എനിക്ക് റൺബീർ ആരാണെന്ന് അറിയില്ലായിരുന്നു

മലയാളസിനിമയിൽ ഓൾഡ് ജനറേഷൻ ന്യൂജനറേഷൻ വേർതിരിവ് ചർച്ചകളിലൊന്നുംപെടാതെ എല്ലാ ജനറേഷന്റെയുമൊപ്പം ആസ്വദിച്ച് സിനിമ ചെയ്യുന്ന ഒരു അഭിനേത്രിയുണ്ട്, സുബലക്ഷ്മി. നന്ദനത്തിലെ ദോശസ്നേഹിയായ കേശുവമ്മാൾ മുതൽ റാണിപദ്മിനിയിലെ ന്യൂജനറേഷൻ മുത്തശ്ശിയായിവരെ സുബലക്ഷ്മിയമ്മയെ നമ്മൾ കണ്ടുകഴിഞ്ഞു. വിന്നൈതാണ്ടിവരുവായയിലൂടെ തമിഴിലേക്കും കാലെടുത്തുവെച്ചു. മോളിവുഡും കോളിവുഡും കടന്ന് ബോളിവുഡിലെത്തിയിരിക്കുകയാണിപ്പോൾ സുബലക്ഷ്മിയമ്മ, അതും റൺബീർ കപൂറിനൊപ്പം. കഴിഞ്ഞവർഷം ശ്രീദേവിയ്ക്കൊപ്പം പരസ്യചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്കുള്ള അരങ്ങേറ്റം, ഈ വർഷം റൺബീറിനൊപ്പം ലെയ്‌സിന്റെ പരസ്യത്തിലൂടെ വീണ്ടും ബോളിവുഡിൽ എത്തിയിരിക്കുകയാണ്. പ്രായവും ഭാഷയുമൊന്നും അഭിനയത്തിന് വിലങ്ങുതടിയല്ലെന്ന് തെളിയിച്ച സുബലക്ഷ്മിയുമായുള്ള അഭിമുഖം.

റൺബീറിനൊപ്പമുള്ള പരസ്യചിത്രം വൻഹിറ്റായിരിക്കുകയാണല്ലോ?

യൂട്യൂബിലൂം ഫേസ്ബുക്കിലുമൊക്കെ ഒരുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞുവെന്ന് ഇവിടെ കുട്ടികൾ പറയുന്നത് കേട്ടു. ഇത് ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്നോ സംഭവമാകുമെന്നോ ഞാൻ കരുതിയതല്ല. സത്യമായിട്ടും കുഞ്ഞേ എനിക്ക് റൺബീർ ആരാന്ന് പോലും അറിയില്ലായിരുന്നു. പരസ്യകമ്പനിക്കാർ റൺബീറെന്ന പയ്യന്റെയൊപ്പം പരസ്യം ചെയ്യാൻ വിളിച്ചിട്ടുണ്ടെന്ന് വീട്ടിൽ പറഞ്ഞപ്പോൾ മകൾക്കും കൊച്ചുമകൾക്കുമൊക്കെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. അമ്മയ്ക്ക് കിട്ടിയ ഭാഗ്യമാണെന്നൊക്കെ പറഞ്ഞു. പക്ഷെ എനിക്ക് അപ്പോഴൊന്നും റൺബീർ അത്ര വലിയ ആളാണെന്ന് അറിയില്ലായിരുന്നു. കഴിഞ്ഞവർഷം ശ്രീദേവിയോടൊപ്പം പരസ്യം ചെയ്തു, ശ്രീദേവിയുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ട് അവർ എത്ര വലിയ നടി ആണെന്ന് അറിയാമായിരുന്നു. പുതിയ ബോളിവുഡ് സിനിമകളൊന്നും കണ്ടിട്ടില്ല. അതുകാരണം റൺബീറിനെ അറിയില്ലായിരുന്നു.

ഏതായാലും അവിടെ ചെന്ന് ഷൂട്ട് ചെയ്തു. എയർപോർട്ടിൽ എന്നെ സ്വീകരിക്കാൻ സംവിധായകൻ ഉൾെപ്പടെ എല്ലാവരുമുണ്ടായിരുന്നു. നല്ല രീതിയിലുള്ള പെരുമാറ്റമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടായത്. പലസ്ഥലങ്ങളിലെ വേഷമൊക്കെയിട്ടിട്ടായിരുന്നു ഷൂട്ടിങ്ങ്. രസകരമായ അനുഭവമായിരുന്നു. എന്റെ ഈ പ്രായത്തിൽ ഇത്രയൊക്കെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോയെന്ന് അവർക്ക് ആദ്യം സംശയമായിരുന്നു. സംശയം ഷൂട്ടിങ്ങ് കഴിഞ്ഞതോടെ മാറി, എല്ലാവർക്കും നല്ലതുപോലെ ഇഷ്ടമായി. ഇപ്പോൾ നിങ്ങളുമൊക്കെ നന്നായി എന്ന് പറയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

നന്ദനം മുതൽ റാണിപത്മിനി വരെ അപ്രതീക്ഷിതമായ നേട്ടമല്ലേ?

സിനിമയിൽ വളരെ വൈകിയെത്തിയ ആളാണ് ഞാൻ എന്ന് എല്ലാവർക്കും അറിയാമല്ലോ. അഭിനയം ഒന്നും അറിയില്ല, ഇതിനുമുമ്പ് അഭിനയിച്ചിട്ടൊന്നുമില്ല. പക്ഷെ ക്യമാറയ്ക്ക് മുന്നിൽ നിന്ന സമയം നല്ലതായിരുന്നു. ഇത്രയധികം സിനിമകൾ ചെയ്യുമെന്ന് ഒന്നു വിചാരിച്ചതല്ല. ചെയ്ത സിനിമകൾ എല്ലാം ഞാൻ നന്നായി ആസ്വദിച്ചിരുന്നു. അറുപത്തിയഞ്ചിലധികം സിനിമകൾ ചെയ്തു കല്ല്യാണരാമൻ, പാണ്ടിപ്പട അതിലെയൊക്കെ വേഷങ്ങൾ എല്ലാവർക്കും ഇഷ്ടമായി.

ഒരുപാട് യാത്രകൾ ചെയ്തു. റാണിപത്മിനിക്കു വേണ്ടി ചണ്ഡീഗഢിൽ പോയി. അതൊക്കെ രസകരമായ അനുഭവങ്ങളായിരുന്നു. അഭിനയിക്കുക മാത്രമല്ല ഞാൻ പാട്ടുപാടിയിട്ടുണ്ട് സിനിമയിൽ. സിനിമയുടെ വിവിധവശങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. എനിക്ക് ഭാവിയിൽ സിനിമയ്ക്ക് കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട്. ഇങ്ങനെയൊക്കെ ആയിതീരുമെന്ന് ആരെങ്കിലും കരുതിയതാണോ. അതുപോലെ തന്നെ കഥ എഴുത്തും സംഭവിക്കുമായിരിക്കും. ആരുമറിയാതെയിരുന്ന എന്നെ ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നു.

ഈശ്വരനിൽ ഒരുപാട് വിശ്വാസമുള്ളയാളാണ് ഞാൻ. നാലുവർഷം മുമ്പ് ആറ്റുകാൽ പൊങ്കാലയുടെ അന്ന് വെളുപ്പിനെ നാലുമണിക്ക് സംഗീത സംവിധായകൻ ജയചന്ദ്രൻ വീട്ടിൽ വന്നു. പൊങ്കാല തിളച്ച് പൊങ്ങിവരുന്ന സമയത്ത് അമ്പലത്തിൽവെക്കാൻ ഒരുപാട്ട് വേണം. ആ പാട്ട് ടീച്ചർ പാടണമെന്നായിരുന്നു ആവശ്യം. അപ്പോൾ തന്നെ ജയചന്ദ്രനൊപ്പം സ്റ്റുഡിയോയിൽപ്പോയി ഞാൻ അത് പാടിക്കൊടുത്തു. ഈ കഴിഞ്ഞ നാലുവർഷമായി ഞാൻ പാടിയ പാട്ടാണ് പൊങ്കാല തിളച്ചു തൂവുന്ന സമയത്ത് വെക്കുന്നത്. അറ്റുകാൽ അമ്മയുടെ അനുഗ്രഹമായിട്ടാണ് ഞാൻ അതിനെ കാണുന്നത്. അതുപോലെ എന്റെ ജീവിതത്തിൽ എല്ലാം സംഭവിച്ചത് ഈശ്വരാനുഗ്രഹം കൊണ്ടാണ്.

വിന്നെയ്താണ്ടി വരുവായയിലൂടെ തമിഴിലും അഭിനയിച്ചല്ലോ?

തൃഷയുടെ മുത്തശ്ശിയായിട്ടായിരുന്നു അതിൽ അഭിനയിച്ചത്. ആലപ്പുഴയിൽവെച്ചായിരുന്നു ഷൂട്ടിങ്ങ്. തമാശക്കാരിയായ മുത്തശ്ശിയെ ഞാൻ ചെയ്തത് സംവിധായകന് ഇഷ്ടമായി. വിന്നെയ്താണ്ടി വരുവായ ഹിന്ദിയിലും തെലുങ്കിലുമെടുത്തപ്പോഴും മറ്റ് അഭിനേതാക്കൾ മാറിയെങ്കിലും എന്നെ മാറ്റിയില്ല. മുത്തശ്ശിയെ നിങ്ങൾ തന്നെ ചെയ്താൽ മതിയെന്ന് സംവിധായകൻ പറഞ്ഞു. അങ്ങനെ മൂന്ന് ഭാഷകളിലും അഭിനയിച്ചു.

യഥാർഥ ജീവിതത്തിൽ എങ്ങനെയുള്ള മുത്തശ്ശിയാണ്?

കണ്ടാൽ സിനിമയിൽ കാണുന്നതുപോലെ തന്നെയിരിക്കും (ചിരിക്കുന്നു). സ്വഭാവത്തിൽ ഞാൻ പൊതുവെ സോഫ്റ്റാണ്. അനാവശ്യമായി ആരുടെയും കാര്യത്തിൽ ഇടപെടാറില്ല. എല്ലാദിവസവും മകൾ വിളിക്കും അവരോട് വിശേഷങ്ങൾ പങ്കുവെക്കും. പിന്നെ എന്റേതായ തിരക്കുകളുണ്ട്, പാട്ടുകൾ ചിട്ടപ്പെടുത്തു, ചാനലുകളിലെ കുക്കറിഷോകളിൽ പങ്കെടുക്കും അങ്ങനെയൊക്കെ സമയം പോകും.

സിനിമയിൽ വരുന്നതിനു മുമ്പ് താരകല്ല്യാണിന്റെ അമ്മ എന്ന് അറിയപ്പെട്ടു, ഇപ്പോൾ താരകല്ല്യാൺ സുബലക്ഷ്മിയമ്മയുടെ മകളാണെന്ന് അറിയപ്പെടുന്നു. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

അമ്മയും മകളും തമ്മിൽ എന്ത് വലുപ്പചെറുപ്പമാ കുട്ടി. ആർക്ക് അംഗീകാരം കിട്ടിയാലും സന്തോഷമല്ലേ. അവൾ കുട്ടിയായിരുന്നപ്പോൾ ടീച്ചറിന്റെ മകൾ എന്ന് അറിയപ്പെട്ടു, മുതിർന്നുകഴിഞ്ഞ് ഡാൻസിൽ പുരസ്ക്കാരങ്ങളൊക്കെ കിട്ടികഴിഞ്ഞപ്പോൾ ഞാന്‍ താരയുടെ അമ്മ എന്ന് അറിയപ്പെട്ടു. മകന് കളക്ടറാണെങ്കിൽ മാതാപിതാക്കളെ കളക്ടറുടെ അച്ഛനും അമ്മയും എന്നല്ലേ പറയുക. കലയിൽ ഇതെല്ലാം സ്വാഭവികമാണ്. എന്റെ പേരകുട്ടിയുണ്ട്, എം.എ മോഹിനിയാട്ടം പഠിക്കുന്നു. അവൾ ഏതെങ്കിലും രീതിയിൽ പ്രശസ്തയായാൽ ഞങ്ങൾ അറിയപ്പെടുക അവളുടെ മുത്തശ്ശിയായും അമ്മയായുമായിരിക്കും. ആര് ഫെയിമസ് ആയാലും അത് കുടുംബത്തിന് സന്തോഷമുള്ള കാര്യമാണ്. ആ പാരമ്പര്യം നിലനിർത്താൻ ആരെങ്കിലുമുണ്ടല്ലോ എന്ന സന്തോഷം.

ഈ പ്രായത്തിലും ഇത്ര ഊർജ്ജസ്വലമായിരിക്കാൻ സാധിക്കുന്നതെങ്ങനെയാണ്?

മനസ്സാണ് പ്രധാനം. എത്ര പ്രായമായാലും നമുക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കിൽ ചെയ്യാൻ പറ്റും. മനസുകൊണ്ട് മടുപ്പാണെങ്കിൽ യാതൊന്നും ചെയ്യാൻ സാധിക്കില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം കലാരംഗത്ത് തന്നെ പ്രവർത്തികണമെന്നാണ് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. ആ ആഗ്രഹം തന്നെയാണ് ഊർജവും.

മഴവിൽ മനോരമയിലെ ഡി 2സീരിസിലൂടെ അവതാരികയുമായല്ലോ?

അതും പരസ്യത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ്. എന്താണ് ചെയ്യേണ്ടത് എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. ഞാൻ കരുതിയത് അവിടെ ജഡ്ജ് ആയിട്ട് ഇരിക്കാനാകും വിളിച്ചതെന്ന്. പക്ഷെ അവിടെ ചെന്നപ്പോഴാണ് ഡി2 സീരിസ് പ്രേക്ഷകരെ പരിചയപ്പെടുത്തേണ്ട ചുമതല എനിക്കാണെന്ന് അറിഞ്ഞത്. ജിപി എന്നു പറയുന്ന പയ്യൻ എന്താണ് ചെയ്യേണ്ടതെന്ന് ഏകദേശരൂപം തന്നു. അതനുസരിച്ച് കോമഡിയായിട്ട് സ്റ്റേജിൽ അവതരിപ്പിച്ചു. പ്രോഗ്രാം കഴിഞ്ഞപ്പോൾ പ്രോഗ്രാം പ്രൊഡ്യൂസർ മേഡം എന്നെ ഒരുപാട് അഭിനന്ദിച്ചു. ഒത്തിരി സന്തോഷം തോന്നിയ മൂഹുർത്തമായിരുന്നു അതും.

ഏതൊക്കെയാണ് പുതിയ സിനിമകൾ?

തമിഴിൽ എന്നെ നായികയാക്കി ഒരു സിനിമ ഇറങ്ങുന്നുണ്ട്. അമ്മിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. മേക്കപ്പ് ഒന്നുമില്ലാതെയാണ് അഭിനയിച്ചത്. ആക്രി വിറ്റ് ഉപജീവനം നടത്തുന്ന കഥാപാത്രമാണ്. സിനിമ അവാർഡിനൊക്കെ അയച്ചുകൊടുത്തു എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നുത്. അതിൽ ഞാന് പാട്ടും പാടുന്നുണ്ട്. വേറെ കുറേയേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്.