∙ മഞ്ജുവിനെയും ജ്യോതികയേയും താരതമ്യം ചെയ്യാൻ സാധിക്കുമോ? ഒരു താരതമ്യം സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം രണ്ടുപേരും രണ്ടു വ്യക്തികളാണ്. അഭിനയിക്കുന്ന കഥാപാത്രം ഒന്നുതന്നെയാണെങ്കിലും രണ്ടുപേരുടെയും ശരീര ഭാഷയും ചലനങ്ങളുമെല്ലാം വ്യത്യസ്തമാണ്. തമിഴ്നാട്ടിലെ പ്രേക്ഷകരെ മുന്നിൽ കണ്ടാണ് 36 വയതിനിലെ ചെയ്തിരിക്കുന്നത്.

∙ പശ്ചാത്തലം മാറുമ്പോൾ കഥയിൽ എന്തൊക്കെയാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്? സിനിമയുടെ ദൈർഘ്യം കുറച്ചു. ഇവിടെ രണ്ടു മണിക്കൂർ 20 മിനുട്ട് ഉണ്ടായിരുന്നത് തമിഴിൽ രണ്ടു മണിക്കൂറായി ചുരുക്കി. അയൽ സംസ്ഥാനമാണെങ്കിലും തമിഴ്നാടിന്റെയും കേരളത്തിന്റെയും സംസ്കാരം വ്യത്യാസമാണ്. അവർ കഴിക്കുന്ന പാത്രം, സഞ്ചരിക്കുന്ന വാഹനം, ധരിക്കുന്ന വസ്ത്രം ഇതിൽ എല്ലാം വ്യത്യാസമുണ്ട്. ഈ വ്യത്യാസം സിനിമയിൽ കൊണ്ടു വന്നിട്ടുണ്ട്.

∙ എന്തുകൊണ്ടാണ് തമിഴിൽ റഹ്മാൻ? റഹ്മാനെ എനിക്ക് നേരത്തെ അറിയാം. മുംബൈ പൊലീസിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പുറത്താണ് റഹ്മാനെ തമിഴിൽ നിശ്ചയിക്കുന്നത്. പിന്നെ തമിഴ്നാട്ടിലെ പ്രേക്ഷകർക്കും റഹ്മാൻ സുപരിചിതനാണ്. അത് സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിക്കാൻ സഹായിക്കും.

∙ സൂര്യ എന്ന നിർമാതാവ്? ഞാൻ ഇതുവരെ വർക്ക് ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രൊഡക്ഷൻ ഹൗസാണ് സൂര്യയുടേത്. ഹൗ ഓൾഡ് ആർ യു തമിഴിൽ ചെയ്യാനുളള കാരണക്കാരൻ തന്നെ സൂര്യയാണ്. അദ്ദേഹം ഹൗ ഓൾഡ് ആർ യു കണ്ട് ഇഷ്ടപെട്ടിട്ടാണ് എന്നെ ചെന്നൈയിലേക്ക് വിളിപ്പിക്കുന്നത്. ജ്യോതികയ്ക്ക് സിനിമയുടെ തമിഴ് പതിപ്പിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചു. ഏഴ് ദിവസം കൊണ്ട് കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് കരാർ ഒപ്പിട്ടു. സൂര്യയുടെ നിർമാണ കമ്പനിയായ ടു ഡി എന്റർടെയ്ൻമെന്റ്് സിനിമ നിർമിക്കാമെന്ന് തീരുമാനിച്ചതും അങ്ങനെയാണ്.

സിനിമയെ ഏറെ സ്നേഹിക്കുന്ന കലാകാരനാണ് സൂര്യ. അതുകൊണ്ട് സിനിമയെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ചർച്ച ചെയ്യും. ജ്യോതികയുടെ തിരിച്ചുവരവ്, സൂര്യയുടെ ആദ്യ നിർമാണം സൂര്യ—ജ്യോതിക കുടുംബത്തിന്റെ വ്യക്തിപരമായ സന്തോഷം കൂടിയാണ് അവർക്ക് 36 വയതിനിലെ. തമിഴിലേക്ക് ഒരു ചുവടുവെയ്പ്പ് നടത്താൻ സംവിധായകൻ എന്ന നിലയിൽ എനിക്കും കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഈ സിനിമ. സിനിമ കഴിഞ്ഞതോടെ സൂര്യയുടെ കുടുംബവുമായി നല്ല അടുപ്പം ഉണ്ടാക്കിയെടുക്കാനും സാധിച്ചു.

∙ സൂര്യയുമായി ഒരു സിനിമ ഉടൻ ഉണ്ടാകുമോ? നല്ല കഥയും തിരക്കഥയും ഒത്തുവന്നാൽ താമസിയാതെ ഞങ്ങൾ ഒരുമിച്ചൊരു സിനിമ ഉണ്ടാകും.