നായകൻ തന്നെ വില്ലൻ

ശരത് കുമാർ

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങുകയാണു ശരത്കുമാർ. യഥാർഥജീവിതത്തിൽ ഒരു ഡബിൾ റോളുകളി. ഈ റോളുകൾക്ക് അൽപ്പം വിശ്രമം നൽകുകയാണ് ശരത്കുമാർ സണ്ടമാരുതൻ എന്ന ചിത്രത്തിലൂടെ . ഒരേ സമയം നായകനായും വില്ലനായും എത്തിയ സണ്ടമാരുതൻ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് തമിഴകത്തിന്റെ സുപ്രീംസ്റ്റാർ. സിനിമാ വിശേഷങ്ങളുമായി ശരത്കുമാർ

സണ്ടമാരുതം

ഞാൻ ഇരട്ടവേഷത്തിൽ ഒടുവിൽ അഭിനയിച്ച ചിത്രം. തിയറ്ററിൽ നന്നായി ഓടുന്നുണ്ട്. എ. വെങ്കിടേഷിനൊപ്പമുള്ള നാലാമത്തെ ചിത്രം. പ്രേക്ഷകർക്കിഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഇതിൽ ഉണ്ട്. സണ്ടമാരുതം എന്നാൽകൊടുങ്കാറ്റ് എന്നർഥം. നായകനായും വില്ലനായും എത്തുന്നത് ഞാൻ തന്നെ.വില്ലന്റെ പേരാണ് സണ്ടമാരുതം. വെറൈറ്റി ഗെറ്റപ്പാണ് സണ്ടമാരുതത്തിന്റേത്. ഇതിനായി ബോംബൈയിൽ നിന്ന് ഋതിക് റോഷന്റെ മേക്കപ്പ്മാൻ ജെയിംസിനെ കൊണ്ടുവന്നു. സണ്ടമാരുതം നായക കഥാപാത്രത്തെ കാണുന്നതും അവർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയുമാണു കഥ വികസിക്കുന്നത്. സിനിമ കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ കാശുപോയല്ലോ എന്നോർത്ത് ആരും സങ്കടപ്പെടില്ലെന്ന കാര്യത്തിൽ ഞാൻ ഗ്യാരണ്ടി.

മലയാളി നായികമാർ

മീരാ നന്ദനും ഓവിയയുമാണ് നായികമാർ. രണ്ടുപേരും തകർത്തഭിനയിച്ചു. ഗ്രാമീണ പെൺകുട്ടിയുടെ വേഷത്തിലാണ് മീരാ നന്ദനെത്തുന്നത്. ഭാവിയുള്ള കുട്ടിയാണ് മീര. ഒരു ഓഫീസറുടെ കഥാപാത്രമാണ് ഓവിയയുടേത്. വരുംകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട നടിയാകും ഓവിയ എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ നിന്നെത്തുന്ന കുട്ടികളെല്ലാം കഴിവുള്ളവരാണ്.

മമ്മൂട്ടിയും മോഹൻലാലും

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിക്കാനായത് ഭാഗ്യമാണ്. പഴശ്ശിരാജയിലൂടെയാണ് ഞാൻ മലയാളത്തിൽ എത്തുന്നത്. ഹരിഹരൻ, എം.ടി വാസുദേവൻ നായർ എന്നിവരോടൊപ്പവും ഒരുമിച്ച് പ്രവർത്തിക്കാനായി. ഇടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ കുറിച്ചു കേട്ടപ്പഴേ എനിക്കു ത്രില്ലായി. ആ കഥാപാത്രം അത്രയേറെ നന്നായി ചെയ്യാനായത് മമ്മുക്കയുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ്. ഇല്ലെങ്കിൽ ആ കഥാപാത്രത്തിന് അത്ര പഞ്ച് വരില്ലായിരുന്നു.

ഇടച്ചേന കുങ്കൻ എന്ന പ്രാദേശിക പേരുകൂടി ആയപ്പോൾ എന്നെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇവൻ തങ്ങളുടെ സ്വന്തം ആളാണല്ലോ എന്നു മലയാളികൾ കരുതി. അതുകൊണ്ടുതന്നെ ഈ കഥാപാത്രം നൽകിയ ഹരിഹരനോടും എം.ടിയോടും ഏറെ കടപ്പെട്ടിരിക്കുന്നു. ഒപ്പം ക്രിസ്ത്യൻ ബ്രദേഴ്സിൽ മോഹൻലാലിനൊപ്പവും അഭിനയിച്ചു. ആ സിനിമയും വലിയ ഹിറ്റായിരുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം ഇറങ്ങിയ ആശ ബ്ലാക്കിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പക്ഷേ ചിത്രം വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാനാകാത്തിതിനാൻ ചിത്രം പരാജയപ്പെട്ടു. മലയാളത്തിൽ നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോഴും.

സംവിധാനം

2006ലാണ് ആദ്യചിത്രം സംവിധാനം ചെയ്തത്. തലൈമകൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാൽ ചിത്രം വൻ പരാജയമായിരുന്നു. ഉദ്ദേശിച്ച രീതിയിൽസിനിമ വന്നില്ല. ഞാനും നയൻതാരയുമായിരുന്നു നായികാ നായകന്മാർ . ഇപ്പോൾ സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. രാഷ്ട്രീയത്തിലും സിനിമയിലുമായി തിരക്കോടു തിരക്കാണ്. പക്ഷേഭാവിയിൽ ഒരു ഹിറ്റ് ചിത്രവുമായി ഞാൻ വരും, തീർച്ച.

ഭാവഗായകൻ

നാലു പാട്ടുകൾ ഇതിനകം പാടി. സണ്ടമാരുതത്തിലും ഒരു പാട്ടു പാടിയിട്ടുണ്ട്. ഉന്നൈ മട്ടും എന്നു തുടങ്ങുന്ന ഒരു പാട്ടാണ് പാടിയത്. 2004ൽ പുറത്തിറങ്ങിയ ഏയ് എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. പിന്നാലെ ചാണക്യ എന്ന ചിത്രത്തിലും പാടി. അതിനുശേഷം ഇലക്കനംഇല്ലാ കാതൽ എന്ന ചിത്രത്തിലും ഇപ്പോൾ സണ്ടമാരുതത്തിലും. പാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സണ്ടമാരുതത്തിലെ ‘ഉന്നൈ മട്ടും തന്നെ.