‘ഭാസ്കർ മമ്മൂട്ടിയ്ക്ക് മാത്രം പറ്റുന്ന കഥാപാത്രം’

തൊടുന്നതെല്ലാം പൊന്നാക്കുക. അപൂർവ്വം ചില സംവിധായകർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം വേണ്ടുവോളം കിട്ടിയ സംവിധായകനാണ് സിദ്ദിഖ്. സംവിധാനം ചെയ്ത ആദ്യ സിനിമ റാംജീറാവു സ്പീക്കിങ് മുതൽ പിന്നീടിങ്ങോട്ട് ഹിറ്റുകളുടെ ഒരു നീണ്ടനിര. കേരളത്തിലെ ലക്ഷണമൊത്ത ന്യൂജനറേഷൻ സിനിമ എന്നുവരെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു റാംജീ റാവു സ്പീക്കിങ്ങ്. അന്നു മുതൽ ഇന്നോളം ഓരോ സിനിമയും ഒന്നിനൊന്നു വ്യത്യസ്തം. സിനിമയിലെ വിജയമന്ത്രങ്ങളും ഭാസ്ക്കർ ദ റാസ്ക്കൽ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളും സിദ്ദിഖ് പങ്കുവെക്കുന്നു.

∙മമ്മൂട്ടിയുമായിട്ടുള്ള മൂന്നാമത്തെ ചിത്രം ഭാസ്ക്കർ ദ റാസ്ക്കൽ മലയാളികൾക്കുള്ള വിഷുകൈനീട്ടമാണോ? ഭാസ്ക്കർ ദ റാസ്ക്കൽ എന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതയുള്ള സിനിമയാണ്. ഏകദേശം പത്തുവർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുന്നത്. ക്രോണിക്ക് ബാച്ചിലറാണ് ഞങ്ങൾ ഒരുമിച്ച അവസാന സിനിമ. ബോഡിഗാർഡ് കഴിഞ്ഞ് നാലുവർഷത്തിനു ശേഷം നയൻതാര എന്റെ സിനിമയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

സാധാരണ നയൻതാര ഒരേ സമയം ഒന്നിൽക്കൂടുതൽ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാറില്ല. പക്ഷെ ഭാസ്ക്കർ ദ റാസ്ക്കലിന്റെ കഥ അവർക്ക് ഇഷ്ടമാവുകയും നേരത്തെ എന്റെ കൂടെ വർക്ക് ചെയ്തതിന്റെ അനുഭവവും ഉള്ളതു കൊണ്ടാണ് അവർ അതിന് തയ്യാറായത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്നതും ഇതേ ഘടകങ്ങൾ തന്നെയാണ്.

∙ ഹാസ്യത്തിന് പ്രാധാന്യം നൽകി മമ്മൂട്ടിയുടെ സിനിമ ചെയ്യാമെന്ന് കാണിച്ചു തന്നത് താങ്കളാണ്. ഭാസ്ക്കർ ദ റാസ്ക്കലും ഈ പ്രതീക്ഷ നിലനിർത്തുമോ? ഹാസ്യത്തിന് പ്രാധാന്യമുള്ള മമ്മൂട്ടിയുടെ ആദ്യ സിനിമ ഹിറ്റ്ലറാണ്. അതിലെ ഹിറ്റ്ലർ മാധവൻകുട്ടി ഹാസ്യം കൈകാര്യം ചെയ്യുന്നില്ലെങ്കിൽ പോലും അയാൾക്ക് ചുറ്റുമുള്ള കാര്യങ്ങൾ ഹാസ്യം നിറഞ്ഞതാണ്. ക്രോണിക് ബാച്ചിലറിൽ എത്തുമ്പോൾ സത്യപ്രതാപൻ വളരെ ഗൗരവക്കാരനാണ്. എന്നാൽ അവിടെ അയാൾക്കു ചുറ്റും ഹാസ്യമുണ്ട് അത് പ്രേക്ഷകരെ ചിരിപ്പിച്ചു. ഭാസ്ക്കറും അതുപോലെ ഗൗരവക്കാരൻ തന്നെയാണ്, എന്നാൽ അയാളുടെ ചുറ്റുപാടുകളും അയാൾക്ക് ചുറ്റുമുള്ള കാര്യങ്ങളും നർമത്തിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്.

∙ നല്ല ഹാസ്യം മലയാളത്തിന് കൈമോശം വരുന്നുണ്ടെന്ന് തോന്നുന്നുണ്ടോ? ഹാസ്യം മലയാളസിനിമയിൽ അവസാനിച്ചിട്ടില്ല. ഹാസ്യം ഇല്ലാതാകണമെങ്കിൽ ചാർളി ചാപ്ലീനോടു കൂടി അവസാനിക്കണമല്ലോ? പക്ഷെ പറഞ്ഞു പഴകിയ ഹാസ്യം ജനങ്ങളെ മുഷിപ്പിക്കുന്നുണ്ട്. പിന്നെ സഭ്യമല്ലാത്ത കോമഡിയുടെ അതിപ്രസരം നമ്മുടെ സനിമയിൽ ഇന്ന് ഉണ്ട്. എല്ലാ ഭാഷകളിലും ഈ പ്രശ്നം ഉണ്ട്.

∙ഭാസ്ക്കർ ദ റാസ്ക്കൽ പേരിന്റെ പ്രത്യേകതയെക്കുറിച്ച്? എന്റെ ആദ്യ സിനിമ റാംജീ റാവു സ്പീക്കിങ്ങ് മുതൽ ഇതുവരെ ഇംഗ്ലീഷ് പേരുകളാണ് നൽകിയത്. അത് ഇതിലും ആവർത്തിച്ചു. റാംജീ റാവു സ്പീക്കിങ്ങിന്റെ സമയത്ത് ഇംഗ്ലീഷ് പേരുകളൊന്നും ആരും സിനിമയ്ക്ക് ഇടാറില്ലായിരുന്നു. പിന്നീട് അത് ട്രെൻഡായി. ഇന്ന് ഇംഗ്ലീഷ് പേരുള്ള മലയാളം സിനിമകൾ ധാരാളമുണ്ട്. പക്ഷെ ഭാസ്ക്കർ ദ റാസ്ക്കലിൽ എത്തുമ്പോഴും പതിവ് മാറ്റിയിട്ടില്ല.

ഹിറ്റ്ലർ മാധവൻകുട്ടിയെപ്പോലെ ക്രോണിക് ബാച്ചിലർ സത്യപ്രതാപനെപ്പോലെ ഭാസ്ക്കറിനെ അയാൾ അറിയാതെ വിളിക്കുന്ന പേരാണ് റാസ്ക്കൽ. ഭാസ്ക്കർ ഒരു റാസ്ക്കലാണ് എന്നാൽ അയാളുടെ മുഖത്ത് നോക്കി അത് ആരും വിളിക്കാറില്ല. അതുകൊണ്ടാണ് ഭാസ്ക്കർ ദ റാസ്ക്കൽ എന്ന പേര്.

∙ മമ്മൂട്ടിയെ വച്ച് മൂന്നാമത്തെ സിനിമ. മമ്മൂട്ടി എന്ന താരത്തെ എങ്ങനെ വിലയിരുത്തുന്നു? മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത് വെല്ലുവിളിയാണ്. അദ്ദേഹത്തിന് അനുയോജ്യമായ കഥ കണ്ടെത്തുകയാണ് പ്രധാനം. കാരണം അത്രത്തോളം കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു കഴിഞ്ഞു. ഇനി എന്ത് കഥാപാത്രം കൊടുക്കും എന്ന ചോദ്യം തന്നെയാണ് വെല്ലുവിളി. എന്നാൽ ഭാസ്ക്കർ ദ റാസ്ക്കൽ ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ മമ്മൂക്ക തന്നെയായിരുന്നു. സിനിമ ചെയ്തു തുടങ്ങിയപ്പോൾ മനസ്സിലായി ഇത്രയധികം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ഇനിയുമുണ്ട്. ഭാസ്ക്കർ അത്തരത്തിലൊരു കഥാപാത്രമാണ്.

∙ സിനിമയിലെ ആവർത്തന വിരസത ഒഴിവാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്? എന്റെ ഒരു സിനിമയും ഞാൻ ചെയ്ത മറ്റൊരു സിനിമ പോലെ ആകരുതെന്ന നിർബന്ധം എനിക്ക് ഉണ്ട്. എല്ലാ സിനിമയിലും പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.

∙ഇൻ ഹരിഹർ നഗർ പോലെ പുതിയ താരങ്ങളെ മാത്രം വച്ചൊരു സിനിമ മനസിൽ ഉണ്ടോ? കഥ ആവശ്യപ്പെടുകയാണെങ്കിൽ പുതിയ താരങ്ങളെ വച്ച് സിനിമ ചെയ്യും. അത് അല്ലാതെ പുതുമുഖങ്ങളെ അഭിനയിപ്പിക്കാൻ വേണ്ടി മാത്രം ഒരു സിനിമ ചെയ്യില്ല. നമ്മുടെ കഥയ്ക്ക് അനുഭവ സമ്പത്തുള്ള മുതിർന്ന താരങ്ങളാണ് വേണ്ടതെങ്കിൽ അവരെ തന്നെ തിരഞ്ഞെടുക്കും. പക്ഷെ എല്ലാ സിനിമകളിലും പുതുമുഖങ്ങൾക്കും പുതിയ താരങ്ങൾക്കും പ്രാധാന്യം നൽകാൻ ശ്രമിക്കാറുണ്ട്. റാംജീറാവുവിൽ സായികുമാറിനെ കൊണ്ടു വന്നു, ക്രോണിക്ക് ബാച്ചിലറിൽ ഭാവനയ്ക്ക് പ്രാധാന്യമുള്ള വേഷം നൽകി, ബോഡിഗാർഡിൽ മിത്രാകുര്യന് വളരെ പ്രാധാന്യമുള്ള വേഷം തന്നെയായിരുന്നു.

ഭാസ്ക്കർ ദ റാസ്ക്കലിൽ അഭിനയിക്കുന്ന രണ്ടു ബാലതാരങ്ങൾ സനൂപും അനികയും വളരെ പ്രാധാന്യമുള്ള വേഷങ്ങളാണ് ചെയ്യുന്നത്. മമ്മൂട്ടിക്കും നയൻതാരയ്ക്കും ഒപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു അവർ ഇരുവരും. അതുപോലെ തന്നെ ശാരിക എന്നൊരു പുതുമുഖത്തെ അവതരിപ്പിക്കുന്നുണ്ട്. അവർക്കും പ്രാധാന്യമുള്ള വേഷം തന്നെയാണ്.