മലരെന്നു പറഞ്ഞാൽ ‘കലി’ വരും

മലർ ഫ്ലേവറുകളൊന്നുമില്ലാതെ ഒരുവർഷത്തിനു ശേഷം സായ് പല്ലവി അഞ്ജലിയുടെ ‘കലി’പ്പ് മോഡിൽ. ഡാൻസ് പോലുമില്ല. അടുത്തവീട്ടിലെ (ഫ്ലാറ്റിലെയും ആകാം) ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ മലയാളിപ്പെൺകുട്ടി.

വിദേശത്തു പഠിച്ച ഡോക്ടർ കുട്ടിയുടെ ജാ‍ടകളില്ലാതെ സായി പല്ലവി വീണ്ടും മലയാളത്തിലേക്ക്. സമീർ താഹിർ ഒരുക്കുന്ന കലി ഈമാസം അവസാനം തിയറ്ററിലെത്തും. കോളജ് കുമാരിയായി, ദുൽഖറിന്റെ ഭാര്യയായി പക്വതയുള്ള നായികയായി സായ് പല്ലവി തിരിച്ചെത്തുന്നു. ഹാൻഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണു ‘കലി’യുടെ നിർമാണം. ക്യാമറ: ഗിരീഷ് ഗംഗാധരൻ. സായി പല്ലവി സംസാരിക്കുന്നു.

∙മലർ ഹാങ്ങോവർ ഇല്ലാതെ

മലർ മാഞ്ഞ് അഞ്ജലി വിരിയാനായി ക്രൂ മെമ്പേഴ്സ് എല്ലാവരും ചേർന്ന് ഒരു തീരുമാനമെടുത്തു. മലർ എന്നൊരു വാക്ക് സെറ്റിൽ മിണ്ടില്ലത്രേ. ഇനി അഞ്ജലി, അഞ്ജലി മാത്രം

∙നോ പിമ്പിൾസ്...

ഏയ് ഇനി പിമ്പിൾസ് ഉണ്ടാവില്ല. പിമ്പിൾസിൽ സൗന്ദര്യം കണ്ടെത്താനുള്ള മലയാളി ബോയ്സിന്റെ താൽപര്യം പോയില്ലേ. പക്ഷേ, മുടിയിൽ കോംപ്രമൈസില്ല. മുടി സ്ട്രെയിറ്റ് ചെയ്തുള്ള ഒരു മേക്കോവർ ഇപ്പോൾ വേണ്ട.

∙പ്രണയം

അഞ്ജലിക്കു ബോൾഡായ പ്രണയം. പ്രണയത്തിലൂടെ കല്യാണം.

∙സാരി വേണോ...

സാരി വേണമെന്നില്ല. ജീൻസും കുർത്തയും ചുരുദാറുമൊക്കെയണിഞ്ഞ് അഞ്ജലി കോളജിൽ പോകും. കോളജ് ടീച്ചർ അല്ല, ഇവിടെ കോളജ് കുമാരി മുതൽ ഭാര്യ വരെയാകും.

∙നിവിൽ നിന്നു ദുൽഖറിലേക്ക് എത്രദൂരം?

ജോർജിൽനിന്നു സിദ്ധാർഥിലേക്കുള്ള ദൂരം വളരെക്കൂടുതൽ. പക്ഷേ, നിവിൻപോളിയിൽ നിന്നും ദുൽഖർ സൽമാനിലേക്കുള്ള ദൂരം കുറവാണ്. കാരണം രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ.

∙കലി വരുമ്പോൾ നാട്ടിലേക്ക

ജോർജിയയിൽ നിന്ന് ഇനി നാട്ടിലേക്കു വരുന്നത് കലി വരുമ്പോൾ മാത്രം! അങ്ങനെ വെറുതെ നാട്ടിലേക്കു വരാൻ പറ്റില്ലല്ലോ. മെഡിസിൻ ആറാം വർഷമാണിപ്പോൾ. കൂടാതെ എക്സാം ടൈം. പഠിക്കാൻ ഒരുപാടുണ്ട്. പഠിക്കാതെ വീട്ടുകാർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് കലി റിലീസാകുന്ന മാർച്ച് 26നു ശേഷം മാത്രം നാട്ടിലേക്ക്. ഷൂട്ടിങ്ങിനിടയിൽ അൽപംപോലും കലിയില്ലാതെ ഒന്ന് ജോർജിയയ്ക്കുപോയി എക്സാം എഴുതി മടങ്ങിവന്നിരുന്നു.

∙ഇടവേള

ഒരുവർഷം നീണ്ട ഇടവേളയുടെ കാരണവും കോഴ്സ് തന്നെ. പഠനവും വേണം സിനിമയും വേണം. പഠനത്തിന് ഇടവേളയിട്ടു സിനിമ. ഇനിയും നല്ല സിനിമകൾക്കായി ഇടവേളയെടുത്തു ചെയ്യും.

∙കൊഞ്ചം കൊഞ്ചം മലയാളം

സെറ്റിലൊക്കെ മലയാളം പറഞ്ഞുതുടങ്ങി. മലയാളികൾ ഇത്രയധികം സ്നേഹിക്കുമ്പോൾ മലയാളം പഠിക്കാതിരിക്കാനാവില്ലല്ലോ.

∙ഒന്നു വരൂ പ്ലീസ്

സിനിമ ഇല്ലാത്തപ്പോഴും ജോർജിയയിൽ സ്വസ്ഥമായിരുന്നു പഠിക്കാൻ പറ്റിയിട്ടില്ല. ഫോണിലെപ്പോഴും കേരളത്തിൽ നിന്നുള്ള കോളുകൾ. ഉദ്ഘാടനങ്ങൾ, താരനിശകൾ, പൊതുപരിപാടികൾ. രാവിലെവന്നു പരിപാടിയിൽ പങ്കെടുത്ത് രാത്രി ജോർജിയയിലേക്കു മടങ്ങും. മലയാളികൾ ഇങ്ങനെ സ്നേഹിക്കുമ്പോൾ അത് കണ്ടില്ലെന്നു വയ്ക്കാനാകില്ലല്ലോ.